Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുഖ്യമന്ത്രിക്ക് ബാത്ത്റൂമിൽ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടത് പുലിവാലായി; കോഴിക്കോട് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലാത്തതിനാൽ സന്ദേശം കിട്ടാൻ വൈകി; എസ്‌കോർട്ടിൽ വീഴ്ച വന്നതോടെ കമ്മീഷണറെ വിളിച്ചുവരുത്തി പിണറായി വിജയന്റെ ശകാരം; തെറ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ; അധികാരമേറ്റപ്പോൾ തനിക്ക് അകമ്പടി പോലും വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ കോപത്തിൽ സസ്പെൻഷനിലായത് സിപിഎം അനുഭാവികളായ രണ്ട് പൊലീസുകാർ

മുഖ്യമന്ത്രിക്ക് ബാത്ത്റൂമിൽ പോകാനായി വണ്ടി ഗസ്റ്റ്ഹൗസിലേക്ക് തിരിച്ചുവിട്ടത് പുലിവാലായി; കോഴിക്കോട് ഔദ്യോഗിക പരിപാടികൾ ഒന്നുമില്ലാത്തതിനാൽ സന്ദേശം കിട്ടാൻ വൈകി; എസ്‌കോർട്ടിൽ വീഴ്ച വന്നതോടെ  കമ്മീഷണറെ വിളിച്ചുവരുത്തി പിണറായി വിജയന്റെ ശകാരം; തെറ്റ് ചെയ്യാത്ത പൊലീസുകാർക്ക് സസ്പെൻഷൻ; അധികാരമേറ്റപ്പോൾ തനിക്ക് അകമ്പടി പോലും വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ കോപത്തിൽ സസ്പെൻഷനിലായത് സിപിഎം അനുഭാവികളായ രണ്ട് പൊലീസുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: അധികാരമേറ്റപ്പോൾ തനിക്ക് അകമ്പടി പോലും വേണ്ടെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇപ്പോഴോ പ്രധാനമന്ത്രിയെ പ്പോലെ വലിയ സുരക്ഷാ സംവിധാനങ്ങളോടെയാണ് മുഖ്യമന്ത്രിയുടെ സഞ്ചാരമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വിമർശനം. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ നിഷ്‌ക്കർഷ കാരണം ഇപ്പോൾ കേരള പൊലീസിനും പണി കിട്ടിയിരിക്കയാണ്. കൃത്യമായ വിവരം ലഭിക്കാത്തത് കാരണം മുഖ്യമന്ത്രിയുടെ യാത്രക്കിടെയുണ്ടായ വീഴ്ചയുടെ പേരിൽ ബലിയാടുകളായിരിക്കുകയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ.

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രക്കിടെ സന്ദേശം കൈമാറാൻ വീഴ്ച വരുത്തിയെന്ന കാരണം പറഞ്ഞാണ് എസ് ഐയെയും സീനിയർ സിവിൽ പൊലീസ് ഓഫീസറെയും സസ്പെന്റ് ചെയ്തിരിക്കുന്നത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ഇ നാരായണനെയും കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദിനെയുമാണ് തിങ്കളാഴ്ച വൈകീട്ട് സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്. കറകളഞ്ഞ സിപിഎം കാരനാണ് പ്രസാദ്. നാരായണനാവട്ടെ സിപിഎം അനുഭാവിയും. ചെയ്യാത്ത കുറ്റത്തിനാണ് ഇരുവർക്കും സസ്പൻഷൻ കിട്ടിയിരിക്കുന്നതെന്നതാണ് മറ്റൊരു കാര്യം. ഇത് പൊലീസുകാർക്കിടയിൽ വ്യാപക അതൃപ്തിയും ഉയർത്തിയിട്ടുണ്ട്.

ശനിയാഴ്ച മുഖ്യമന്ത്രിക്ക് കോഴിക്കോട്ട് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി കോഴിക്കോട്ടുകൂടി പോവുന്നുവെന്ന വിവരം സിറ്റി പൊലീസിന് ലഭിക്കുന്നത് അന്ന് വൈകീട്ടാണ്. കോട്ടയത്തു നിന്നും നേരെ തലശ്ശേരിക്ക് പോകുന്നുവെന്ന സന്ദേശമായിരുന്നു ലഭിച്ചത്. യാത്രക്കിടെ കോട്ടക്കൽ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി കയറുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയുടെ വാഹനത്തിൽ നിന്ന് ലഭിച്ച സുരക്ഷാ സന്ദേശം കോഴിക്കോട് റൂറൽ വഴി പാലോറമല ബൈപ്പാസിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോവുന്നുവെന്നായിരുന്നു. മറ്റെവിടെയും മുഖ്യമന്ത്രി കയറുമെന്ന് യാതൊരു അറിയിപ്പും നൽകിയിരുന്നുമില്ല.

യാത്രക്കിടെയാണ് സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ ഉണ്ടാകുന്നത്. ഇടക്ക് മുഖ്യമന്ത്രിക്ക് ബാത്ത് റൂമിൽ പോകനായി വണ്ടി നേരെ ഗസ്റ്റ് ഹൗസിലേക്ക് എടുത്തു. എന്നാൽ ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന കാര്യം വൈകീട്ട് ആറേ കാലിനാണ് സിറ്റി കൺട്രോൾ റൂമിലേക്ക് അറിയിക്കുന്നത്. അപ്പോഴേക്കും വാഹനം വേങ്ങേരിയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് നേരെ ഗസ്റ്റ് ഹൗസിലേക്ക് പോയത്. തീരുമാനം പെട്ടന്നായതിനാൽ സിറ്റി കൺട്രോൾ റൂമിലെയോ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ പൊലീസുകാരെ ആരും മുൻകൂട്ടി വിവരം അറിയിക്കാത്തതുകൊണ്ട് തന്നെ എസ്‌കോർട്ട് ഡ്യൂട്ടി അവതാളത്തിലായി.

എന്നാൽ കുറ്റം മുഴുവൻ സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെ തലയിൽ ചാർത്തുകയാണ് ഉണ്ടായത്. അവരുടെ വിശദീകരണം കേൾക്കാൻ പോലും ആരും തയ്യാറായില്ല. വസ്തുതകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാവാത്തതുകൊണ്ട് തന്നെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ് ഈ ഉദ്യോഗസ്ഥർക്ക്. യാത്രക്കിടെയുണ്ടായ വീഴ്ചയുടെ പേരിൽ മുഖ്യമന്ത്രി കമ്മീഷണറെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ശകാരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇതിന് ശേഷമാണ് ഉദ്യോഗസ്ഥരെ കമ്മീഷണർ സസ്പെന്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP