Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്തനിവാരണത്തിൽ മാധ്യമങ്ങളുടെ പങ്ക്: പാനൽ ചർച്ച

സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്തനിവാരണത്തിൽ മാധ്യമങ്ങളുടെ പങ്ക്: പാനൽ ചർച്ച

സ്വന്തം ലേഖകൻ

കോഴിക്കോട്, : ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും, കൊച്ചി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചും (സിപിപിആർ) കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അഥോറിറ്റിയുമായി (കെഎസ്ഡിഎംഎ) സഹകരിച്ച് സംഘടിപ്പിക്കുന്ന ''അമേരിക്ക വിത്ത് കേരള''യുടെ ഭാഗമായുള്ള ശില്പശാലയിൽ 'സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ദുരന്തനിവാരണത്തിൽ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തിൽ പാനൽ ചർച്ച ബുധനാഴ്‌ച്ച കോഴിക്കോട് നടന്നു.

ദുരന്തസമയത്തും ശേഷവും വിവേകപൂർവ്വവും, സംവേദനക്ഷമതയോടെയും വാർത്തകൾ റിപ്പോർട്ടുചെയ്യുന്നതിന് ബദൽ ആശയവിനിമയ സംവിധാനങ്ങളെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മാറ്റൊലി റേഡിയോ മാനന്തവാടി സ്റ്റേഷൻ ഡയറക്ടർ ഫാദർ ബിജോ തോമസ് സംസാരിച്ചു. ദുരന്തസമയത്ത് കമ്മ്യൂണിറ്റി റേഡിയോയുടെ പങ്കിനെപ്പറ്റി ഊന്നിപ്പറഞ്ഞ അദ്ദേഹം 2018-2019 വെള്ളപ്പൊക്ക സമയങ്ങളിൽ റേഡിയോ അതിന്റെ പതിവ് ടെലികാസ്റ്റ് താൽക്കാലികമായി നിർത്തിവച്ചതും, കൂടാതെ സമയബന്ധിതമായ അലേർട്ടുകൾ, തത്സമയ അപ്ഡേറ്റുകൾ, ദുരിതാശ്വാസ ക്യാമ്പ് ലൊക്കേഷനുകളുടെ വിശദാംശങ്ങൾ, സാധനങ്ങളുടെ ആവശ്യകത എന്നീ ദുരന്തവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് 24 മണിക്കൂർ പ്രവർത്തിച്ച അനുഭവം പങ്കുവെച്ചു. ശ്രോതാക്കളുടെ ഭാഷയിൽ വിവരങ്ങൾ എത്തിക്കാനുള്ള കഴിവാണ് കമ്മ്യൂണിറ്റി റേഡിയോ ദുരന്തസമയത്ത് ഫലപ്രദമാകാനുള്ള ഒരു കാരണമാണെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. വയനാട്ടിലെ ഗോത്രഭാഷയിൽ ജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാൻ മാറ്റൊലിക്ക് കഴിഞ്ഞു. പുനരധിവാസ ഘട്ടത്തിൽ, ദുരന്തത്തിന്റെ ഫലമായുണ്ടാകുന്ന മാനസിക ആഘാതത്തെ നേരിടാൻ ഇരകളെ സഹായിക്കുന്നതിനായി റേഡിയോ മാറ്റൊലി മാനസിക സാമൂഹിക പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാവിയിൽ കമ്മ്യൂണിറ്റി റേഡിയോയെ ഉൾപ്പെടുത്തികൊണ്ട് ദുരന്ത ആശയവിനിമയത്തിനായി ഒരു സ്ഥാപനവൽക്കരിച്ച പ്രക്രിയ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തസമയത്ത് വാർത്തകൾ റിപ്പോർട്ടു ചെയ്യുന്നതിലെ തടസ്സങ്ങളെക്കുറിച്ചും, 2019 ലെ വെള്ളപ്പൊക്കത്തോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടൽ സാരമായി ബാധിച്ച കവലപ്പാറ മേഖലയിലെ തന്റെ റിപ്പോർട്ടിങ് അനുഭവവും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സാനിയോ സി എസ് പങ്കുവെച്ചു. റിപ്പോർട്ടേഴ്സ് നേരിടുന്ന പ്രാഥമിക തടസ്സങ്ങളിലൊന്ന് ദുരന്തത്തിന്റെ തോത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുക എന്നതാണെന്ന് അവർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ സ്വകാര്യ സുരക്ഷയും ആശങ്കാജനകമാണ്. ഇന്ന് മാധ്യമ സ്ഥാപനങ്ങൾ അവരുടെ മാധ്യമപ്രവർത്തകരെ ദുരന്ത റിപ്പോർട്ടിംഗിനായി അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ സുരക്ഷാ കിറ്റുകൾ നൽകി സജ്ജമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ദുരിതബാധിതരുടെ എണ്ണം സ്ഥിരീകരിക്കുക എന്നത് മാധ്യമപ്രവർത്തകർ നേരിടുന്ന വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണെന്ന് അവർ ഓർമ്മിപ്പിച്ചു. പുനരധിവാസ, രക്ഷാപ്രവർത്തനങ്ങൾ ഇവയെ ആശ്രയിച്ചാണ് എന്നതിനാൽ ഈ വിവരം ലഭ്യമാക്കുന്നത് മാധ്യമപ്രവർത്തകന്റെ ധാർമ്മിക ഉത്തരവാദിത്തo കൂടിയാണെന്ന് അവർ പറഞ്ഞു.

ദുരന്തങ്ങൾ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൊച്ചിയിലെ മാതൃഭൂമി ന്യൂസ് ടിവിയിൽ നിന്നുള്ള അനീഷ് ആർ സംസാരിച്ചു. ദുരന്തങ്ങൾ ഫലപ്രദമായി രേഖപ്പെടുത്താനുള്ള നമ്മുടെ കഴിവില്ലായ്മ കാരണം നമ്മൾ തെറ്റുകൾ ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 'കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച 10 ബോട്ട് അപകടങ്ങൾ എടുത്താൽ ഒരേ കാരണങ്ങൾക്കൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിച്ചതെന്ന് കാണാം. എന്നിട്ടും നമ്മുടെ ബോട്ടുകളിൽ ഇപ്പോഴും ലൈഫ് ജാക്കറ്റുകൾ ലഭ്യമല്ല'', അദ്ദേഹം പറഞ്ഞു.

അപകടങ്ങളെ മുൻകൂട്ടികണ്ടുകൊണ്ട് അവയെ നേരിടാൻ സമൂഹത്തെ തയ്യാറാക്കുന്നതിനെക്കുറിച്ച് ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് അമിയ മീത്തൽ സംസാരിച്ചു. ദുരന്തങ്ങളെക്കുറിച്ച് റിപ്പോർട്ടുചെയ്യുന്നത് പലപ്പോഴും ദുരന്തങ്ങൾ ആഘോഷിക്കുന്നതിലേക്ക് മാറുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. റിപ്പോർട്ടർമാർ വസ്തുതകൾ കണ്ടെത്തുകയും അവ പ്രേക്ഷകരിലേക്ക് എത്തിക്കുകയുമാണ് ചെയ്യേണ്ടത്. കഥ പറയുന്നതിൽ നിന്ന് അവർ വിട്ടുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'തെറ്റായ വിവരങ്ങൾ സ്ഥിരീകരിക്കുക എന്നതാണ് ഞങ്ങൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. 2019 ൽ സോഷ്യൽ മീഡിയ കൺട്രോൾ റൂമുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധേയമായ മാറ്റം കാണാൻ കഴിഞ്ഞു. തെറ്റായ വിവരങ്ങളുടെ പങ്ക് മുൻ വർഷത്തേക്കാൾ വളരെ കുറവായിരുന്നു. ഇതിൽ മലയാളികൾക്ക് അഭിമാനിക്കാം'', ദുരന്തസമയത്ത് സോഷ്യൽ മീഡിയയുടെയും ഓൺലൈൻ ആശയവിനിമയ ഉപാധികളുടെയും പങ്കിനെക്കുറിച്ച് സംസാരിക്കവെ വൺ ഇന്ത്യ ന്യൂസ് പോർട്ടലിൽ നിന്നുള്ള ബിനു ഫാൽഗുനൻ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP