Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദിനും കാബിനെറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം; മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളായി സുധാകര പ്രസാദ്; സുപ്രധാന ഭരണഘടനാ പദവി ആയതിനാലെന്ന് വിശദീകരിക്കുമ്പോഴും വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്‌സൺ ഓഫീസറായി നിയമിച്ചതിൽ എജിക്കുള്ള അതൃപ്തി മറികടക്കാനുള്ള തീരുമാനമെന്ന് സൂചന; ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഖജനാവ് ധൂർത്തടിക്കാനുള്ള അടുത്ത അവസരവും ഒരുക്കി പിണറായി സർക്കാർ

അഡ്വക്കേറ്റ് ജനറൽ സി പി സുധാകര പ്രസാദിനും കാബിനെറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം; മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളായി സുധാകര പ്രസാദ്; സുപ്രധാന ഭരണഘടനാ പദവി ആയതിനാലെന്ന് വിശദീകരിക്കുമ്പോഴും വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്‌സൺ ഓഫീസറായി നിയമിച്ചതിൽ എജിക്കുള്ള അതൃപ്തി മറികടക്കാനുള്ള തീരുമാനമെന്ന് സൂചന; ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഖജനാവ് ധൂർത്തടിക്കാനുള്ള അടുത്ത അവസരവും ഒരുക്കി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇഷ്ടക്കാർക്ക് കാബിനെറ്റ് പദവികൾ നൽകുന്നത് പതിവു പരിപാടിയായി മാറിയിട്ടുണ്ട്. ആറ്റിങ്ങലിൽ തോറ്റ എ സമ്പത്തിനെ ഡൽഹിയിൽ സംസ്ഥാന സർക്കാറിന്റെ പ്രതിനിധിയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്‌സൺ ഓഫീസറായും നിയമിക്കുകയുണ്ടായി. ഇതെല്ലാം വിവാദങ്ങൾക്ക് ഇടയാക്കിയ തീരുമാനമായിരുന്നു. ഇത്തരം വിവാദ തീരുമാനങ്ങൾ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവെച്ച സർക്കാർ തെരഞ്ഞെടുപ്പു കഴിഞ്ഞതിന് പിന്നാലെ ധൂർത്തിനുള്ള അടുത്ത വഴികളും തേടി.

അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനം പുറത്തിറങ്ങിയത് ഉപതിരഞ്ഞെടുപ്പു കഴിഞ്ഞു ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്. മന്ത്രിമാർക്കു പുറമേ കാബിനറ്റ് പദവി ലഭിക്കുന്ന അഞ്ചാമത്തെ ആളാണ് എജി സി പി സുധാകരപ്രസാദ്. എജിയുടേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകുന്നതെന്നാണ് വിശദീകരണം. എന്നാൽ എ വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്‌സൺ ഓഫീസറായി നിയമിച്ചതിലുള്ള സുധാകരപ്രസാദിന്റെ അതൃപ്തി മറികടക്കാനാണ് കാബിനറ്റ് പദവിയെന്നാണ് സൂചന. സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും നിയമോപദേശം നൽകുന്നതും എജിയാണ്.

സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാരിനു നിയമോപദേശം നൽകുന്നതും സംസ്ഥാനത്തെ 'ഒന്നാമത്തെ അഭിഭാഷകനായ' അഡ്വ. ജനറലാണ്. സുപ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരാകുന്നതും അഡ്വ. ജനറലാണ്. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിങ് കൗൺസിലിനു നിർദ്ദേശങ്ങൾ നൽകുന്നതും കേസുകളിൽ ഏതെല്ലാം അഭിഭാഷകർ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വർഷമാണ് കാലാവധി.

2016ലാണ് അഭിഭാഷകവൃത്തിയിൽ 55 വർഷത്തെ അനുഭവ സമ്പത്തുള്ള സി.പി.സുധാകര പ്രസാദിനെ അഡ്വ. ജനറലായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ്. അഡ്വ.ജനറലിനു പുറമേ രണ്ട് അഡീഷനൽ എജിമാർ പ്രവർത്തിക്കുന്നുണ്ട്. ക്രിമിനൽ കേസുകൾ നടത്താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ സ്റ്റേറ്റ് അറ്റോണിയുമുണ്ട്.

അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അധിക ബാധ്യത വരുത്തി വീണ്ടും ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനം വിവാദമായിട്ടുണ്ട്. കാബിനറ്റ് പദവി ലഭിക്കുന്നതോടെ മന്ത്രിമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ എജിക്കും ലഭിക്കും. ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുതാനന്ദൻ, മുന്നാക്കക്ഷേമ കോർപറേഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ സമ്പത്ത് എന്നിവർക്ക് കാബിനറ്റ് പദവി നൽകിയിട്ടുണ്ട്.

നേരത്തെ മുൻ ആറ്റിങ്ങൽ എംപികൂടിയായ എ സമ്പത്തിന് ക്യാബിനറ്റ് പദവിയോടെ നിയമനം നൽകിതിന് പിന്നാലെയാണ് വേലപ്പൻ നായരുടെ നിയമനം നടന്നത്. സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചാൽ, ഖജനാവിൽ നിന്ന് കൂടുതൽ പണം ചോരില്ലെന്നാണ് ഉന്നതനിയമവൃത്തങ്ങൾ പറയുന്നത്. എജിയുടെ പദവി മാത്രമാണ് മാറുക. ശമ്പളം കൂടില്ല. പേഴ്സണൽ സ്റ്റാഫ് അടക്കം ജീവനക്കാർ എജി ഓഫീസിൽ ആവശ്യത്തിന് ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരില്ല. അതുകൊണ്ട്് തന്നെ ഖജനാവിൽ നിന്ന് കൂടുതൽ പണം നൽകേണ്ടി വരില്ലെന്നും നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സുബ്രഹ്മണ്യംപോറ്റി അഭിഭാഷകനായിരിക്കേ അദ്ദേഹത്തിന്റെ ജൂനിയറായാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. സുബ്രഹ്മണ്യംപോറ്റി ഹൈക്കോടതി ജഡ്ജിയായപ്പോൾ, അഡ്വ. കെ സുധാകരനൊപ്പം പ്രാക്ടീസ് തുടർന്നു. അഡ്വ. കെ സുധാകരൻ പിന്നീട് അഡ്വക്കറ്റ് ജനറലായി. 1983ൽ സി പി സുധാകരപ്രസാദിന്റൈ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും അന്നത്തെ കെ കരുണാകരൻ മന്ത്രിസഭയുടെ എതിർപ്പിനെത്തുടർന്ന് ജഡ്ജിയാകാനായില്ല. ആദ്യകാലത്ത് ഭരണഘടനാ നിയമങ്ങളിലും സർവ്വീസ് നിയമങ്ങളിലും ഭരണനിയമരംഗത്തുമാണ് പ്രാവീണ്യം തെളിയിച്ചിരുന്നത്. പിന്നീട് ക്രിമിനൽ നിയമമേഖലയിലും മികച്ച പാടവം കാഴ്ചവച്ചു. ദേനാ, കനറാ ബാങ്കുകളുടെ നിയമ ഉപദേശകനായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലാ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്.

സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി എ. വേലപ്പൻനായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിലായിരുന്നു. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം. ഇത് ധൂർത്താണെന്നാണ് ഉയരുന്ന വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP