Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലേഷ്യൻ സൂപ്പർമാർക്കറ്റിലെ ജോലിക്ക് നൽകിയത് 35000 മുതൽ 45000 വരെ ശമ്പളം വാഗ്ദാനം; നൽകിയത് പൊരിവെയിലത്ത് നിന്ന് ഫാമിലെ പുല്ലു വെട്ടുന്ന ജോലിയും; ശമ്പളം ചോദിച്ചപ്പോൾ ലഭിച്ചത് തടങ്കലിൽ നിർബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള മർദ്ദനവും; കേരളത്തിൽ നിന്ന് തുടർച്ചയായി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിനു പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയസ്വാധീനം; മനുഷ്യക്കടത്തിനു ഇരയായി മലേഷ്യയിൽ എത്തിപ്പെട്ട ഒമ്പത് പേർക്ക് രക്ഷകരായത് കെഎംസിസി പ്രവർത്തകരും

മലേഷ്യൻ സൂപ്പർമാർക്കറ്റിലെ ജോലിക്ക് നൽകിയത് 35000 മുതൽ 45000 വരെ ശമ്പളം വാഗ്ദാനം; നൽകിയത് പൊരിവെയിലത്ത് നിന്ന് ഫാമിലെ പുല്ലു വെട്ടുന്ന ജോലിയും; ശമ്പളം ചോദിച്ചപ്പോൾ ലഭിച്ചത് തടങ്കലിൽ നിർബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ചുള്ള മർദ്ദനവും; കേരളത്തിൽ നിന്ന് തുടർച്ചയായി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത്; റാക്കറ്റിനു പിന്നിൽ ഉദ്യോഗസ്ഥ രാഷ്ട്രീയസ്വാധീനം; മനുഷ്യക്കടത്തിനു ഇരയായി മലേഷ്യയിൽ എത്തിപ്പെട്ട ഒമ്പത് പേർക്ക് രക്ഷകരായത് കെഎംസിസി പ്രവർത്തകരും

എം മനോജ് കുമാർ

തിരുവനന്തപുരം: മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന റാക്കറ്റ് കേരളത്തിൽ സജീവം. മലേഷ്യയിലും കേരളത്തിലും വേരുകൾ ഉള്ള റാക്കറ്റിന്റെ പിടിയിൽ കുടുങ്ങി ഒട്ടുവളരെ മലയാളികൾ ആണ് വഞ്ചിതരാകുന്നത്. കേരളത്തിൽ നിന്ന് തുടർച്ചയായി മലേഷ്യയിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായാണ് സൂചനകൾ. മനുഷ്യക്കടത്ത് സംഘത്തിന്റെ കയ്യിൽ നിന്ന് ഒമ്പത് മലയാളികളെയാണ് ഇപ്പോൾ കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) രക്ഷപ്പെടുത്തി മലേഷ്യയിലെ സെലഗൂരിലുള്ള സ്വന്തം ഷെൽട്ടർ ക്യാമ്പിൽ പ്രവേശിപ്പിച്ചത്. മനുഷ്യക്കടത്ത് സംഘം ഈയിടെ മലേഷ്യയിൽ എത്തിച്ച് നട തള്ളിയ മലയാളികൾക്ക് കെഎംസിസി രക്ഷകരായതോടെയാണ് മനുഷ്യക്കടത്ത് വിവരം പുറത്തറിയുന്നത്. ജോലി വാഗ്ദാനം ചെയ്ത് വിസയുടെ പേരിൽ പണം തട്ടിയാണ് മലയാളികളെ മലേഷ്യയിൽ എത്തിച്ച് റാക്കറ്റ് മുങ്ങുന്നത്. ഒന്ന് മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. മനുഷ്യക്കടത്ത് നടത്തി ആളുകളെ മലേഷ്യയിൽ എത്തിച്ചാൽ അവിടെ നിന്നുള്ള റാക്കറ്റിൽ നിന്നും ഇവർ പണം ഈടാക്കും. മലേഷ്യൻ ജോലി എന്ന് പറഞ്ഞു മലയാളികളെ മലേഷ്യയിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. 35000 മുതൽ 45000 വരെ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ കൊച്ചിയിൽ നിന്ന് മലേഷ്യയിൽ എത്തിച്ചത്. വിസിറ്റിങ് വിസയിൽ മലേഷ്യയിൽക്കൊണ്ടുപോകുകയും പിന്നീട് പെർമനന്റ് ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങിക്കുകയും ചെയ്യുന്നു. പിന്നീട് പണവും പൈസയും കിട്ടാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.

കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഒമ്പത് പേരാണ് മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിൽകുടുങ്ങി വഞ്ചിതരായി മലേഷ്യയിലെ കെഎംസിസി പ്രവർത്തകർക്ക് ഒപ്പമുള്ളത്. ഇനിയും മലയാളികൾ ഇവരുടെ പിടിയിൽ കുടുങ്ങി വഞ്ചിതരായി മലേഷ്യയിൽ കഴിയുന്നുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കെഎംസിസി പ്രവർത്തകർ ഇത്തരം മലയാളികൾക്ക് വേണ്ടിയുള്ള പ്രവർത്തനം വ്യാപിപ്പിച്ചിട്ടുമുണ്ട്. 2016 മുതൽ തുടരുന്ന മനുഷ്യക്കടത്താണ് ഒരു പ്രശ്‌നവും കൂടാതെ ഇപ്പോഴും തുടരുന്നത്. വളരെ ശക്തമായ റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതിനാൽ ഇവരെ തൊടാൻ എല്ലാവരും മടിക്കുകയാണ്. രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം തന്നെയാണ് വിലങ്ങു വീഴ്‌ത്താതെ റാക്കറ്റിനെ സംരക്ഷിച്ചു നിർത്തുന്നത്. പതിനായിരം രൂപ മതി റിട്ടേൺ ടിക്കറ്റ് അടക്കം മലേഷ്യൻ യാത്രയ്ക്ക്. രണ്ടായിരം രൂപയിൽ താഴെ മാത്രം മതി വിസയ്ക്കും. ഇതിന്റെ മറവിലാണ് മാഫിയ വിസയുടെ പേരിൽ പണം ഈടാക്കി മനുഷ്യക്കടത്ത് റാക്കറ്റ് വിലസുന്നത്.

ശമ്പളമില്ല. ശമ്പളം ചോദിച്ചാൽ തെറിവിളിയും മർദ്ദനവും. ഇതാണ് ജോലി എന്ന മോഹന സ്വപ്നവുമായി മലേഷ്യയിൽ എത്തിക്കപ്പെട്ട മലയാളികൾക്ക് അനുഭവിക്കേണ്ടി വന്നത്. സൂപ്പർ മാർക്കറ്റിലെ ജോലി എന്ന് പറഞ്ഞു മലേഷ്യയിൽ എത്തിച്ചവർക്ക് ലഭിച്ചത് കൂലിയില്ലാത്ത ഫാമിലെ ജോലി. പൊരിവെയിലത്ത് നിന്ന് ഫാമിലെ പുല്ലു വെട്ടണം. ഈ പുല്ലുകൾ ട്രാക്ടറിൽ ആക്കി മറ്റു സ്ഥലത്ത് എത്തിക്കണം. മാനേജർ ആയ തമിഴനോട് ശമ്പളം ചോദിച്ചപ്പോൾ ലഭിച്ചത് തെറിവിളിയും മർദ്ദനവും. രക്ഷപ്പെട്ടു മലേഷ്യയിലെ സെലഗൂരിലുള്ള മലയാളികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. മാനേജരുടെ ശ്രദ്ധ തെറ്റിയപ്പോൾ ഗോൾഫ് ക്ലബിൽ നിന്നും രക്ഷപ്പെട്ടു കെഎംസിസി പ്രവർത്തകരുടെ അടുത്ത് എത്തിയാണ് രക്ഷപ്പെട്ടത്-രക്ഷപ്പെട്ടു ക്യാമ്പിൽ ഉള്ളവർ പറയുന്നു. ശമ്പളം ചോദിച്ചപ്പോൾ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചായിരുന്നു മർദ്ദനം. രക്ഷപ്പെട്ടവർ വീഡിയോയിൽ പറയുന്നു. നാട്ടിലേക്ക് മടങ്ങണമെങ്കിൽ മാഫിക്ക് പണം നൽകണം എന്നാണ് അവർ പറയുന്നത്. പണം നൽകിയാൽ അടിമപ്പണി ചെയ്യുന്നവരെ ഓരോരുത്തരെ വിടാം എന്നാണ് പറയുന്നത്.

ചതിയിൽ കുടുങ്ങി മലേഷ്യയിൽ ഉള്ള വിഷ്ണുവിന്റെ പ്രതികരണം ഇങ്ങനെ:

പാലക്കാട് വടക്കന്തറ സ്വദേശിയാണ് ഞാൻ. ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് കബീർ എന്നൊരാളെ ബന്ധപ്പെടുന്നത്. മലേഷ്യയിൽ സുപ്പർ മാർക്കറ്റിൽ വേക്കൻസി എന്ന് പറഞ്ഞാണ് കൊണ്ട് വന്നത്. 77000 രൂപയാണ് എനിക്ക് ആകെ ചെലവായത്. എയർപോർട്ടിൽ കബീർ വരും എന്ന് പറഞ്ഞിരുന്നു. കബീർ വന്നില്ല. പകരം വന്നത് മമ്മദ് എന്നോരാളാണ്. മമ്മദ് കഴിഞ്ഞയാഴ്ച വരെ മലേഷ്യയിൽ വന്നു പോയിട്ടുണ്ട്. സേഫ് ആയി ജോലി ചെയ്യാം എന്ന് പറഞ്ഞാണ് മലേഷ്യയിൽ എത്തിച്ചത്. മലേഷ്യയിൽ എത്തിച്ചപ്പോൾ സുപ്പർമാർക്കറ്റിൽ ജോലി ഇല്ല എന്ന് പറഞ്ഞു. പകരം വേറെ ഒരു കമ്പനിയിൽ ജോലി നൽകാം എന്ന് പറഞ്ഞു. കൊണ്ടുപോയത് ഫാമിൽ പുല്ലുവെട്ടുന്ന ജോലിക്കും. മലേഷ്യയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്. മലേഷ്യൻ കടത്ത് സംഘം മലയാളികളെ മലേഷ്യയിൽ എത്തിച്ച് ഇവിടുത്തെ മാഫിയക്ക് കൈമാറുകയാണ്. അതിനു മലയാളികളെ എത്തിക്കുന്നവർ പണം പറ്റും. മലേഷ്യയിൽ മലയാളികൾ എത്തിയാൽ ജോലി തീരുമാനിക്കുക മലേഷ്യൻ മാഫിയയാണ്. ശമ്പളം ലഭിക്കില്ല. ചോദിച്ചാൽ തെറിവിളിയും മർദ്ദനവുമാകും ഫലം. അടിമപ്പണിക്കാണ് എത്തിക്കുന്നത്. ആദ്യം പാസ്‌പോർട്ട് പിടിച്ചു വയ്ക്കും. ഇനി നാട്ടിലേക്ക് തിരികെ പോകണമെങ്കിൽ ഈ മലേഷ്യൻ മാഫിയക്ക് പണം നൽകണം. രണ്ടു മാസം ഫാമിൽ പുല്ലു വെട്ടി. പൊരിവെയിലത്ത് നിന്നുള്ള ജോലി. രണ്ടു മാസവും ശമ്പളവുമില്ല. ജോലിക്ക് പോകാതിരിക്കാൻ കഴിയില്ല. ഭീഷണിയും തെറിവിളിയും വരും. പേടിച്ചാണ് ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ഇന്നലെ ജോലിക്ക് പോയില്ല. അപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനും അവസരം ലഭിച്ചു. പുറത്തിറങ്ങിയപ്പോൾ കെഎംസിസി പ്രവർത്തകർ രക്ഷകരായി-വിഷ്ണു പറയുന്നു.

ചതിയിൽ കുടുങ്ങി മലേഷ്യയിൽ ഉള്ള ശ്രീജിത്തിന്റെ പ്രതികരണം:

ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. ജോലി തേടുമ്പോൾ ഒരു സുഹൃത്ത് ചെന്നൈയിലുള്ള ഒരാളുടെ നമ്പർ തന്നു. അരുൾ എന്നായിരുന്നു ആളുടെ പേര്. മലേഷ്യയിൽ ജോലി എന്നായിരുന്നു പറഞ്ഞത്. ചെന്ന ദിവസം തന്നെ മെഡിക്കൽ എടുത്തു. ടെക്‌നിക്കൽ അസിസ്റ്റന്റ് ആണ് ജോലി. മലേഷ്യൻ കമ്പനിയാണ്. ഇതാണ് പറഞ്ഞത്. 65000 രൂപയാകും എന്നാണ് പറഞ്ഞത്. 35000 രൂപ അരുളിന്റെ അക്കൗണ്ടിൽ ഇട്ട് നൽകി. 30000 രൂപ കാഷ് ആയി കയ്യിൽ നൽകി. മൂന്നു വർഷത്തേക്ക് എഗ്രിമെന്റ് എന്നാണു പറഞ്ഞത്. അത്തരം ഒരു എഗ്രിമെന്റ് എടുത്ത് നൽകുകയും ചെയ്തു. അത് സൈൻ ചെയ്തിട്ടാണ് മലേഷ്യയിൽ എത്തിയത്. മലേഷ്യയിൽ എത്തിയപ്പോൾ കാര്യങ്ങൾ മനസിലായി. ഒപ്പമുള്ളവരും സമാനമായി കബളിപ്പിക്കപ്പെട്ടവരാണ്. മലേഷ്യയിൽ ആളുകളെ എത്തിച്ച് അവിടെ കൊണ്ടുപോയി വിൽക്കുകയാണ് ചെയ്യുന്നത്. കമ്പനിയിൽ നിന്നും രക്ഷപ്പെട്ടു കെഎംസിസിയിൽ അഭയം തേടുകയായിരുന്നു-ശ്രീജിത്ത് പറയുന്നു.

മലേഷ്യൻ റാക്കറ്റിനെക്കുറിച്ച് കെഎംസിസി ഭാരവാഹികൾ പറഞ്ഞത് ഇങ്ങനെ:

കേരളത്തിൽ നിന്നും മലയാളികളെ മലേഷ്യയിൽ എത്തിക്കുന്ന റാക്കറ്റ് സജീവമാണ്. ഒട്ടനവധി ആളുകൾ ഇവരുടെ ചതിയിൽ കുരുങ്ങി മലേഷ്യയിലുണ്ട്. ഇപ്പോൾ ഒൻപത് മലയാളികൾ ക്യാമ്പിലുണ്ട്. ഇവരെ ഞങ്ങൾ രക്ഷപ്പെടുത്തി ക്യാമ്പിലാക്കിയതാണ്. വിസയുടെ മറവിൽ പണം തട്ടുന്ന സംഘമാണ് വിലസുന്നത്. ജോലി തേടുന്നവരെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരു മുഹമ്മദ് ഉണ്ട്. കേരള സ്വദേശി. ഇയാൾ ഇപ്പോൾ മുംബൈയിലാണ്. ഇയാൾക്ക് ഈ കടത്തിൽ മുഖ്യ പങ്കുണ്ട്. 2018 മുതൽ ഇയാൾ ആളുകളെ മലേഷ്യയിലേക്ക് കടത്തുന്നുണ്ട്. കൊച്ചിൻ എമിഗ്രേഷൻ പോലും അറിഞ്ഞിട്ടാണ് ആളുകളെ മലേഷ്യയിൽ എത്തിക്കുന്നത് എന്ന് ഇയാൾ വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. കഴിഞ്ഞ കൊല്ലം പ്രവാസി മലയാളി അസോസിയേഷൻ ഇയാളെ തടഞ്ഞു വെച്ചതാണ്. മുഹമ്മദ് കഴിഞ്ഞയാഴ്ച വരെ ആളുകളെ മലേഷ്യയിലേക്ക് കടത്തിയിട്ടുണ്ട്. മലയാളികളെയും മഹാരാഷ്ട്രക്കാരെയുമാണ് ഇയാൾ കടത്തുന്നത്. മുഹമ്മദാണ് ആളുകളെ മലേഷ്യൻ മാഫിയക്ക് വിൽക്കുന്നത്. ഇത്തരം മാഫിയ ഇവിടെ സജീവമാണ്. ഇപ്പോൾ ക്യാമ്പിലുള്ള മലയാളികൾക്ക് താത്കാലിക പാസ്‌പോർട്ട് എടുത്തു നൽകേണ്ടതുണ്ട്. ഇവരുടെ പാസ്‌പോർട്ട് ഏജന്റുമാരുടെ കയ്യിലാണ്. അതിനാണ് ശ്രമം നടത്തുന്നത്. അത് ലഭിച്ച ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഇവരെ കേരളത്തിലേക്ക് എത്തിക്കണം. അതേസമയം ഇവർ ഇന്ന് ഇന്ത്യൻ എംബസിക്ക് പരാതി നൽകുമെന്നും കെഎംസിസി ഭാരവാഹികൾ പറയുന്നു.

മുനമ്പത്തും കൊടുങ്ങല്ലൂരിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കുറച്ചു ബാഗുകൾ കണ്ടെത്തിയതോടെയാണ് കേരളത്തിൽ വീണ്ടും മനുഷ്യക്കടത്ത് ചർച്ചയാകുന്നത്. മുനമ്പം മനുഷ്യക്കടത്ത് വിവാദമായപ്പോഴും ഈ കടത്തിനെക്കുറിച്ച് വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ഇവിടെ നിന്ന് ബോട്ടിൽ കടത്തിയ ആളുകൾ എങ്ങോട്ട് പോയി എന്നതിനെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ല. ആരാണ് കടൽ കടന്നത്. ആരാണ് കടൽ കടത്തുന്നത്. ചോദ്യങ്ങൾക്കൊന്നും കൃത്യമായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻ സംഘം കേരള തീരത്ത് നിന്ന് ബോട്ടു മാർഗം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരിക്കുന്നു. എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്. എട്ടു വർഷം മുമ്പാണ് കേരളതീരം വഴിയുള്ള മനുഷ്യക്കടത്ത് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

2010 മെയ്. കൊല്ലം നഗരത്തിലെ ഇരുമ്പു പാലത്തിന് സമീപമുള്ള ഹോട്ടലിനെ ലക്ഷ്യമാക്കി പൊടുന്നനെ പൊലീസ് നീക്കമുണ്ടാകുന്നത്. രഹസ്യമായി നടന്ന ഓപറേഷൻ. പക്ഷെ എന്തിനാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥർക്ക് ഒരു പിടിയുമില്ലായിരുന്നു. ആരും ഹോട്ടലിൽ നിന്ന് രക്ഷപ്പെടരുത് എന്ന് മാത്രമായിരുന്നു ലഭിച്ചിരിക്കുന്ന ഉത്തരവ്. അൽപ സമയം കൂടി കഴിഞ്ഞാണ് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുന്ന മുപ്പത്തിയെട്ട് തമിഴരെ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശം ലഭിച്ചത്. മനുഷ്യക്കടത്തിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങൾ പക്ഷെ എവിടെയും എത്താറില്ല. ഇപ്പോൾ അന്വേഷണ ഏജൻസികൾക്ക് മുന്നിലേക്ക് മലേഷ്യൻ മനുഷ്യക്കടത്തിന്റെ വാർത്തകൾ വീണ്ടും എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP