Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എൻഎസ്എസ് ആഹ്വാനം ജനങ്ങൾ തള്ളി; വട്ടിയൂർക്കാവിൽ എൽഡിഎഫ് അയ്യായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന അവകാശവാദവുമായി സിപിഎം; ആർഎസ്എസ് - എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിലേക്ക് ചോർന്നുവെന്ന് ആരോപിച്ച് കെ മുരളീധരൻ; പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്നും പരമ്പരാഗത യുഡിഎഫ് ബൂത്തുകളിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരൻ; വട്ടിയൂർക്കാവിൽ ബിജെപി പ്രതീക്ഷ കൈവിട്ടപ്പോൾ അവകാശവാദങ്ങളുമായി മുന്നണികൾ

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എൻഎസ്എസ് ആഹ്വാനം ജനങ്ങൾ തള്ളി; വട്ടിയൂർക്കാവിൽ എൽഡിഎഫ് അയ്യായിരത്തിലധികം വോട്ടുകൾക്ക് വിജയിക്കുമെന്ന അവകാശവാദവുമായി സിപിഎം; ആർഎസ്എസ് - എസ്ഡിപിഐ വോട്ടുകൾ എൽഡിഎഫിലേക്ക് ചോർന്നുവെന്ന് ആരോപിച്ച് കെ മുരളീധരൻ; പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്നും പരമ്പരാഗത യുഡിഎഫ് ബൂത്തുകളിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരൻ; വട്ടിയൂർക്കാവിൽ ബിജെപി പ്രതീക്ഷ കൈവിട്ടപ്പോൾ അവകാശവാദങ്ങളുമായി മുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. എൻഎസ്എസിന്റെ പരസ്യമായി യുഡിഎഫ് പിന്തുണയും അതിനെ ശക്തമായി എതിർത്ത് സിപിഎമ്മും രംഗത്തെത്തിയ സാഹചര്യത്തിലാണ് മണ്ഡലത്തിലെ വോട്ടെടുപ്പു വീറും വാശിയും നിറഞ്ഞതായത്. വോട്ടുകൾ പെട്ടിയിലായി കഴിഞ്ഞതോടെ രണ്ട് മുന്നണികളും ആത്മവിശ്വാസത്തിലാണ്. അതേസമയം ബിജെപിക്ക് മണ്ഡലത്തിൽ തീർത്തും പ്രതീക്ഷ ഇല്ലാത്ത അവസ്ഥയുമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ തങ്ങൾ വിജയിക്കുമെന്ന അവകാശവാദങ്ങളുമായി കോൺഗ്രസും സിപിഎമ്മും രംഗത്തെത്തി.

യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എൻഎസ്എസ് ആഹ്വാനം വട്ടിയൂർക്കാവിലെ ജനങ്ങൾ തള്ളിയെന്നാണ് സിപിഎം അവകാശപ്പെടുന്നത്. എൻഎസ്എസ് വഴി ആർഎസ്എസ് വോട്ടുപിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വിമർശിച്ചു. ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂർക്കാവെന്ന് തെരഞ്ഞെടുപ്പ ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തിൽ അധികം വോട്ടുകൾക്ക് വി കെ പ്രശാന്ത് ജയിക്കുമെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.

അതേസമയം വട്ടിയൂർക്കാവിൽ ബിജെപി- ആർഎസ്എസ് വോട്ടുകൾ എൽഡിഎഫിലേക്ക് ചോർന്നതായി സംശയിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എസ്ഡിപിഐ വോട്ടുകളും എൽഡിഎഫിന് ലഭിച്ചതായാണ് സൂചന. ഈ ചോർച്ച നേരത്തെ തന്നെ യുഡിഎഫ് പ്രതീക്ഷിച്ചതാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിൽ പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ല. പരമ്പരാഗത യുഡിഎഫ് ബൂത്തുകളിൽ പ്രതീക്ഷിച്ച വോട്ട് ലഭിച്ചതായും മുരളീധരൻ പറഞ്ഞു. കഴിഞ്ഞദിവസം വട്ടിയൂർക്കാവിൽ യുഡിഎഫിന് എതിരായ ജനവിധി വന്നാൽ മുരളീധരനോട് കോൺഗ്രസ് നേതൃത്വം വിശദീകരണം തേടുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ മണ്ഡലത്തിൽ എൽഡിഎഫ് അട്ടിമറി ജയം നേടുമെന്നായിരുന്നു മാതൃഭൂമി സർവ്വേ പ്രവചിച്ചത്. ഇതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

ശക്തമായ ത്രികോണം മത്സരം നടന്ന വട്ടിയൂർക്കാവിൽ എൽഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് മാതൃഭൂമി സർവേ ഫലം വ്യക്തമാക്കുന്നത്. എന്നാൽ ഫോട്ടോഫിനിഷ് എന്നാണ് മനോരമ സർവേയിൽ പറയുന്നത്. കൂടാതെ ബിജെപിക്ക് വൻ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇരു സർവേകളിലേയും പ്രവചനം. വട്ടിയൂർക്കാവിൽ എൻഎസ്എസ് യുഡിഎഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ ചർച്ചയായിരുന്നു.സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും രാഷ്ട്രീയത്തിൽ ഇടപെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ പാർട്ടി രൂപീകരിച്ച് അത് ചെയ്യുന്നതാണ് നല്ലതെന്നും സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. എൻഎസ്എസിന്റെ നിലപാടിനെതിരെ എസ്എൻഡിപിയും വിമർശനം ഉന്നയിച്ചിരുന്നു.

യുഡിഎഫിന് പരസ്യമായി പിന്തുണ നൽകുന്ന എൻഎസ്എസ് നിലപാട് ശരിയല്ലെന്നായിരുന്നു ഇതുസംബന്ധിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. ഒരു സമുദായ സംഘടന പരസ്യമായി വോട്ടു തേടുന്നത് കേരളത്തെ ഭ്രാന്താലയമാക്കുന്നതിന്റെ സ്പീഡ് കൂട്ടുന്ന നടപടിയാണ്. കേരളം ഭ്രാന്താലയമാകില്ലെങ്കിലും വിഷതുള്ളി വീഴ്‌ത്താൻ ഇതുവഴി സാധിക്കുമെന്നും വെള്ളാപ്പള്ളി കഴിഞ്ഞദിവസം കുറ്റപ്പെടുത്തി. ഒരാൾ വോട്ടുതേടി ഇറങ്ങുമ്പോൾ മറ്റുള്ളവരും ഇത്തരത്തിൽ ഇറങ്ങില്ലേ. ഇത് സമുദായ ധ്രുവീകരണത്തിന് ഇടയാക്കും. ജാതി വിദ്വേഷം ഉണ്ടാക്കാനെ ഇത് ഉപകരിക്കൂവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP