Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തിന്റെ വസന്തം പ്രതീക്ഷിച്ച് ഹോങ്കോങ് ജനത; സാമൂഹിക അസമത്വത്തിന് പരിഹാരം ആവശ്യപ്പെട്ട് മരണഭയമില്ലാതെ ചിലി; സമഗ്ര ഭരണപരിഷ്‌കരണത്തിനായി സമരത്തീയിൽ ലെബനനും; കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിനായി തെരുവിലിറങ്ങുന്ന വിപ്ലവകാരികളെ ചോരയിൽ മുക്കി ഭരണകൂടങ്ങളും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ; അനുനയവും അടിച്ചമർത്തലുമായി സർക്കാരുകളും

ജനാധിപത്യത്തിന്റെ വസന്തം പ്രതീക്ഷിച്ച് ഹോങ്കോങ് ജനത; സാമൂഹിക അസമത്വത്തിന് പരിഹാരം ആവശ്യപ്പെട്ട് മരണഭയമില്ലാതെ ചിലി; സമഗ്ര ഭരണപരിഷ്‌കരണത്തിനായി സമരത്തീയിൽ ലെബനനും; കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിനായി തെരുവിലിറങ്ങുന്ന വിപ്ലവകാരികളെ ചോരയിൽ മുക്കി ഭരണകൂടങ്ങളും; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത് അതി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ; അനുനയവും അടിച്ചമർത്തലുമായി സർക്കാരുകളും

മറുനാടൻ മലയാളി ബ്യൂറോ

ഹോങ്കോങ്ങിലും ചിലിയിലും ലബനനിലും  ജനകീയ പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയാണ്. ജനകീയ പ്രക്ഷോഭത്തെ ഇരുക്കു മുഷ്ടി കൊണ്ട് നേരിടാൻ ഭരണകൂടങ്ങൾ കൂടി തീരുമാനിച്ചതോടെ മൂന്ന് രാജ്യങ്ങളിലും സ്‌ഫോടകാത്മകമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. സാമൂഹിക സാമ്പത്തിക മേഖലകളിലെ പ്രശ്‌നങ്ങളാണു ചിലിയിലെ പ്രക്ഷോഭങ്ങൾക്ക് ഇന്ധനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ജനങ്ങളുടെ കീശയിൽ കയ്യിടാനുള്ള നീക്കമാണു ലബനനെ സമരഭൂമിയാക്കിയത്. പൗരാവകാശവും സ്വയംഭരണാവകാശവും സംരക്ഷിക്കാനുള്ള സമരം 4 മാസമായി ഹോങ്കോങ് തെരുവുകളെ കലാപഭൂമിയാക്കുകയാണ്.

സമരക്കാരുടെ പ്രധാന ആവശ്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയിട്ടും കലാപം തുടരുന്ന ചിലിയിൽ അടിയന്തിരാവസ്ഥ നീട്ടിയത് അനിശ്ചിത കാലത്തേക്കാണ്. ലബനനിലും പ്രക്ഷോഭത്തിന് കാരണമായ നിലപാടുകൾ തിരുത്താൻ ഭരണകൂടം തയ്യാറായിരുന്നു. എന്നാൽ സമഗ്രമായ ഭരണ പരിഷ്‌കരണം എന്ന ആവശ്യം ഉയർത്തിയാണ് ലെബനൻ തെരുവുകളിൽ ഇപ്പോൾ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നത്. ജനാധിപത്യ അവകാശത്തിനായി പോരാടുന്ന ഹോങ്കോങ്ങ് ജനതയുടെ സമര വീര്യത്തേയും ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമർത്താനാണ് ചൈനീസ് ഭരണകൂടം ശ്രമിക്കുന്നത്.

ജനാധിപത്യത്തിനായി മുറവിളികൂട്ടി ഹോങ്കോങ്ങ്

ബ്രിട്ടന്റെ മുൻകോളണിയുടെ മേൽ 22 വർഷമായി പരമാധികാരം വഹിക്കുന്ന ചൈനക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് ഹോങ്കോങ് ജനത. ചൈനീസ് വൻകരയുടെ തെക്കു കിഴക്കെ തീരത്തു കിടക്കുന്ന ഹോങ്കോങ് 1997 ജൂലൈ ഒന്നിനായിരുന്നു ബ്രിട്ടനിൽനിന്നു ചൈനയ്ക്കു ലഭിച്ചത്. അതിനു മുൻപുള്ള ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്റെ കോളണിയായിരുന്നു ഈ 1106 ചതുരശ്ര കിലോമീറ്റർ പ്രദേശം. ആ സമയത്തു നിലവിലുണ്ടായിരുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥകൾ 50 വർഷത്തേക്ക് (2047 വരെ) മാറ്റമില്ലാതെ തുടരുമെന്നായിരുന്നു ബ്രിട്ടനും ചൈനയും തമ്മിലുണ്ടായ കരാറിലെ വ്യവസ്ഥ. ജനാധിപത്യത്തിലും നിമയവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ വ്യവസ്ഥ ചൈന ലംഘിക്കുന്നുവെന്നാണ് സമരക്കാരുടെ ആക്ഷേപം.

ജനാധിപത്യാവകാശങ്ങൾക്കായി പോരാടുന്ന പ്രക്ഷോഭകരും പൊലീസ് തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാപഭൂമിയാകുകയാണ് ഹോങ്കോങ്. ചൈനീസ് ബാങ്കുകളും മെട്രോ സ്റ്റേഷനുകളും സമരക്കാർ ആക്രമിച്ചു. നൂറുകണക്കിനു കടകൾ തകർത്തു. കേസുകളിൽ പ്രതിചേർക്കപ്പെടുന്ന ഹോങ്കോങ് പൗരന്മാരെ വിചാരണ ചെയ്യാൻ ചൈനയിലേക്കു കൊണ്ടുപോകാനുള്ള കുറ്റവാളി കൈമാറ്റ ബിൽ ആണ് കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തിനു കാരണം. ഇതുവരെ വെടിവയ്പിൽ 2 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേർക്കു പരുക്കേൽക്കുകയും ചെയ്തു. 2300 പേർ അറസ്റ്റിലായി.

ബ്രിട്ടനുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് 2047ൽ ഹോങ്കോങ് പൂർണമായും ചൈനയുടെ നിയന്ത്രണത്തിലാവും. 1977 മുതൽ നിലനിൽക്കുന്ന 'ഒരു രാജ്യം, രണ്ടു വ്യവസ്ഥകൾ' എന്ന സ്ഥിതി അവസാനിക്കും. അതുവരെ കാത്തുനിൽക്കാൻ ചൈനയ്ക്കു ക്ഷമയില്ലെന്നും ഇപ്പോൾ തന്നെ ഹോങ്കോങ്ങിനെ സ്വന്തം ചൊൽപ്പടിയിലാക്കാൻ അവർശ്രമിക്കുകയാണെന്നുമാണ് ആക്ഷേപം.

ഹോങ്കോങ്ങിലെ ഭരണാധികാരിയായ ചീഫ് എക്‌സിക്യൂട്ടീവിനെ തിരഞ്ഞെടുക്കുന്ന രീതി ഇതിന് ഉദാഹരണമായി പ്രക്ഷോഭകാരികൾ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ രീതിയിലുള്ള സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ചൈന ഉറപ്പ് നൽകിയിരുന്നത്. പക്ഷേ, അവർ അതു ലംഘിക്കുകയും ചീഫ് എക്‌സിക്യൂട്ടീവിനെ ഒരു 1200 അംഗ സമിതി തിരഞ്ഞെടുക്കുന്ന രീതി നടപ്പാക്കുകയുംചെയ്തു. സമിതിയിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും ചൈനയെ അനുകൂലിക്കുന്നവരായതിനാൽ ചൈനയ്ക്ക് ഇഷ്ടമുള്ള ആൾക്കുമാത്രമേ ചീഫ് എക്‌സിക്യൂട്ടീവാകാൻ കഴിയൂ. ആ സ്ഥാനത്തേക്കു മൽസരിക്കുന്നവർ അതിന് അർഹരാണോയെന്ന് തീരുമാനിക്കാനും ഒരു സമിതിയുണ്ട്. അതിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരവും ചൈനാനുകൂലികൾക്കു മുൻതൂക്കമുള്ള 1200 അംഗ സമിതിക്കാണ്. ജനാധിപത്യത്തിനുവേണ്ടി ശബദമുയർത്തിയതു കാരണം ചൈനയുടെ അപ്രീതി സമ്പാദിച്ച പലർക്കും അക്കാരണത്താൽ തന്നെ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അവസരം നിഷേധിക്കപ്പെട്ടു.

ഈ രീതി മാറണമെന്നും എല്ലാ വിധത്തിലും സുതാര്യവും സ്വതന്ത്രവും ജനാധിപത്യ രീതിയിലുള്ളതുമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നു. ഹോങ്കോങ്ങിൽ സ്വന്തം രാഷ്ട്രീയ വ്യവസ്ഥ നടപ്പാക്കാനുള്ള പ്ലാനിന്റെ ഭാഗമായി മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു, സ്‌കൂൾ സിലബസുകളിൽ മാറ്റം വരുത്തുന്നു, നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും ചൈനയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ, പൊള്ളയായ ആരോപണങ്ങൾ എന്നു പറഞ്ഞു ചൈന ഇതെല്ലാം തള്ളിക്കളയുന്നു. ഹോങ്കോങ്ങിലെ കുഴപ്പങ്ങൾക്കു പിന്നിൽ അമേരിക്കയും ബ്രിട്ടനുമാണ് എന്ന നിലപാടാണ് ചൈനക്ക്.

സമരവീര്യം അടങ്ങാതെ ചിലി

മെട്രോ ട്രെയിൻ നിരക്കു വർധിപ്പിച്ചതാണു ചിലിയിൽ സമരത്തിനു തുടക്കമിട്ടത്. ചാർജ് വർധനയ്‌ക്കെതിരേ ഒക്ടോബർ ആറിന് ആദ്യം തെരുവിലിറങ്ങിയത് ഹൈസ്‌കൂൾ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളാണ്. പിന്നീടത് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ, നിരക്കുവർധന താൽക്കാലികമായി മാറ്റിവച്ചതായി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര പ്രഖ്യാപിച്ചിരുന്നു. സാമൂഹിക അസമത്വം, ഉയർന്ന ചികിത്സച്ചെലവ്, കുറഞ്ഞ പെൻഷൻ എന്നിവയുടെ പേരിൽ പുകഞ്ഞുകൊണ്ടിരുന്ന അമർഷമാണ് പ്രക്ഷോഭത്തിലൂടെ ആളിക്കത്തുന്നത്.

അക്രമം നിയന്ത്രിക്കാനാവാത്തതിനാലാണ് ബിൽ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്. മെട്രോ സർവീസുകളുടെ ചാർജ് വർധന പിൻവലിച്ചിട്ടും ചിലിയിൽ കലാപം തുടരുകയാണ്. ഏറ്റുമുട്ടലിലും തീവെപ്പിലുമായി പതിനൊന്നുപേർ മരിച്ചു. രാജ്യതലസ്ഥാനമായ സാന്തിയാഗോവിലും 16 മേഖലകളിലും സർക്കാർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

ഞായറാഴ്ച സാന്തിയാഗോയ്ക്ക് പുറത്ത് ഒരു വസ്ത്രനിർമ്മാണശാല കൊള്ളയടിച്ച അക്രമികൾ അവിടെ തീയിടുകയുംചെയ്തു. ഇവിടെ അഞ്ചുപേർ പൊള്ളലേറ്റ് മരിച്ചു. സാന്തിയാഗോയിൽ റീട്ടെയിൽ ശൃംഖലയായ വാൾമാർട്ടും കൊള്ളയടിക്കുകയും തീവെക്കുകയുംചെയ്തു. ഇവിടെയും മൂന്നുപേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പൂർണമായും തടസ്സപ്പെട്ട ഗതാഗതം തിങ്കളാഴ്ചയും പുനരാരംഭിക്കാനായില്ല. വിമാനസർവീസുകളും മുടങ്ങി.

ദശാബ്ദത്തിനിടെ ചിലിയിലുണ്ടാവുന്ന വലിയ പ്രതിഷേധത്തെ യുദ്ധസമാനമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ആരെയും വകവെക്കാതെ അക്രമം മാത്രം ലക്ഷ്യമിട്ട് കൊടുംപകയോടെ പോരാടുന്ന ശക്തരായ സംഘങ്ങളോട് അധികൃതർക്ക് യുദ്ധംതന്നെ ചെയ്യേണ്ടിവന്നിരിക്കയാണെന്ന് പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര പറഞ്ഞു. ആയിരത്തിയഞ്ഞൂറിലധികംപേരെ അറസ്റ്റുചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധം നിയന്ത്രിക്കാൻ മേജർ ജനറൽ ജാവിയർ ഇറ്റുറികയുടെ നേതൃത്വത്തിൽ പ്രത്യേകസംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസം പ്രസിഡന്റിന്റെ നേതൃത്വത്തിൽ സൈനികോദ്യോഗസ്ഥരും പൊലീസ് മേധാവികളും അടിയന്തരയോഗവും ചേർന്നു. അഗസ്റ്റൊ പിനോഷെയുടെ 1973-1990 കാലത്തെ ഏകാധിപത്യവാഴ്ചയ്ക്കുശേഷം ഇതാദ്യമായാണ് പ്രധാനവീഥികളിൽ ഇത്രയും പട്ടാളത്തെ വിന്യസിക്കുന്നത്.

മെട്രോസ്റ്റേഷനുകൾ തകർത്തും ബസുകൾക്ക് തീവെച്ചും കടകൾ കൊള്ളയടിച്ചും തെരുവുവാഴുന്ന അക്രമികളെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചാണ് അധികൃതർ നേരിടുന്നത്.

അതേസമയം, സാമൂഹിക അസമത്വമാണ് പ്രതിഷേധം അക്രമങ്ങളിൽ കലാശിക്കാൻ കാരണമെന്ന് നിരീക്ഷകർ പറയുന്നു. ആഭ്യന്തര ഉത്പാദനം ഈവർഷം 2.5 ശതമാനം വളർച്ച നേടിയെങ്കിലും ആരോഗ്യം, വിദ്യാഭ്യാസം, പെൻഷൻ മേഖലകളിൽ നിലനിൽക്കുന്ന അസമത്വത്തിൽ ജനം നിരാശരാണ്. പലപ്രശ്‌നങ്ങൾക്കും അധികൃതർക്ക് പരിഹാരം നിർദേശിക്കാനാവുന്നില്ലെന്നും ചിലെ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജിസ്റ്റും പോളിറ്റിക്കൽ സയന്റിസ്റ്റുമായ ഒക്ടാവിയോ അവെൻഡനൊ പറഞ്ഞു.

സമഗ്ര പരിഷ്‌കരണം ആവശ്യപ്പെട്ട് ലബനൻ

നികുതി വർധനയ്ക്കും ഭരണാധികാരികളുടെ അഴിമതിക്കുമെതിരായ പ്രക്ഷോഭത്തിന്റെ മൂന്നാം ദിനം തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെരുവിലെത്തിയത് പതിനായിരങ്ങൾ. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്മാറാത്ത സമരക്കാർ പാർലമെന്റ് മന്ദിരമുൾപ്പെടെ വളഞ്ഞു. കൊള്ളയടി, തീവയ്പ് എന്നിവയ്ക്ക് 70 പേർ അറസ്റ്റിലായതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.

രാജ്യത്തെ ഭരണസംവിധാനത്തിൽ സമഗ്ര അഴിച്ചുപണിയാണു പ്രക്ഷോഭകരുടെ ആവശ്യം. സഖ്യസർക്കാരിനെ അട്ടിമറിക്കുമെന്ന ഭീഷണിയും ഇവർ മുഴക്കുന്നു. അതിനിടെ, ലബനീസ് ഫോഴ്‌സസ് പാർട്ടി ഭരണസഖ്യത്തിൽ നിന്നു പിന്മാറി. വാട്‌സാപ്, ഫേസ്‌ബുക്, ഫെയ്‌സ്‌ടൈം കോളുകൾക്കു നികുതി ഏർപ്പെടുത്തിയ തീരുമാനമാണു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്. പിന്നാലെ തീരുമാനം പിൻവലിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണു ലബനൻ സർക്കാർ കൂടുതൽ നിയന്ത്രണം കൊണ്ടുവന്നത്. വാട്ട്സ്ആപ്പിനടക്കം നികുതിയും കൊണ്ടുവന്നു. ഏകദേശം 14 രൂപയായിരുന്നു വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്കുള്ള നികുതി. അഴിമതി അവസാനിപ്പിച്ചിട്ടു നികുതികൂട്ടാമെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളിലൂടെയാണു പടർന്നത്. തുടർന്നു ജനം തെരുവിലിറങ്ങുകയായിരുന്നു.

ജനപ്രതിനിധികളുടെയും മുൻ പ്രതിനിധികളുടെയും ശമ്പളം പാതിയാക്കുമെന്നാണു സർക്കാരിന്റെ പ്രധാന വാഗ്ദാനം. മന്ത്രിമാർ, മുൻ പ്രസിഡന്റുമാർ അടക്കമുള്ളവരുടെ ശമ്പളം പകുതിയാകും. വെള്ളാനകളായ പൊതുമേഖലാ സ്ഥാപനങ്ങൾ നിർത്തലാക്കും. വാർത്താ വിനിമയ മന്ത്രാലയവും നിർത്തലാക്കും. ടെലികമ്യൂണിക്കേഷനിൽ സ്വകാര്യവൽക്കരണം, പുതുതായി നികുതികൾ ഏർപ്പെടുത്തില്ല. ഭവന വായ്പയായി 1,133 കോടി രൂപ ചെലവിടും, ദരിദ്രർക്കു കൂടുതൽ സഹായം തുടങ്ങിയവയാണു ജനങ്ങളെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങൾ. തന്റെ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്നാണു പ്രധാനമന്ത്രി ഹരീരിയുടെ മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP