Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുർദിഷ് പോരാളികൾക്ക് എതിരായ ഏകപക്ഷീയമായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പിയതോടെ സിറിയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങി തുർക്കി; ട്രംപ് കണ്ണടച്ചിടത്ത് കളത്തിലിറങ്ങി കളിച്ചത് വ്‌ലാഡിമിർ പുടിൻ; എർദോഗാന്റെ മനംമാറ്റം റഷ്യൻ പ്രസിഡന്റുമായുള്ള മാരത്തോൺ ചർച്ചക്കൊടുവിൽ; ആറു ദിവസത്തിനുള്ളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് എർദോഗൻ; മേഖലയിൽ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തോളം പേരെന്ന് മനുഷ്യാവകാശ സംഘടനകൾ

കുർദിഷ് പോരാളികൾക്ക് എതിരായ ഏകപക്ഷീയമായ ആക്രമണത്തിൽ പ്രതിഷേധം ഇരമ്പിയതോടെ സിറിയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങി തുർക്കി; ട്രംപ് കണ്ണടച്ചിടത്ത് കളത്തിലിറങ്ങി കളിച്ചത് വ്‌ലാഡിമിർ പുടിൻ; എർദോഗാന്റെ മനംമാറ്റം റഷ്യൻ പ്രസിഡന്റുമായുള്ള മാരത്തോൺ ചർച്ചക്കൊടുവിൽ; ആറു ദിവസത്തിനുള്ളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് എർദോഗൻ; മേഖലയിൽ നിന്നും പലായനം ചെയ്തത് ഒരു ലക്ഷത്തോളം പേരെന്ന് മനുഷ്യാവകാശ സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

സോച്ചി: ഐഎസിനെ തുരത്താൻ എന്ന പേരിൽ സിറിയയിലെ കുർദ്ദിഷ് മേഖലയിൽ തുർക്കി സൈന്യം നടത്തിയ ആക്രമണത്തിനെതിരെ ആഗോള വ്യാപകമായി വൻ പ്രതിഷേധമാണ് ഉടലെടുത്തത്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മൗന സമ്മതത്തോടെയാണ് ഏർദോഗാനും കൂട്ടരും ആക്രമണം തുടങ്ങിയത്. ഇതോടെ ഐഎസ് ഭീകരതക്കെതിരെ പോരാടിയവർ കുർദ്ദുകൾ ശരിക്കും പ്രതിസന്ധിയിലായി. കൂട്ടത്തോടെ ആളുകൾ പലായനം ചെയ്തു തുടങ്ങിയതോടെ ലോകത്തിന്റെ സമ്മർദ്ദം ശക്തമായി. ഇതോടെ സൈന്യത്തെ പിൻവലിക്കാൻ ഒരുങ്ങുകയാണ് തുർക്കി.

വടക്കുകിഴക്കൻ സിറിയയിൽ കുർദുകൾക്കെതിരേ ആക്രമണം നടത്തുന്ന സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ നടത്തിയ മാരത്തൺ ചർച്ചക്കൊടുവിലാണ് തീരുമാനം. ആറു ദിവസത്തിനുള്ളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് എർദോഗൻ പറഞ്ഞു. നേരത്തേ, കുർദിഷ് സേനയുമായി ഒത്തുതീർപ്പുണ്ടാക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം എർദോഗൻ നിരാകരിച്ചിരുന്നു. സിറിയയിലെ സൈനികനീക്കം അവസാനിപ്പിക്കണമെന്ന് നിരവധി ലോകരാജ്യങ്ങളും തുർക്കിയോട് ആവശ്യപ്പെട്ടിരുന്നു. സിറിയ-തുർക്കി ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ശ്രമമെന്നും റഷ്യ അറിയിച്ചിരുന്നു.

വടക്കുകിഴക്കൻ സിറിയൻ പ്രദേശം കുർദുകളുടെ നിയന്ത്രണത്തിലായാൽ തുർക്കിയിലെ കുർദ് പോരാളികൾക്ക് സഹായകമാകും എന്നതിനാലാണ് തുർക്കി ഏകപക്ഷീയമായ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലിനെ തുടർന്ന് മേഖലയിൽ നിന്നും കുറഞ്ഞത് ഒരു ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നത്. നേരത്തെ അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ കുർദ്ദുകൾക്കെതിരേ സിറിയയിൽ അഞ്ചുദിവസത്തേക്ക് തുർക്കി വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തു നിന്ന് കുർദുകൾക്ക് ഒഴിഞ്ഞുപോകുന്നതിനായാണ് താൽക്കാലിക വെടിനിർത്തൽ.

കുർദുകൾക്ക് സുരക്ഷിത സ്ഥാനത്തേക്കുമാറാൻ അഞ്ചുദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസാണ് അറിയിച്ചത്. അത്രയും ദിവസം വടക്കൻ സിറിയയിൽ തുർക്കി സമാധാനം പാലിക്കും. തുർക്കിയുമായി ധാരണയിലെത്താനാവില്ലെന്ന ആശങ്കയിലായിരുന്നു അമേരിക്കൻ അധികൃതർ. എന്നാൽ, തുർക്കി മുന്നോട്ടുവെച്ച കർശന ഉപാധികൾ അമേരിക്ക സമ്മതിച്ചതോടെ ധാരണ സാധ്യമായി. ഇതനുസരിച്ച് അതിർത്തിയിൽ 20 കിലോമീറ്റർ പരിധി ബഫർ സോണായി പ്രഖ്യാപിക്കും. ഇവിടേക്ക് കുർദുകൾ കയറാൻ പാടില്ല. ഫലത്ത്തിൽ സിറിയയുടെ ഒരു പ്രദേശത്ത് തുർക്കിക്ക് അധികാരം ഉറപ്പിക്കാൻ സഹായിക്കുന്നതാണ് ഈ ധാരണ. നേരത്തെ തുർക്കിയെ കടുത്ത ഭീഷണിയിലൂടെ വരുതിയിലാക്കാൻ ട്രംപ് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ധാരണയിൽ ഒപ്പുവെച്ചില്ലെങ്കിൽ തുർക്കിക്കെതിരേ ഉപരോധം കൊണ്ടുവരുമെന്നും അത് തുർക്കിയുടെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി.

തുർക്കിയുമായുള്ള വ്യാപാര ബന്ധങ്ങളുടെ പേരിൽ സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനമാണ് കുർദ്ദുകൾക്ക് വിനയായി മാറിയത്. ഫലത്തിൽ ലോക സമാധാനത്തിന് ഭീഷണിയായി. സിറിയയിൽ ഐസിസിനെതിരെ പൊരുതുന്ന കുർദ് പോരാളികളെ മരണത്തിനു നടുവിൽ ഒറ്റയ്ക്കാക്കി അമേരിക്കൻ സൈന്യം തിരിച്ചുപോയ്ത് ലോക സമാധാനത്തിന് തിരിച്ചടിയായിരുന്നു.

അമേരിക്ക പിൻവാങ്ങിയ സിറിയൻ മണ്ണിൽ ഇരച്ചുകയറിയ തുർക്കി സൈന്യം പറയുന്നത് തങ്ങൾ സമാധാനം പുനഃസ്ഥാപിക്കാനാണ് എത്തിയത് എന്നാണ്. എന്നാൽ ഫലത്തിൽ അതല്ല നടക്കുന്നത്. ഏറെ നാളായി പത്തി മടക്കിയിരിക്കുന്ന ഐസിസിനെതിരെയല്ല ഇവരുടെ ആക്രമണം. തീവ്രവാദ സംഘങ്ങളെ ഉന്മൂലനം ചെയാൻ പ്രധാന പങ്കു വഹിച്ച കുർദ് പോരാളികളെ കൊന്നൊടുക്കുകയാണ് ടർക്കിഷ് പട്ടാളം. സമാധാന പരിപാലനം എന്ന പേരിൽ കുർദ് ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സാധാരണക്കാരായ ജനങ്ങളെ വ്യോമാക്രമണങ്ങളിലൂടെ ടർക്കി തുടച്ചു നീക്കുന്നത് ലോകം നിർവികാരതയോടെ നോക്കി നിൽക്കുകയാണ്.

പ്രാദേശിക സുരക്ഷയുടെ ചുമതല ടർക്കിയെ ഏൽപ്പിച്ചതിനു ശേഷം അമേരിക്ക പിൻവാങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ 'സമാധാന ഇടനാഴി' സ്ഥാപിക്കാനെന്ന പേരിലാണ് തുർക്കി ഭരണാധികാരി എർദോഗന്റെ പട്ടാളം സിറിയയുടെ അതിർത്തിയോട് ചേർന്ന് കുർദ് പോരാളികകളുടെ നിയന്ത്രണത്തിലായിരുന്ന ഭൂവിഭാഗത്തിൽ ആക്രമണം തുടങ്ങിയത്. തുർക്കിയുടെ ശത്രു കുർദ് ജനത മാത്രമാണ്. ഐസിസിന്റെ തിരിച്ചുവരവാകും ഇതിന്റെ ബാക്കിപത്രമെന്ന് വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. തുർക്കി ഭരണകൂടം കുർദുകളെ കൊന്നൊടുക്കി ഐസിസിന്റെ രണ്ടാം വരവിന് അരങ്ങൊരുക്കുകയാണിപ്പോൾ. ഐസിസ് ഭീകരവാദികളെ സൂക്ഷിച്ചിരിക്കുന്ന ജയിലുകളുടെ സംരക്ഷണ ചുമതലയുള്ള കുർദ് പോരാളികളെയാണ് തുർക്കി ആക്രമിക്കുന്നത്. ആ ജയിലുകൾ സുരക്ഷിതമല്ലാതാകുന്നതോടെ ഐസിസ് ഭീകരർ തടവിൽ നിന്നു രക്ഷപ്പെടുകയാണ്. പലയിടത്തും ജയിലുകൾ ബോംബുവെച്ചും തകർത്ത് കഴിച്ചു.

സിറിയയിലെ കുർദുകൾ മാത്രമല്ല ഈ ഭീകരതയ്ക്ക് ഇരയാവാൻ പോവുന്നത്.തുർക്കി അതിർത്തിയിലെ കുർദ് മേഖലകളിലേക്കും ഇരമ്പിക്കയറുകയാണ് ടർക്കി സൈന്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നത് പോലെ എർദോഗൻ ഐസിസിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയും കുർദുകളെ തുടച്ചു മാറ്റുകയുമാണ്. കഴിഞ്ഞ ഒരാഴ്ചയായി സിറിയയിലെ കുർദ് മേഖലകളിൽ തുർക്കി സൈനിക നടപടി തുടരുകയാണ്. അതിർത്തി മേഖലകളിൽ തമ്പടിക്കുന്ന തുർക്കി സൈന്യം കുർദുകളെ മേഖലയിൽ നിന്ന് പൂർണമായി അകറ്റാനാണ് ഇപ്പോൾ സൈനിക നടപടിയുമായി മുന്നോട്ട് പോകുന്നത്. ആക്രമണത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ആദ്യം വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയശേഷം വൈകിട്ടോടെ തുർക്കി സിറിയയിലേക്ക് കരസേനയെ അയക്കുകയായിരുന്നു. താൽ അബാദിൽ നിന്നാണ് കര ആക്രമണം തുടങ്ങിയത്. ആദ്യ മണിക്കൂറുകളിൽതന്നെ 16 കേന്ദ്രത്തിൽ ആക്രമണം നടത്തി. ആയിരക്കണക്കിനാളുകൾ ജീവരക്ഷാർഥം വീടുവിട്ട് ഓടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP