Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ തുടരുക ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയിൽ; കഴിഞ്ഞ തവണ 184 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ലിബറൽ പാർട്ടിക്ക് ഇക്കുറി നേടാനായത് 157 സീറ്റുകളിൽ; 34.4 ശതമാനം വോട്ടും 121 സീറ്റും നേടി നിലമെച്ചപ്പെടുത്തി കൺസർവേറ്റീവ് പാർട്ടിയും; പത്തിൽ നിന്ന് 32 സീറ്റുമായി ബ്‌ളോക്ക് കെബെക്വ പാർട്ടി നില മെച്ചപ്പെടുത്തിയപ്പോൾ ജഗ്മീത് സിങ്ങിന്റെ എൻഡിപി കൂപ്പുകുത്തിയത് 24ലേക്ക്; കാനഡയിലെ അവസാനവട്ട കണക്കുകൾ ഇങ്ങനെ

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ തുടരുക ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് എന്ന നിലയിൽ; കഴിഞ്ഞ തവണ 184 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ലിബറൽ പാർട്ടിക്ക് ഇക്കുറി നേടാനായത് 157 സീറ്റുകളിൽ; 34.4 ശതമാനം വോട്ടും 121 സീറ്റും നേടി നിലമെച്ചപ്പെടുത്തി കൺസർവേറ്റീവ് പാർട്ടിയും; പത്തിൽ നിന്ന് 32 സീറ്റുമായി ബ്‌ളോക്ക് കെബെക്വ പാർട്ടി നില മെച്ചപ്പെടുത്തിയപ്പോൾ ജഗ്മീത് സിങ്ങിന്റെ എൻഡിപി കൂപ്പുകുത്തിയത് 24ലേക്ക്; കാനഡയിലെ അവസാനവട്ട കണക്കുകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ടൊറന്റോ: ആകെ പോൾ ചെയ്തതിൽ കൂടുതൽ വോട്ടുകൾ നേടാനായെങ്കിലും കേവല ഭൂരിപക്ഷം നേടാനാകാതെ കാനഡയിലെ കൺസർവേറ്റീവ് പാർട്ടി. ആകെ പോൾ ചെയ്തതിൽ 34.4% വോട്ട് നേടിയെങ്കിലും 121 സീറ്റുകൾ മാത്രമാണ് ടോറികൾക്ക് നേടാനായത്. അതേസമയം, ആകെയുള്ള 338 സീറ്റിൽ 157 സീറ്റിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് അധികാരത്തിൽ തുടരാനാകും.

കഴിഞ്ഞതവണ 184 സീറ്റുകളുമായി അധികാരത്തിലേറിയ ലിബറൽ ഇക്കുറി 157 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ന്യൂനപക്ഷ സർക്കാരിന് നേതൃത്വം നൽകും. കൺസർവേറ്റീവ് പാർട്ടി 22 സീറ്റ് അധികമായി നേടി 121ൽ എത്തി. പത്ത് സീറ്റിൽനിന്ന് 32 സീറ്റിലേക്ക് കുതിച്ച ബ്‌ളോക്ക് കെബെക്വ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞതവണ ദേശീയ കക്ഷി എന്ന അംഗീകാരം പോലും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് ബ്‌ളോക്ക് കെബെക്വ മാനം വീണ്ടെടുത്തതും കെബെക്കിന്റെ പ്രാധാന്യം വീണ്ടെടുത്തതും.

സിഖുകാരനായ ജഗ്മീത് സിങ്ങിന്റെ എൻഡിപിയുടെ സീറ്റ് നാൽപത്തിനാലിൽനിന്ന് 24 ആയി കുറഞ്ഞു. പാർട്ടി മൂന്നാം സ്ഥാനത്തുനിന്നു നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പ്രചാരണവേളയിൽ ഉടനീളം ജഗ്മീത് മികവു കാട്ടി റാങ്കിങ് ഉയർത്തിയെങ്കിലും അവ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് ഉപകാരപ്പെട്ടില്ല. എങ്കിലും ട്രൂഡോയുടേത് ന്യൂനപക്ഷ സർക്കാരാകുമെന്നതിനാൽ ജഗ്മീതിന്റെ നിലപാടുകൾ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനവും കാർബൺ ടാക്‌സുമെല്ലാം സജീവ വിഷയമായിരുന്ന തിരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിയും നില മെച്ചപ്പെടുത്തി. ഒന്നിൽ നിന്ന് മൂന്ന് സീറ്റ്, പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണിത്. തിരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദമായിരുന്ന ലാവലിനുമായി ബന്ധപ്പെട്ട ട്രൂഡോയുമായി ഇടഞ്ഞ് രാജിവച്ച ജോഡി വിൽസൻ റേബോൾഡും വിജയിച്ചു. ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ, സ്വതന്ത്രയായി മൽസരിച്ചാണ് ജോഡി റേ വിജയിച്ചതെന്നത് ഇരട്ടിമധുരം പകരുന്നു. പാർലമെന്റിലെ ഏക സ്വതന്ത്ര അംഗമാണ് ജോഡി.

ലിബറൽ പാർട്ടിക്ക് 33% വോട്ടാണ് ലഭിച്ചത്. പാർട്ടി നേടിയ 157 സീറ്റിൽ പകുതിയിലേറെ സീറ്റ് ഒന്റാരിയോ പ്രവിശ്യ സമ്മാനിച്ചതാണ്. ഒന്റാരിയോ പ്രവിശ്യയിലെ പ്രീമിയറായ കൺസർവേറ്റീവ് പാർട്ടി നേതാവ് ഡഗ് ഫോർഡിന്റെ സർക്കാർ എടുത്ത പല തീരുമാനങ്ങളും നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും നടപടികളും ഈ മേഖലയിൽ, പ്രത്യേകിച്ച് ഗ്രേറ്റർ ടൊറന്റോ മേഖലയിൽ പാർട്ടിയുടെ പതനത്തിനും കാരണമായെന്നാണ് പ്രവർത്തകരുടെപോലും വിശ്വാസം. പ്രവിശ്യയിൽ ലിബറൽ 79 സീറ്റ് നേടിയപ്പോൾ കൺസർവേറ്റീവിന് 36 സീറ്റേ നേടാനായുള്ളു.

ട്രൂഡോയ്ക്ക് കെബെക്കിൽ പക്ഷേ അടിതെറ്റി. മുപ്പത്തിയഞ്ച് സീറ്റേ നേടാനായുള്ളു. ബ്‌ളോക്കെ കെബെക്വ 32 സീറ്റ് നേടി നഷ്ടപ്രതാപം വീണ്ടെടുത്തു. കൺസർവേറ്റീവിന് പത്തും എൻഡിപിക്ക് ഒന്നും സീറ്റാണ് ലഭിച്ചത്. സസ്‌കാച്വാനിലും ആൽബർട്ടയിലും കൺസർവേറ്റീവ് തേരോട്ടമായിരുന്നു. ആൽബർട്ടയിൽ മുപ്പത്തിമൂന്ന് സീറ്റ്, സസ്‌കാച്വാനിൽ പതിനാല്. രണ്ടിടത്തും ലിബറലിന് ഒറ്റ സീറ്റുമില്ല. ആൽബർട്ടയിൽ എൻഡിപിക്ക് ഒരു സീറ്റ് ലഭിച്ചു. ബ്രിട്ടിഷ് കൊളംബിയയിലും കൺസർവേറ്റീവിനായിരുന്നു മുൻകൈ. പതിനേഴ് സീറ്റ്. ലിബറൽ, എൻഡിപി കക്ഷികൾ പതിനൊന്ന് സീറ്റുകൾ വീതം പങ്കുവച്ചു.

മാനിറ്റോബയിൽ കൺസർവേറ്റീവ് ഏഴ് സീറ്റ് നേടിയപ്പോൾ ലിബറലിന് നാല്, എൻഡിപിക്ക് മുന്ന് എന്നിങ്ങനെയാണ് സീറ്റ്‌നില. ന്യു ബ്രൺസ്വിക്കിൽ ലിബറലിന് ആറ്, കൺസർവേറ്റീവിന് മൂന്ന്, ഗ്രീനിന് ഒന്ന് എന്നിങ്ങനെയാണ് സീറ്റു ലഭിച്ചത്. ന്യുഫിൻലൻഡ് ആൻഡ് ലാബ്രഡേറിലു ലിബറൽ ആറ് സീറ്റ് പേരിലാക്കി. കൺസർവേറ്റീവിന് ഒരു സീറ്റും നേടാനായില്ല. എൻഡിപി ഒരു സീറ്റ് നേടി. നോവസ്‌കോഷ്യയും ലിബറലിനൊപ്പം നിന്നു- പത്ത് സീറ്റ്. കൺസർവേറ്റീവിന് കിട്ടിയത് ഒരു സീറ്റാണ്.

മലയാളികൾക്ക് ഒരിക്കൽക്കൂടി നിരാശയാണ് പാർലമെന്റ് ഫലം സമ്മാനിച്ചത്. ഏക സ്ഥാനാർത്ഥി ടോം വർഗീസ് മിസ്സിസാഗ-മാൾട്ടൺ മണ്ഡലത്തിൽ ഫെഡറൽ മന്ത്രിയും ട്രൂഡോ മന്ത്രിസഭയിലെ മൂന്നാമനെന്നും വിലയിരുത്തപ്പെടുന്ന നവദീപ് ബെയ്ൻസിനോട് പരാജയപ്പെട്ടു. ട്രൂഡോ മന്ത്രിസഭയിൽ അംഗമായിരുന്ന റാൽഫ് ഗുഡാലെ റെജൈന-വസ്‌കാനയിൽ തോറ്റപ്പോൾ മറ്റൊരു മന്ത്രി ഇന്ത്യൻ വംശജനായ അമർജീത് സോഹി എഡ്മിന്റനിലെ മിൽ വുഡ്‌സിൽ ടിം ഉപ്പലിനോട് തോറ്റു.

കൺസർവേറ്റീവ് പാർട്ടി ഡപ്യൂട്ടി ലീഡർ ലിസ റെയ്റ്റ് മിൽട്ടണിൽ പരാജയമറിഞ്ഞു. പാർട്ടി നേതൃസ്ഥാനത്തേക്ക് ആൻഡ്രൂ ഷീയറിനെതിരെ മൽസരിച്ചു പരാജയപ്പെട്ടതിനു പിന്നാലെ പീപ്പിൾ പാർട്ടി ഓഫ് കാനഡയ്ക്ക് രൂപം നൽകിയ മാക്‌സിം ബെർണിയെയാണ് തോറ്റ മറ്റൊരു പ്രമുഖൻ. ലാവലിൻ വിവാദത്തിൽ ജോഡി വിൽസൻ റേബോൾഡിന് പിന്തുണ പ്രഖ്യാപിച്ച് കാബിനറ്റിൽനിന്നു രാജിവച്ച് ജെയ്ൻ ഫിൽപോട്ട് മാർകം- സ്റ്റോവിൽ റൈഡിങ്ങിൽ സ്വതന്ത്രയായി മൽസരിച്ചു പരാജയം രുചിച്ചു. ലിബറൽ സ്ഥാനാർത്ഥി ഹെലെനയാണ് ഇവിടെ ജയിച്ചതെന്നതും ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP