Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സയനൈഡ് കൊടുത്തുകൊന്ന് സിലിയുടെ ആഭരണങ്ങൾ കൈക്കലാക്കി; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തൽ കള്ളമെന്ന് പൊലീസ്; അന്നമ്മയെ കൊന്നും സ്വർണം കൈവശപ്പെടുത്തി; പഠന യോഗ്യതയെ റോയിയുടെ അമ്മ സംശയിച്ചതും പ്രതികാരമായി; വിദ്യാഭ്യാസവും ജോലിയും കാഴ്ചയുമില്ലാത്തവന്റെ ഭാര്യയെന്ന് വളിച്ചുള്ള കളിയാക്കലും അമ്മായി അമ്മയെ വകവരുത്തി; മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി; കൂടത്തായിയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

സയനൈഡ് കൊടുത്തുകൊന്ന് സിലിയുടെ ആഭരണങ്ങൾ കൈക്കലാക്കി; 40 പവനും പുല്ലൂരാംപാറ ധ്യാന കേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്ന ഷാജുവിന്റെ വെളിപ്പെടുത്തൽ കള്ളമെന്ന് പൊലീസ്; അന്നമ്മയെ കൊന്നും സ്വർണം കൈവശപ്പെടുത്തി; പഠന യോഗ്യതയെ റോയിയുടെ അമ്മ സംശയിച്ചതും പ്രതികാരമായി; വിദ്യാഭ്യാസവും ജോലിയും കാഴ്ചയുമില്ലാത്തവന്റെ ഭാര്യയെന്ന് വളിച്ചുള്ള കളിയാക്കലും അമ്മായി അമ്മയെ വകവരുത്തി; മനഃശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി; കൂടത്തായിയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ 40 പവൻ കാണാനില്ല. പള്ളിയിൽ 40 പവൻ നേർച്ചയിട്ടുവെന്നാണ് ഷാജു ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ ഇത് ജോളി ജോസഫ് തട്ടിയെടുത്തുവെന്നാണ് ആരോപണം. അതിനിടെ ജോളി ജോസഫ് ഭർത്താവിന്റെ അമ്മയായ അന്നമ്മ തോമസിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ സ്വർണാഭരണങ്ങളും കൈക്കലാക്കിയെന്നു പൊലീസ് കണ്ടെത്തുകാണ്. അന്നമ്മയുടെ മരണശേഷം ആഭരണങ്ങൾ കാണാതായെന്നു മകൾ രഞ്ജി തോമസ് പൊലീസിനു മൊഴി നൽകിയിരുന്നു.

അന്നമ്മ മരിച്ചു മൂന്നാം ദിവസം 'രഞ്ജിക്ക് ഇനി ഈ വീട്ടിൽ അവകാശമൊന്നുമില്ല' എന്നു ജോളി തന്നോടു പറഞ്ഞെന്നും രഞ്ജിയുടെ മൊഴിയിലുണ്ട്. പണത്തിന്റെയും സ്വർണത്തിന്റെയും കണക്കുകൾ എഴുതിവച്ചിരുന്ന അന്നമ്മയുടെ ഡയറിയും മരണത്തിനു ശേഷം കാണാതായി.പൊന്നാമറ്റം വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അന്നമ്മയായിരുന്നു. ഭർത്താവിന്റെയും തന്റെയും പെൻഷൻ തുകയും ഇവരാണു കൈകാര്യം ചെയ്തിരുന്നത്. അന്നമ്മ മരിച്ചാൽ കുടുംബത്തിന്റെ നിയന്ത്രണം തന്റെ കയ്യിലെത്തുമെന്നു കരുതിയാണു ജോളി അവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിലയിരുത്തുന്നു.

ഇതിനൊപ്പം തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് അന്നമ്മയ്ക്കു സംശയങ്ങൾ ഉണ്ടെന്നു ജോളി മനസ്സിലാക്കിയിരുന്നു. അന്നമ്മയുടെ 3 മക്കളിൽ ഏറ്റവും വിദ്യാഭ്യാസം കുറവ് ജോളിയുടെ ഭർത്താവ് റോയ് തോമസിനായിരുന്നു. റോയിയുടെ കാഴ്ചയ്ക്കും ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ജോലിയില്ലാതിരുന്ന റോയ് തുടങ്ങിയ വ്യവസായങ്ങളെല്ലാം പരാജയപ്പെട്ടു. ഇതെല്ലാം ചൂണ്ടിക്കാട്ടി വീട്ടിലും ബന്ധുവീടുകളിലെ ചടങ്ങുകളിലും അന്നമ്മ റോയിയെ തരംതാഴ്‌ത്തി സംസാരിക്കുമായിരുന്നു. ഇതാണ് തനിക്ക് അന്നമ്മയോടുള്ള പക വളർത്തിയിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ജോളി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. അന്നമ്മയെ തന്ത്രപരമായി കൊന്നു. അതിന് ശേഷം കൊല ഹരമായി മാറി. അങ്ങനെ കുടുംബത്തിലെ അഞ്ച് പേരുടെ കൂടെ ജീവൻ ജോളി എടുക്കുകയായിരുന്നു.

സിലി വധക്കേസിൽ അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം സ്വർണാഭരണങ്ങൾ കണ്ടെത്താനാണ്. ഇതിനായി ജോളിയുടെ ജന്മദേശമായ കട്ടപ്പനയിൽ തെളിവെടുപ്പിന് കൊണ്ടുപോകും. കൂടാതെ കൂടത്തായി, താമരശേരി, ഓമശേരി എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. ജോളിയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷയിൽ സ്വർണാഭരണങ്ങൾ കണ്ടെടുക്കേണ്ട ആവശ്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സിലിയുടെ മരണശേഷം ഓമശേരി ശാന്തി ആശുപത്രിയിൽനിന്ന് സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങിയത് ജോളിയായിരുന്നു. വിവാഹ സമയത്ത് സിലിക്ക് 40 പവനോളം സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നു. കൂടാതെ കുട്ടികളുണ്ടായപ്പോഴും സ്വർണം നൽകിയിരുന്നു. സിലി മരിച്ചതോടെ ഈ ആഭരണങ്ങൾ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. ആഭരണങ്ങൾ പുല്ലൂരാംപാറ ധ്യാനകേന്ദ്രത്തിലെ കാണിക്കവഞ്ചിയിൽ ഇട്ടെന്നാണ് സിലിയുടെ വീട്ടുകാരോട് ജോളിയും ഷാജുവും പറഞ്ഞത്. ഈ വിവരം അന്വേഷണ സംഘത്തോടും പറഞ്ഞിരുന്നു. ഈ കഥ പൊലീസ് വിശ്വസിച്ചിട്ടില്ല. 2016 ജനുവരി 11ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആശുപത്രിയിലാണ് സിലി മരിക്കുന്നത്. വിവാഹ ചടങ്ങായതിനാൽ സിലി കുറേ ആഭരണങ്ങൾ ധരിച്ചിരുന്നു. ദന്താശുപത്രിയിൽ വച്ച് ഗുളികയിൽ സയനൈഡ് ചേർത്ത് നൽകി സിലിയെ കൊന്നുവെന്ന് ജോളി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പൊന്നാമറ്റം വീട്ടിൽ ജോളിയോടൊപ്പം കഴിഞ്ഞത് അപരിചിതനെപ്പോലെയെന്ന് ഷാജു- സിലി ദമ്പതികളുടെ മകൻ മൊഴി നൽകിയതും കേസിന് കൂടുതൽ ബലം നൽകും. സിലിയുടെ മരണശേഷം ജോളി പല തവണ ഉപദ്രവിച്ചു. എല്ലാ കാര്യങ്ങളിലും രണ്ടാനമ്മയിൽ നിന്നു തരംതിരിവുണ്ടായി. താമരശ്ശേരി ആശുപത്രിയിൽ വച്ച് ജോളിയുടെ കൈവശമുണ്ടായിരുന്ന വെള്ളം കുടിച്ച ശേഷമാണ് അമ്മയുടെ ബോധം നഷ്ടപ്പെട്ടതെന്നും പതിനാറുകാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകി. അതിനിടെ, ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ സിം കാർഡ് മരണശേഷം ജോളിയുടെ സുഹൃത്തും ബിഎസ്എൻഎൽ ജീവനക്കാരനുമായ ജോൺസനാണ് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ രേഖകൾ മാറ്റി ഇയാൾ സ്വന്തം പേരിലാക്കുകയായിരുന്നു.

ഇതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും സംശയിക്കുന്നു.ജോളി ഉപയോഗിച്ചിരുന്ന സിം ജോൺസൻ നൽകിയതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. സിലിയുടെ പേരിലുണ്ടായിരുന്ന സിം മരണശേഷം രേഖകൾ മാറ്റി ഷാജുവിന്റെ പേരിലാക്കി നൽകിയതും ജോൺസനായിരുന്നു. കേസുകളിൽ ജോൺസണുണ്ടായിരുന്ന പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷ തെളിവുകൾ കിട്ടിയാൽ ജോൺസനേയും പൊലീസ് അറസ്റ്റ് ചെയ്യും. ഇതിനൊപ്പം ജോളിയുടെ ഭർത്താവ് ഷാജുവും സംശയ നിഴലിലാണ്. സിലിയുടെ കൊലപാതക വിവരം ഷാജുവിന് അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ താമരശ്ശേരിന്മ മനഃപ്രയാസങ്ങൾ ഉണ്ടെന്നും വൈദ്യസഹായം വേണമെന്നും ജോളി കോടതിയിൽ ആവശ്യപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജോളിയുടെ മറുപടി. മനോരോഗ വിദഗ്ധനെ കാണണോ എന്നു ചോദിച്ചപ്പോൾ വേണമെന്നു മറുപടി നൽകി. ജോളി ജോസഫിന് കോടതിയുടെ സൗജന്യ നിയമസഹായവും കിട്ടും. റോയ് തോമസ് വധക്കേസിൽ ജോളിയുടെ വക്കാലത്ത് എടുത്തത് അഡ്വ. ബി.എ.ആളൂരായിരുന്നു. എന്നാൽ സൗജന്യ നിയമസഹായമെന്നു കരുതിയാണ് ആ കേസിൽ വക്കാലത്ത് ഒപ്പിട്ടതെന്നു ജോളി പറഞ്ഞിരുന്നു.

ഇന്നലെ സിലി വധക്കേസിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ ജോളിക്കുവേണ്ടി ഹാജരായ ആളൂരിന്റെ ജൂനിയർ അഭിഭാഷകർ എത്തിയില്ല. തുടർന്നു കോടതിയുടെ നിർദ്ദേശപ്രകാരം സൗജന്യ നിയമസഹായ പാനലിലുള്ള അഡ്വ. കെ.ഹൈദർ ജോളിയുടെ വക്കാലത്ത് എറ്റെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP