Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസുകാർ ഗ്രൂപ്പുകളിച്ചപ്പോൾ അരൂരിൽ ഷാനിമോൾക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തനം; വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ; ജി സുധാകരന്റെ അധിക്ഷേപത്തിന് തക്ക ശിക്ഷനൽകി വോട്ടർമാർ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ; കോൺഗ്രസ് എംഎൽഎ നിരയിൽ ഏക വനിതാ സാന്നിധ്യമായി ഷാനിമോൾ മാറുന്നത് അർഹതയ്ക്കുള്ള അംഗീകാരമായി

കോന്നിയിലും വട്ടിയൂർക്കാവിലും കോൺഗ്രസുകാർ ഗ്രൂപ്പുകളിച്ചപ്പോൾ അരൂരിൽ ഷാനിമോൾക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തനം; വീറും വാശിയും നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ ഇടതിന്റെ പൊന്നാപുരം കോട്ട തകർത്ത് ഷാനിമോൾ; ജി സുധാകരന്റെ അധിക്ഷേപത്തിന് തക്ക ശിക്ഷനൽകി വോട്ടർമാർ; തോൽക്കാനായി മാത്രം മത്സരിക്കുന്ന സ്ഥാനാർത്ഥിയെന്ന ചീത്തപ്പേര് ഇല്ലാതാക്കി ഷാനിമോൾ വിജയിച്ചത് നാലാം അങ്കത്തിൽ; കോൺഗ്രസ് എംഎൽഎ നിരയിൽ ഏക വനിതാ സാന്നിധ്യമായി ഷാനിമോൾ മാറുന്നത് അർഹതയ്ക്കുള്ള അംഗീകാരമായി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നീണ്ട 59 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് അരൂർ നിയമസഭാ മണ്ഡലം കോൺഗ്രസ് തിരിച്ചു പിടിക്കുന്നത്. ഷാനിമോൾ ഉസ്മാൻ എന്ന വനിതാ സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത് എന്നതിനാൽ ഈ വിജയത്തിന് ഇരട്ടിമധുരമാണ് ഉണ്ടായിരിക്കുന്നത്. അരൂരിൽ ഷാനിമോൾ വിജയിക്കുമ്പോൾ സംഘടനാ സംവിധാനം ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഗ്രൂപ്പുകൾക്ക് അതീതമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷാനിമോൾ നേടിയ ലീഡ് പരിഗണിച്ചാണ് അവരെ അവിടെ സ്ഥാനാർത്ഥിയാക്കിയത്. ഇടതു മുന്നണിയിലെ സ്ഥാനാർത്ഥി മനു സി പുളിക്കലിനെ 1992 വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ തോൽപ്പിച്ചത്.

കഴിഞ്ഞ 59 വർഷത്തിനിടെ ഒരിക്കൽ പോലും കോൺഗ്രസിന് വിജയം നേടാൻ സാധിക്കാത്ത മണ്ഡലമായ അരൂരാണ് ഷാനിമോളിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഇക്കഴിഞ്ഞ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഏക ഇടത് സിറ്റിങ് സീറ്റ് കൂടിയാണ് കോൺഗ്രസിന് വേണ്ടി ഷാനിമോൾ പിടിച്ചടക്കിയത്. എംഎ‍ൽഎയായിരുന്ന എ.എം ആരിഫ് ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരിൽ ഉപതെരഞ്ഞെടുപ്പിന് വേദിയായത്. ഇടതുമുന്നണിക്ക് ശക്തമായ മേധാവിത്വമുള്ള മണ്ഡലത്തിൽ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38519 വോട്ടുകൾക്കായിരുന്നു എ.എം ആരിഫ് വിജയിച്ചത്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നതും അരൂരിലായിരുന്നു. 80.47 ശതമാനമായിരുന്നു അരൂരിലെ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പക്ഷെ പോളിംങ് ശതമാനം കുറവായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മന്ത്രി ജി. സുധാകരൻ ഷാനിമോൾ ഉസ്മാനെ പൂതന എന്ന് വിളിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതും തെരഞ്ഞെടുപ്പ് ഫലത്തിൽ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അരൂരിൽ ഷാനിമോൾ ഉസ്മാൻ കളത്തിലിറങ്ങുന്നത്. യു.ഡി.എഫ് സഥാനാർഥിയായി മൽസരിച്ച ഷാനിമോൾ എ.എം.ആരിഫിനോട് പരാജയപ്പെട്ടെങ്കിലും ഇടത് കോട്ടയിൽ വലിയ വിള്ളൽ വീഴ്‌ത്തിയായിരുന്നു പത്തി താഴ്‌ത്തിയത്. അരൂരിൽ മുൻ വർഷത്തേതിനേക്കാളും വലിയ ഭൂരിപക്ഷമായിരുന്നു ഷാനിമോൾ ഉസ്മാൻ സ്വന്തമാക്കിയിരുന്നത്. ഈ മുന്നേറ്റം അരൂരിൽ വീണ്ടും ഷാനിമോളെ പരിഗണിക്കാൻ സഹായിച്ചു എന്ന് വേണം വിലയിരുത്താൻ. ഈ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കോൺഗ്രസിനെ വലിയ രീതിയിൽ തുണച്ചെന്ന് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നു.

1957 ൽ ഒന്നാം കേരള നിയമസഭയിലേക്ക് കോൺഗ്രസിന് വേണ്ടി മത്സരിച്ച പി.സി.കാർത്തികേയനായിരുന്നു അരൂരിൽ നിന്നും അവസാനമായി വിജയക്കൊടി പാറിച്ച കോൺഗ്രസുക്കാരൻ. തുടർന്ന് 1959 ൽ നിയമസഭാ പിരിച്ചുവിട്ടെങ്കിലും 1960 ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയിലെ സദാശിവനെ പരാജയപ്പെടുത്തി വീണ്ടും പി.സി.കാർത്തികേയൻ അരൂരിൽ വിജയക്കൊടി പാറിച്ചു.

1965 ൽ കെ.ആർ.ഗൗരിയമ്മ അരൂരിൽ മൽസരിച്ചത് തൊട്ട് കോൺഗ്രസിന് അന്യം നിന്ന മണ്ഡലമായിരുന്നു അരൂർ. അന്ന് തൊട്ട് ഇന്ന് വരെ കോൺഗ്രസ് പച്ചതൊടാത്ത മണ്ഡലം ഒടുവിൽ ഷാനിമോൾ ഉസ്മാനിലൂടെ തിരിച്ചു പിടിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മനോഹര കാഴ്‌ച്ചകളിലൊന്ന്. പരമ്പരാഗത ഇടത് കോട്ട തകർത്ത് തരിപ്പണമാക്കിയ ഷാനിമോൾ ഉസ്മാൻ അവസാനം വരെ പൊരുതിയാണ് വിജയിച്ചത്.

ഷാനിമോൾ എഐസിസി അംഗവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമാണ്. രാഷ്ട്രീയത്തിൽ ഓരോ പടവും സ്വന്തം പ്രയത്നത്താൽ നേടിയെടുത്ത സ്ത്രീ. ഗ്രൂപ്പിസവും മതവും തകർത്തിട്ടപ്പോൾ തളരാതെ പൊരുതി. ആലപ്പുഴ എസ് ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെഎസ്‌യുവിലൂടെ സംഘടനാ പ്രവർത്തനം ആരംഭിച്ചു. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റായി .കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എഐസിസി സെക്രട്ടറി സ്ഥാനത്തുമെത്തി. കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിത കൂടിയാണ് ഷാനിമോൾ. രാഹുൽ ഗാന്ധി നടപ്പാക്കിയ യൂത്ത് കോൺഗ്രസ്-എൻ എസ് യു കോ ഓർഡിനേഷൻ കമ്മിറ്റിയിൽ അംഗമായി.

ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും ചെന്നൈ ലയോള കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ, ജില്ലാ പഞ്ചായത്ത് അംഗം എന്നിവയായിരുന്നു ഇതിന് മുമ്പുള്ള തെരഞ്ഞെടുപ്പ് വിജയങ്ങൾ. പിന്നീട് പെരുമ്പാവൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. പെരുമ്പാവൂരിൽ 2006ൽ സാജുപോളിനോടും 2016ൽ ഒറ്റപ്പാലത്ത് പി ഉണ്ണിയോടും പരാജയപ്പെട്ടു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഉറച്ച സീറ്റായ വയനാട്ടിൽ ഷാനിമോളുടെ പേരുയർന്നപ്പോഴേ പ്രതിരോധവും വന്നു. കെ.സി വേണുഗോപാൽ പിന്മാറിയ ആലപ്പുഴയിൽ നറുക്ക് വീണു. 19 പേരും ജയിച്ചപ്പോഴും ആലപ്പുഴയിൽ ഷാനുമോൾ പരാജയപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എം എൽ എ യായിരുന്ന എ.എം ആരിഫിനെതിരെ നേടിയ മേൽക്കൈ അരൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ഷാനിമോളെ തുണച്ചു. ഉപതെരഞ്ഞടുപ്പ് മുന്നിൽ കണ്ട് നേരത്തെ തന്നെ മണ്ഡലത്തിലും സജീവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP