Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത; പുനർനിർമ്മാണത്തിനായി ഇ.ശ്രീധരന് ചുമതല നൽകിയത് ഊരാളുങ്കൽ സൊസൈറ്റിയെ തള്ളി; പൊതുമരാമത്തിനെ മറികടന്നുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനത്തിനെതിരെ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

പാലാരിവട്ടം മേൽപ്പാലം പൊളിക്കാൻ തീരുമാനിച്ചത് സർക്കാർ നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവരും മുമ്പേ; തീരുമാനം കൂടുതൽ പരിശോധന വേണമെന്ന മദ്രാസ് ഐഐടി റിപ്പോർട്ട് മാനിക്കാതെ; പാലത്തിന് ബലക്ഷയമുണ്ടോ എന്നറിയാൻ ലോഡ് ടെസ്റ്റ് നടത്താനും വിമുഖത; പുനർനിർമ്മാണത്തിനായി ഇ.ശ്രീധരന് ചുമതല നൽകിയത് ഊരാളുങ്കൽ സൊസൈറ്റിയെ തള്ളി; പൊതുമരാമത്തിനെ മറികടന്നുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തീരുമാനത്തിനെതിരെ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേൽപാലത്തിന്റെ പുനർനിർമ്മാണം ഡി.എം.ആർ.സിയെ എൽപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇ.ശ്രീധരന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ചാണ് മന്ത്രിസഭാതീരുമാനം. എന്നാൽ, സർക്കാർ തീരുമാനം വന്നിരിക്കുന്നത് അഞ്ചംഗ സമിതിയുടെ പഠന റിപ്പോർട്ട് പുറത്ത് വരും മുന്നേയാണ്. അതുകൊണ്ട് തന്നെ ഇതൊരു രാഷ്ട്രീയ തീരുമാനവുമാണ്. പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജൂൺ 8 ന് സമിതിയെ നിയോഗിച്ചത്.

പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് സാങ്കേതികവും ഭരണപരവും ഗുണേമേന്മാപരവുമായ വിലയിരുത്തലുകൾ നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുക എന്നതായിരുന്നു മൂന്നംഗ സമിതിയുടെ ദൗത്യം. പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, പാലം വിഭാഗം ചീഫ് എൻജിനീയർ, റിട്ടയേർഡ് ചീഫ് എൻജിനീയർ എം. എൻ. ജീവരാജ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. സെപ്റ്റംബർ 28ന് പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർദ്ധനറാവു പ്രത്യേക ഉത്തരവിലൂടെ സീനിയർ ബ്രിഡ്ജസ് എൻജിനീയർ എസ്. സജു, സീനിയർ സ്ട്രക്ചറൽ എൻജിനീയർ അഷ്‌റഫ് എസ്.എം. എന്നിവരെക്കൂടി ചേർത്ത് കമ്മിറ്റി വിപുലീകരിച്ചു.

പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് രൂപീകരിച്ചിരുന്ന മൂന്നംഗ സമിതിയിൽ സ്ട്രക്ചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അതുകൊണ്ട് രണ്ട് ഉദ്യോഗസ്ഥരെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഉന്നത തല സാങ്കേതിക സമിതി വിപുലീകരിക്കുകയാണെന്നും ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. ചെന്നൈ ഐഐടി സമർപ്പിച്ച റിപ്പോർട്ടും, ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടും, ആർ ഡി എസ് കമ്പനി സമർപ്പിച്ച നിവേദനവും പരിശോധിച്ച് ഈ സമിതി ഒക്ടോബർ 4 നകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ അഞ്ചംഗ സമിതിയുടെ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല അതിനിടെയാണ് മന്ത്രിസഭാ തീരുമാനം വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതോടെ പൊതുമരാമത്ത് വകുപ്പിൽ നിർണായകമായ ചില സ്ഥാന ചലനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ലോഡ് ടെസ്റ്റ് നടത്താതെ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാനുള്ള തീരുമാനവുമായി മുന്നോട്ടുപോയത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയാണെന്ന വിമർശനം ഉയർന്നിരുന്നു. പാലം പൊളിച്ചുപണിയുക എന്ന തീരുമാനത്തിനു മുന്നേ ഭാര പരിശോധന നടത്തേണ്ടതായിരുന്നു. ഇ. ശ്രീധരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതോടെ ഇതിനെതിരായ നീക്കവും ശക്തമായിരുന്നു. ഭാര പരിശോധന നടത്താതെയാണ് പാലം പൊളിച്ചുപണിയാനുള്ള സർക്കാർ തീരുമാനം എന്നതായിരുന്നു അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ കൺസൾട്ടിങ് എൻജിനീയേഴ്സ് അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയത്. പാലം പണിത ആർ.ഡി.എസും ഈ കേസിൽ കക്ഷിചേർന്നിട്ടുണ്ട്. ഈ വിമർശനത്തെ പ്രതിരോധിക്കാൻ സർക്കാരിന് കഴിയുമായിരുന്നില്ല. ഭാര പരിശോധന വേണ്ടെന്ന അഭിപ്രായം സർക്കാരിനില്ലെന്നാണ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് അനുമതിയില്ലാതെ പാലം പൊളിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

പൊളിച്ചുപണിയുന്നതിനെതിരേ സംസാരിക്കുന്നവർ തന്നെ പാലം സഞ്ചാരയോഗ്യമല്ലെന്ന യാഥാർഥ്യം അംഗീകരിക്കുന്നുമുണ്ട്. ബലപ്പെടുത്തൽ എന്നതാണ് അവർ പരിഹാരമായി പറയുന്നത്. മദ്രാസ് ഐ.ഐ.ടി.യുടെ റിപ്പോർട്ടാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ അഭിപ്രായം പറയുന്നവർ ഇ. ശ്രീധരന്റെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായതിനു പിന്നാലെയാണ് പ്രതിരോധ നീക്കങ്ങളും സജീവമായത്.

അതിനിടെ പാലം പൊളിച്ചുപണിയുന്നതിനുള്ള ചുമതല ആർക്ക് നൽകും എന്ന കാര്യത്തിൽ തർക്കങ്ങളുണ്ടായിരുന്നെങ്കിലും ഡി.എം.ആർ.സി.ക്ക് ചുമതല നൽകാനാണ് തീരുമാനം. ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായി ചർച്ച നടത്തിയിരുന്നെങ്കിലും ഡി.എം.ആർ.സി.ക്കാണ് ചുമതല കൈമാറിയത്. നേരത്തെ, പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ ഇ. ശ്രീധരനും പങ്കെന്നും പൊതുമരാമത്ത് വകുപ്പിനെ മറികടന്ന് നടത്തിയ പാലം പൊളിക്കൽ പ്രഖ്യാപനത്തെക്കുറിച്ച് നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അസോസിയഷൻ ആവശ്യപ്പെട്ടിരുന്നു. ചെന്നൈ ഐഐടിയുടെ അഞ്ച് നിർദ്ദേശങ്ങളിൽ മൂന്നും കരാറുകാരൻ സ്വന്തം ചെലവിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ബാക്കി രണ്ടു നിർദ്ദേശങ്ങൾ കൂടി പൂർത്തീകരിക്കാൻ അനുവദിക്കുകയും തുടർന്ന് ലോഡ് ടെസ്റ്റിന് അനുമതി നൽകുകയുമാണ് വേണ്ടതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പാലത്തിന്റെ ബലം പരിശോധിക്കാൻ ലോഡ് ടെസ്റ്റ് നടത്തണോ എന്നു സർക്കാർ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ലോഡ് ടെസ്റ്റ് നടത്തി പാലത്തിന്റെ ബലം പരിശോധിക്കാൻ കരാറിൽ വ്യവസ്ഥയുള്ള നിലയ്ക്ക് ഉചിതമായ ഏജൻസിയെ അതിനു നിയോഗിക്കണോ എന്നു പരിഗണിക്കണം. കാൻപൂർ, മുംബൈ ഐഐടികളെയോ പാലം നിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള മറ്റ് ഏജൻസികളെയോ ലോഡ് ടെസ്റ്റിനു നിയോഗിച്ച് റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി മതിയോ എന്നു പരിശോധിക്കണം. ഇക്കാര്യത്തിൽ സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണ പത്രിക സമർപ്പിക്കണമെന്ന് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒക്ടോബർ 11 ന് നിർദ്ദേശിച്ചിരുന്നു.

പാലത്തിന്റെ തകരാർ ആദ്യം റിപ്പോർട്ട് ചെയ്തത് നിർമ്മാണ കമ്പനി

പാലത്തിന്റെ തകരാർ ആദ്യം റിപ്പോർട്ട് ചെയ്തത് മാധ്യമങ്ങൾ ആരും അല്ല. നിർമ്മാണ കമ്പനി തന്നെയാണ്. പാലം തുറന്ന് ഒരു മാസത്തിനുള്ളിൽ ഇത് സർക്കാരിനെ അറിയിച്ചിരുന്നു. പല വട്ടം തുടർന്നും ഇക്കാര്യം അറിയിച്ചു. എന്നാൽ സർക്കാർ മൂന്നു വർഷം ആ റിപ്പോർട്ട് പരിഗണിച്ചില്ല. ഈ മൂന്നു വർഷം നിർണായകമായിരുന്നു. എന്തു കൊണ്ട് സർക്കാർ ഇക്കാലമത്രയും അത് പരിഗണിച്ചില്ല എന്നതിന് ഇപ്പോഴും ഉത്തരമില്ല. പാലത്തിന്റെ ഉറപ്പിനെ ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ.

പാലം പൂർണമായോ, ഭാഗികമായോ ഇപ്പോൾ പൊളിക്കേണ്ടതില്ല. 2.5 കോടി ചെലവിൽ അറ്റകുറ്റപ്പണി തീർത്തതാണ്. അത് ബലവത്താണെന്നും, ലൈഫ് ഉണ്ടെന്നും ഉറപ്പാക്കാൻ ലോഡ് ടെസ്റ്റ് അല്ലാതെ വഴിയില്ല. ലോഡ് ടെസ്റ്റ് ചെയ്യാൻ സർക്കാർ ഇത് വരെ തയാറായിട്ടില്ല. ഇതിന് പിന്നിൽ കള്ളക്കളിയുണ്ടെന്നാണ് സംസം. പുതുക്കിപ്പണിയാൻ 18.5 കോടി സർക്കാർ വഹിക്കേണ്ടതില്ല. അത് നിർമ്മാണ കമ്പനി തന്നെ വഹിക്കേണ്ടതാണ്. പുനർ നിർമ്മാണത്തിന്റെ ചെലവ് വഹിക്കാൻ അവർ തയ്യാറുമാണ്. ലോഡ് ടെസ്റ്റ് മാത്രമാണ് അവരുടെ ആവശ്യം. എന്നാൽ അത് ചെയ്യുന്നില്ല. മറിച്ച് 18 കോടി ഖജനാവിൽ നിന്നൊഴുക്കി പുതിയ പാലം നിർമ്മിക്കുകയാണ് സർക്കാർ. ഈ പുനർനിർമ്മാണ പ്രവർത്തിയുടെ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്കും. സിപിഎം ബന്ധമുള്ള ഈ സൊസൈറ്റിക്ക് ടെൻഡർ പോലും വിളിക്കാതെയാണ് പാലം കരാർ നൽകുന്നത്. ഈ പണി ഊരാളുങ്കലിനെ ഏൽപ്പിക്കാനുള്ള കള്ളക്കളികളാണ് നടക്കുന്നതെന്നാണ് സൂചന.

പാലാരിവട്ടം മേൽപാലം പൊളിച്ചുപണിയാൻ ചെലവാകുന്ന 20 കോടിയോളം രൂപ കേസിൽ പ്രതിസ്ഥാനത്തുള്ള നിർമ്മാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്സിന്റെ പക്കൽ നിന്ന് ഇടാക്കാൻ സംസ്ഥാന സർക്കാരിനു കഴിയുമെന്ന് രേഖകൾ വ്യക്തമാക്കുന്നു. വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ കരാർ രേഖകൾ അന്വേഷണസംഘം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥയുടെ 3ാം ഭാഗത്താണ് പാലം നിർമ്മാണം പൂർത്തിയാക്കി 36 മാസത്തിനുള്ളിൽ ഉണ്ടാകുന്ന കേടുപാടുകളും ബലക്ഷയവും കരാറുകാരൻ സ്വന്തം ചെലവിൽ സംസ്ഥാന സർക്കാരിനു തൃപ്തികരമായ രീതിയിൽ പരിഹരിക്കണമെന്നു വ്യക്തമാക്കിയിട്ടുള്ളത്. ഇതുപ്രകാരം 2019 ഒക്ടോബർ 11നുള്ളിൽ പാലാരിവട്ടം പാലത്തിനു സംഭവിക്കുന്ന മുഴുവൻ കേടുപാടുകളും ബലക്ഷയവും സ്വന്തം ചെലവിൽ പരിഹരിക്കേണ്ട ഉത്തരവാദിത്തം ആർഡിഎസ് പ്രോജക്ട്സിനാണ്. ബലക്ഷയം സംഭവിച്ച നിർമ്മാണ ജോലികൾ നിർവഹിച്ച അതേ കമ്പനിയെക്കൊണ്ടോ സർക്കാരിനു വിശ്വാസമുള്ള മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ടോ ബലപ്പെടുത്തൽ ജോലികൾ പൂർത്തിയാക്കാൻ കഴിയും. എന്നാൽ ഈ പണി ഊരാളുങ്കലിന് ഏൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതിന് വേണ്ടി മാത്രമാണ് ഇ ശ്രീധരനെ മേൽനോട്ട ചുമതല ഏൽപ്പിക്കുന്നത്. ശ്രീധരനെ മുന്നിൽ നിർത്തി 18 കോടി ഊരാളുങ്കലിന് നൽകുകയാണ് സർക്കാർ.

ആലപ്പുഴ ബൈപാസ്, കൊല്ലം ബൈപാസ്, അരൂർ- ഇടപ്പള്ളി ബൈപാസ്, സലിം രാജൻ പാലം, ടെക്‌നോ പാർക്ക് എന്നിവ നിർമ്മിച്ചത് ഈ നിർമ്മാണ കമ്പനി തന്നെയാണ്. മിലിട്ടറി എൻജിനിയറിങ് സർവീസ്, ഐഎസ്ആർഒ എന്നിവയുടെ സുപ്രധാന കരാർ ജോലികൾ ഏറ്റവുമധികം ചെയ്തിട്ടുള്ളതുമാണ്. ബെയറിങ് ഇട്ടതിലെ പാളിച്ച അഴിമതിയല്ല, പിശകാണ്. അത് അവർ സമ്മതിക്കുകയും, ഏറ്റു പറയുകയും, തിരുത്താനുള്ള അവസരം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഊരാളുങ്കലിന് നൽകുന്നത് സിപിഎം താൽപര്യത്തിലാണ്. ഇടതു മുന്നണി അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ വലിയ പങ്ക് നിർമ്മാണ കരാറുകൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി ആണ് ചെയ്തത്. ഇവ പലതും കൃത്യമായ നിബന്ധനകൾ പാലിച്ചല്ല എന്ന വിമർശനം പരക്കെ ഉണ്ട്. നിയമ സഭയിലെ ഡിജിറ്റലൈസേഷൻ കരാർ ഈ രംഗത്ത് ഒട്ടും തന്നെ അനുഭവസമ്പത്തില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ ടെൻഡർ നടപടികളില്ലാതെ സർക്കാർ ഏൽപ്പിച്ചത് വലിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരുന്നു.

പാലം പൂർണ്ണമായും പൊളിക്കേണ്ടതുണ്ടോ?

പാലാരിവട്ടം ഫ്ളൈഓവർ പൂർണ്ണമായും പൊളിച്ച് പുനർ നിർമ്മിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഒരു മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്നും, ഒരു വർഷത്തിനകം പാലം പണി തീർക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇ ശ്രീധരൻ കൂടി പങ്കെടുത്ത യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇ ശ്രീധരനാകട്ടെ പാലം പൂർണമായും പൊളിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതാവശ്യമില്ലെന്ന് തന്റെ റിപ്പോർട്ടിലും ശ്രീധരൻ ചൂണ്ടിക്കാട്ടിയിരുന്നതാണ്. മുൻ നിലപാട് ആവർത്തിച്ച ശ്രീധരൻ 18.5 കോടിയാണ് ബജറ്റ് എസ്റ്റിമേറ്റെന്ന് വ്യക്തമാക്കി. അറ്റകുറ്റപ്പണിയുടെ ചെറിയ വിശദാംശങ്ങളും അദ്ദേഹം പങ്കു വച്ചു. താൻ വ്യക്തിഗതമായി പുനർ നിർമ്മാണത്തിൽ പങ്കാളിയാകുമെന്നും, ഡിഎംആർസിക്ക് റോളില്ലെന്നും വ്യക്തമാക്കി. സിപിഎം നേതൃത്വം നൽകുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കായിരിക്കും നിർമ്മാണ ചുമതല എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞില്ല. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.

2014 ജൂണിൽ നിർമ്മാണം തുടങ്ങിയതാണ് പാലാരിവട്ടം പാലം. 18 മാസം കൊണ്ട് തീർക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. 2016 ഒക്ടോബർ 12 ന് ഉദ്ഘാടനം ചെയ്തു. അന്ന് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. തിടുക്കത്തിൽ പൂർത്തിയാക്കിയത് മൂലം ചില അപാകതകൾ ശ്രദ്ധയിൽ പെടുന്നു. തൊട്ടടുത്ത മാസം തന്നെ ഇക്കാര്യങ്ങൾ നിർമ്മാണ കമ്പനി കിറ്റ്കോ വഴി സർക്കാരിനെ അറിയിച്ചു. നവംബർ 23ന് നൽകിയ ആദ്യ കത്തിൽ ബെയറിങ് മാറ്റേണ്ടി വരുമെന്നും, ഏതാനും ദിവസം പാലം അടയ്‌ക്കേണ്ടി വരുമെന്നും സൂചിപ്പിച്ചു. വീണ്ടും നിരവധി തവണ കമ്പനി കിറ്റ്കോയെയും, ബന്ധപ്പെട്ടവരെയും ഔപചാരികമായി വിവരങ്ങൾ ധരിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം 2019 ഏപ്രിലിലിലാണ് സർക്കാർ അറ്റകുറ്റപ്പണിക്ക് അനുമതി നൽകിയത്. മെയ് 1 ന് പാലം അടച്ച് പണി തുടങ്ങി. നിർമ്മാണ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണികൾ ചെയ്തത്. 2 മാസം കൊണ്ട് മെയ്ന്റനൻസ് തീർത്തു. 2.5 കോടി രൂപ ഇതിന് ചെലവഴിച്ചു. ഈ സമയത്ത് വിഷയം രാഷ്ട്രിയമാകുന്നു, മാധ്യമങ്ങൾ ഏറ്റെടുത്തു. വിജിലൻസ് കേസന്വേഷിക്കുന്നു. നിർമ്മാണത്തിൽ പ്രാഥമിക ക്രമക്കേടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കുകയും ചെയ്തു.

ചെന്നൈ ഐഐറ്റി യെക്കൊണ്ട് സർക്കാർ പരിശോധന നടത്തുന്നു. തൃപ്തികരമല്ലെന്ന തോന്നലിൽ ഇ ശ്രീധരന്റെ വിദഗ്ധ ഉപദേശം തേടുന്നു. ഇതോടെ ഭാഗികമായി പൊളിച്ചാൽ മതിയെന്ന് ശ്രീധരന്റെ റിപ്പോർട്ട് എത്തി. ടി ഒ സൂരജ് അടക്കം 5 പേരെ അറസ്റ്റ് ചെയ്യുന്നു. ഇതിന് ശേഷം പാലം പൂർണമായും പൊളിച്ച് പുനർ നിർമ്മിക്കുമെന്ന് സർക്കാർ പറയുന്നു. പൂർണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരൻ വീണ്ടും ആവർത്തിച്ചു. ഇതിനിടെയാണ് ഊരാളുങ്കലിന് കരാർ കൊടുത്ത വിവരവും പുറത്തു വരുന്നത്. 2016 നവംബറിൽ നിർമ്മാണ കമ്പനി തന്നെ തകരാറ് കണ്ടെത്തി സർക്കാരിനെ അറിയിച്ചിരുന്നതാണ്. കിറ്റ്കോയും, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും, സർക്കാരും ഇക്കാര്യം അറിഞ്ഞിരുന്നു. ബെയറിങുകളിൽ രണ്ടെണ്ണം ഘടിപ്പിച്ചത് തിരിഞ്ഞു പോയി എന്നതായിരുന്നു തകരാർ. വർക്ക്മാൻഷിപ്പിലും, സൂപ്പർ വിഷനിലും സംഭവിച്ച പാളിച്ചയായിരുന്നു ഇത്. തെറ്റ് നിർമ്മാണ കമ്പനിയുടേത് തന്നെ. അങ്ങനെ സംഭവിച്ചാൽ നിർമ്മാണ കമ്പനി അത് സ്വന്തം ചെലവിൽ പരിഹരിച്ച് കൈമാറണം. നിർമ്മാണ കരാറിൽ ഇത് വ്യവസ്ഥ ചെയ്യുന്നു.

ഇനി വേണ്ടത് ലോഡ് ടെസ്റ്റ്, ഒളിച്ചു കളിച്ച് സർക്കാരും

2016ൽ തന്നെ ഈ പാളിച്ച കണ്ടു പിടിച്ച് റിപ്പോർട്ട് ചെയ്ത കമ്പനി, സർക്കാർ അനുമതി കിട്ടിയ ഉടനെ 2.5 കോടി ചെലവിട്ട് 2019 മെയ് മാസം അറ്റകുറ്റപ്പണികൾ ചെയ്തു. 2 മാസം കൊണ്ട് തീർത്തു. തുറന്ന് കൊടുക്കാൻ പറ്റുന്ന വിധത്തിൽ തൃപ്തികരമാണ് പാലത്തിന്റെ ബലം, ആയുസ് എന്നിവയെന്ന് സർക്കാരിനെ അറിയിച്ചു. അത് ഉറപ്പിക്കാൻ വേണ്ടത് ലോഡ് ടെസ്റ്റാണ്, ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങളിൽ ലോഡ് ടെസ്റ്റ് ആണ് ശുപാർശ ചെയ്യുന്നത്. ബന്ധപ്പെട്ട എജൻസികൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെയ്യാൻ തയ്യാറായിട്ടില്ല. നിർമ്മാണ കമ്പനിയും, കിറ്റ്‌കോയും, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും ഇത് പലവട്ടം ആവശ്യപ്പെട്ടിരുന്നു. ലോഡ് ടെസ്റ്റ് വിജയിച്ചാൽ പാലം പൊളിക്കേണ്ടതുണ്ടോ ഭാഗികമായോ, പൂർണ്ണമായോ പാലം പൊളിക്കേണ്ട ആവശ്യമില്ല. തിരിഞ്ഞ് പോയ ബെയറിങ്ങുകൾ മാറ്റി, തൂണുകൾ ബലപ്പെടുത്തി. റീ ടാർ ചെയ്തു. ലോഡ് ടെസ്റ്റ് നടത്തി അത് പര്യാപ്തമെന്ന് ഉറപ്പാക്കുകയേ വേണ്ടൂ.

വിജിലൻസ് കേസിന് ആധാരമായി പണം അഡ്വാൻസ് ചെയ്തതാണ് ഒരു പ്രധാന ആരോപണം നിറയുന്നത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷനാണ് പിഡബ്ലുഡി ഉത്തരവ് പ്രകാരം 2% കൂടിയ പലിശ നിരക്കിൽ പണം നൽകിയത്. കമ്പനി ഇത് അടച്ച് തീർത്തു. എല്ലാ ഇടപാടുകളും രേഖാപരവുമാണ്. ഇടപ്പള്ളി പാലം നിർമ്മാണത്തിന് ഡിഎംആർസിക്ക് പലിശ രഹിതമായി പണം അഡ്വാൻസ് ചെയ്തിട്ടുണ്ട്. സാമ്പിൾ പരിശോധനയിൽ തൃപ്തികരമായ അളവിൽ സാമഗ്രികൾ ചേർന്നിട്ടില്ല എന്നാണ് കണ്ടെത്തൽ. വളരെ ചെറിയ സാമ്പിൾ ആണ് നോക്കിയത്. ഇത് കമ്പനിയും, കൺസൾട്ടന്റും തെളിയിക്കേണ്ടതാണ്. ഏതു പരിശോധനാ ഏജൻസിക്കു മുൻപിലും തെളിയിക്കാമെന്നു ഇവർ പറയുന്നു. ലോഡ് ടെസ്റ്റ് നടത്താൻ ഒരു മാസവും, അന്തിമ മിനുക്കു പണികൾക്കായി ഒരു മാസവും ഉൾപ്പെടെ 2 മാസം മതി എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

18.7 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇത് സർക്കാർ വഹിക്കും. ഒരു രൂപ പോലും സർക്കാർ വഹിക്കേണ്ടതില്ല, കരാർ നിബന്ധന അനുസരിച്ച് ഇത് കമ്പനി വഹിക്കണം. 2.5 കോടി അറ്റകുറ്റപ്പണിക്കായി ചെലവഴിച്ച നിർമ്മാണ കമ്പനി സ്വന്തം ഉത്തരവാദിത്വത്തിലും, ചെലവിലും ഇത് നിർവഹിക്കാൻ ഒരുക്കമാണെന്ന് പലവട്ടം സർക്കാരിനെ ധരിപ്പിച്ചിട്ടുള്ളതാണ്. കിറ്റ്കോ മേൽനോട്ടം വഹിക്കുന്ന നിർമ്മാണ ജോലികളുടെ കരാർ വ്യവസ്ഥകളിൽ മാനദണ്ഡമാക്കുന്ന ഫെഡറേഷൻ ഇന്റർനാഷനൽ കൺസ്ട്രക്ഷൻ എൻജിനീയേഴ്സ് (ഫിഡിക്) മാനുവലിലെ 49.1 വ്യവസ്ഥയാണ് പാലാരിവട്ടം പാലത്തിന്റെ പൊളിച്ചുപണിയുടെ ചെലവുകൾ നിർമ്മാണക്കമ്പനിയിൽ നിന്ന് ഈടാക്കാൻ സംസ്ഥാന സർക്കാരിനെ അധികാരപ്പെടുത്തുന്നത്.

പുനർനിർമ്മാണ തുക ആരു നൽകും?

ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പൊളിച്ചുപണിയുമ്പോൾ ചെലവാകുമെന്നു കരുതുന്ന മുഴുവൻ തുകയും ആർഡിഎസ് പ്രോജക്ട്സിന്റെ പക്കൽ നിന്നു തിരിച്ചുപിടിക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നതാണ് കരാർ രേഖകൾ. എന്നാൽ, ഈ ബാധ്യതയിൽ നിന്നു നിർമ്മാണ കമ്പനിയെ സംരക്ഷിക്കാനുള്ള പഴുതുകൾ കരാർ വ്യവസ്ഥകളിൽ ചേർത്തിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷണ സംഘം പരിശോധിക്കും. അധികച്ചെലവു കമ്പനിയിൽ നിന്ന് ഈടാക്കിയാലും അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടികൾ തുടരാം.

പാലാരിവട്ടം മേൽപാലം ഉദ്ഘാടനം ചെയ്ത 2016 ഒക്ടോബർ 12നും ആർഡിഎസ് പ്രോജക്ട്സ് കമ്പനി നിർമ്മാണം പൂർത്തിയാക്കിയിരുന്നില്ല. സാധാരണ നിലയിൽ ഉദ്ഘാടനത്തിനു മുൻപേ മേൽനോട്ട ഏജൻസിയായ കിറ്റ്കോ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാറുണ്ട്. ആർഡിഎസിന് ഉദ്ഘാടന ദിവസവും നിർമ്മാണം പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതെല്ലാം പല സംശയങ്ങൾക്കും ഇട നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP