Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴ പെയ്യിക്കാൻ യാഗവും യജ്ഞവും നടത്തുന്നതിനെ പരിഹസിച്ച് 'കുക്കുടഘൃതാന്ന യജ്ഞം': പ്രസാദമായി കോഴി ബിരിയാണി; ലോഡ്ജിന് മുന്നിൽ ടെമ്പിൽ അറ്റാച്ച്ഡ് ലോഡ്ജ് എന്ന ബോർഡ്; തെങ്ങുകയറാൻ ആളെ കിട്ടില്ലെന്ന് മുന്നേ മനസ്സിലാക്കി തെങ്ങുകയറ്റ പരിശീലന കോളേജ് ആരംഭിച്ചു; ലോക സൗന്ദര്യമത്സരത്തിന് ബദലായി വിരൂപ മത്സരം നടത്തി ബിബിസിയുടെ വരെ താരമായി; ഗൗരവമേറിയ വിഷയങ്ങളെ ചിരിയുടെ തൈലം പുരട്ടി ചികിത്സിച്ച രാംദാസ് വൈദ്യർ വിടപറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം

മഴ പെയ്യിക്കാൻ യാഗവും യജ്ഞവും നടത്തുന്നതിനെ പരിഹസിച്ച് 'കുക്കുടഘൃതാന്ന യജ്ഞം': പ്രസാദമായി കോഴി ബിരിയാണി; ലോഡ്ജിന് മുന്നിൽ ടെമ്പിൽ അറ്റാച്ച്ഡ് ലോഡ്ജ് എന്ന ബോർഡ്; തെങ്ങുകയറാൻ ആളെ കിട്ടില്ലെന്ന് മുന്നേ മനസ്സിലാക്കി തെങ്ങുകയറ്റ പരിശീലന കോളേജ് ആരംഭിച്ചു; ലോക സൗന്ദര്യമത്സരത്തിന് ബദലായി വിരൂപ മത്സരം നടത്തി ബിബിസിയുടെ വരെ താരമായി; ഗൗരവമേറിയ വിഷയങ്ങളെ ചിരിയുടെ തൈലം പുരട്ടി ചികിത്സിച്ച രാംദാസ് വൈദ്യർ വിടപറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം

കെ വി നിരഞ്ജൻ

കോഴിക്കോട്: അന്ധവിശ്വാസങ്ങളും അനാചാരണങ്ങളും പെരുകിവരുന്ന ഒരു കാലത്ത് രാം ദാസ് വൈദ്യരുടെ ഓർമ്മകൾക്ക് ഏറെ പ്രധാന്യമുണ്ട്. സമൂഹത്തിലെ തെറ്റായ പ്രവണതകളെ നർമ്മത്തിന്റെ ഭാഷയിൽ നേരിട്ട രാംദാസ് വൈദ്യർ വിട പറഞ്ഞിട്ട് ഇന്നേക്ക് 21 വർഷം. ഗൗരവമാർന്ന പ്രശ്നങ്ങളെ ചിരിയുടെ തൈലം പുരട്ടി ചികിത്സിച്ചിരുന്ന വൈദ്യരുടെ ഓർമ്മകൾ കോഴിക്കോട് നഗരത്തിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.

മഴ പെയ്യിക്കാൻ യാഗവും യജ്ഞവുമൊക്കെ ഇന്നും നടക്കാറുണ്ട്. എന്നാൽ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഈ പ്രവണതയെ നർമ്മത്തിലൂടെ ശക്തമായി എതിർത്ത വ്യക്തിയായിരുന്നു വൈദ്യർ. യാഗത്തിലും യജ്ഞത്തിലുമൊന്നും യാതൊരു കഴമ്പുമില്ലെന്ന് തെളിയിക്കാനായി വിദഗ്ധരെ അണിനിരത്തി കോഴിക്കോട്ട് അദ്ദേഹം ഒരു പ്രഭാഷണ പരമ്പര തന്നെ സംഘടിപ്പിച്ചു. മാത്രമല്ല പരിപാടിക്ക് ശേഷം പ്രസാദമായി കോഴി ബിരിയാണി തന്നെയുണ്ടാക്കി വിളമ്പുകയും ചെയ്തു. പരിപാടിയുടെ പേരായിരുന്നു ബഹുരസം- കുക്കുടഘൃതാന്ന യജ്ഞം.

വൻകിട ഹോട്ടൽ നടത്തിപ്പുകാർ ഇല്ലാത്ത സുഖസൗകര്യങ്ങളെ വരെ വർണ്ണിച്ച് പരസ്യം ചെയ്യുന്ന കാലമാണിത്. ഇതിന്റെ ചെറിയ പതിപ്പുകൾ മുമ്പും ഉണ്ടായിരുന്നു. ഇതിനോട് വൈദ്യർ പ്രതികരിച്ചത് തന്റെ നീലഗിരം ലോഡ്ജിന് മുന്നിൽ 'ഫോർ മിസറബിൾ സ്റ്റേ' എന്ന ബോർഡ് സ്ഥാപിച്ചായിരുന്നു. ബാർ അറ്റാച്ചഡ് ഹോട്ടൽ എന്ന് അഭിമാനത്തോടെ പരസ്യം ചെയ്യുന്നവർക്കിടയിൽ തന്റെ ലോഡ്ജിന് മുമ്പിൽ ടെംപിൾ അറ്റാച്ച്ഡ് ലോഡ്ജ് എന്നെഴുതി. ലോഡ്ജ് വളപ്പിൽ ഒരു ക്ഷേത്രമുണ്ടായിരുന്നതും വാസ്തവം.

തെങ്ങിൽ കയറാൻ തൊഴിലാളികളെ കിട്ടാനില്ലാത്ത കാലമാണിത്. ഇത് വൈദ്യർ പണ്ടേ മനസ്സിലാക്കി. ഒരു തെങ്ങു കയറ്റ പരിശീലന കോളെജുമായാണ് ഒരിക്കൽ അദ്ദേഹം രംഗത്ത് വന്നത്. അന്നത്തെ കലക്ടർ യു കെ എസ് ചൗഹാനാണു നീലഗിരി ലോഡ്ജ് വളപ്പിൽ കോളജ് ഉദ്ഘാടനം ചെയ്തത്. തെങ്ങിൽ കയറിത്തന്നെയായിരുന്നു ഉദ്ഘാടനം. സൗന്ദര്യ മത്സരങ്ങൾ അരങ്ങു തകർക്കുമ്പോൾ ഒരിക്കൽ കോഴിക്കോട്ട് വിരൂപ റാണി, വിരൂപ രാജ മത്സരം സംഘടിപ്പിച്ചുകൊണ്ടാണ് വൈദ്യർ പ്രതികരിച്ചത്.

ഈ വിരൂപ മത്സരം ബിബിസി വരെ വാർത്തയ്ാക്കി. അനർഹരായവരെ ആദരിക്കുന്ന ആദരിക്കൽ പ്രഹസനങ്ങൾ ഒരുപാട് കാണുന്ന നഗരത്തിൽ മുതലക്കുളത്തെ അലക്കുകല്ലിന് പൊന്നാട ചാർത്തിക്കൊണ്ട് വൈദ്യർ മറ്റൊരു കോളിളക്കം സൃഷ്ടിച്ചു. പകൽ മുഴുവൻ മുഷിഞ്ഞ വസ്ത്രം കൊണ്ടുള്ള അടിയേറ്റ് വിഴുപ്പിൽ കുളിച്ച്, വൈകിട്ട് രാഷ്ട്രീയക്കാരുടെ പ്രസംഗവും കേട്ട് കഴിയുന്ന അലക്കുകല്ലിനെ ആദരിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം ഭാര്യക്ക് പെൻഷൻ നൽകിയതുപോലുള്ള എത്രയോ ഗൗരവമായ ഫലിതങ്ങൾ വേറെയും.

ചെറിയ പ്രശ്നങ്ങൾ പോലും വലിയ സംഘർഷങ്ങളായി മാറുന്ന കാലത്ത്, വലിയ പ്രശ്നങ്ങളെ ചെറുതായി കണ്ട് നർമ്മത്തിലൂടെ അതിനെ നേരിട്ട രാം ദാസ് വൈദ്യർ ഒരു അദ്ഭുതം തന്നെയായിരുന്നു. സമൂഹത്തിലെ തിന്മകളെ അദ്ദേഹം ചിരിയിലൂടെ ചികിത്സിക്കുകയായിരുന്നു. വൈദ്യരുടെ നീലഗിരി ലോഡ്ജ് അടുത്തകാലത്ത് പൊളിച്ചുമാറ്റി. എന്നാൽ ആ ഓർമ്മകൾ നഗരത്തിലിപ്പോഴും നിറഞ്ഞു നിൽക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP