Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ തർക്കത്തിൽ അമ്മയും ഫെഫ്കയും ഇടപെടില്ല; മഞ്ജു അയച്ച മെയിലിലുള്ളത് സംവിധായകനെതിരെ ഡിജിപിക്ക് പരാതി കൈമാറിയെന്നും പിന്തുണ വേണമെന്നും മാത്രം; വേണ്ട നടപടി എടുക്കണമെന്ന് ബെഹ്‌റയ്ക്ക് കത്തെഴുതി സിനിമാ സംഘടനകൾ കൈ കഴുകും; മൊഴിയെടുക്കാൻ പൊലീസ് വിളിച്ചാൽ നഗ്ന സത്യങ്ങൾ മുഴുവൻ പുറത്തു പറയുമെന്ന് നിലപാടിൽ ശ്രീകുമാർ മേനോൻ; മഞ്ജുവിനെ കൊണ്ട് കടുത്ത നിലപാട് എടുപ്പിച്ചത് പനമരത്തെ ആദിവാസി വിവാദമോ?

മഞ്ജു വാര്യർ-ശ്രീകുമാർ മേനോൻ തർക്കത്തിൽ അമ്മയും ഫെഫ്കയും ഇടപെടില്ല; മഞ്ജു അയച്ച മെയിലിലുള്ളത് സംവിധായകനെതിരെ ഡിജിപിക്ക് പരാതി കൈമാറിയെന്നും പിന്തുണ വേണമെന്നും മാത്രം; വേണ്ട നടപടി എടുക്കണമെന്ന് ബെഹ്‌റയ്ക്ക് കത്തെഴുതി സിനിമാ സംഘടനകൾ കൈ കഴുകും; മൊഴിയെടുക്കാൻ പൊലീസ് വിളിച്ചാൽ നഗ്ന സത്യങ്ങൾ മുഴുവൻ പുറത്തു പറയുമെന്ന് നിലപാടിൽ ശ്രീകുമാർ മേനോൻ; മഞ്ജുവിനെ കൊണ്ട് കടുത്ത നിലപാട് എടുപ്പിച്ചത് പനമരത്തെ ആദിവാസി വിവാദമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിക്ക് പിന്നിലെ യഥാർത്ഥ കാരണം സിനിമാ സംഘടനകൾക്ക് പോലും അറിയില്ല. വ്യക്തിപരമായി ശ്രീകുമാർ മേനോൻ കടന്നാക്രമണം നടത്തുന്നുവെന്നാണ് മഞ്ജു പറയുന്നത്. സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയേയും താരസംഘടനയായ അമ്മയേയും ഇക്കാര്യം മഞ്ജു അറിയിച്ചിട്ടുണ്ട്. വെറും നാലുവരി കത്താണ് രണ്ട് കൂട്ടർക്കും ലഭിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോന് എപ്രകാരമാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അതിലിൽ ഇല്ല. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ കൃത്യമായ അകലം ഫെഫ്കയും അമ്മയും പാലിക്കും. മഞ്ജു വാര്യർ പൊലീസിന് കൊടുത്ത കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് അവരുടെ നിലപാട്. ഇതോടെ ഈ വിവാദത്തിൽ പൊലീസിന് നടപടിയെടുക്കേണ്ടി വരുമെന്നാണ് സൂചന. അതിനിടെ കേസ് കൊടുത്ത സാഹചര്യത്തിൽ എല്ലാ സത്യവും മൊഴി കൊടുക്കുമ്പോൾ വെളിപ്പെടുത്താനാണ് ശ്രീകുമാർ മേനോന്റെ തീരുമാനം.

പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്. ആദിവാസി ക്ഷേമത്തിന് മഞ്ജു വാര്യർ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യർ ഫൗണ്ടേഷനെ ഒരുകാലത്ത് നിയന്ത്രിച്ചിരുന്നത് ശ്രീകുമാർ മേനോനെനാണ്. അന്ന് നടന്ന എന്തോ പ്രശ്‌നമാണ് പനമരത്തെ വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന സൂചനകളുണ്ട്.

ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും. ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്‌നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.

ബെഹ്‌റയ്ക്ക് പരാതി കൊടുത്തുവെന്നും പിന്തുണ വേണമെന്നുമാണ് മഞ്ജുവിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ ഈ കത്ത് സഹിതം ഈ പരാതിയിൽ അന്വേഷണം നടത്തി വേണ്ടത് ചെയ്യണമെന്ന രണ്ടു വരി കത്ത് അമ്മയും ഫെഫ്കയും ബെഹ്‌റയ്ക്ക് നൽകും. അതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. വലിയ നാണക്കേടുകൾ ഈ കേസ് ഉണ്ടാക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഫെഫ്കയിലും അമ്മയിലും ദിലീപിന് ഇപ്പോഴും വ്യക്തമായ പിന്തുണയുണ്ട്. ഇവരും ഈ വിഷയത്തിൽ അകലം പാലിക്കണമെന്ന അഭിപ്രായക്കാരാണ്. അവർക്കിടയിലെ പ്രശ്‌നം അവർ തീർക്കട്ടേയെന്നാണ് എല്ലാവരും പറയുന്നത്. വിഷയത്തിൽ കൃത്യമായ അകലം പാലിക്കുമെന്ന് മോഹൻലാലും അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പനമരം വിഷയത്തിലെ വിവാദവുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതുന്നവരും ഇവർക്കിടയിലെ യഥാർത്ഥ പ്രശ്‌നം അറിയില്ലെന്നാണ് മറുനാടനോട് പ്രതികരിച്ചത്.

ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്ന് മഞ്ജു വാര്യർ നേരത്തെ വിശദീകരിച്ചിരുന്നു. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ വിശദമാക്കി. പദ്ധതിക്ക് വേണ്ടി സർവേ നടത്തിയിരുന്നു. പക്ഷെ തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിന്റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യർ പറഞ്ഞു. ആദിവാസികളുടെ പ്രശ്‌നം പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനുമായി ചർച്ചചെയ്തതായും മഞ്ജു വാര്യർ അറിയിച്ചിരുന്നു. ഇത്തരമൊരു ആരോപണം പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിന്റെ സത്യാവസ്ഥ മന്ത്രി എ കെ ബാലനോട് വിശദീകരിച്ചിരുന്നു. മഞ്ജു വാര്യർ ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിൽ ഉള്ളതിനാൽ മറ്റ് സഹായങ്ങൾ ലഭിച്ചില്ലെന്ന ആരോപണം തെറ്റാണെന്നും മഞ്ജു വിശദമാക്കി. വീട് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് മഞ്ജു വാര്യർ വഞ്ചിച്ചതായി വയനാട് പനമരത്തെ ആദിവാസി കുടുംബങ്ങൾ ആരോപിച്ചതോടെയാണ് വിഷയം ചർച്ചയായത്. വയനാട് പനമരം പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങൾക്ക് വീടുനിർമ്മിച്ചുനൽകുമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷൻ വാഗ്ദാനം ചെയ്തുവെന്നാണ് ആദിവാസികൾ പറഞ്ഞിരുന്നത്. പിന്നീട് കേസ് ഒത്തുതീർപ്പിലെത്തുകയും ചെയ്തു.

വീടുവെച്ചു നൽകാൻ സർക്കാരിന് 10 ലക്ഷം രൂപ നൽകുമെന്നും കേസിൽ ഇനിയും തന്നെ വലിച്ചിഴച്ച് അപമാനിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുതെന്നും താരം വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിൽ പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്നായിരുന്നു നടി മഞ്ജു വാര്യർ രക്ഷാധികാരിയായ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. ഇത് സംബന്ധിച്ച് 2017 ജനുവരി 20ന് മഞ്ജുവാര്യർ ഫൗണ്ടേഷൻ വയനാട് ജില്ലാ കലക്ടർക്കും പട്ടികജാതി, വർഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നൽകി. പ്രാരംഭ പ്രവർത്തനമെന്നോണം മഞ്ജുവാര്യർ ഫൗണ്ടേഷൻ സ്ഥലം സർവെ നടത്തുകയും പദ്ധതി പനമരം പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിക്കുകയും ചെയ്തു.

പക്ഷെ പിന്നീട് ഇക്കാര്യത്തിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ യാതൊന്നും ചെയ്യാതെ പിൻവാങ്ങുകയായിരുന്നു എന്നാതായിരുന്നു ആരോപണം. ഇത് ചർച്ചയായതിന് പിന്നിൽ ചിലരുടെ കൈകടത്തലുണ്ടെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാര്യർ കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കിയത്. ജൂലൈയിലായിരുന്നു ഇത്. എല്ലാം തീർന്നുവെന്ന് കരുതുമ്പോഴാണ് വിഷയം ഉന്നയിച്ച് ആദിവാസി ഗോത്ര സഭ എഥ്തിയത്. 2017ലാണ് മഞ്ജു വാര്യർ കോളനിയിലെത്തിയത്. വീടുകളുടെ ദുരവസ്ഥ നേരിൽക്കണ്ട മഞ്ജു 56 കുടുംബങ്ങൾക്ക് 'മഞ്ജു വാര്യർ ഫൗണ്ടേഷനിലൂടെ' വീടും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. രണ്ട് കോടിയോളം രൂപയാണ് ഇതിന് ചെലവു വരുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിക്കുകയും തുടർന്ന് പഞ്ചായത്തും ജില്ല ഭരണകൂടവും പ്രോജക്ട് അംഗീകരിക്കുകയും ചെയ്തു. പിന്നീട് 2018ലെയും 2019ലെയും പ്രളയകാലം ഏറെ നാശംവിതച്ചതോടെ കോളനി പൂർണമായും തകർന്നു. മഞ്ജു വാര്യരുടെ പ്രോജക്ട് നിലനിൽക്കുന്നതു കൊണ്ടു തന്നെ സർക്കാറിന്റെ മറ്റ് പദ്ധതികൾ കോളനിയിൽ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥരെന്നും ഗീതാനന്ദൻ ആരോപിച്ചിരുന്നു.

പുനരധിവാസ പദ്ധതി നടപ്പാക്കാൻ സർക്കാർ മഞ്ജു വാര്യർ ഫൗണ്ടേഷന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടിരുന്നു. ആദിവാസി ക്ഷേമത്തിന് മഞ്ജു വാര്യർ പണപ്പിരിവ് നടത്തിയതായി സംശയിക്കുന്നതായും ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആക്ഷേപം തന്റെ മേൽ വരാൻ കാരണം ശ്രീകുമാർ മേനോനാണെന്ന് മഞ്ജു വിലയിരുത്തുന്നുണ്ട്. ഒടിയൻ സിനിമാ ഷൂട്ടിംഗിനിടെയാണ് മഞ്ജുവും ശ്രീകുമാറും തമ്മിൽ തെറ്റിയത്. അതിന് ശേഷമാണ് ഈ വിവാദമെല്ലാം ചർച്ചയാത്. അതുകൊണ്ട് കൂടിയാണ് ഭാവിയിൽ വലിയ കുരുക്കുകൾ മഞ്ജു പ്രതീക്ഷിക്കുന്നത്. അത് മനസ്സിലാക്കിയാണ് കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ മഞ്ജു പൊലീസിൽ പരാതി നൽകിയതെന്നാണ് സൂചന. തനിക്കെതിരെ എന്തെങ്കിലും വഞ്ചനാ കേസുകൾ ഉയർന്നാൽ അതിന് നേരിടാനുള്ള നിയമ വഴിയാണിതെന്നും വിലയിരുത്തുന്നു.

സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് നടി മഞ്ജുവാര്യർ ഡി.ജി.പിക്ക് നൽകിയ പരാതി പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ആസ്ഥാനത്തെ ഡി.വൈ.എസ്‌പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാർ മേനോന്റെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂച. കഴിഞ്ഞ ദിവസമാണ് ശ്രീകുമാർ മേനോൻ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടി മഞ്ജു വാര്യർ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്. തനിക്കെതിരെ സംഘടിമായ നീക്കം നടത്തുന്നതായും ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും പരാതിയിൽ പറയുന്നു. ഒപ്പമുള്ളവരെ ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്ത് മാത്യു സാമുവലിനും പങ്കുണ്ടെന്നും താരം പരാതിയിൽ പറയുന്നു.

മഞ്ജുവാര്യരുടെ പരാതിയിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് സംവിധായകൻ ശ്രീകുമാർമേനോൻ. പരാതിയെ കുറിച്ചറിഞ്ഞത് മാധ്യമവാർത്തകളിൽ നിന്നാണ്. തന്റെ ബുദ്ധിയിലും സ്‌നേഹത്തിലും ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങളെല്ലാം എത്ര വേഗമാണ് മഞ്ജു മറന്നതെന്ന് ശ്രീകുമാർമേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു. ശ്രീകുമാർ മേനോൻ അപായപ്പെടുത്തിയേക്കുമെന്ന മഞ്ജുവിന്റെ പരാതി അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP