Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടുത്ത നിമോണിയയെന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചത് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ; എർവാടി ദർഗയിൽ ചരട് ജപിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസം കൊണ്ടു പോയത് പതിനാറുകാരന്റെ ജീവനെ; പെരുമാതുറയിലെ കൊച്ചു മിടുക്കൻ സുഹൈലന്റെ മരണത്തിന് ഉത്തരവാദി ചികിൽസ നിഷേധിച്ച ബന്ധുക്കൾ തന്നെ; ഗൾഫുകാരന്റെ മകന്റെ മരണം സമയത്തിന് വിദഗ്ധ ചികിത്സ കിട്ടാതെ; അന്ധവിശ്വാസ ചികിത്സയുടെ പേരിൽ സാക്ഷര കേരളത്തിൽ ഒരു രക്തസാക്ഷി കൂടി!

കടുത്ത നിമോണിയയെന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചത് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ; എർവാടി ദർഗയിൽ ചരട് ജപിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസം കൊണ്ടു പോയത് പതിനാറുകാരന്റെ ജീവനെ; പെരുമാതുറയിലെ കൊച്ചു മിടുക്കൻ സുഹൈലന്റെ മരണത്തിന് ഉത്തരവാദി ചികിൽസ നിഷേധിച്ച ബന്ധുക്കൾ തന്നെ; ഗൾഫുകാരന്റെ മകന്റെ മരണം സമയത്തിന് വിദഗ്ധ ചികിത്സ കിട്ടാതെ; അന്ധവിശ്വാസ ചികിത്സയുടെ പേരിൽ സാക്ഷര കേരളത്തിൽ ഒരു രക്തസാക്ഷി കൂടി!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുതരമായ രോഗങ്ങൾ വന്നാൽ ഒട്ടും വൈകിക്കാതെ ചികിത്സതേടുക എന്നതാണ് ശാസത്രീയമായ രീതി. എന്നാൽ സമ്പൂർണ്ണ സാക്ഷരർ എന്ന് അഭിമാനിക്കുന്ന കേരളത്തിൽ ഇടക്കിടെ കേൾക്കുന്നതാണ്, മന്ത്രവാദത്തിന്റെയും പ്രാർത്ഥനാ ചികിത്സയുടെയും നാട്ടുവൈദ്യത്തിന്റെയും ഇരകളായി ആളുകൾ മരിക്കുകയെന്നത്. മലപ്പുറം അരീക്കോട്ട് മന്ത്രവാദ ചികിത്സക്കിടെ ഒരു കുട്ടി അപസ്മാരം ബാധിച്ച് മരിച്ചത് തൊട്ട്, കാൻസറിന് ലക്ഷമി തരുവും മുള്ളാത്തയും തിന്ന് ചികിത്സയെടുക്കാതെ മരിച്ചവർ വരെയുള്ള നിരവധി സംഭവങ്ങൾ. ഏറ്റവും ഒടുവിലായി ന്യമോണിയ ബാധിച്ച വിദ്യാർത്ഥി വിദഗധ ചികിത്സ വൈകിയതിനാൽ മരണമടഞ്ഞ സംഭവമാണ് നവമാധ്യമങ്ങൾ ഇപ്പോൾ സജീവ ചർച്ചയാക്കുന്നത്.

തിരുവനന്തപുരം പെരുമാതുറ തടിമില്ലിനടുത്ത് തെരുവിൽ പുറമ്പോക്ക് വീട്ടിൽ ബാജി- റഹില ദമ്പതികളുടെ മകൻ സുഹൈൽ (16) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച കുട്ടിയെ വിദഗ്ധ ചികിൽസക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പ്രാർത്ഥിക്കാൻ കൊണ്ടുപോയതാണ്, ചികിത്സ വൈകാൻ കാരണമായി നാട്ടുകാർ പറയുന്നത്. അസ്വാഭാവിക മരണത്തിന് കഠിനംകുളം പൊലീസ് കേസ് എടുത്തിട്ടുണ്ട്.പനി ബാധിച്ചതിനെ തുടർന്ന് റഹില, സുഹൈലിനെ 12ന് ചിറയിൽകീഴ് താലൂക്ക് ആശുപത്രിയിൽ കൊണ്ടു ചെന്നിരുന്നു . കടുത്ത ന്യൂമോണിയ ആണെന്നും മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകണമെന്നുാമണ് ഡോക്ടർ പറഞ്ഞത്.

അതിനുപകരം സുഹൈലിനെ തമിഴനാട്ടിലെ ഏർവാടിയിലെ പള്ളിയിൽ പ്രാർത്ഥനക്ക് കൊണ്ടുപോവുകയായിരുന്ന് നാട്ടുകാർ പറയുന്നു. അവിടെവെച്ച ജപിച്ച് ചരടുകെട്ടിയതിനുശേഷം സുഹൈലിനെ വീട്ടിൽ തിരച്ചുകൊണ്ടുവന്നു. കുട്ടിയെ ആശുപത്രയിൽ കൊണ്ടുപോകാൻ നാട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് 16ന് പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാനാണ്, അവിടെ നിന്ന് നിർദ്ദേശം കിട്ടിയത്. തുടർന്ന് മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ചികിൽസിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിക്കയായിരുന്നു. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. സുഹൈലിന്റെ പിതാവ് ബാജി ഗൾഫിലാണ്. സഹിൽ സുഹൈലിന്റെ ഇരട്ട സഹോദരനാണ്.

ന്യമോണിയ അടക്കമുള്ള രോഗങ്ങൾ സമയത്തിന് ചികിത്സവേണ്ടവയാണ്. ആ രീതിയിൽ നോക്കുമ്പോൾ അന്ധവിശ്വാസ ചികിത്സയുടെ ഇരായണ് ഈ കുട്ടിയെന്ന സോഷ്യൽ മീഡിയയിൽ വിമശനം ഉയരുന്നുണ്ട്. അതുപോലെ തന്നെ പാമ്പുകടിച്ചിട്ട് നാട്ടുവൈദ്യന്റെ ചികിത്സയെടുത്ത് ഈയിടെ മാത്രം മൂന്നുപേരാണ് കേരളത്തിൽ മരിച്ചത്. ഒരു വർഷം മുൻപ് മുണ്ടക്കയത്ത് ഒരു കുട്ടി, കുറച്ച് ആഴ്ചകൾക്ക് മുൻപ് നെയ്യാറ്റിൻകരയിൽ ഒരു പെൺകുട്ടി, ഈ ആഴ്ച പരിയാരത്ത് ഒരെട്ടുവയസുകാരൻ എന്നിങ്ങനെ മൂന്നുപേരാണ് പാമ്പുകടിക്ക് ആന്റിവെനം എടുക്കാതെ നാട്ടു ചികിത്സ നടത്തിയതിനെ തുടർന്ന് മരിച്ചത്. അതുപോലെ തന്നെ നാട്ടുവൈദ്യൻ എന്ന അറിയപ്പെടുന്ന മോഹൻവൈദ്യരുടെ ചികിത്സയെ തുടർന്ന് മരിച്ച നിരവധിപേരുടെ ബന്ധുക്കളും ഈയിടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.

ഏർവാടിയിൽ സംഭവിക്കുന്നത്

തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഏർവാടി ദർഗ ചില മുസ്ലിം വിഭാഗങ്ങൾ ഏറെ പവിത്രമെന്ന് കരുതുന്ന സ്ഥലമാണ്. ഈ ദർഗ സന്ദർശിക്കുന്നവർക്ക് നിരവധി അത്ഭുതങ്ങൾ അനുഭവിക്കാനും നേരിൽ കാണാനും കഴിയുമെന്നാണ് പറയപ്പെടുന്നത്. ഇവടുത്തെ മന്ത്രിച്ചൂതിയ വെള്ളവും ചരടുകെട്ടം സർവരോഗ നിവാരണിയായാണ് കണക്കാക്കുന്നത്.മനോരോഗ ചികിത്സക്കാണ് ഏർവാടിയിൽ ഏറ്റവും തിരക്ക്. അതുകൊണ്ടുതന്നെ പ്രധാന ദർഗയിലും പരിസരങ്ങളിലും ഇപ്പോൾ മാനസിക രോഗികളുടെ ബഹളമാണ്. പലപ്പോളും രോഗമുള്ളവരെ ഇവിടെ ബന്ധുക്കൾ ഉപേക്ഷിച്ച് പോകാറുമുണ്ട്. 2001 ഓഗസ്റ്റ് ആറിന് ഇവിടെയുണ്ടായ തീപ്പിടുത്തത്തിൽ ദർഗക്കെടുത്ത് ചങ്ങലക്കിട്ടിരുന്ന 70ഓളം മാനസിക രോഗികൾ വെന്തുമരിച്ചത് നാടിന്റെ മനസാക്ഷിയെ നടുക്കിയിരുന്നു. ഇതേ തുടർന്ന് ദർഗക്കെതിരെ അന്വേഷണം വന്നെങ്കിലും കാലക്രമേണെ എല്ലാം തേഞ്ഞുമാഞ്ഞുപോവുകയായിരുന്നു.

ഏർവാടി ദർഗയുടെ ഭാഗമായി നിരവധി ദർഗകളുണ്ട്. അവയിൽ ഏറെ പ്രസിദ്ധം ഹക്കിം ഡോക്ടർ ഷാഹിദിന്റെ ദർഗയാണ്. സുൽത്താൻ സെയ്ദ് ഇബ്രാഹിം ഷാഹിദ് ബാദുഷ എന്ന ബാദുഷ തങ്ങളുടെ കൂടെ മദീനയിൽ നിന്ന് ഇസ്ലാമിക പ്രബോധനം നടത്താൻ തമിഴ്‌നാട്ടിൽ എത്തിയ വിശുദ്ധാത്മാവാണ് ഹക്കീം ഡോക്ടർ ഷാഹീദ് എന്ന് അറിയപ്പെടുന്ന അബൂബക്കർ അബ്ദുൾ ഹക്കീം ഡോക്ടർ. രാമനാഥപുരം ജില്ലയിലെ ബൗതികമാണിക്കപ്പട്ടണത്തിൽ വച്ച് ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.ഹക്കീം ഡോക്ടറുടെ മരണ ശേഷം നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ നാമത്തിൽ ഉണ്ടായി. അതിൽ ഒന്നാണ് സ്വപ്നത്തിൽ സർജറി ചെയ്ത സംഭവം. ആ കഥ ഇങ്ങനെയാണ്.

മലപ്പുറം ജില്ലയിലെ ഖദീജ എന്ന് പേരുള്ള യുവതിക്ക് ട്യൂമർ പിടിപെട്ടു. ട്യൂമറിന് സർജറി നടത്തുന്നത് വളരെ ദുഷ്‌കരവും അതേത്തുടർന്ന് മരണം വരെ സംഭവിക്കാമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ഖദീജ ആകെ നിരാശയിൽ ആയി.അങ്ങനെ നിരാശയിൽ കഴിയവെ ഏർവാടിയിലെ ഹക്കീം ഡോക്ടറുടെ ദർഗയിൽ തന്റെ ശിഷ്ഠകാലം ചെലവഴിക്കാൻ ഖദീജ തീരുമാനിക്കുകയും അവിടേക്ക് പുറപ്പെടുകയും ചെയ്തു.ഖദീജ ഏർവാടിയിൽ താമസിക്കാൻ ആരംഭിച്ചതിന്റെ നാൽപ്പതാം നാൾ രാത്രിയിൽ അവർക്ക് ഒരു സ്വപ്ന ദർശനം ഉണ്ടായി. ഹക്കീം ഡോക്ടർ ഷാഹിദ് വന്ന് അവർക്ക് സർജറി നടത്തുന്നതായാണ് സ്വപ്നം.പിറ്റേദിവസം എഴുന്നേറ്റ് നോക്കുമ്പോൾ ഖദീജ അത്ഭുതപ്പെട്ടു. ഖദീജയുടെ തലയിൽ ഒരു മരുന്ന് വച്ച് തുണികൊണ്ടുള്ള കെട്ട്. അതിൽ രക്തതുള്ളികളും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് നിരവധി ആളുകൾ ഈ അത്ഭുതം കാണാം ഇവിടെ എത്തിത്തുടങ്ങി. ഇങ്ങനെയാണ് ദർഗ പ്രശസ്തമാവുന്നത്. എന്നാൽ എല്ലാ വിശ്വാസ സാക്ഷ്യങ്ങളെയും പോലെ തെളിവില്ലാത്ത കെട്ടുകഥയാണ് ഇതും. പക്ഷേ ഇത്തരം കഥകളിൽ വിശ്വസിച്ച് രോഗശാന്തിക്കായി ഇങ്ങോട്ട് ജനം ഒഴുകുകയാണ്.

ന്യൂമോണിയ വന്നാൽ ഉടൻ വേണ്ടത് ചികിത്സ

ന്യൂമോണിയ പൂർണമായും ചികിത്സയുള്ള രോഗമാണെന്നും എന്നാൽ സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ ഇത് ഗുരുതരമാണെന്നും മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീർക്കെട്ടിനെയാണ് ന്യൂമോണിയ എന്നു പറയുന്നത്. വിവിധയിനം ബാക്ടീരിയകൾ, വൈറസുകൾ, ഫംഗസുകൾ തുടങ്ങിയവയാണ് ഈ രോഗത്തിനു കാരണം. പൂർണ ആരോഗ്യമുള്ളവരെ ബാധിക്കുമെങ്കിലും താരതമ്യേന പ്രതിരോധശക്തി കുറഞ്ഞവരിലാണ് ന്യൂമോണിയ കൂടുതൽ കണ്ടുവരുന്നത്.

കടുത്തപനി, കുളിരും വിറയലും ശക്തിയായ ചുമ, കഫക്കെട്ട്, നെഞ്ചുവേദന, ശ്വാസതടസ്സം മുതലായവയാണ് സാധാരണ ലക്ഷണങ്ങൾ. എന്നാൽ, പ്രായമായവരിൽ മേൽപറഞ്ഞ ലക്ഷണങ്ങളെല്ലാം കാണണമെന്നില്ല. ഇക്കൂട്ടരിൽ വെറും പനി, ക്ഷീണം, തളർച്ച, ചെറിയ ചുമ എന്നീ രോഗലക്ഷണങ്ങൾ മാത്രമായി പ്രകടമാവുന്നതിനാൽ ന്യൂമോണിയ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയും മാരകമായിത്തീരുകയും ചെയ്യാറുണ്ട്. ശരിയായ ചികിത്സ ആരംഭത്തിൽത്തന്നെ ലഭിച്ചില്ലയെങ്കിൽ ന്യൂമോണിയ മൂർഛിക്കുകയും ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ പ്രധാന അവയവങ്ങളെക്കൂടി ബാധിക്കുകയും ചെയ്യുന്നു.രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചാൽ ഇത് പൂർണമായും ഭേദമാക്കാം

കുട്ടികൾക്ക് ആവശ്യമായ എല്ലാ കുത്തിവെപ്പും സമയത്തിന് നടത്തണമെന്നാണ് ഇതിനുള്ള പ്രതിരോധമായി ഐഎംഎ അടക്കമുള്ള സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്തായി വാക്സിനേഷനെതിരായ കാമ്പയിൻ ചിലർ നടത്തിയ കാമ്പയിനും ന്യൂമോണിയ പ്രതിരോധത്തിൽ തിരിച്ചടിയായി.അതുപോലെ തന്നെ മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വമുള്ള ജീവിതശൈലി സ്വീകരിക്കണം. മാതാപിതാക്കന്മരുടെ ശ്രദ്ധകുറവും പലപ്പോഴും അണുബാധയ്ക്ക് കാരണമാകാം. കുഞ്ഞുങ്ങൾ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. മുൻ കരുതലുകൾ എടുക്കുന്നതു പോലെ തന്നെ വീട്ടുവൈദ്യം ഒഴിവാക്കി കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഡോക്ടർമാരുടെ സേവനം തേടാൻ മടികാണിക്കരുത്.

മൂക്ക് ചീറ്റുമ്പോഴും തുമ്മുമ്പോഴും തൂവലകൾ ഉപയോഗിക്കുന്നത് രോഗാണുക്കളുടെ വ്യാപനം തടയും. പുകവലി പൂർണ്ണമായി ഉപേക്ഷിക്കുന്നത് ന്യൂമോണിയായെ തടയും. അതുപോലെ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും ആരോഗ്യകരമായ ജീവിതത്തനും ആഴ്‌ച്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുന്നതും നമ്മൾ സ്വയം ചെയ്യാവുന്ന മുൻ കരുതലുകളിൽപെടുന്നവയാണ്. പ്രായഭേദനമ്യ ആരിലും കടന്നു കൂടാൻ സാധ്യതയുള്ളതാണ് ന്യൂമോണിയായുടെ വൈറസുകളെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP