Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്‌സിറ്റ് നീട്ടുന്നതിനെച്ചൊല്ലി യൂറപ്യൻ യൂണിയൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും തമ്മിൽ തർക്കം; മൂന്നുമാസം നീട്ടിക്കൊടുക്കാൻ പൊതു ധാരണയെന്ന് റിപ്പോർട്ട്; ഇപ്പോൾത്തന്നെ പുറത്തുകടക്കാമെന്ന് വാശികാട്ടി ബോറിസ് ജോൺസൺ; ബ്രെക്‌സിറ്റിന് മുമ്പ് ഇടക്കാല തിരഞ്ഞെടുപ്പിനും സാധ്യത

ബ്രെക്‌സിറ്റ് നീട്ടുന്നതിനെച്ചൊല്ലി യൂറപ്യൻ യൂണിയൻ പ്രസിഡന്റും ഫ്രഞ്ച് പ്രസിഡന്റും തമ്മിൽ തർക്കം; മൂന്നുമാസം നീട്ടിക്കൊടുക്കാൻ പൊതു ധാരണയെന്ന് റിപ്പോർട്ട്; ഇപ്പോൾത്തന്നെ പുറത്തുകടക്കാമെന്ന് വാശികാട്ടി ബോറിസ് ജോൺസൺ; ബ്രെക്‌സിറ്റിന് മുമ്പ് ഇടക്കാല തിരഞ്ഞെടുപ്പിനും സാധ്യത

സ്വന്തം ലേഖകൻ

ബോറിസ് ജോൺസണിന്റെ ബ്രെക്‌സിറ്റ് ഡീലിന് അംഗീകാരം നൽകിയ ബ്രിട്ടീഷ് പാർലമെന്റ്, അത് നടപ്പാക്കാൻ കാലാവധി നീട്ടിക്കൊടുക്കാൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാൻ നിർദേശിക്കുക കൂടി ചെയ്തതോടെ, പന്ത് വീണ്ടും യൂറോപ്യൻ യൂണിയന്റെ കോർട്ടിലായി. 2020 വരെ ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിലനിർത്താനുള്ള സാഹചര്യമാണ് ഇ.യുവിന് മുന്നിൽ ഇപ്പോൾ തെളിഞ്ഞുവന്നിരിക്കുന്നത്.

എന്നാൽ, ബ്രിട്ടന് കാലാവധി ദീർഘിപ്പിച്ചുനൽകുന്നതിനോട് യൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളുടെയും തലവന്മാർക്ക് യോജിപ്പില്ലെന്നും സൂചനയുണ്ട്. മൂന്നുമാസത്തെ കാലാവധികൂടിയാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതനുസരിച്ച് ജനുവരി 31-ന് വരെ ബ്രിട്ടന് യൂറോപ്യൻ യൂണിയനിൽ തുടരാനാകും. അതിനുള്ളിൽ ബ്രെക്‌സിറ്റ് സംബന്ധിച്ച അന്തിമ കരാറിലെത്തിയാൽ മതിയാകും. എന്നാൽ, വേർപിരിയൽ ഇത്രയും വൈകുന്നതിനോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് യോജിപ്പില്ല. എത്രയും വേഗം ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന നിലപാടിലാണ് അദ്ദേഹമിപ്പോഴും തുടരുന്നത്.

ബ്രിട്ടന് കൂടുതൽ കാലയളവ് നീട്ടിക്കൊടുക്കുന്നതിൽ വിയോജിപ്പുള്ള പ്രമുഖ നേടാവ് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണാണ്. ബ്രെക്‌സിറ്റ് എത്രയും വേഗം നടപ്പാക്കണമെന്ന നിലപാടാണ് അദ്ദേഹം തുടക്കം മുതൽക്കെ സ്വീകരിച്ചിരുന്നത്. ഇടയ്ക്കിടെ കാലാവധി നീട്ടിക്കൊടുക്കുന്നതിനോടുള്ള വിയോജിപ്പ് അദ്ദേഹം പലതവണ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടെ, ബ്രിട്ടൻ പൊതുതിരഞ്ഞെടുപ്പിലേക്ക് പോവുകയാണെന്ന സൂചനയും ശ്കതമാണ്. മുമ്പും ബോറിസ് ജോൺസൺ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് പാർലമെന്റിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പിന്തുണയോടെ ഇക്കുറി ഇടക്കാല തിര്‌ഞ്ഞെടുപ്പ് പ്രമേയം കൊണ്ടുവരാനാണ് ബോറിസിന്റെ ശ്രമം. ആദ്യഘട്ടത്തിൽ ഇടക്കാല തിരഞ്ഞെടുപ്പിനെ എതിർത്ത ലേബർ പാർട്ടി നേതാവ് ജെറമി കോർബിന് സ്വന്തം പാർട്ടിക്കാരിൽനിന്നും പഴികേൾക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഇനി തിരഞ്ഞെടുപ്പിനെ തള്ളാൻ അദ്ദേഹത്തിന് സാധിച്ചെന്നുവരില്ല.

എത്രയും പെട്ടെന്ന് ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന ബോറിസ് ജോൺസണിന്റെ ആഗ്രഹം നടപ്പാകാനിടയില്ലെങ്കിലും യൂറോപ്യൻ യൂണിയൻ നേതാക്കളുടെ നിലപാട് അതിന് അനുകൂലമാണെന്നത് അദ്ദേഹത്തിന് പ്രതീക്ഷ പകരുന്നുണ്ട്. ജനുവരി 31 വരെ കാലാവധി നീട്ടേണ്ടെന്നും രണ്ടാഴ്ചയ്ക്കകം ബ്രെക്‌സിറ്റ് നടപ്പാക്കാൻ ബ്രിട്ടനോട് ആവശ്യപ്പെടണമെന്നും ഇന്നലെ ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂണിയൻ അംബാസഡർമാരുടെ യോഗത്തിൽ ജർമൻ വിദേശകാര്യമന്ത്രി ഹെയ്‌കോ മാസ് നിർദേശിച്ചിരുന്നു.

എന്നാൽ, വിദേശകാര്യമന്ത്രിയുടെ നിലപാട് പിന്നീട് ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ വക്താവ് സ്റ്റെഫാൻ സെയ്ബർട്ട് തള്ളി. ബ്രെക്‌സിറ്റ് നീട്ടാനുള്ള ബ്രിട്ടന്റെ ആവശ്യം ജർമനിയുടെ എതിർപ്പുകൊണ്ട് പരാജയപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്ന് വക്താവ് പറഞ്ഞു. മൂന്നുമാസംകൂടി ബ്രിട്ടന് ഇളവ് നൽകണമെന്ന നിലപാടാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്‌റ് ഡൊണാൾഡ് ടസ്‌കിന്റേത്. അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കറും ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP