Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വട്ടിയൂർകാവും കോന്നിയും പിടിച്ചെടുക്കുമെന്ന് വിലയിരുത്തുന്ന സിപിഎമ്മിന് എറണാകളുത്തെ കുറിച്ചുള്ള പ്രതീക്ഷ പെരുമഴയുടെ പേരിൽ; നേരിയ വോട്ടുകൾക്ക് മാത്രം മുമ്പിൽ നിൽക്കുന്ന യുഡിഎഫിനെ മഴ ചതിക്കുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പുകളിൽ സജീവം; കോന്നിയും വട്ടിയൂർക്കാവും അരൂരും ഉറപ്പിച്ച സിപിഎം ഇക്കുറി ശുഭ പ്രതീക്ഷയിൽ; മഞ്ചേശ്വരം യുഡിഎഫിനെന്ന കാര്യത്തിൽ ബിജെപി ക്യാമ്പുകൾക്ക് പോലും തർക്കമില്ല; മനോരമയും മാതൃഭൂമിയും എക്‌സിറ്റ് പോൾ നടത്തിയിട്ടും ചിത്രം വ്യക്തമല്ല

വട്ടിയൂർകാവും കോന്നിയും പിടിച്ചെടുക്കുമെന്ന് വിലയിരുത്തുന്ന സിപിഎമ്മിന് എറണാകളുത്തെ കുറിച്ചുള്ള പ്രതീക്ഷ പെരുമഴയുടെ പേരിൽ; നേരിയ വോട്ടുകൾക്ക് മാത്രം മുമ്പിൽ നിൽക്കുന്ന യുഡിഎഫിനെ മഴ ചതിക്കുമെന്ന പ്രതീക്ഷ ഇടത് ക്യാമ്പുകളിൽ സജീവം; കോന്നിയും വട്ടിയൂർക്കാവും അരൂരും ഉറപ്പിച്ച സിപിഎം ഇക്കുറി ശുഭ പ്രതീക്ഷയിൽ; മഞ്ചേശ്വരം യുഡിഎഫിനെന്ന കാര്യത്തിൽ ബിജെപി ക്യാമ്പുകൾക്ക് പോലും തർക്കമില്ല; മനോരമയും മാതൃഭൂമിയും എക്‌സിറ്റ് പോൾ നടത്തിയിട്ടും ചിത്രം വ്യക്തമല്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാം പെട്ടിയിലാണ്. രണ്ട് ദിവസത്തിനകം ചിത്രം തെളിയും. എങ്കിലും കേരളത്തിലെ രാഷ്ട്രീയം സിപിഎമ്മിന് അനുകൂലമാകുമെന്നാണ് സൂചന. അരൂർ സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. ബാക്കിയുള്ള നാലെണ്ണം യുഡിഎഫിന്റേതും. ഇതിൽ മൂന്നെണ്ണം സിപിഎം പിടിക്കുമെന്നാണ് വിലയിരുത്തൽ. വട്ടിയൂർക്കാവിലും അരൂരിലും കോന്നിയിലും സിപിഎമ്മിന് മുൻതൂക്കമുണ്ട്. എറണാകുളത്ത് ഇഞ്ചോടിഞ്ഞ് പോരാട്ടവും. മഞ്ചേശ്വരത്ത് മുസ്ലിം ലീഗും. ബിജെപി ജയിക്കുന്നവരുടെ പട്ടികയിലുമില്ല. ഈ കണക്കിൽ വലിയ മാറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. അരൂരിന് ഒപ്പം വട്ടിയൂർക്കാവോ കോന്നിയോ എറണാകുളമോ ജയിക്കാനായാൽ പോലും സിപിഎമ്മിനും ഇടതു പക്ഷത്തിനും വലിയ നേട്ടമാകും. പാലായിൽ ജയിച്ച ഇടതു മുന്നണിക്ക് വീണ്ടും കരുത്ത് അവകാശപ്പെടാൻ ഇതിലൂടെ കഴിയും. മുന്നണി രാഷ്ട്രീയവും മാറി മറിയും.

മഞ്ചേശ്വരത്തും എറണാകുളത്തും വലതു മുന്നണിക്ക് മുൻതൂക്കമുണ്ട്. ഇതിൽ എറണാകുളത്ത് അവസാന നിമിഷം പെയ്ത മഴ വിജയമെത്തിക്കുമെന്നാണ് സിപിഎം പ്രതീക്ഷ. മഴയ്ക്ക് കാരണം യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ പിടിപ്പുകേടാണെന്ന് പൊതുവേ വിലയിരുത്തൽ ഉയർന്നിട്ടുണ്ട്. ഇതിനൊപ്പം പോളിങ് ശതമാനവും കുറഞ്ഞു. കേഡർ വോട്ടെല്ലാം സിപിഎം പെട്ടിയിലാക്കിയെന്നും അതുകൊണ്ട് തന്നെ ഇടത് സ്വതന്ത്രനായ മനു റോയി ജയിക്കുമെന്നുമാണ് വിലയിരുത്തൽ. മാതൃഭൂമിയും മനോരമയും എക്‌സിറ്റ് പോളുകൾ നടത്തി. ഇതിൽ കോന്നിയിലും വട്ടിയൂർകാവിലും വ്യത്യസ്ത ഫലമാണുള്ളത്. അതുകൊണ്ട് തന്നെ കൃതമായ ചിത്രം ഇതിൽ തെളിയുന്നുമില്ല.

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം ആണുണ്ടായത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ്, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് മണ്ഡലത്തിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞു. എറണാകുളത്തൊഴികെ ബാക്കി നാലു മണ്ഡലങ്ങളിലും നേരിയ തോതിലാണ് വോട്ടിങ് ശതമാനം കുറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പു ഫലം സംബന്ധിച്ച പ്രവചനങ്ങളെയെല്ലാം മാറ്റിമറിക്കും വിധമായിരുന്നു എറണാകുളത്തെ പോളിങ്. ഇതിന് കാരണം മഴയാണ്. 71.72% ആയിരുന്നു 2016ൽ എറണാകുളത്തെ പോളിങ്. 2019ൽ ഇത് 73.29ലേക്ക് ഉയർന്നു. എന്നാൽ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം എറണാകുളത്ത് 57.86 ശതമാനമാണ് പോളിങ്. ഏതാനും മാസത്തിനിടെ ഉണ്ടായിരിക്കുന്നത് ഏകദേശം 15 ശതമാനത്തിന്റെ കുറവ്.

മുന്നണികളുടെ വിജയപ്രതീക്ഷകളായിരുന്നു അപ്രതീക്ഷിതമായി പെയ്ത മഴയ്‌ക്കൊപ്പം ഒലിച്ചു പോയതെന്നാണ് വിലയിരുത്തൽ. ഇത് ഇടതിന് ഗുണമായി മാറുമെന്ന് കരുതുന്നവരുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയതും എറണാകുളത്താണ്. ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് അരൂരും80.06%. എറണാകുളത്ത് വാട്ടർമാരിൽ പോളിങ് ബൂത്തിലേക്ക് എത്തിയത് 89868 പേർ മാത്രം. മഞ്ചേശ്വരത്ത് ആകെയുള്ള 2,14,779 വോട്ടർമാരിൽ 1,59,844 പേർ പോളിങ് ബൂത്തിലെത്തി. അരൂരിൽ ആകെയുള്ള 1,91,898 പേരിൽ 1,53,634 വോട്ടർമാർ ബൂത്തിലെത്തി. കോന്നിയിൽ ആകെയുള്ള വോട്ടർമാർ 1,97,956 ആണ്. ഇവരിൽ 1,28,646 പേർ പോളിങ് ബൂത്തിലെത്തി. വട്ടിയൂർക്കാവിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,23,804 പേരും വോട്ട് രേഖപ്പെടുത്തി.

എംഎൽഎ പി. ബി. അബ്ദുറസാഖിന്റെ നിര്യാണത്തെത്തുടർന്നാണ് മഞ്ചേശ്വരത്ത് ഒഴിവുവന്നത്. കെ. മുരളീധരൻ, അടൂർ പ്രകാശ്, എ.എം. ആരിഫ്, ഹൈബി ഈഡൻ എന്നിവർ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിലും ഒഴിവുവന്നു. അഞ്ചു മണ്ഡലങ്ങളിലായി ആകെ 9,57,509 പേർക്കാണു സമ്മതിദാനാവകാശമുള്ളത്. ഇത്തവണ അഞ്ചിടത്തുമായി 12,780 വോട്ടർമാർ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ വർധിച്ചു. ആകെ 35 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. വട്ടിയൂർക്കാവ്- 8, കോന്നി5, അരൂർ- 6, എറണാകുളം- 9, മഞ്ചേശ്വരം- 7. ആകെ 896 പോളിങ് സ്റ്റേഷനുകളാണ് അഞ്ചിടത്തുമായുള്ളത്. 24നാണ് അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ.

മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ

വട്ടിയൂർകാവിലും അരൂരിലും എൽഡിഎഫ്; മഞ്ചേശ്വരം, എറണാകുളം, കോന്നി യുഡിഎഫിന്- എക്‌സിറ്റ്പോൾ

മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങൾ യുഡിഎഫ് നിലനിർത്തുമെന്നും അരൂരിലും വട്ടിയൂർക്കാവിലും എൽഡിഎഫ് ജയിക്കുമെന്നും മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോൾ പ്രവചനം.

മഞ്ചേശ്വരം

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. സി കമറുദ്ദീൻ മൂന്ന് ശതമാനം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് പ്രവചനം. കമറുദ്ദീന് 40 ശതമാനം വോട്ട് ലഭിക്കുമ്പോൾ ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന് 37 ശതമാനം വോട്ട് ലഭിക്കും. സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈക്ക് 21 ശതമാനം വോട്ട് മാത്രമാകും ലഭിക്കുകയെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

അരൂർ

ഉപതിരഞ്ഞെടുപ്പ് നടന്ന അരൂരിൽ നേരിയ മാർജിനിൽ എൽഡിഎഫ് ജയിക്കുമെന്ന് പ്രവചനം. ഒരു ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് സർവെ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 44 ശതമാനം വോട്ട് കിട്ടിയേക്കാമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് 43 ശതമാനം വോട്ടും സർവെ പ്രവചിക്കുന്നു. അതേസമയം, ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞ് 11 ശതമാനമായി ചുരുങ്ങുമെന്നും സർവെ പറയുന്നു.

എറണാകുളം

ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി 39 ശതമാനം വോട്ട് നേടുമെന്നും പ്രവചനം. എൻഡിഎ 15 വോട്ട് നേടിയേക്കാമെന്നാണ് സർവെയുടെ പ്രവചനം.

കോന്നി

കോന്നി യുഡിഎഫ് നിലനിർത്തുമെന്നാണ് പ്രവചനം. അടൂർ പ്രകാശ് 23 വർഷം പ്രതിനിധീകരിച്ച സീറ്റിൽ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ യുഡിഎഫ് തന്നെ ജയിക്കുമെന്നും എക്‌സിറ്റ് പോൾ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി. മോഹൻരാജിന് 41 ശതമാനം വോട്ട് പ്രവചിക്കുമ്പോൾ 39 ശതമാനം വോട്ടാണ് എൽഡിഎഫിന് സാധ്യത കൽപിക്കുന്നത്. അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവെച്ച ബിജെപിക്കും കെ. സുരേന്ദ്രനും വലിയ വോട്ട് നഷ്ടമുണ്ടാകുമെന്നാണ് സർവെ പറയുന്നത്. 19 ശതമാനം വോട്ട് ബിജെപിക്ക് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു.

വട്ടിയൂർക്കാവ്

മേയർ വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ വിജയിക്കുമെന്ന് സർവേ പ്രവചിക്കുന്നു. ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സർവെ പറയുന്നു. വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോൾ യുഡിഎഫിന്റെ കെ.മോഹൻകുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ. അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.

മനോരമ എക്‌സിറ്റ് പോൾ ഫലം ഇങ്ങനെ

രണ്ടിടത്ത് യുഡിഎഫ്; കോന്നിയിൽ എൽഡിഎഫ്; രണ്ടിടത്ത് ഫോട്ടോഫിനിഷ്

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യു.ഡി.എഫും കോന്നിയിൽ എൽ.ഡി.എഫും വ്യക്തമായ മേൽക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ് പോൾ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരിൽ എൽ.ഡി.എഫിനും വട്ടിയൂർക്കാവിൽ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേൽക്കൈയാണ് എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നത്
പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളിൽ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്‌സിറ്റ്‌പോൾ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടർമാർ പിന്തുണച്ചപ്പോൾ വൻ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എൻ.ഡി.എയെ തുണച്ചത് 12 ശതമാനംപേർ മാത്രം.

ശക്തമായ ത്രികോണമൽസരം നടന്ന വട്ടിയൂർക്കാവിൽ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷിൽ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനത്തെത്തിയ എൻ.ഡി.എയ്‌ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടർമാർ മാത്രമെന്നതും ശ്രദ്ധേയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസർവെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേൽക്കൈയോടെ എൽ.ഡി.എഫ് മണ്ഡലം നിലനിർത്തുമ്പോഴും 43 ശതമാനം വോട്ടർമാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എൻ.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.

എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടർമാരാണ്. എൽ.ഡി.എഫിന് 30 ശതമാനവും എൻ.ഡി.എയ്ക്ക് 12 ശതമാനവും വോട്ടർമാർ എറണാകുളത്ത് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നൽകിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്‌സിറ്റ്‌പോൾ ഫലം നൽകുന്ന സൂചന. 36 ശതമാനം വോട്ടർമാർ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ എൽ.ഡി.എഫും എൻ.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സർവെകളിൽ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തിൽ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരിൽക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങൾ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്-കാർവി ഇൻസൈറ്റ്‌സ് എക്‌സിറ്റ്‌പോൾ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP