Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചിൽ അഞ്ചിടത്തും എണ്ണൽ തുടങ്ങി; പോസ്റ്റൽ വോട്ടുകളിൽ വട്ടിയൂർക്കാവിൽ ലീഡ് വി കെ പ്രശാന്തിന്; തെക്ക് മുതൽ വടക്ക് വരെ നീളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഫലത്തിൽ തെളിയുക മലയാളിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മനസ്സെന്ന വിലയിരുത്തലിൽ രാഷ്ട്രീയ കേരളം; എല്ലായിടത്തും നടക്കുന്നത് ഇഞ്ചോടിഞ്ഞ് പോരാട്ടം; കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിൽ ഇടത് വലത് ക്യാമ്പുകൾ; കേരളത്തിനൊപ്പം മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ; തൽസമയ വിവരങ്ങളും വിശകലനവുമായി മറുനാടനും

അഞ്ചിൽ അഞ്ചിടത്തും എണ്ണൽ തുടങ്ങി; പോസ്റ്റൽ വോട്ടുകളിൽ വട്ടിയൂർക്കാവിൽ ലീഡ് വി കെ പ്രശാന്തിന്; തെക്ക് മുതൽ വടക്ക് വരെ നീളുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഫലത്തിൽ തെളിയുക മലയാളിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മനസ്സെന്ന വിലയിരുത്തലിൽ രാഷ്ട്രീയ കേരളം; എല്ലായിടത്തും നടക്കുന്നത് ഇഞ്ചോടിഞ്ഞ് പോരാട്ടം; കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിൽ ഇടത് വലത് ക്യാമ്പുകൾ; കേരളത്തിനൊപ്പം മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെണ്ണൽ; തൽസമയ വിവരങ്ങളും വിശകലനവുമായി മറുനാടനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണിക്ക് പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവന്നേക്കും. 11 മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. രണ്ടുമണിയോടെ ഫലപ്രഖ്യാപനമുണ്ടാകും. വി.വി. പാറ്റുകൾ എണ്ണിയശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് മറുനാടൻ ടീം ഒരുക്കിയിരിക്കുന്നത്. തൽസമയ വിവരങ്ങൾ ഞങ്ങളുടെ വെബ്സൈറ്റ് വഴിയും യൂടൂബ് ചാനലായ മറുനാടൻ ടിവി വഴിയും പ്രേക്ഷകരിലേക്ക് എത്തും.

മഞ്ചേശ്വരം , എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലെ ആദ്യ ഫലസൂചന എട്ടരയോടെ. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും. ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. മഴയെത്തുടർന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. രാവിലെ 8നു തപാൽ വോട്ടുകൾ ഒരു മേശയിൽ എണ്ണിത്തുടങ്ങി. വോട്ടിങ് യന്ത്രങ്ങൾ സ്‌ട്രോങ് റൂമിൽ നിന്നു വോട്ടെണ്ണുന്ന 14 മേശകളിലേക്കു നേരത്തെ തന്നെ മാറ്റിയിരുന്നു. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.

നിയമസഭാതിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഹരിയാണയിലും വോട്ടെണ്ണൽ വ്യാഴാഴ്ച നടക്കുമ്പോൾ ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബിജെപി സജീവമാണ്. അട്ടിമറി പ്രതീക്ഷ കോൺഗ്രസിനുമുണ്ട്. അഭിപ്രായവോട്ടെടുപ്പുകളും എക്സിറ്റ് പോളുകളും ഇരുസംസ്ഥാനങ്ങളിലും ബിജെപി. സഖ്യത്തിനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 51 നിയമസഭാമണ്ഡലങ്ങളിലേക്കും രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. 11 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ബിജെപി.ക്ക് മുൻതൂക്കം നിലനിർത്താനാവുമോയെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. അങ്ങനെ കേരളത്തിനൊപ്പം ദേശീയ തലത്തിലും ഇന്ന് അതിനിർണ്ണായകമാണ്.

ഒക്റ്റോബർ 21 (തിങ്കളാഴ്ച)യാണ് വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടന്നത്. ജാതി സമവാക്യങ്ങളും, വികസനവും, ഭരണവിരുദ്ധ വികാരവും മുതൽ മണ്ഡലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വരെ ചർച്ചയായ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്. അവസാന വട്ട കൂട്ടലും കിഴിക്കലും കഴിയുമ്പോൾ ആത്മവിശ്വാസത്തിലാണ് ഇടത് വലത് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ അരൂർ ഒഴികെ എല്ലാം യുഡിഎഫ് സിറ്റിങ് സീറ്റുകളാണ്. ഇത്തവണ നാല് സീറ്റും നിലനിർത്തുന്നതിന് പുറമെ അരൂരും പിടിച്ചെടുക്കും എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അങ്ങനെ പാലായിൽ ഏറ്റ അപ്രതീക്ഷിത തിരിച്ചടിയുടെ ക്ഷീണവും മറികടക്കാം എന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ സംസ്ഥാനത്ത് തങ്ങൾക്ക് അനുകൂലമായ സ്ഥിതിയാണ് ഉള്ളതെന്നും അഞ്ചിൽ മൂന്ന് മണ്ഡലങ്ങൾ വിജയിക്കുകയും എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്നുമാണ് ഇടത്പകഷം കണക്ക് കൂട്ടുന്നത്.

എന്നാൽ ബിജെപിയാകട്ടെ തങ്ങൾക്ക് പ്രതീക്ഷയുള്ള മൂന്ന് മണ്ഡലങ്ങളിലും മുന്നണികൾ വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ഉയർത്തി തോൽവി ആദ്യമെ സമ്മതിച്ചിരിക്കുകയാണ് ബിജെപി. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണ്ഡലത്തിലെ സാധ്യതകൾ എങ്ങനെ

വട്ടിയൂർക്കാവ്

കെ മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് പോയതോടെയാണ് വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. 2016ൽ ശക്തമായ ത്രികോണ മത്സരത്തിൽ കുമ്മനം രാജശേഖരനേയും ടിഎൻ സീമയേയും പരാജയപ്പെടുത്തിയാണ് മുരളീധരൻ ജയിച്ച് കയറിയത്. ഭൂരിപക്ഷം 7622. പിന്നീട് നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലുൾപ്പടെ വളരെ ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പോയ സിപിഎം തിരുവനന്തപുരം മേയറും യുവ നേതാവുമായ വികെ പ്രശാന്തിനെ രംഗത്തിറക്കി അപ്രതീക്ഷിത മേൽക്കൈ നേടുകയായിരുന്നു. പ്രചാരണത്തിൽ വളരെ മുന്നിലായിരുന്ന പ്രശാന്ത് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാറിനേയും കുമ്മനത്തെ വെട്ടി സ്ഥാനാർത്ഥിയായ സുരേഷിനേയും മറികടക്കും എന്നാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്. അയ്യായിരത്തോളം വോട്ടിന് പ്രശാന്ത് വിജയിക്കും എന്നാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്.

സിറ്റിങ് മണ്ഡലത്തിൽ ഏത് സാഹചര്യത്തിലും 50000 വോട്ട് കിട്ടാറുണ്ടെന്നും അത്കൊണ്ട് തന്നെ ജയം ഉറപ്പാണ് എന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു. എൻഎസ്എസ് പരസ്യമായി യുഡിഫെ് അനുകൂല നിലപാട് സ്വീകരിച്ചതും തങ്ങൾക്ക് ബോണസായി യുഡ്എഫ് കണക്ക് കൂട്ടുന്നു. എന്നാൽ യുവാക്കളുടെ വോട്ടും ഒപ്പം തന്നെ എൻഎസ്എസ് നിലപാടിൽ വിയോജിപ്പുള്ള ബിജെപി വോട്ടുകളും സിപിഎമ്മിന് കിട്ടി എന്നും യുഡിഎഫ് ആരോപിക്കുന്നു. മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും ഒപ്പം തന്നെ മോഹൻകുമാറിനോട് മുരളീധരന് താൽപര്യമില്ലാത്തതും യുഡിഎഫ് വോട്ടുകൾ പ്രശാന്തിലേക്ക് എത്തി എന്നുമാണ് ബിജെപി പറയുന്നത്.

കോന്നി

അടൂർ പ്രകാശ് 23 വർഷം കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടന്ന മണ്ഡലത്തിൽ കാര്യങ്ങൾ അത്ര നല്ല അവസ്ഥയിലല്ല കോൺഗ്രസിന്. അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററിന് സീറ്റ് നിഷേധിച്ചത് അടൂർ പ്രകാശിന്റെ അഭിപ്രായത്തെ മറികടന്നാണ്. ഡിസിസി പ്രസിഡന്റ് മോഹൻരാജ് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. ഡിവൈഎഫ്ഐ നേതാവ് കെ.യു ജനീഷ് കുമാറിന്റെ യുവ സാരഥിത്വം ഒപ്പം തന്നെ നാട്ടുകാരനെന്ന ഇമേജും വിജയത്തിലേക്ക് എത്തിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ പഴയ കുത്തക മണ്ഡലം തിരിച്ച് പിടിക്കാം എന്നുമാണ് ഇടത്പക്ഷം കണക്ക് കൂട്ടുന്നത്. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴ ഇവിടെ പോളിങ് ശതമാനം കുറഞ്ഞതും തങ്ങൾക്ക് അനുകൂലമാകും എന്നാണ് പ്രതീക്ഷ.

ശബരിമലയിലെ സമരനായകൻ എന്ന ഖ്യാതിയുമായി എത്തിയ സുരേന്ദ്രനെ പക്ഷെ ലോക്സഭ തെരഞ്ഞടുപ്പ് പോലെ സ്വീകരിച്ചിട്ടില്ല മണ്ഡലം. 46000ൽ അധികം വോട്ട് ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയെങ്കിലും ആ പകിട്ട് ഇന്ന് സുരേന്ദ്രന് ഇല്ല. ഇവിടെയും വോട്ട് മരിക്കൽ ആരോപണം സജീവമായി തന്നെ ബിജെപി ഉയർത്തുന്നുണ്ട്.

അരൂർ

അഞ്ച് മണ്ഡലങ്ങളിൽ ഇടതിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂർ. 2016ൽ എഎം ആരിഫ് 38519 എന്ന മൃഗീ. ഭൂരിപക്ഷത്തിൽ വിജയിച്ച് പോയ മണ്ഡലം. ലോക്സഭയിൽ ആലപ്പുഴയിൽ നിന്ന് സംസ്ഥാനത്തെ ഏക സിപിഎം എംപിയായി പോയ ആരിഫിനെ പക്ഷേ സ്വന്തം മണ്ഡലമായ അരൂർ 678 വോട്ടുകൾക്ക് പിന്നിലാക്കിയിരുന്നു. അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനിമോൾ ഉസ്മാൻ തന്നെയാണ് ഇപ്പോഴും സ്ഥാനാർത്ഥി. ലോക്സഭയിൽ 19 പേരും ജയിച്ചപ്പോൾ തോറ്റ സ്ഥാനാർത്ഥി എന്ന സഹതാപം അരൂരിൽ വോട്ടാകുമെന്നും ജയിച്ച് കയറാം എന്നുമാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്.

മനു സി പുളിക്കൻ ആണ് ആരിഫിന്റെ പിൻഗാമിയായി ഇടത്പക്ഷം അവതരിപ്പിക്കുന്നത്. ഡിവൈഎഫ്ഐ നേതാവായ മനുവിലൂടെ മണ്ഡലത്തിൽ ശക്തമായ മത്സരം അതീജീവിക്കാമെന്നാണ് ഇടത് ക്യാമ്പ് കണക്ക് കൂട്ടുന്നത്. എന്നാൽ ഫോട്ടോ ഫിനിഷിലേക്ക് പോകുന്ന അരൂരിൽ കഴിഞ്ഞ തവണ ആരിഫിന് ലഭിച്ച ഭൂരിപക്ഷം ആര് വിജയിച്ചാലും കിട്ടില്ല എന്നാണ് സൂചന.

എറണാകുളം

21949 വോട്ടുകൾക്ക് ഹൈബി ഈഡൻ വിജയിച്ച മണ്ഡലത്തിൽ ഇത്തവണ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ടിജെ വിനോദാണ് മണ്ഡലം നിലനിർത്താൻ യുഡിഎഫ് കളത്തിലിറക്കിയത്. ഇടത് സ്വതന്ത്രനായ മനു റോയി എന്ന അഭിഭാഷകനിലൂടെ സെബാസ്റ്റ്യൻ പോളിന്റെ ചരിത്രം ആവർത്തിക്കാനാകും എന്നാണ് ഇടത് ക്യാമ്പ് കരുതുന്നത്. വോട്ടെടുപ്പ് ദിവസം കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായത് വോട്ടിങ് ശതമാനം ഗണ്യമായി കുറച്ചിരുന്നു. ഇത് തങ്ങൾക്ക് അനുകൂലമാണ് എന്ന് ഇടത്പക്ഷം കണക്ക്കൂട്ടുന്നു. അഭിപ്രായ സർവ്വേയിൽ കുത്തക മണ്ഡലം യുഡിഎഫ് നിലനിർത്തും എന്ന് തന്നെയാണ് പ്രതീക്ഷ

മഞ്ചേശ്വരം

2016ൽ നിയമസഭയിൽ രണ്ടാമത്തെ താമര വിരിയിക്കാൻ കെ സുരേന്ദ്രന് കഴിയാതെ പോയത് വെറും 89 വോട്ടുകൾക്കാണ്. പിബി അബ്ദുൾ റസാഖിന്റെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥി എംസി ഖമറുദ്ദീന് തന്നെയാണ് വിജയ സാധ്യത. ഭാഷാന്യൂനപക്ഷത്തിൽ നിന്ന് എം ശങ്കർ റേ എന്ന സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാണ് സിപിഎം മത്സരരംഗത്തേക്ക് വന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ യുഡിഎഫിലും ബിജെപിയിലും ഉണ്ടായ അസ്വാരസ്യങ്ങൾ തങ്ങൾക്ക് അനുകൂലമാകും എന്ന കണക്ക് കൂട്ടലിലാണ് ഇടത്പക്ഷം. ബിജെപിയെ പരാജയപ്പെടുത്താൻ വോട്ട് മറിക്കൽ നടന്നു എന്ന് തന്നെയാണ് ബിജെപി ഇവിടെയും ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP