Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2005ലെ പഞ്ചായത്തംഗം കോർപ്പറേഷൻ കൗൺസിലറായത് ചരിത്ര ഭൂരിപക്ഷത്തിൽ; സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥി തോറ്റപ്പോൾ നഗരസഭാ അധ്യക്ഷനായത് അപ്രതീക്ഷിതമായി; ചിരിക്കുന്ന സൗമ്യ മുഖവുമായി പ്രളയ ദുരിതാശ്വാസ ഇടപെടലുമായി അനന്തപുരിയെ നയിച്ചത് സർവ്വ സമ്മതനായി; സാമുദായിക സമവാക്യങ്ങളെ തോൽപ്പിക്കാൻ നിയമസഭയിലെ കന്നിയങ്കത്തിന് ഇറങ്ങിയപ്പോഴും പിഴച്ചില്ല; വട്ടിയൂർക്കാവിന്റെ കണ്ണിലുണ്ണിയായി പ്രശാന്ത് മാറുന്നത് ഏവരേയും തന്നോട് അടുപ്പിച്ച്; മേയർ ബ്രോ ഇനി എംഎൽഎ ബ്രോ

2005ലെ പഞ്ചായത്തംഗം കോർപ്പറേഷൻ കൗൺസിലറായത് ചരിത്ര ഭൂരിപക്ഷത്തിൽ; സിപിഎമ്മിന്റെ മേയർ സ്ഥാനാർത്ഥി തോറ്റപ്പോൾ നഗരസഭാ അധ്യക്ഷനായത് അപ്രതീക്ഷിതമായി; ചിരിക്കുന്ന സൗമ്യ മുഖവുമായി പ്രളയ ദുരിതാശ്വാസ ഇടപെടലുമായി അനന്തപുരിയെ നയിച്ചത് സർവ്വ സമ്മതനായി; സാമുദായിക സമവാക്യങ്ങളെ തോൽപ്പിക്കാൻ നിയമസഭയിലെ കന്നിയങ്കത്തിന് ഇറങ്ങിയപ്പോഴും പിഴച്ചില്ല; വട്ടിയൂർക്കാവിന്റെ കണ്ണിലുണ്ണിയായി പ്രശാന്ത് മാറുന്നത് ഏവരേയും തന്നോട് അടുപ്പിച്ച്; മേയർ ബ്രോ ഇനി എംഎൽഎ ബ്രോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് സാധിക്കുന്നത് രാഷ്ട്രീയത്തിൽ അസാധ്യമായ കാര്യങ്ങളിലൊന്നാണ്. വട്ടിയൂർകാവ് മണ്ഡലം രൂപപ്പെട്ടതിന് ശേഷം സിപിഎമ്മിന് ഇവിടെ അടിത്തറ തകർന്നുവെന്നായിരുന്നു വിലയിരുത്തൽ. സമീപ കാല തെരഞ്ഞെടുപ്പിൽ എല്ലാം വട്ടിയൂർകാവ് കോൺഗ്രസിനൊപ്പമായിരുന്നു. ബിജെപി രണ്ടാമതും. പടിച്ച പണി പതിനെട്ടും നോക്കിയിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും മുമ്പോട്ട് കുതിക്കാനായില്ല. ആരു നിന്നാലും വട്ടിയൂർകാവിൽ സിപിഎം തോൽക്കുമെന്നായിരുന്നു ഏവരും കരുതിയത്. അങ്ങനെയുള്ളിടത്താണ് വ്യക്തിപ്രഭാവത്തിൽ പ്രശാന്ത് ജയിക്കുന്നത്.

തിരുവനന്തപുരത്ത് വട്ടിയൂർകാവിൽ കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും തുല്യ സംഘടനാ സംവിധാനാമാണ്. സിപിഎമ്മിനെ ആർഎസ്എസ് കരുത്തിൽ മറികടക്കാൻ ബിജെപിക്ക് പലപ്പോഴും കഴിയുകയും ചെയ്തു. കോൺഗ്രസിന് എൻ എസ് എസിന്റെ ഉറച്ച പിന്തുണയും. 45 ശതമാനത്തോളം നായന്മാരുള്ള ശബരിമല വിഷയം കത്തിപടർന്ന വട്ടിയൂർകാവ്. ഇവിടേക്കാണ് കഴക്കൂട്ടത്ത് നിന്ന് പ്രശാന്ത് എത്തിയത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഉണർന്നപ്പോൾ മേയർ ബ്രോയുടെ ഇമേജ് വട്ടിയൂർകാവിൽ ഉടനീളം ചർച്ചയായി. അങ്ങനെ കാലങ്ങൾക്ക് ശേഷം വട്ടിയൂർകാവിൽ സിപിഎം വിജയ വഴിയിലെത്തി. എല്ലാ വിഭാഗങ്ങളേയും അടുപ്പിച്ചാണ് പ്രശാന്ത് ജയിക്കുന്നത്. മൂന്ന് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് നിന്ന സിപിഎമ്മിന് വേണ്ടി മത്സരിച്ചിട്ടും പ്രശാന്ത് നേടിയ ഭൂരിപക്ഷം ആരേയും അമ്പരപ്പിക്കുന്നതാണ്.

ശരിദൂരം ഇക്കുറി യുഡിഎഫിലേക്ക് നീട്ടി എൻഎസ്എസ് കെ മോഹൻകുമാറിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച മണ്ഡലത്തിലാണ് വികെ പ്രശാന്തിന്റെ വിജയക്കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. സാമുദായിക സമവാക്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഇതുവരെ കണക്ക് കൂട്ടപ്പെട്ടിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ മേയറുടെ ജനപ്രീതിയുടെ മാത്രം ബലത്തിലാണ് ജാതി സമവാക്യങ്ങൾ മറികടന്ന് കൊണ്ടുള്ള സ്ഥാനാർത്ഥി നിർണയത്തിന് എൽഡിഎഫ് ധൈര്യപ്പെട്ടത്. ആ തീരുമാനം ശരിയായി എന്നാണ് വട്ടിയൂർക്കാവ് തെളിയിക്കുന്നത്. യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത് വികെ പ്രശാന്തിന് ലഭിച്ചതിന്റ പകുതി വോട്ടുകൾ മാത്രമാണ്. ആദ്യ റൗണ്ട് മുതൽ വികെ പ്രശാന്ത് വട്ടിയൂർക്കാവിൽ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

പ്രളയകാലത്ത് വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേരളത്തിന്റെ ഹൃദയം കീഴടക്കിയിരുന്നു. അതിന് മുമ്പും, തലസ്ഥാന നഗരിയുടെ പിതാവെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വി കെ പ്രശാന്ത് ശ്രദ്ധേയനാണ്. ഇതെല്ലാം അതിശക്തമായി തന്നെ മണ്ഡലത്തിൽ ഉയർത്തി. കുമ്മനം രാജശേഖരൻ ബിജെപിക്ക് മത്സരിക്കുമെന്ന് ഏവരും കരുതി. അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടിൽ കോൺഗ്രസ് ജയിച്ചു കയറാമെന്നും പ്രതീക്ഷിച്ചു. അങ്ങനെയാണ് കെ മോഹൻ കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കുമ്മനത്തിന് പകരം ബിജെപിക്കായി സുരേഷ് എത്തിയതോടെ പ്രശാന്ത് മാത്രമായി വട്ടിയൂർകാവിലെ ചർച്ചാ വിഷയം. രാഷ്ട്രീയം മറന്ന് വട്ടിയൂർകാവ് ചെറുപ്പക്കാരന് പിന്നിൽ അണിനിരന്നു. അങ്ങനെ വട്ടിയൂർകാവും അപ്രതീക്ഷിതമായി ചുവന്നു. ഇവിടെ സ്ഥാനാർത്ഥിയുടെ ക്ലീൻ ഇമേജാണ് അതിനിർണ്ണായകമായത്.

കഴക്കൂട്ടത്തെ പഞ്ചായത്ത് അംഗമായിരുന്നു 2005ൽ പ്രശാന്ത്. തിരുവനന്തപുരം കോർപ്പറേഷനൊപ്പം കഴക്കൂട്ടം പഞ്ചായത്ത് കൂട്ടി ചേർത്തപ്പോൾ കൗൺസിലറായി. അപ്പോഴും മേയറാകുമെന്ന് ആരും കരുതിയില്ല. മേയർ ആകാൻ യോഗ്യതയുള്ളവരെല്ലാം കഴിഞ്ഞ തവണ മത്സരിച്ചു തോറ്റു. ജയൻ ബാബു അടക്കമുള്ളവർ തോറ്റപ്പോൾ പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു. ഈ അവസരം ഉപയോഗിച്ചാണ് തിരുവനന്തപുരത്തിന്റെ മുഖമായി പ്രശാന്ത് മാറിയത്. സിപിഎമ്മിൽ പല ശത്രുക്കളും പ്രശാന്തിന് ഉണ്ടെന്ന് ചർച്ചകളെത്തി. ഇവരെയെല്ലാം അപ്രസക്തമാക്കി തിരുവനന്തപുരത്തെ ഒന്നാം നമ്പർ സിപിഎം നേതാവായി ഈ വിജയത്തോടെ പ്രശാന്ത് മാറുകയാണ്. അങ്ങനെ തിരുവനന്തപുരത്ത് സിപിഎമ്മിനെ നയിക്കാൻ പുതിയ നേതൃത്വം എത്തുകയാണ്.

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്ത് എസ് കൃഷ്ണന്റെയും റ്റി വസന്തയുടെയും മകനായി 1981ലാണ് പ്രശാന്ത് ജനിച്ചത് സെന്റ് ആന്റണീസ് എൽപിഎസ് കഴക്കൂട്ടം, കണിയാപുരം മുസ്ലിം ഹൈസ്‌ക്കൂൾ എന്നിവടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സെന്റ് സേവ്യഴ്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും ബിരുദവും പൂർത്തിയാക്കിയ പ്രശാന്ത് തുമ്പ ലോ അക്കാദമിയിൽ നിന്ന് എൽഎൽബി ബിരുദം നേടി. സ്‌കൂൾ വിദ്യാഭ്യാസ കാലയളവിൽ എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന പ്രശാന്ത് സെന്റ് സേവ്യഴ്സ് കോളേജിലെ മാഗസീൻ എഡിറ്ററും, യൂണിയർ ചെയർമാനുമായിരുന്നു. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ കഴക്കൂട്ടം ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തനമികവ് തെളിയിച്ചിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐ എം കഴക്കൂട്ടം ഏര്യാ കമ്മിറ്റിയംഗവുമാണ്.

2005ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കഴക്കുട്ടം ഗ്രാമപഞ്ചായത്തിലെ കരിയിൽ വാർഡിൽ പഞ്ചായത്ത് മെമ്പറായി 300 വോട്ടിന്റെ ഭുരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്തംഗമെന്ന നിലയിലെ ക്രിയാത്മകമായ ഇടപെടൽ ജനശ്രദ്ധ പിടിച്ചുപറ്റി. ഒട്ടേറെ പദ്ധതികൾ പഞ്ചായത്തിൽ ആസൂത്രണം ചെയ്യുന്നതിന് നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തു. എൽഎൽബി ബിരുദത്തിന് ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ കഴക്കുട്ടം വാർഡിൽ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. യുഡിഎഫിന്റെ വാർഡായിരുന്ന കഴക്കുട്ടത്തെ 3272 വോട്ടിന്റെ ചരിത്രഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത പ്രശാന്ത് തിരുവനന്തപുരം നഗരസഭയുടെ 44ാമത് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 34ാം വയസ്സിൽ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായാണ് വി കെ പ്രശാന്ത് ചുമതലയേറ്റത്.

നഗരസഭയെ തന്റെ മികവാർന്ന പ്രവർത്തനങ്ങളിലുടെ മേയർ രാജ്യത്തെ തന്നെ മികച്ച നഗരസഭയാക്കി മാറ്റിയെന്നതായിരുന്നു വട്ടിയൂർകാവിലെ സിപിഎമ്മിന്റെ പ്രധാന മുദ്രാവാക്യം. ഇത് അംഗീകരിക്കപ്പെടുകയാണ്. നഗരത്തെ മാലിന്യമുക്തമാക്കുന്നതിൽ മേയറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പ്രശംസപിടിച്ച് പറ്റി. തലസ്ഥാനത്തെ ഭക്തിസാന്ദ്രമാക്കുന്ന ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം വെടിപ്പാക്കിയായിരുന്നു നഗരസഭ മാത്രകയായത്. രാജ്യത്തെ മറ്റ് നഗരസഭകളുമായി മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റ പദ്ധതി നേടിയെടുത്തതും മേയറിന്റെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവർത്തനത്തിന് ഉദാഹരമാണ്. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചും മറ്റ് സംസ്ഥാന--കേന്ദ്ര പദ്ധതികളിലുമായും തലസ്ഥാന നഗരിയുടെ മുഖം മാറ്റുന്ന അടിസ്ഥാനവികസനമാണ് നാല് വർഷത്തിനുള്ളിൽ മേയർ നടപ്പിലാക്കിയത്.

നൂറ്റാണ്ടിലെ വലിയ പ്രളയം സംസ്ഥാനത്തയാകെ ദുരിതത്തിലാഴ്‌ത്തിയപ്പോൾ നൂറിൽ പരം ആവശ്യസാധനങ്ങളുടെ ലോഡ് കയറ്റിയയച്ചും നഗരസഭ മാതൃകയായി. 100ൽ പരം വോളണ്ടിയർമാരാണ് നഗരസഭയിൽ നിന്ന് മറ്റ് ജില്ലകളിൽ പോയി ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ വർഷവും പ്രളയമാവർത്തിച്ചപ്പോൾ 100ലധികം ലോഡുകൾ കയറ്റിയയച്ചത് സമൂൾമാധ്യമാധ്യമങ്ങളിലടക്കം വൻ ജനശ്രദ്ധയാണ് പിടിച്ച് പറ്റിയത്. ഇതും വട്ടിയൂർകാവിൽ ചർച്ചയായി. അങ്ങനെ തിരുവനന്തപുരത്തിന്റെ മേയർ ബ്രോ വട്ടിയൂർകാവിന്റെ കണ്ണിലുണ്ണിയാകുകയാണ്.

യുഡിഎഫിനൊപ്പം ബിജെപിയേയും വിറപ്പിച്ചിരിക്കുകയാണ് വികെ പ്രശാന്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപിക്ക് ഇത് വലിയ തിരിച്ചടിയാണ്. ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാത്ത മണ്ഡലമാണ് വട്ടിയൂർക്കാവ്. 2011ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ കെ മുരളീധരനെ തിരഞ്ഞെടുത്ത മണ്ഡലം. 8 വർഷം വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. രണ്ട് വർഷത്തേക്ക് മാത്രമായി തങ്ങളുടെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുകയാണ് വട്ടിയൂർക്കാവ്.

വട്ടിയൂർക്കാവായി മാറുന്നതിന് മുൻപ് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലം ഇടത് കോട്ടയായിരുന്നു. മണ്ഡലം നിലവിൽ വന്ന 1977ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ രവീന്ദ്രൻ നായരാണ് വിജയിച്ചത്. തുടർന്ന് 1980, 1987, 1991,1996, 2000 എന്നീ വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾ വിജയിച്ചു. കോൺഗ്രസ് വിജയം കണ്ടത് 1982ലും 2001ലും മാത്രമായിരുന്നു. എന്നാൽ 2011ലെ മണ്ഡല പുനർ നിർണയത്തോടെ ചിത്രം മാറി. തിരുവനന്തപുരം നോർത്തിന്റെ ഭാഗമായ ശ്രീകാര്യവും ഉള്ളൂരും കഴക്കൂട്ടം നിയമസഭാ മണ്ഡലത്തോട് കൂട്ടിച്ചേർക്കപ്പെട്ടു. പകരം നെട്ടയം കൂട്ടിച്ചേർത്ത് വട്ടിയൂർക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടു. പഴയ കോട്ട തിരിച്ച് പിടിക്കുക ലക്ഷ്യത്തോടെയാണ് ഏറെ ജനപ്രിയനായ മേയർ വികെ പ്രശാന്തിനെ ഇടതുപക്ഷം വട്ടിയൂർക്കാവിൽ കളത്തിലിറക്കിയത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് പിന്നിൽ രണ്ടാമത് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി വട്ടിയൂർക്കാവിൽ മത്സരത്തിനിറങ്ങിയത്. 2016ൽ കോൺഗ്രസിന്റെ കെ മുരളീധരനും ബിജെപിയുടെ കുമ്മനം രാജശേഖരനും തമ്മിലായിരുന്നു വട്ടിയൂർക്കാവിലെ മത്സരം. 7622 വോട്ടുകൾക്കാണ് കുമ്മനത്തെ കെ മുരളീധരൻ പരാജയപ്പെടുത്തിയത്. അന്ന് സിപിഎമ്മിന്റെ ടിഎൻ സീമയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് കുമ്മനം രണ്ടാമത് എത്തിയത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി സി ദിവാകരൻ ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാൾ 21295 വോട്ടുകൾക്ക് പിന്നിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP