Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിക്ഷ എന്തിനെന്നറിയാതെ വിചാരണ തടവുകാരനായി ഒരുപതിറ്റാണ്ടുകാലമായി പരപ്പന അഗ്രഹാര ജയിലിൽ; കർണാടക പൊലീസ് അകത്താക്കിയത് ബാംഗ്ലൂർ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ച സ്ഥാപനത്തിൽ ജോലി ചെയ്തതിന്റെ പേരിൽ; മുഖ്യസാക്ഷി തന്നെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞിട്ടും മോചനമില്ല; ഒരുദിവസത്തെ ജാമ്യം നേടി ശരീരം തളർന്ന ഉമ്മ ബിയ്യുമ്മയെ ഒരുനോക്ക് കാണാനെത്തി സക്കരിയ

ശിക്ഷ എന്തിനെന്നറിയാതെ വിചാരണ തടവുകാരനായി ഒരുപതിറ്റാണ്ടുകാലമായി പരപ്പന അഗ്രഹാര ജയിലിൽ; കർണാടക പൊലീസ് അകത്താക്കിയത് ബാംഗ്ലൂർ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിർമ്മിച്ച സ്ഥാപനത്തിൽ ജോലി ചെയ്തതിന്റെ പേരിൽ; മുഖ്യസാക്ഷി തന്നെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞിട്ടും മോചനമില്ല; ഒരുദിവസത്തെ ജാമ്യം നേടി ശരീരം തളർന്ന ഉമ്മ ബിയ്യുമ്മയെ ഒരുനോക്ക് കാണാനെത്തി സക്കരിയ

ജംഷാദ് മലപ്പുറം

മലപ്പുറം: ബാംഗ്ലൂർ സ്‌ഫോടന കേസിൽ വിചാരണത്തടവുകാരനായി ഒരു പതിറ്റാണ്ടുകാലമായി പരപ്പന അഗ്രഹാര ജയിലിൽ വിചാരണ തടവുകാരനായ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സക്കരിയ (28) വിചാരണ കോടതിയുടെ കനിവിൽ രോഗിയായ ഉമ്മയെ ഒരു നോക്കുകണ്ട് വീണ്ടും തടവറയിലെക്ക് മടങ്ങി. രോഗം കൊണ്ട് ഒരു ഭാഗം തളർന്ന മാതാവ് ബിയ്യുമ്മയെ കാണാൻ വിചാരണ കോടതി ഒരു ദിവസത്തെ ജാമ്യമാണ് സക്കരിയക്ക് അനുവദിച്ചിരുന്നത്. തുടർന്ന് ഞായർ രാവിലെ 8 മണിക്കാണ് പരപ്പനങ്ങാടി പുത്തൻ പീടികയിലെ വീട്ടിലെത്തിയത്. ഉമ്മയെ കണ്ട് തിരിച്ച് രാത്രി 10 മണിക്ക് കർണ്ണാടകയിലേക്ക് പുറപ്പെടാൻ പൊലീസ് വാഹനത്തിലേക്ക് കയറുമ്പോൾ സക്കരിയ തന്നെ യാത്രയാക്കാൻ വന്നവരെ നിറപുഞ്ചിരിയോടെയാണ് അഭിവാദ്യം ചെയ്തത്.

വളരെ നേരത്തെ ഭർത്താവും പിന്നീട് ഒരുമകനും മരണപ്പെട്ട് ജീവിതകാലം മുഴുവൻ അനാഥത്വത്തിന്റെ നോവനുഭവിച്ച ഉമ്മ ബിയ്യുമ്മ അവിവാഹിതനായ തന്റെ കുഞ്ഞുമോൻ സക്കരിയക്ക് നീതി ലഭിക്കുന്നതും കാത്ത് നിയമ പോരാട്ട ജീവിതത്തിനിടെ രോഗശയ്യയിലെക്ക് തളർന്നു വീഴുകയായിരുന്നു. ഒരു നീതിപീഠത്തിന്റെയും തീർപ്പില്ലാതെ പതിറ്റാണ്ടുകാലമായി ബാംഗ്ലൂർ പൊലീസ് അഗ്രഹാര തടവറയിൽ തളച്ചിട്ട സക്കരിയയുടെ കൗമാരം യൗവ്വനത്തിലേക്ക് കടന്നിട്ടും അനുഭവിച്ച് കൊണ്ടിരിക്കുന്ന ശിക്ഷ എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നീളുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബാംഗ്ലൂർ സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ റിമോട്ട് നിർമ്മിച്ച സ്ഥാപനത്തിൽ അക്കാലത്ത് ജോലി ചെയ്തുവെന്ന കുറ്റം ആരോപിച്ച് ഗുണ്ടാ നിയമത്തിന്റെ ബലത്തിൽ കർണാടക പൊലീസ് പിടിച്ചു കൊണ്ടുപോവുകയും പിന്നീട് എൻഐഎക്ക് കൈമാറുകയും ചെയ്ത കേസ് എത്രയും വേഗം തീർപ്പ് കൽപ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടായിട്ടും നടപടി ക്രമങ്ങൾ അന്ത്യമഘട്ടത്തിലാണന്ന ഔദോഗിക ഭാഷ്യത്തിനപ്പുറം വിചാരണ എന്ന് പൂർത്തിയാക്കാനാകുമെന്ന് പറയാൻ നീതിപീഠങ്ങൾക്ക് ഇതുവരെ ഉറപ്പു നൽകാനായിട്ടില്ല. പിഡിപി നേതാവ് അബ്ദുനാസിർ മഅദനി ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രമുഖർ പ്രതിയായ കേസിൽ ആരെയൊ കുടുക്കാനുള്ള ആസൂത്രണത്തിന്റെ ഇരയാണ് സക്കരിയെന്ന് ഫ്രീ സക്കരിയ ആക്ഷൻ ഫോറവും, സോളിഡാരിറ്റി ഉൾപ്പടെയുള്ള സംഘടനകളും ആരോപിക്കുന്നു.

സക്കരിയക്കെതിരെ പൊലീസ് ചൂണ്ടിക്കാട്ടിയ സാക്ഷിമൊഴികളുടെ വിശ്വാസ്യത പോലും ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രധാന സാക്ഷികളിലൊരാളായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസൻ തന്റെ പേരിൽ പൊലീസ് കോടതിയിൽ കൊടുത്ത രേഖകൾ വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സക്കറിയ സംഭവ ദിവസം സാധനങ്ങളുമായി പോകുന്നത് കണ്ടുവെന്നും മറ്റുമുള്ള മൊഴിയാണ് പൊലീസ് ഹരിദാസന്റെ പേരിൽ രേഖപ്പെടുത്തിയിരുക്കുന്നത്. എന്നാൽ ഈ മൊഴി വ്യാജമാണെന്നും താൻ ഇങ്ങനെയാന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഹരിദാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

രോഗിയായ മാതാവിനെ കാണാൻ സ്വന്തം ചെലവിൽ ഒറ്റ ദിവസത്തെ ജാമ്യമാണ് വിചാരണ കോടതി അനുവദിച്ചത്. ഏഴ അംഗ സുരക്ഷാ പൊലീസിന്റെ ചെലവുൾപ്പടെ ഒരു ലക്ഷത്തോളം രൂപയുടെ ചെലവ് ഫ്രീ സക്കരിയ ആക്ഷൻ ഫോറവും സോളിഡാരിറ്റി സംസ്ഥാന നേതൃത്വവും വഹിക്കാൻ തയാറായതോടെയാണ് മകനെ ഒരു നോക്കു കാണാനുള്ള ബിയ്യുമയുടെ മോഹം പൂവണിഞ്ഞത്. നീതി പുലരാൻ പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനക്കപ്പുറം ഒട്ടും നിരാശയില്ലാതെയാണ് സക്കരിയയുടെ മടക്കം.

ബീയുമ്മയുടെ ജീവിതത്തിൽ ദുരന്തം തുടർക്കഥ

മക്കളുടെ ചിറകിന് കരുത്താകും മുമ്പ് ഭർത്താവിന്റെ വേർപാട്, പതിറ്റാണ്ടായി തുടരുന്ന ഇളയ മകന്റെ ജയിൽ വാസം, മക്കളിൽ ഒരാളുടെ മരണം. പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടിൽ ബീയുമ്മയുടെ ജീവിതത്തിൽ ദുഃഖങ്ങൾ തുടർക്കഥയാണ്. രണ്ടുവർഷം മുമ്പ്, 31 വയസ്സുള്ള മകൻ മുഹമ്മദ് ഷെരീഫിന്റെ മരണം ഈ അമ്മയെ തകർത്തിരുന്നു.ബംഗളൂരു സ്‌ഫോടന കേസിൽ പ്രതി ചേർക്കപ്പെട്ട് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന സകരിയയുടെ മാതാവ്. സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും പ്രതീകമായിരുന്നു, പരപ്പനങ്ങാടി ബീച്ച് റോഡിലെ 'മുബാറക്ക് മൻസിലി'ലെ ഈ ഉമ്മ. ഇ്പ്പോൾ ഇതാ ഇവർ രോഗിയുമായി മാറിക്കഴിഞ്ഞു.

2009 ഫെബ്രുവരിയിൽ സകരിയയുടെ അറസ്റ്റിന് പിറകെ ബീയുമ്മയും മക്കളും അവരുടെ സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. സകരിയയെ പറ്റി കള്ളക്കഥകൾ പ്രചരിച്ചപ്പോൾ ഉമ്മ വേദനിച്ചു. തീവ്രവാദിയുടെ ഉമ്മയെന്ന് പൊലീസും മാധ്യമങ്ങളും മുദ്രകുത്തി. ഈ പരീക്ഷണങ്ങളെ എല്ലാം നിശ്ചയ ദാർഡ്യത്തോടെ അവർ അതിജീവിക്കയായിരുന്നു.

ഭീകരനെന്ന് മുദ്രകുത്തി കൃത്യം എട്ട് വർഷങ്ങൾക്കു മുമ്പായിരുന്നു സകരിയയെ എൻ.ഐ.എ ഉദ്യോഗസ്ഥർ 2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അന്ന് സക്കരിയ്യയുടെ പ്രായം 18. ബംഗളുരു സ്ഫോടനത്തിനായി ടൈമറുകളും മൈക്രോ ചിപ്പുകളും നിർമ്മിച്ചു നൽകി എന്നതാണ് സക്കരിയക്കു മേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ചെയ്ത തെറ്റ് തെളിയിക്കുകയോ, കുറ്റം തെളിയിച്ച് ശിക്ഷിക്കുകയോ ചെയ്യാതെ ജാമ്യം പോലും അനുവദിക്കാതെ കാരാഗൃഹത്തിലടച്ച് കേസ് എൻ.ഐ.എ കോടതിയിൽ അനന്തമായി നീളുകയായിരുന്നു. ഏഴര വർഷത്തിനു ശേഷം സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരു എൻ.ഐ.എ കോടതി സക്കരിയക്ക് നാലു ദിവസത്തെ ജാമ്യമനുവദിച്ചു. അപ്പോൾ നാട്ടിലെത്തി. അതിന് ശേഷം എത്തിയത് സഹോദരന്റെ മരണത്തിനും. പ്ിന്നീട് ഇപ്പോഴാണ് സക്കരിയ്യ നാട്ടിലെത്തിയത്.

2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് പോകുകയും അന്ന് പതിനൊന്നര മണിക്ക് തിരൂർ ഗൾഫ് ബസാറിൽ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതർ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സക്കരിയയെ കാണാതായതോടെ കൂട്ടുകാകാരും ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി. സമീപത്തുള്ള പരപ്പനങ്ങാടി, തിരൂർ, താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എംഎൽഎ. പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ ബന്ധപ്പെട്ടെങ്കിലും ആർക്കും സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് മൂന്നാം ദിവസം ഫെബ്രുവരി എട്ടാം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗൽർ സ്ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്ന വിവരം പുറത്തറിയുന്നത്.

ഇത് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാൽ സക്കരിയ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. എന്നാൽ കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച സക്കരിയ വയനാട്ടിൽനിന്നും ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലായിരുന്നു താമസിച്ചതും പഠിച്ചതുമെല്ലാം. ജോലി ലക്ഷ്യമിട്ട് പഠനം തുടർന്നെങ്കിലും ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇൻസ്റിറ്റിയൂട്ടിൽ ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സിനു ചേർന്നു പഠിച്ചു. പഠനശേഷം, പരിചയക്കാരിൽപ്പെട്ട അബ്ദുർറഹീമെന്ന അഫ്താബ് കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരൻ ഷറഫുദ്ദീന്റെ കടയിൽ ജോലി ഏർപ്പാടാക്കിക്കൊടുത്തു.

എന്നാൽ കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരിൽ തന്നെ മറ്റൊരു ജോലിയിൽ കയറി. കേസിലെ നാലാം പ്രതിയായ ഷറഫുദ്ദീനൊടൊപ്പം ബാംഗൽർ സ്ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിർമ്മിച്ചുനൽകിയെന്നാണ് സക്കരിയക്കെതിരായ കേസ്. സക്കരിയ കേസിൽ എട്ടാം പ്രതിയാണ്. പ്ലസ് ടു കഴിഞ്ഞ് ആറുമാസത്തെ മൊബൈൽ ടെക്നൊളജി കോഴ്സ് പഠിച്ച സാങ്കേതിക പരിജ്ഞാനമായിരുന്നു ക്കറിയക്കുണ്ടായിരുന്നത്. കുറ്റം നടത്തിയതായി പറയപ്പെടുന്ന കൊണ്ടോട്ടിയിലെ ജോലിവിട്ട് ഏതാണ്ട് ഒരുവർഷം കഴിഞ്ഞശേഷമായിരുന്നു സക്കരിയയെ അറസ്റ്റു ചെയ്തത്. എന്നാൽ വർഷങ്ങളായി സക്കരിയ്യയുടെ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP