Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുലാവർഷം കനത്തതോടെ 24 മണിക്കൂർ കൊണ്ട് സംസ്ഥാനത്ത് പെയ്തത് ശരാശരി 5.2 സെന്റീമിറ്റർ മഴ; നാളത്തെ ഒൻപത് ട്രെയിനുകൾ കൂടി റദ്ദാക്കി; തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ; കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി മാറാൻ സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും

തുലാവർഷം കനത്തതോടെ 24 മണിക്കൂർ കൊണ്ട് സംസ്ഥാനത്ത് പെയ്തത് ശരാശരി 5.2 സെന്റീമിറ്റർ മഴ; നാളത്തെ ഒൻപത് ട്രെയിനുകൾ കൂടി റദ്ദാക്കി; തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ; കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി മാറാൻ സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തുലാവർഷം കനത്തതോടെ 24 മണിക്കൂർ നേരം കൊണ്ട് കേരളത്തിൽ പെയ്തത് ശരാശരി 5.2 സെന്റിമീറ്റർ മഴ. 20 സെന്റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും നിലവിൽ 70 മുതൽ 90 ശതമാനം വരെ വെള്ളമുണ്ട്. ഇടുക്കിയിൽ ശേഷിയുടെ 71 ശതമാനവും ശബരിഗിരിയിൽ 70 ശതമാനവുമാണ് ജലനിരപ്പ്. അടുത്ത 10 ദിവസങ്ങളിൽ വരാനിരിക്കുന്ന മഴയുടെ ശക്തിയും തോതുമനുസരിച്ച് ഡാമുകളിൽ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇന്ന് പെയ്ത മഴ പ്രതികൂലമായി ബാധിച്ചത് യാത്രക്കാരെയും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരെയും ആയിരുന്നു.

ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയിൽ കേരളമെമ്പാടും ട്രെയിൻ ഗതാഗതം സാരമായി തടസ്സപ്പെട്ടു. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും.

അടുത്ത അഞ്ച് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടർന്ന് അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദ്ദേശം. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്റെ പ്രവചനം.

ഒൻപത് ട്രെയിനുകൾ റദ്ദാക്കി

മഴയെ തുടർന്ന് ചൊവ്വാഴ്ച സർവീസ് നടത്തേണ്ടിയിരുന്ന രണ്ട് എക്സ്‌പ്രസുകളടക്കം ഒൻപത് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ബംഗളൂരു-എറണാകുളം എക്സ്‌പ്രസ് (12677), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്‌പ്രസ് (12081 ) എന്നിവയാണു പൂർണമായി റദ്ദാക്കിയത്. ഗുരുവായൂർ-പുനലൂർ (56365), പുനലൂർ-ഗുരുവായൂർ (56366), ഷൊർണൂർ-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം പാസഞ്ചർ (56393) എന്നിവയും റദ്ദാക്കി.

അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറായിരിക്കുകയാണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ വെള്ളം കയറിയതും സിഗ്‌നൽ സംവിധാനം നിലച്ചതുമാണു ഗതാഗത തടസത്തിനു കാരണമായത്. എക്സ്‌പ്രസുകളടക്കം 14 ട്രെയിനുകൾ പൂർണമായും 23 ട്രെയിനുകൾ ഭാഗികമായും റദാക്കി. മൂന്നു ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടിനു പുറമേ വൈക്കത്തിനും പിറവത്തിനും ഇടയിൽ പാളത്തിലേക്കു മണ്ണിടിച്ചിലുണ്ടായതും സർവീസുകൾ മുടങ്ങാനും വൈകാനും കാരണമായി. തിരുവനന്തപുരം -ചണ്ഡിഗഡ് സന്പർക്ക് ക്രാന്തി എക്സ്‌പ്രസ്, തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു.

അതിനിടെ കനത്ത മഴയെ തുടർന്ന് രാവിലെ തടസ്സപ്പെട്ട എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ്, ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ്സ് എന്നിവ സൗത്ത് സ്റ്റേഷനിലൂടെ യാത്ര തുടങ്ങി.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.

നാളെ നാല് ജില്ലകളിൽ അവധി

മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ആയിരിക്കും. കുട്ടികൾക്കുള്ള പോഷകാഹാര വിതരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അംഗനവാടികൾ തുറന്നുപ്രവർത്തിക്കും.

അതേസമയം മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. അവധി മൂലം നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് പുനഃക്രമീകരിക്കും.

കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ ചക്രവാതച്ചുഴി

സംസ്ഥാനത്തു പെയ്ത ശക്തമായ മഴയ്ക്കു കാരണം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി (സൈക്ലോണിക് സർക്കുലേഷൻ) എന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറിയേക്കും. അറബിക്കടലിൽ വടക്കുകിഴക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ചൊവ്വാഴ്ച ശക്തമായി വടക്കുപടിഞ്ഞാറു ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചന. ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

ഇതോടൊപ്പം ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരത്തു മറ്റൊരു ന്യൂനമർദം രൂപപ്പെട്ടുവരികയാണെന്നും മുന്നറിയിപ്പുണ്ട്. ഇവിടെ രൂപപ്പെട്ട ചക്രവാതച്ചുഴി 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP