Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയർ'! സന്ദേശത്തിലെ ജോളിയുടെ മൊഴി സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് മുമ്പിൽ വെല്ലുവിളികൾ ഏറെ; ഭാര്യയുടെ മരണം കൊലപാതകമെന്ന് അറിയാമായിരുന്നുവെന്ന് ഷാജു സമ്മതിച്ചത് പൊട്ടിക്കരഞ്ഞ്; ഗൂഢാലോചനയിൽ പങ്കില്ലെന്ന വാദം അംഗീകരിക്കാതെ ക്രൈംബ്രാഞ്ച്; സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി കാട്ടിക്കൂട്ടിയതിനെല്ലാം ഭർത്താവ് പിന്തുണ നൽകിയത് പാവം കളിച്ചും; കൂടത്തായിയിലെ സിലിയുടെ കൊലപാതകത്തിൽ നിറയുന്നത് കുതന്ത്രങ്ങൾ

സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയർ'! സന്ദേശത്തിലെ ജോളിയുടെ മൊഴി സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിന് മുമ്പിൽ വെല്ലുവിളികൾ ഏറെ; ഭാര്യയുടെ മരണം കൊലപാതകമെന്ന് അറിയാമായിരുന്നുവെന്ന് ഷാജു സമ്മതിച്ചത് പൊട്ടിക്കരഞ്ഞ്; ഗൂഢാലോചനയിൽ പങ്കില്ലെന്ന വാദം അംഗീകരിക്കാതെ ക്രൈംബ്രാഞ്ച്; സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി കാട്ടിക്കൂട്ടിയതിനെല്ലാം ഭർത്താവ് പിന്തുണ നൽകിയത് പാവം കളിച്ചും; കൂടത്തായിയിലെ സിലിയുടെ കൊലപാതകത്തിൽ നിറയുന്നത് കുതന്ത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്പരക്കേസിൽ സാലിയുടെ കൊലയിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മുഖ്യപ്രതി ജോളിയേയും രണ്ടാം ഭർത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നതോടെ ചുരുളുകൾ അഴിഞ്ഞെന്നാണ് സൂചന. വടകര തീരദേശ പൊലീസ് സ്റ്റേഷനിൽ വച്ചുള്ള ചോദ്യം ചെയ്യലിൽ ഷാജു പൊട്ടിക്കരഞ്ഞു കൊണ്ട് പലതും സമ്മതിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. ഷാജുവിന്റെ അച്ഛൻ സഖറിയാസിനേയും ചോദ്യം ചെയ്യുന്നുണ്ട്. മരണത്തിൽ പങ്കില്ല എന്നാൽ കൊലപാതകത്തെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ഷാജു നൽകുന്ന മൊഴി. ജോളി പറഞ്ഞത് അനുസരിച്ച് പ്രവർത്തിച്ചുവെന്നും സമ്മതിക്കുന്നുണ്ട്. എന്നാൽ സിലിയുടെ കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

സിലിയുടെ മരണം ഉറപ്പാക്കാൻ ജോളി ബന്ധുക്കളുടെ കൺമുന്നിലും പരമാവധി ശ്രമിച്ചെന്ന് മൊഴി. താമരശ്ശേരിയിലെ ദന്താശുപത്രിയിൽ കുഴഞ്ഞുവീണ സിലിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ സഹോദരൻ സിജോ ഉൾപ്പെടെ ശ്രമിച്ചെങ്കിലും ജോളി തന്ത്രപൂർവം വൈകിച്ചു. ഷാജുവും താൽപ്പര്യം കാട്ടിയില്ല. അപസ്മാരമാകാമെന്നു പറഞ്ഞ് ഭർത്താവ് ഷാജു പുറത്തുപോയി ഗുളിക വാങ്ങിക്കൊണ്ടു വരുന്നതുവരെ സിലി അതേ അവസ്ഥയിൽ കിടന്നു. ജോളി സ്വന്തം കാറിൽ ഡ്രൈവ് ചെയ്താണ് ഓമശ്ശേരിയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലോ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകാമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞിട്ടും കൂട്ടാക്കിയില്ല. ഇതെല്ലാം ജോളിയാണ് ചെയ്തത്. എങ്കിലും ഷാജുവിന്റെ മൗന സമ്മതമുണ്ടായിരുന്നു.

സംസ്ഥാന പാതയിലൂടെ പോയാൽ 7 കിലോമീറ്റർ കൊണ്ട് എത്തേണ്ട ഓമശ്ശേരിയിലേക്ക് വളഞ്ഞ വഴി ചുറ്റി 10 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് എത്തിച്ചത്. ആശുപത്രിയിൽവച്ച് പോസ്റ്റ്‌മോർട്ടം ഒഴിവാക്കിയതും ജോളിയുടെ കടുത്ത സമ്മർദത്തെത്തുടർന്നാണെന്ന് സിലിയുടെ ബന്ധുക്കൾ അന്വേഷണ സംഘത്തെ അറിയിച്ചു. ആശുപത്രിയിലെത്തും മുൻപ് സിലി മരിച്ചെന്നാണ് ഡോക്ടർമാർ അറിയിച്ചത്. തളർന്നിരിക്കുകയായിരുന്ന സിജോയോട് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു കൊടുക്കാൻ വാശി പിടിച്ചെന്ന പോലെ ജോളി ആവശ്യപ്പെട്ടു. സിലിയുടെ സ്വർണം ഏറ്റുവാങ്ങണമെന്നും നിർദ്ദേശിച്ചു. സിജോ ഒന്നിനും വയ്യെന്നു പറഞ്ഞ് അവിടെത്തന്നെ ഇരുന്നതിനാൽ ഷാജുവാണ് പോസ്റ്റ്‌മോർട്ടം ഒഴിവാക്കാൻ ഒപ്പിട്ടു നൽകിയത്. സ്വർണം ജോളി ഏറ്റുവാങ്ങുകയും ചെയ്തു. രേഖകളിലെല്ലാം സിജോയുടെ പേരു വരുത്തുന്നതിലൂടെ സംശയം ഒഴിവാക്കാനാണ് ജോളി ലക്ഷ്യമിട്ടത്.

സിലി കൊല്ലപ്പെടുമെന്ന് ഭർത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ഷാജു സമ്മതിക്കുന്നില്ല. സിലിയുടെ പോസ്റ്റ്‌മോർട്ടം എതിർത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. സിലി ജീവിച്ചിരിക്കെ തന്നെ ഷാജുവിന് ജോളിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജുവിനെതിരായ ജോളിയുടെ മൊഴിയും ഇക്കാര്യത്തിൽ പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നു. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ 11 മണിക്കൂറിലധികം അന്വേഷണ ഉദ്യോഗസ്ഥർ ജോളിയെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കട്ടപ്പനയിൽ തെളിവെടുപ്പ് നടത്താനും അന്വേഷണ ഉദ്യോഗസ്ഥർക്ക് പദ്ധതിയുണ്ട്.

ചോദ്യം ചെയ്യലിലും ഷാജുവിനെതിരെ ജോളി മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട സിലിയുടെ, ആശുപത്രി ജീവനക്കാർ കൈമാറിയ ആഭരണങ്ങൾ ഭർത്താവ് ഷാജുവിനെ ഏൽപിച്ചുവെന്നായിരുന്നു മുഖ്യപ്രതി ജോളിയുടെ മൊഴി. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങൾ ആശുപത്രിയിൽ നിന്നും കൈപ്പറ്റിയത് ജോളി ആയിരുന്നു. ഈ ആഭരണങ്ങളാണ് ഷാജുവിന് കൈമാറിയതെന്ന് ജോളി വ്യക്തമാക്കി. മരണസമയത്ത് സിലി ധരിച്ചിരുന്ന സ്വർണവും സിലിയുടെ കൈവശം നേരത്തെയുണ്ടായിരുന്ന 30 പവനോളം വരുന്ന ആഭരണങ്ങളും കാണാതായെന്ന് ബന്ധുക്കൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

എന്നാൽ, ആഭരണങ്ങൾ മുഴുവൻ സിലി പള്ളിയിൽ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭർത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് നേരത്തെ പറഞ്ഞിരുന്നത്. അതിനാൽ ആഭരണങ്ങൾ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറഞ്ഞിരുന്നു. ആഭരണങ്ങളൊന്നും കൈവശമില്ലെന്ന ഷാജുവിന്റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ ഇപ്പോഴത്തെ മൊഴി. സിലിയുടെ മരണം സ്ഥിരീകരിച്ച് 'എവരിതിങ് ക്ലിയർ' എന്ന ഫോൺ സന്ദേശം ഭർത്താവ് ഷാജുവിന് അയച്ചിരുന്നെന്ന് ജോളിയുടെ മൊഴി. ആശുപത്രിയിൽ ഷാജു തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും സിലിയോടുള്ള അടങ്ങാത്ത വിരോധം കാരണം പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നതാണ് സന്ദേശമയയ്ക്കാൻ കാരണമെന്നാണ് മൊഴി.

ഇക്കാര്യം സ്ഥിരീകരിക്കാൻ ഏറെ ബുദ്ധിമുട്ടുകൾ പൊലീസിനുണ്ട്. വർഷങ്ങൾ മുമ്പ് അയച്ച സന്ദേശത്തെ കുറിച്ചുള്ള ആധികാരികത കണ്ടെത്താനുള്ള സാങ്കേതികപരമായ വെല്ലുവിളികളും ഏറെയാണ്. ഷാജുവിനോട് കൂടുതൽ അടുപ്പം വേണ്ടെന്ന സിലിയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് കൊലയ്ക്ക് കാരണമായെന്ന് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നു. ആൽഫൈനും സിലിയും ജീവിച്ചിരിക്കുമ്പോൾ ഷാജുവിനെ സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്.ഭർത്താവ് റോയി മരിച്ച ശേഷം ജോളി ഷാജുവുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലും സിലിക്ക് എതിർപ്പുണ്ടായിരുന്നു. ഇത് സിലി ജോളിയോടുതന്നെ പലതവണ പറഞ്ഞു.

ഇതിന്റെ പേരിൽ ഷാജുവിന്റെ മാതാപിതാക്കൾ സിലിയോട് കലഹിച്ചു. സിലിയുടെ മകൾ ആൽഫൈനെ കൊലപ്പെടുത്തി ആദ്യം പകതീർത്തു. ഭാര്യയുടെ കാര്യത്തിലും താൻ തീർപ്പുണ്ടാക്കുമെന്ന് ഷാജുവിനോട് ജോളി പറഞ്ഞിരുന്നു. മൗനമായിരുന്നു ഷാജുവിന്റെ മറുപടി. സിലിയുടെ മരണത്തിനു പിന്നാലെ ഷാജുവുമായുള്ള വിവാഹത്തെക്കുറിച്ച് തന്നോട് ആദ്യം സംസാരിച്ചത് അയാളുടെ പിതാവ് സഖറിയാസാണ്. ഷാജുവിനും വിയോജിപ്പുണ്ടായിരുന്നില്ല. സിലിയുടെ മൃതദേഹത്തിൽ ഒരുമിച്ച് അന്ത്യചുംബനം നൽകാനുള്ള തീരുമാനം തന്റേത് മാത്രമായിരുന്നെന്നും ജോളി മൊഴിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP