Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടിവസ്ത്രത്തിലും സോക്‌സുകളിലുമായി എട്ടുപാക്കറ്റുകളായി സ്വർണമിശ്രിതം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരം സ്വദേശി കടത്താൻ നോക്കിയത് 93 ലക്ഷം രൂപയുടെ സ്വർണം; ഇൻഡിഗോ വിമാനത്തിൽ നിന്ന് ഉടമയില്ലാതെ കിടന്ന 25 ലക്ഷത്തിന്റെ അഞ്ചുസ്വർണ ബിസ്‌കറ്റും പിടിച്ചെടുത്ത് കസ്റ്റംസ് ഇന്റലിജൻസ്

അടിവസ്ത്രത്തിലും സോക്‌സുകളിലുമായി എട്ടുപാക്കറ്റുകളായി സ്വർണമിശ്രിതം ഉരുക്കി ഒളിപ്പിച്ച് കടത്താൻ ശ്രമം; കരിപ്പൂരിൽ വിമാനമിറങ്ങിയ നാദാപുരം സ്വദേശി കടത്താൻ നോക്കിയത് 93 ലക്ഷം രൂപയുടെ സ്വർണം; ഇൻഡിഗോ വിമാനത്തിൽ നിന്ന് ഉടമയില്ലാതെ കിടന്ന 25 ലക്ഷത്തിന്റെ അഞ്ചുസ്വർണ ബിസ്‌കറ്റും പിടിച്ചെടുത്ത് കസ്റ്റംസ് ഇന്റലിജൻസ്

ജംഷാദ് മലപ്പുറം

കോഴിക്കോട്: ഗൾഫിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശിയുടെ അടിവസ്ത്രത്തിലും സോക്സുകളിലുമായി എട്ടു പാക്കറ്റുകളായി സ്വർണം മിശ്രിതം ഉരുക്കി ഒളിപ്പിച്ച നിലയിൽ. ഇത്തരത്തിൽ ഹാരിസ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 93 ലക്ഷം രൂപയുടെ സ്വർണമാണ്. കരിപ്പൂരിലെത്തിയ ഇൻഡിഗോ വിമാനത്തിനുള്ളിൽനിന്നും അജ്ഞാതമായി കിടന്ന 23 ലക്ഷം രൂപയുടെ അഞ്ചു സ്വർണ ബിസ്‌ക്കറ്റും പിടികൂടി.

അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും ഇൻഡിഗോ എയറിന്റെ വിമാനത്തിൽ നിന്നുമായി 1.16 കോടിയുടെ സ്വർണം ഇന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഇന്നു രാവിലെ ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസ് ചിറക്കലിൽ (27) നിന്നും 2.9 കിലോഗ്രാം വരുന്ന സ്വർണ മിശ്രിതമാണ് കണ്ടെടുത്തത്.

ഇയാളുടെ അടിവസ്ത്രത്തിലും ധരിച്ചിരുന്ന സോക്സുകളിലുമായി എട്ടു പാക്കറ്റുകളായി ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണ മിശ്രിതം ഉരുക്കി ശുദ്ധീകരിച്ചപ്പോൾ 2.4 കിലോഗ്രാം തങ്കം വേർതിരിച്ചെടുത്തു. മാർക്കറ്റിൽ 93 ലക്ഷം രൂപ വില വരും. പ്രാഥമികാന്വേഷണത്തിൽ ഇയാൾ സ്വർണക്കടത്ത് കാരിയറാണെന്നു കരുതുന്നു. ഇയാളെ അറസ്റ്റു ചെയ്തു തുടരന്വേഷണം തുടങ്ങി. രാവിലെ പത്തിനു ദുബായിൽ നിന്നെത്തിയ ഇൻഡിഗോ എയർവേയ്സിന്റെ വിമാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് കസ്റ്റംസിന് ഉടമസ്ഥരില്ലാത്ത നിലയിൽ 583 ഗ്രാം വരുന്ന അഞ്ചു സ്വർണ ബിസ്‌ക്കറ്റുകൾ ലഭിച്ചത്. വിപണിയിൽ 23 ലക്ഷം രൂപ വിലമതിക്കും. രണ്ടു കേസുകളിലുമായി 1.16 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ്് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ഇ.എസ്. നിധിൻലാൽ, അസിസ്റ്റന്റ് കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ മനോജ്, രഞ്ജി വില്യംസ്, പ്രകാശൻ ഇൻസ്പെക്ടർമാരായ കെ.മുരളീധരൻ, യോഗേഷ് യാദവ്, രോഹിത്കത്രി, നവീൻകുമാർ, മിനിമോൾ, ഹവിൽദാറായ അശോകൻ എന്നിവരടങ്ങിയ സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

അതേ സമയം ഈ വർഷം സെപ്റ്റംബർ 30 വരെ കരിപ്പൂർ വിമാനത്തവളത്തിൽനിന്നും പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. കേരളത്തിലെ മൊത്തം വിമാനത്തവളങ്ങളിൽനിന്ന് മാത്രം ഈ സമയം 150.478 കിലോ സ്വർണമാണ് പിടികൂടിയത്. . ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂരിൽനിന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കരിപ്പൂരിൽ നിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണമാണ്. സ്വർണമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.സംസ്ഥാനത്ത് കൂടുതൽ സ്വർണക്കടത്ത് കരിപ്പൂർ വിമാനത്താവളം വഴിയെന്നാണ് കസ്റ്റംസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ പുതുതായി ആരംഭിച്ച കണ്ണൂർ വിമാനത്താവളം വഴിയും സ്വർണക്കടത്ത് നടക്കുന്നതായും കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം സെപ്റ്റംബർ 30 വരെ പിടിച്ച 150.478 കിലോ സ്വർണത്തിൽ 83.69 കിലോയും കരിപ്പൂരിൽനിന്നാണ്. 21.73 കോടി രൂപ വിലവരുമിതിന്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 77.08 കിലോയായിരുന്നു. കണ്ണൂർ എയർപോർട്ടുവഴി 18.61 കിലോ സ്വർണമാണ് പിടികൂടിയത്.

കരിപ്പൂരിൽ 175 കേസാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 28.15 കിലോ പിടികൂടി. 55 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം തിരുവനന്തപുരത്തുനിന്ന് 19.74 കിലോയിരുന്നു പിടികൂടിയത്. വാഹനങ്ങൾ വഴിയും രേഖയില്ലാതെ സ്വർണക്കടത്ത് വർധിക്കുകയാണ്. ട്രെയിൻ, ബസ് വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 15 കാരിയർമാർ അറസ്റ്റിലായിട്ടുണ്ട്. 21 കിലോ സ്വർണം ഇവരിൽനിന്ന് പിടികൂടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP