Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര നിയമ പ്രകാരം അമിത വേഗതയ്ക്ക് ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് പിഴ 1000 മുതൽ 2000 വരെ; കുറഞ്ഞ തുകയായ 1000ത്തെ മറന്ന് 1500 ആയി പിഴ നിജപ്പെടുത്തിയത് ഖജനാവിലേക്ക് പണമൊഴുക്കാനുള്ള തന്ത്രപരമായ നീക്കം; പിഴ കുറയ്ക്കുമ്പോൾ ഓവർ സ്പീഡിന് മാത്രം മലയാളികൾ കൊടുക്കേണ്ടി വരിക കൂടുതൽ തുക; സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴത്തുക കുറച്ചു; മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10000 തന്നെ; പിണറായി മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കേന്ദ്ര നിയമ പ്രകാരം അമിത വേഗതയ്ക്ക് ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് പിഴ 1000 മുതൽ 2000 വരെ; കുറഞ്ഞ തുകയായ 1000ത്തെ മറന്ന് 1500 ആയി പിഴ നിജപ്പെടുത്തിയത് ഖജനാവിലേക്ക് പണമൊഴുക്കാനുള്ള തന്ത്രപരമായ നീക്കം; പിഴ കുറയ്ക്കുമ്പോൾ ഓവർ സ്പീഡിന് മാത്രം മലയാളികൾ കൊടുക്കേണ്ടി വരിക കൂടുതൽ തുക; സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴത്തുക കുറച്ചു; മദ്യപിച്ചു വാഹനമോടിച്ചാൽ പിഴ 10000 തന്നെ; പിണറായി മന്ത്രിസഭയുടെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുമ്പോൾ അമിത വേഗതയ്ക്ക് ഇനി ഈടാക്കുക കൂടുതൽ തുക. കേന്ദ്ര നിയമത്തിലൂടെ സംസ്ഥാന സർക്കാരിന് ഏറെ സാമ്പത്തിക നേട്ടം ഉണ്ടാകുമായിരുന്നു. ഈ നഷ്ടം കുറയ്ക്കാനുള്ള പൊടിക്കൈയുമായാണ് മന്ത്രിസഭയുടെ തീരുമാനം എത്തുന്നത്. വാഹന റജിസ്‌ട്രേഷനും, ലൈസൻസ് എടുക്കാനും ആധാർ നിർബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

അമിത വേഗം പിടിക്കപ്പെടുന്നത് ആദ്യമായാണെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 1000 രൂപ മുതൽ 2000 രൂപ വരെയായിരുന്നു കേന്ദ്ര നിയമ പ്രകാരം പിഴ. ഇത് 1500 രൂപയായും, മീഡിയം - ഹെവി വാഹനങ്ങൾക്ക് 2000 മുതൽ 4000 രൂപ വരെയുള്ളത് 3000 രൂപയായും നിജപ്പെടുത്തി. ആംബുലൻസ്, ഫയർ സർവീസ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു. ഇവിടെ വളരെ കരുതലോടെയാണ് പിണറായി സർക്കാരിന്റെ ഇടപെടൽ. കേരളത്തിൽ പിഴ അടയ്ക്കുന്ന വാഹന നിയമ ലംഘനം ഏറെയും മീഡിയം - ഹെവി വാഹനങ്ങളുടെ അമിത വേഗതയിലൂടെ കിട്ടുന്നതാണ്. കേന്ദ്ര നിയമ പ്രകാരം 1000 രൂപ മുതൽ 2000 രൂപ വരെ വാങ്ങാമെങ്കിലും കുറഞ്ഞ തുകയായ 1000 രൂപയേ സാധാരണ നിലയിൽ പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചുമത്താറുള്ളൂ. അതുകൊണ്ട് തന്നെ ഏവരും ഓവർ സ്പീഡിന് പോക്കറ്റിൽ നിന്ന് നൽകിയത് ആയിരം രൂപ മാത്രമാണ്.

ഇതിനെയാണ് തന്ത്രപരമായി മാറ്റി മറിക്കുന്നത്. കേരളത്തിലെ നിയമ പ്രകാരം ഇനി 1500 രൂപ അമിത വേഗതയ്ക്ക് നൽകണം. കേരളത്തിലെ ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങൾ ഏറിയ പങ്കും ടോൾ കൊടുത്ത് അതിവേഗതയിൽ പായുന്നവയാണ്. ഇത്തരം റോഡിലെ യാത്രയേയും മരണപാച്ചിലായി കണ്ട് പിഴ ഇടാറുണ്ട്. അതായതുകൊച്ചിയിൽ നിന്ന് തൃശൂർ വരെ അമിത വേഗതയിൽ പാഞ്ഞാൽ ഓരോ ക്യാമറയും പിടിക്കുമ്പോൾ 1500 രൂപ വീതം പോക്കറ്റിൽ നിന്ന് കാലിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നിസാര നിയമലംഘനങ്ങൾക്കുള്ള പിഴയാണ് കുറച്ചത്. അതേസമയം മദ്യപിച്ച് വാഹനമോടിക്കൽ, 18 വയസിൽ താഴെയുള്ളവർ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങളിൽ പിഴ കുറച്ചിട്ടില്ല. ഇതിനൊപ്പമാണ് ഓവർ സ്പീഡിലെ അതിസമർത്ഥ ഇടപെടൽ.

മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയാണ് പിഴ. ഇത് തുടരും . 18 വയസിന് താഴെയുള്ളവർ വാഹനമോടിച്ചാൽ 25000 രൂപയാണ് പിഴ. ഇതിലും ഇളവില്ല. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴകൾ ആയിരത്തിൽ നിന്ന് അഞ്ഞൂറായി കുറച്ചു. അമിത ഭാരം കയറ്റിയാലുള്ള പിഴ ഇരുപതിനായിരത്തിൽനിന്ന് പതിനായിരമാക്കി കുറച്ചു. ഇൻഡിക്കേറ്റർ ഇടാതിരിക്കൽ പോലുള്ള ഗുരുതരമല്ലാത്ത നിയമ ലംഘനങ്ങൾക്ക് പിഴ 500 രൂപയിൽനിന്ന് 250 ആക്കിയും കുറച്ചു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ പിഴ 2000 ആക്കി കുറച്ചു. 5000 ആയിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പിഴ. 32 വകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പകുതിയായി കുറച്ചിട്ടുണ്ട്. ചില ഇനങ്ങളിൽ ആദ്യ തവണ മാത്രമാണ് ഇളവ്. തെറ്റ് ആർത്തിച്ചാൽ ഇളവ് ഉണ്ടാകില്ല.

സംസ്ഥാന സർക്കാരിന് സാധ്യമായ വകുപ്പുകളിൽ പിഴത്തുക കുറയ്ക്കാനാണ് മന്ത്രിസഭാ തീരുമാനം. ഏതെല്ലാം വിഭാഗങ്ങളിൽ എത്രത്തോളം പിഴ കുറയ്ക്കാമെന്നതു സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം. സെപ്റ്റംബർ ഒന്നിനാണ് കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നിലവിൽ വന്നത്. കേരളം ഇതനുസരിച്ചുള്ള വിജ്ഞാപനമിറക്കി ഉയർന്ന പിഴ ഈടാക്കാൻ തുടങ്ങി. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ വാഹന പരിശോധന നിർത്തിവച്ചു. ഗുരുതര നിയമലംഘനങ്ങളിൽ കേസെടുത്ത് കോടതിയിലേക്ക് അയക്കുകയായിരുന്നു.

ഗതാഗത വകുപ്പിന്റേയും നിയമസെക്രട്ടറിയുടേയും റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പിഴ കുറക്കാൻ തീരുമാനമായത്. പെരുമാറ്റചട്ടം നിലവിൽ വന്നതിനാലാണ് തീരുമാനം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവച്ചത്.

പുതിയ പിഴത്തുക ഇങ്ങനെ:

  • സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന് ഈടാക്കുന്ന പിഴ 1000ത്തിൽനിന്ന് 500രൂപയാക്കി കുറച്ചു. അമിത വേഗത്തിനുള്ള ആദ്യ നിയമലംഘനത്തിന് പിഴ 1500 രൂപയാക്കി കുറച്ചു. വീണ്ടും ആവർത്തിച്ചാൽ 3000 രൂപ പിഴ അടയ്ക്കണം
  • വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ പിഴ അടയ്ക്കണം. നേരത്തെ ഇത് 3000 രൂപയായിരുന്നു. കുറ്റം ആവർത്തിച്ചാൽ 10,000 രൂപ എന്നത് 5000 രൂപയാക്കി കുറച്ചു.
  • അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നൽകൽ കുറ്റത്തിനും 2000 രൂപ എന്നത് 1000 രൂപയാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000 രൂപ എന്നത് 1000 രൂപയാക്കി കുറച്ചു.
  • അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 1000രൂപ മുതൽ 2000രൂപ വരെയുള്ളത് 1500 രൂപയായും മീഡിയം ഹെവി വെഹിക്കിളുകൾക്ക് 2000 മുതൽ 4000 രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി.
  • അപകടകരമായ ഡ്രൈവിംഗിന് (മൊബൈൽ ഫോൺ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000 രൂപ, കൂടിയത് 5000 രൂപ എന്നത് 2000 രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു. ഈ കുറ്റം ആവർത്തിച്ചാൽ 10000 രൂപ എന്നത് 5000 രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു.
  • മത്സരഓട്ടം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 5000 രൂപയായും കുറച്ചു. റോഡ് സുരക്ഷ മാനദണ്ഡങ്ങൾ/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000 രൂപ എന്നത് 2000 രൂപയായി കുറച്ചു.
  • പെർമിറ്റില്ലാതെ വാഹനം ഓടിക്കൽ ആദ്യ കുറ്റത്തിന് 2000 രൂപ മുതൽ 5000 രൂപ വരെ എന്നത് 3000 രൂപയായും ഈ കുറ്റം ആവർത്തിച്ചാൽ 5000 രൂപ മുതൽ 10000 രൂപ എന്നുള്ളത് 7500 രൂപയായും നിജപ്പെടുത്തി.
  • അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളിൽ ഓരോ ടണ്ണിന് 2000 രൂപ എന്ന നിരക്കിൽ) പരമാവധി 20000 രൂപ എന്നത് (അനുവദനീയമായ ഭാരത്തിന് മുകളിൽ ഓരോ ടണ്ണിന് 1500രൂപ എന്ന നിരക്കിൽ) പരമാവധി 10000രൂപയായി കുറച്ചു. . അമിതഭാരം, നിർത്താതെ പോയാൽ 40000രൂപ എന്നത് 20000 രൂപയായി കുറച്ചു.
  • അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ ഓരോ അധിക യാത്രക്കാരനും 200 രൂപ വീതം എന്നത് 100 രൂപയായി കുറച്ചു .
  • ആംബുലൻസ്/ ഫയർ സർവ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000 രൂപ എന്നത് 5000 രൂപയായി കുറച്ചു.
  • ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കൽ ആദ്യകുറ്റത്തിന് പിഴയിൽ മാറ്റമില്ല. എന്നാൽ ഇത് ആവർത്തിച്ചാൽ 4000 രൂപ എന്നത് 2000 രൂപയായി പുതുക്കി നിശ്ചയിച്ചു.
  • രജിസ്റ്റർ ചെയ്യാതെ / ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കൽ ആദ്യകുറ്റത്തിന് 2000 രൂപ എന്നത് 3000 രൂപയായി വർദ്ധിപ്പിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP