Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരഞ്ഞെടുപ്പ് ആവേശത്തെ വെള്ളത്തിലാക്കി പോളിങ് ദിനത്തിലെ മഴ; വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ പാർട്ടി പ്രവർത്തകർ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഒരു പകൽ മുഴുവൻ പടവെട്ടിയതും മഴയോട്; ബൂത്തുകളെ പോലും 'കുള'മാക്കിയ മഴ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വലച്ചതും തുണച്ചതും ആരെയെന്ന കണക്കുകൂട്ടലിൽ മുന്നണികളും

തെരഞ്ഞെടുപ്പ് ആവേശത്തെ വെള്ളത്തിലാക്കി പോളിങ് ദിനത്തിലെ മഴ; വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ പാർട്ടി പ്രവർത്തകർ വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ഒരു പകൽ മുഴുവൻ പടവെട്ടിയതും മഴയോട്; ബൂത്തുകളെ പോലും 'കുള'മാക്കിയ മഴ എറണാകുളം ഉപതെരഞ്ഞെടുപ്പിൽ വലച്ചതും തുണച്ചതും ആരെയെന്ന കണക്കുകൂട്ടലിൽ മുന്നണികളും

സുവർണ പി എസ്

എറണാകുളം: ശക്തമായ മഴ ഇക്കുറി എറണാകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തിൽ വരുത്തിയ കുറവ് തെല്ലൊന്നുമല്ല. സാധാരണ കനത്ത പോളിംങ് നടക്കാറുള്ള മണ്ഡലത്തിൽ ഇത്തവണ മന്ദഗതിയിലാണ് പോളിംങ് നടന്നത്. രാവിലെ മുതൽ നിർത്താതെ പെയ്ത കനത്ത മഴയും, വെള്ളപ്പൊക്കവും, ഇതേ തുടർന്ന് ഉണ്ടായ ബ്ലോക്കുമാണ് വോട്ടർമാർക്ക് ബൂത്തുകളിലേയ്ക്ക് എത്താൻ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. വെള്ളം പൊങ്ങിയതോടെ വാഹനങ്ങൾ നിരത്തിൽ ഇറങ്ങാതെയായി. ഇതും പോളിംങ് മന്ദഗതിയിലാകാൻ കാരണമായി. എന്നാൽ ശക്തമായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് അൽപം ശമനം കിട്ടിയതോടെ മഴ കാരണം വീട്ടിൽ തന്നെ ഇരുന്നവർ പതിയെ പുറത്തിറങ്ങി തുടങ്ങി. മന്ദഗതിയിലായിരുന്ന പോളിംങ് പതിയെ മെച്ചപ്പെട്ടു തുടങ്ങി. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്.

എൽ.ഡി.എഫും, യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിലെ പ്രചാരണങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രചരണത്തിൽ ഉൾപ്പെടെ ഒപ്പത്തിനൊപ്പം നിന്നവർ പോളിംങ് ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ രാവിലെ തന്നെ തുടങ്ങിയ മഴ മൂലം പോളിംങ് മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റിവെയ്ക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകളും പുറത്ത് വന്നിരുന്നു. അതേസമയം മഴ ശക്തമാണെങ്കിലും, എറണാകുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഇതിന് പിന്നാലെ അറിയിച്ചത്. കൂടാതെ മഴ കാരണം വോട്ടർമാർക്ക് ബൂത്തുകളിലെത്താൻ പ്രയാസമുണ്ടെങ്കിൽ സാഹചര്യങ്ങൾ വിലയിരുത്തി വോട്ടെടുപ്പ് സമയം നീട്ടി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നുമാണ് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ കനത്ത മഴയിൽ പോളിംങ് ബൂത്തുകളിലും വെള്ളം കയറിയതോടെ ചില ബൂത്തുകളിലെ പോളിംങ് നിർത്തി വെയ്ക്കേണ്ടതായി വന്നു. അതുകൊണ്ട് തന്നെ ചില ബൂത്തുകൾ മാറ്റി ക്രമീകരിക്കുകയും ചെയ്തു. ഇതെല്ലാം കൊണ്ട് തന്നെ ആദ്യം പോളിംങ് ശതമാനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയതും എറണാകുളത്താണ്. മഴ മാറാതെ നിൽക്കുന്ന സാഹചര്യത്തിൽ റോഡുകളിലും വീടുകളിലും പോളിംങ് ബൂത്തുകളുടെ സമീപത്തുമെല്ലാം വെള്ളം കയറിയിരുന്നു. ഇതും ഇതിന് പുറമേ നഗരത്തിൽ രൂപപ്പെട്ട ബ്ലോക്കുമാണ് ജനങ്ങളെ പുറത്തിറങ്ങാൻ മടുപ്പിച്ച കാര്യം. എങ്കിൽ പോലും ഇതെല്ലാം മറികടന്ന് വോട്ട് ചെയ്യാൻ എത്തുന്നവരും കുറവായിരുന്നില്ല. നടക്കാൻ പോലും സാധിക്കാതെ മറ്റുള്ളവരെ താങ്ങി മഴയെ ഗൗനിക്കാതെ എത്തുന്ന വൃദ്ധരായ ആളുകളെയും ഒട്ടുമിക്ക ബൂത്തുകളിലും കാണാമായിരുന്നു. മഴ ശക്തമായി നിൽക്കുന്നതിനോടൊപ്പം തന്നെ ഓരോ പാർട്ടിയിലെ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് പരമാവധി ആളുകളെ പോളിങ് ബൂത്തിലെത്തിക്കാൻ ശ്രമിച്ചു. വോട്ടർമാരെ കൃത്യ സമയം പോളിംങ് ബൂത്തുകളിൽ എത്തിക്കാനും കാര്യങ്ങൾ കൃത്യമായി അന്വേഷിക്കാനും ഇവർ ഒരു പകൽ മുഴുവൻ പടവെട്ടിയത് മഴയോടായിരുന്നു.

പോളിംങ് മന്ദഗതിയിൽ ആയത് രാഷ്ട്രീയ പ്രവർത്തകരെ തുടക്കത്തിൽ ഭയപ്പെടുത്തിയിരുന്നു. എന്നാൽ മഴ കുറഞ്ഞത് ഇവർക്ക് പിന്നീട് ആശ്വാസമായി. പ്രചാരണങ്ങളിൽ മുന്നിട്ട് നിന്നിരുന്ന പ്രവർത്തകരുടെ ആത്മവിശ്വാസത്തിൽ കുറവ് വന്നിട്ടില്ല. തങ്ങളുടെ പാർട്ടി തന്നെ വിജയിക്കും എന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്. ഇതേ ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് മറ്റ് പാർട്ടിയിലെ പ്രവർത്തകരും.

എറണാകുളം ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഞ്ചേശ്വരം, അരൂർ,കോന്നി, വട്ടിയൂർക്കാവ് എന്നിവയാണ് എറണാകുളത്തിന് പുറമേയുള്ള മറ്റ് മണ്ഡലങ്ങൾ. മഞ്ചേശ്വരത്ത് 2.14 ലക്ഷവും എറണാകുളത്ത് 1.55ലക്ഷവും അരൂരിൽ1.91 ലക്ഷവും കോന്നിയിൽ1.98 ലക്ഷവും വട്ടിയൂർക്കാവിൽ 1.97 ലക്ഷവും വോട്ടർമാരാണുള്ളത്. മാത്രമല്ല മഞ്ചേശ്വരത്ത് 2693,എറണാകുളത്ത് 2905,അരൂരിൽ 1962,കോന്നിയിൽ 3251,വട്ടിയൂർക്കാവിൽ 1969 എന്നിങ്ങിനെയാണ് പുതിയ വോട്ടർമാരുടെ കണക്ക്. അരൂർ ഒഴികെ നാല് മണ്ഡലങ്ങളും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണങ്കിലും തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത് മാറ്റിക്കുറിക്കാനാണ് സാധ്യതയെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP