Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ട്രെയിനുകളും ബസുകളും മുടങ്ങി; കാറുകൾ വഴിയിൽ കുടുങ്ങി; മിക്ക കടകളും വെള്ളത്തിലായി; നദിയും റോഡും തിരിച്ചറിയാനാവാതെ ആശങ്കപ്പെട്ടു തെരുവിൽ ഇറങ്ങിയവർ; ഒരു രാത്രിയും പകലും മഴ നിന്നു പെയ്തപ്പോൾ കൊച്ചി നഗരം വെള്ളത്തിലായത് സകലരെയും ഞെട്ടിച്ചുകൊണ്ട്; സുരക്ഷിതരായത് ഫ്‌ളാറ്റുകളിൽ കഴിഞ്ഞവർ മാത്രം; നമ്മുടെ കൊച്ചിക്ക് എന്തുപറ്റിയെന്ന് ചോദിച്ച് പരിസ്ഥിതി പ്രവർത്തകരും

ട്രെയിനുകളും ബസുകളും മുടങ്ങി; കാറുകൾ വഴിയിൽ കുടുങ്ങി; മിക്ക കടകളും വെള്ളത്തിലായി; നദിയും റോഡും തിരിച്ചറിയാനാവാതെ ആശങ്കപ്പെട്ടു തെരുവിൽ ഇറങ്ങിയവർ; ഒരു രാത്രിയും പകലും മഴ നിന്നു പെയ്തപ്പോൾ കൊച്ചി നഗരം വെള്ളത്തിലായത് സകലരെയും ഞെട്ടിച്ചുകൊണ്ട്; സുരക്ഷിതരായത് ഫ്‌ളാറ്റുകളിൽ കഴിഞ്ഞവർ മാത്രം; നമ്മുടെ കൊച്ചിക്ക് എന്തുപറ്റിയെന്ന് ചോദിച്ച് പരിസ്ഥിതി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളംക്കെട്ട് മാറാതെ കൊച്ചി. ആൾക്കാരെ ഞെട്ടിച്ചായിരുന്നു കൊച്ചിയിൽ വെള്ളപ്പൊക്കമുണ്ടായത്. തീവ്രമഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. എറണാകുളം സൗത്തിൽ 197 മില്ലിമീറ്ററും കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ 160 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. പ്രളയത്തിന് പോലും കൊച്ചി ഇങ്ങനെ വെള്ളത്തിൽ മുങ്ങിയില്ലെന്നാണ് നാട്ടുകാരുടെ വാദം. അത്തരത്തിലായിരുന്നു നിമിഷ നേരത്തിനുള്ളിൽ കൊച്ചിയെ ആകെ മുക്കി വെള്ളം കേറിയത്. അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ പേടിച്ചിരിക്കുകയാണ് കൊച്ചി നിവാസികൾ. ഇതിൽ പരസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്. ഈ വെള്ളപ്പൊക്കം കൊച്ചിയുടെ ഡ്രെയിനേജ് സിസ്റ്റത്തെ ആകെയാണ് മുൾമുനയിൽ നിർത്തുന്നത്. തിരഞ്ഞെടുപ്പ് നടന്ന ദിവസം തന്നെ നഗരത്തെ ആകെ മുക്കികളഞ്ഞ സ്ഥിതിയുണ്ടായത് മുന്നണികൾക്കും വലിയ തിരിച്ചടിയാണ് സംഭവിച്ചത്. നദിയും റോഡും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാകാത്ത വിധമായിരുന്നു പലയിടത്തും വെള്ളം പൊങ്ങിയത്.

ഞായറാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴ, കഴിഞ്ഞ 2 പ്രളയകാലത്തുമില്ലാത്ത വിധം കൊച്ചി നഗരത്തിലെ പാർപ്പിട-വ്യാപാര മേഖലകളെയും റോഡുകളെയും വെള്ളത്തിലാക്കി. എംജി റോഡും ദേശീയ പാതയിലെ പല പ്രദേശങ്ങളും തോടുകളായി. പകൽ മുഴുവൻ പ്രധാന റോഡുകളിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. കെഎസ്ഇബി കലൂർ സബ് സ്റ്റേഷനിൽ വെള്ളം കയറിയതു മൂലം നഗരത്തിൽ വൈദ്യുതി മുടങ്ങി. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ സബ് സ്റ്റേഷനിലെ വെള്ളം പമ്പ് ചെയ്തു കളയാനുള്ള ശ്രമം രാത്രിയും തുടരുകയാണ്. വൈദ്യുതി ഇന്നേ പുനഃസ്ഥാപിക്കാനാവൂ.പനമ്പിള്ളി നഗറിൽ കാറിനു മുകളിൽ മരം വീണെങ്കിലും 3 യാത്രക്കാർ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ജില്ലയിൽ 9 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 186 കുടുംബങ്ങളിലെ 296 പേരെ ഇവിടേക്കു മാറ്റി.ഒറ്റദിവസം പെയ്ത കനത്ത മഴ സംസ്ഥാനത്തിന്റെ പല ഭാഗത്തും ദുരിതം വിതച്ചു. മഴയെത്തുടർന്ന് എറണാകുളം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലായി 20 ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങി. 3506 പേരെ ക്യാംപുകളിലേക്കു മാറ്റി. 4 വീടുകൾ പൂർണമായും 30 വീടുകൾ ഭാഗികമായും തകർന്നു.

എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെ പാളങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ സംസ്ഥാനത്തെ തീവണ്ടിഗതാഗതം താറുമാറായി.തിങ്കളാഴ്ച രാവിലെ ഇരു സ്റ്റേഷനുകളിലും വെള്ളമുയർന്നതോടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീവണ്ടികൾ ക്രമീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. പാസഞ്ചറുകൾ റദ്ദാക്കി വൈകിയോടുന്ന തീവണ്ടികൾ കടത്തിവിടാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എറണാകുളം- ആലപ്പുഴ-കൊല്ലം, കോട്ടയം-തിരുവനന്തപുരം പാതയിലെ പാസഞ്ചറുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

വെള്ളക്കെട്ട് കുറയാത്തതിനാൽ ദീർഘദൂര തീവണ്ടികൾ ഭാഗികമായി റദ്ദാക്കി രണ്ടാംഘട്ട ക്രമീകരണം ആരംഭിച്ചു. ദീർഘദൂര എക്സ്‌പ്രസുകൾ നിർത്തിയിട്ട സ്റ്റേഷനുകളിൽ റദ്ദാക്കുകയും മടക്കയാത്ര അവിടെനിന്ന് ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച 12 പാസഞ്ചറുകളും നാല് എക്സ്‌പ്രസുകളും റദ്ദാക്കുകയും 26 വണ്ടികൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.മലബാറുകാർ പ്രധാനമായി ആശ്രയിക്കുന്ന പരശുറാം എക്സ്‌പ്രസ് രാവിലെ മംഗളൂരുവിൽനിന്നു പുറപ്പെട്ട് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ച് ഷൊർണൂരിൽനിന്നാണ് മംഗളൂരുവിലേക്കു മടങ്ങിയത്. മംഗളൂരു ഭാഗത്തേക്കുള്ള വണ്ടികൾ റദ്ദാക്കിയതും യാത്ര അവസാനിപ്പിച്ചതുമായ അറിയിപ്പ് വന്നതോടെ നൂറുകണക്കിന് യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിൽ മണിക്കൂറുകൾ കാത്തുനിന്നത്.

കണ്ണൂരിൽനിന്ന് ആലപ്പുഴയിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിച്ചു. തിരുനെൽവേലിയിൽനിന്ന് പാലക്കാട്ടേക്കുള്ള പാലരുവി എക്സ്‌പ്രസ് മുളന്തുരുത്തിവരെ വന്നുമടങ്ങി. തിരുവനന്തപുരത്തുനിന്ന് ഷൊർണൂർക്കുള്ള വേണാട് എക്സ്‌പ്രസ് പിറവം റോഡ് വരെ മാത്രമേ ഓടിയുള്ളൂ.ചെന്നൈ-ആലപ്പുഴ എക്സ്‌പ്രസ് അങ്കമാലിയിൽ യാത്ര അവസാനിപ്പിച്ചു. മഡ്ഗാവ്-എറണാകുളം തീവണ്ടി ചാലക്കുടിയിലെത്തി മടങ്ങി. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്‌പ്രസ് തുറവൂർ വരെയെത്തി അവിടെനിന്ന് തിരികെപ്പോയി. മംഗളൂരുവിൽനിന്ന് നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്‌പ്രസ് ഷൊർണൂർ വരെയേ ഓടിയുള്ളൂ. കോട്ടയം-നിലമ്പൂർ പാസഞ്ചർ എറണാകുളം നോർത്ത്വരെ മാത്രമേ ഓടിയുള്ളൂ.

അതേസമയം ഇന്നലെ അർധ രാത്രിയോട സൗത്ത്, നോർത്ത് റയിൽവെ സ്റ്റേഷൻ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഓട്ടോമാറ്റിക് സിഗ്‌നൽ ഇല്ലാത്തതിനാൽ ട്രെയിനുകൾ വൈകും. കലൂർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ പുനഃസ്ഥാപിക്കും. എറണാകുളം, തൃശൂർ ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഇന്ന് അവധിയാണ്. എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP