Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാമർ വീണ് മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിന് പത്ത് ലക്ഷം; എസ്എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ; ഇളവ് ലഭിച്ച ഭൂമി മറിച്ച് വിൽക്കുന്നത് തടയാൻ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി; പാലാരിവട്ടം പാലം പുതുക്കി പണിയാൻ ഡിഎംആർസി; മോട്ടോർ വാഹന നിയമം നടപ്പിലാക്കുക കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

ഹാമർ വീണ് മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിന് പത്ത് ലക്ഷം; എസ്എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ; ഇളവ് ലഭിച്ച ഭൂമി മറിച്ച് വിൽക്കുന്നത് തടയാൻ ഭൂപരിഷ്‌കരണ നിയമത്തിൽ ഭേദഗതി; പാലാരിവട്ടം പാലം പുതുക്കി പണിയാൻ ഡിഎംആർസി; മോട്ടോർ വാഹന നിയമം നടപ്പിലാക്കുക കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി; മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രധാന തീരുമാനങ്ങളുമായി ഇന്ന് കൂടിയ മന്ത്രിസഭ യോഗം. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ ചുമതല ഡിഎംആര്ഡസിക്ക് നൽകിയതാണ് ഏറ്റവും പ്രധാന തീരുമാനം. പാലായിൽ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ തലയിൽ വീണ് മരിച്ച അഫീൽ ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ആറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി മുൻ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിനെ നിയമിക്കാനും തീരുമാനമായി.കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങൾക്കായി തരം മാറ്റുകയോ വിൽക്കുകയോ ചെയ്താൽ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിന് നിയമത്തിൽ പുതിയ വകുപ്പ് ഉൾപ്പെടുത്താനും തീരുമാനിച്ചു.

സംസ്ഥാന ധനകാര്യ കമ്മീഷൻ

മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ചെയർമാനായി ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിനും അവയ്ക്കുള്ള അവാർഡു തുക നിർണയിക്കുന്നതിനും വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും ശുപാർശകൾ സമർപ്പിക്കുന്നതിനാണ് കമ്മീഷൻ രൂപീകരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർ കമ്മീഷനിൽ അംഗങ്ങളായിരിക്കും.

പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം ഡി.എം.ആർ.സിക്ക്

പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ അംഗീകരിക്കാൻ തീരുമാനിച്ചു. പാലം പുതുക്കി പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദഗ്ധ സമിതി ശുപാർശ ചെയ്തത്. പുതുക്കി പണിതാൽ പാലത്തിന് 100 വർഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരൻ സർക്കാരിനു നൽകിയ റിപ്പോർട്ട്.

പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാമെന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡി.എം.ആർ.സി) വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിച്ചു. പാലത്തിന്റെ തകരാറു കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോൺട്രാക്ടറിൽ നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷന് നിർദ്ദേശം നൽകും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചു.

മോട്ടോർ വാഹന (ഭേദഗതി) നിയമം കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ്

മോട്ടോർ വാഹന (ഭേദഗതി) നിയമം 2019 പ്രകാരം വർധിപ്പിച്ച പിഴ സംഖ്യയിൽ ചില കുറ്റങ്ങൾക്ക് വാഹനങ്ങൾ തരംതിരിച്ച് കുറഞ്ഞ കോമ്പൗണ്ടിങ് ഫീസ് നിശ്ചയിക്കാൻ തീരുമാനിച്ചു.

പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വൈൻ

ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളിൽ നിന്നും കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉൽപാദിപ്പിക്കുന്നതിന് കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാൻ തീരുമാനിച്ചു. നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക സർവകലാശാല ശുപാർശകൾ സമർപ്പിച്ചത്. ഇതനുസരിച്ച് പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് വൈൻ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

അഫീൽ ജോൺസന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മത്സരത്തിനിടെ ഹാമർ തലയിൽ വീണ് മരണപ്പെട്ട അഫീൽ ജോൺസന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഭൂപരിഷ്‌കരണ നിയമത്തിന് ഭേദഗതി

കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങൾക്കായി തരം മാറ്റുകയോ വിൽക്കുകയോ ചെയ്താൽ പ്രസ്തുത ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സർക്കാരിൽ നിക്ഷിപ്തമാക്കുന്നതിന് നിയമത്തിൽ പുതിയ വകുപ്പ് ഉൾപ്പെടുത്താൻ തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വിൽപ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തിൽ 87എ എന്ന പുതിയ വകുപ്പ് ഉൾപ്പെടുത്തുന്നത്.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് 11 തടവു കാർക്ക് ശിക്ഷാ കാലയളവിൽ ഇളവ് നൽകി വിട്ടയക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.ഭൂജല വകുപ്പിലെ 206 എസ്.എൽ.ആർ ജീവനക്കാർക്ക് 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.ഐ.എച്ച്.ആർ.ഡിയിലെയും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ ശമ്പള സ്‌കെയിൽ പത്താം ശമ്പളപരിഷ്‌കരണത്തിന് ആനുപാതികമായി വർധിപ്പിക്കാൻ തീരുമാനിച്ചു.സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നു കിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദേശങ്ങളിൽ മാറ്റം വരുത്താൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.

സർക്കാർ സർവ്വീസിലെ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭാഷാ ന്യൂനപക്ഷ ഉദ്യോഗാർത്ഥികളെ നിലവിൽ മലയാളം ടൈപ്പ്‌റൈറ്റിങ് യോഗ്യത നേടുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ആനുകൂല്യം വിവിധ സർക്കാർ കമ്പനികൾ, കോർപ്പറേഷനുകൾ, ബോർഡുകൾ എന്നിവയിലേക്ക് പി.എസ്.സി മുഖേനയുള്ള എൽ.ഡി.ടൈപ്പിസ്റ്റ് നിയമനത്തിനു കൂടി ബാധകമാക്കും.

മറ്റ് തീരുമാനങ്ങൾ ഇങ്ങനെ

പ്രളയബാധിതരുടെ പുനരധിവാസത്തിന് നൽകുന്ന ദാനാധാരങ്ങൾക്ക് മുദ്രവിലയിലും രജിസ്‌ട്രേഷൻ ഫീസിലും 2020 മാർച്ച് 31 വരെ ഇളവ് നൽകാൻ തീരുമാനിച്ചു.റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പദ്ധതികളുടെ നടത്തിപ്പിന് 40 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. കരാർ അടിസ്ഥാനത്തിലും ഡെപ്യൂട്ടേഷൻ വഴിയുമായിരിക്കും നിയമനം.അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിന് അധിക സാമ്പത്തിക ബാധ്യത കൂടാതെ സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ പദവി നൽകാൻ തീരുമാനിച്ചു.വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സമഗ്രമായ ബോധവൽ ക്കരണ പരിപാടി നടപ്പാക്കാൻ തീരുമാനിച്ചു. വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി നടപ്പാക്കുക.സർവ്വെയും ഭൂരേഖയും വകുപ്പിലെ 2999 താൽക്കാലിക തസ്തിക കൾക്ക് 2020 സെപ്റ്റംബർ 30 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജിൽ സ്ഥാപിക്കുന്ന ഇൻഡോ - ഷാർജ കൾച്ചറൽ സെന്ററിനും വൈക്കം മുഹമ്മദ് ബഷീർ സാംസ്‌കാരിക സമുച്ചയത്തിനും അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിനും വേണ്ടി മുപ്പത് ഏക്ര സ്വകാര്യ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിനുള്ള തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം ഷാർജാ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമി 2017-ൽ കേരളം സന്ദർശിച്ചപ്പോഴാണ് കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചത്.

തിരുവനന്തപുരം ശ്രീചിത്രാഹോമിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണാനുകൂല്യം നൽകാൻ തീരുമാനിച്ചു.കണ്ണൂർ ജില്ലയിലെ കല്ല്യാട് വില്ലേജിൽ അന്താരാഷ്ട്ര ആയൂവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കിറ്റ്‌കോ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ട് അംഗീകരിക്കാൻ തീരുമാനിച്ചു.സംസ്ഥാന ജലഗതാഗത വകുപ്പിലെ ബോട്ടു യാത്രാനിരക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കിലോമീറ്റർ ദൂരത്തിന് 6 രൂപയായി നിശ്ചയിക്കാൻ തീരുമാനിച്ചു. മലബാർ ദേവസ്വം ബോർഡിൽ 21 എൻട്രി കേഡർ തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചു. മുഴുവൻ ശമ്പളച്ചെലവും ദേവസ്വം ബോർഡ് തന്നെ വഹിക്കണം എന്ന വ്യവസ്ഥയോടെയാണ് ഈ തീരുമാനം.

മട്ടന്നൂർ നീന്തൽകുളത്തിന് 15 കോടി രൂപയുടെയും തൃശ്ശൂർ അക്ക്വാട്ടിക് കോംപ്ലക്‌സിന് 5 കോടി രൂപയുടെയും പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു.നെടുമങ്ങാട് ഗവ. കോളേജ് (4), പാലക്കാട് ഗവ. വിക്ടോറിയ കോളേജ് (4), ചാലക്കുടി പി.എം ഗവ. കോളേജ് (4), പത്തനംതിട്ട ഇലന്തൂർ ഗവ. കോളേജ് (1), നിലമ്പൂർ ഗവ. കോളേജ് (1), കരുനാഗ പ്പള്ളി തഴവ ഗവ. കോളേജ് (2) എന്നീ 6 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 16 മലയാളം അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

നിയമനങ്ങൾ, മാറ്റങ്ങൾ

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗിനെ പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. ഇദ്ദേഹം പിന്നോക്ക വിഭാഗ വകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും അധിക ചുമതലകൾ വഹിക്കും.പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരനെ തദ്ദേശസ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കും. തുറമുഖ വകുപ്പ് സെക്രട്ടറിയും കെ.എസ്‌ഐ.ഡി.സി എം.ഡിയുമായ സഞ്ജയ് എം കൗളിന് നിലവിലുള്ള ചുമതലയ്ക്കു പുറമെ എക്‌സ്‌പോർട്ട് ട്രേഡ് കമ്മീഷണറുടെ അധിക ചുമതല നൽകും. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ ജെറോമിക് ജോർജ്ജ് രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്‌നോളജി സെക്രട്ടറിയുടെ അധികചുമതല വഹിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP