Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗത്താഫ്രിക്ക എ ടീമിനെതിരെയുള്ള തകർപ്പൻ ബാറ്റിങ്; വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ നേടിയ വെടിക്കെട്ട് ഡബിൾ സെഞ്ച്വറി; തുടർച്ചയായുള്ള മിന്നും ഫോം അവഗണിക്കാനാകാതെ സിലക്ടർമാർ; മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ; വിരാട് കോലിക്ക് വിശ്രമം, രോഹിത് നായകൻ

സൗത്താഫ്രിക്ക എ ടീമിനെതിരെയുള്ള തകർപ്പൻ ബാറ്റിങ്; വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ നേടിയ വെടിക്കെട്ട് ഡബിൾ സെഞ്ച്വറി; തുടർച്ചയായുള്ള മിന്നും ഫോം അവഗണിക്കാനാകാതെ സിലക്ടർമാർ; മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ; വിരാട് കോലിക്ക് വിശ്രമം, രോഹിത് നായകൻ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ദേശീയ ടീമിൽ.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത. അടുത്ത മാസമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിൽ എത്തുക. പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം നൽകിയിട്ടുണ്ട്. രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ തിരഞ്ഞെടുത്ത ടീമിൽ ബാറ്റ്‌സാമാനായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗത്താഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ അവസാന മത്സരത്തിൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ 48 പന്തിൽ നേടിയ 91 രൺസും വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ നേടിയ തകർപ്പൻ ഇരട്ട സെഞ്ച്വറിയുമാണ് തിരുവനന്തപുരത്തുകാരനായ സഞ്ജുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നത്.

2015ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിലെ ടി20 ടീമിൽ രാജ്യത്തിനായി അരങ്ങേറിയെങ്കിലും പിന്നീട് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഇപ്പോൾ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യൻ ടീമിൽ എത്തുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ആഭ്യന്ത്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഉൾപ്പടെയുള്ളവർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. തിരുവന്നതപുരത്ത് എ ടീമിനായി മികച്ച പ്രകടനം കാഴ്‌ച്ചവെച്ച മുംബൈ താരം ശിവം ദൂബെയും ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്.

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്‌ത്തി ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ രംഗത്ത് വന്നത് നിരവധി തവണയാണ്. ഇനി ഒട്ടും വൈകരുതെന്നും അവനെ എത്രയും വേഗം ഇന്ത്യൻ ടീമിൽ കളിപ്പിക്കണം എന്നുമാണ് ഗംഭീർ ഉന്നയിച്ച ആവശ്യം.'അഭ്യന്തര ക്രിക്കറ്റിൽ ഇരട്ടസെഞ്ച്വറി നേടിയ സഞ്ജുവിന് അഭിനന്ദനങ്ങൾ. അപാരകഴിവ് കൊണ്ട് പേസർമാർക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇദ്ദേഹം ഏറ്റവും വേഗത്തിൽ തന്നെ അവസരം അർഹിക്കുന്നുണ്ട്' ഗംഭീർ പറയുന്നു.

സഞ്ജുവിനെ ടീമിന്ത്യയിൽ ഉൾപ്പെടുത്തണമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് ശശി തരൂർ എംപിയും രംഗത്തെത്തി. സഞ്ജുവിന്റെ കളി സെലക്ടർമാർ കാണുന്നില്ലേയെന്നാണ് തരൂർ ചോദിക്കുന്നത്.ഗോവയ്‌ക്കെതിരെ മത്സരത്തിൽ വെറും 129 പന്തിൽ 212 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 21 ഫോറും 10 സിക്‌സും സഹിതമാണ് സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോഡ് സ്വന്തം പേരിലാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.ഇന്ത്യ ബംഗ്ലാദേശ് ടി20 പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നവംബർ 3ന് ഡൽഹിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം 7ന് രാജ്‌കോട്ടിലും മൂന്നാമത്തേത് പത്തിന് നാഗ്പൂരിലും നടക്കും.

ടി20 ടീം ഇങ്ങനെ

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെഎൽ രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, ക്രുണാൽ പാണ്ഡ്യ, യുസ്വേന്ദ്ര ചഹൽ, രാഹുൽ ചഹാർ, ദീപക് ചഹാർ, ഖലീൽ അഹമ്മദ്, ശിവം ദൂബെ, ഷാർദുൽ താക്കൂർ

ഇതിന് പിന്നാലെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് കോലി വിശ്രമത്തിന് ശേഷം മടങ്ങിയെത്തും.

ടീം ഇങ്ങനെ: വിരാട് കോലി (ക്യാപ്റ്റൻ) രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, ചെതേശ്വർ പുജാര, അജിങ്ക്യ റഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ, ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP