Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യ ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നത് നൈറ്റി മാത്രം; അത് തിരുത്തി അടിവസ്ത്രം ഉൾപ്പെടെ എന്നാക്കിയത് എ എസ് ഐ അഗസ്റ്റിൻ എന്നതിന് ബലമേകാൻ പുതിയ സാക്ഷി മൊഴിയും; ഇൻക്വസ്റ്റ് റിപ്പോർട്ട് സാക്ഷിയുടെ ഒപ്പ് കൃത്രിമം നടത്തിയത് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞുവെന്ന ഡോക്ടറുടെ മൊഴി അതിനിർണ്ണായകം; ഫോററൻസിക് ലാബിലെ സീനിയൽ സയന്റഫിക് എക്‌സാമിനർ ഡോ. എം എ അലിയുടെ വെളിപ്പെടുത്തൽ കേസിന് കൂടതൽ ബലമാകും; അഭയാ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുരുക്കിലേക്ക്

ആദ്യ ഇൻക്വസ്റ്റിൽ ഉണ്ടായിരുന്നത് നൈറ്റി മാത്രം; അത് തിരുത്തി അടിവസ്ത്രം ഉൾപ്പെടെ എന്നാക്കിയത് എ എസ് ഐ അഗസ്റ്റിൻ എന്നതിന് ബലമേകാൻ പുതിയ സാക്ഷി മൊഴിയും; ഇൻക്വസ്റ്റ് റിപ്പോർട്ട് സാക്ഷിയുടെ ഒപ്പ് കൃത്രിമം നടത്തിയത് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞുവെന്ന ഡോക്ടറുടെ മൊഴി അതിനിർണ്ണായകം; ഫോററൻസിക് ലാബിലെ സീനിയൽ സയന്റഫിക് എക്‌സാമിനർ ഡോ. എം എ അലിയുടെ വെളിപ്പെടുത്തൽ കേസിന് കൂടതൽ ബലമാകും; അഭയാ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുരുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഭയ കേസിലെ ഇൻക്വസ്റ്റ് റിപ്പോർട്ട് സാക്ഷിയുടെ ഒപ്പ് കൃത്രിമം നടത്തിയത് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞുവെന്ന് ഡൽഹി ഫോററൻസിക് ലാബിലെ സീനിയൽ സയന്റഫിക് എക്‌സാമിനർ ഡോ. എം എ അലി സിബിഐ കോടതിയിൽ വിചാരണക്കിടെ മൊഴി നൽകി. ഡോ. എം എ അലിയെ പ്രോസിക്യൂഷൻ 21-ാം സാക്ഷിയായിട്ടാണ് വിസ്തരിച്ചത്. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിയിൽ നടക്കുന്നത്. വിചാരണ നാളേയും തുടരും.

സിസ്റ്റർ അഭയ മരിച്ച ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ വി വി അഗസ്റ്റിൻ ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ സാക്ഷിയായി അയ്മനം സ്വദേശി ജോൺ സ്‌കറിയ എന്നയാളുടെ ഒപ്പ് കൃത്രിമയമായി ഇട്ടത് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. ജോൺ സ്‌കറിയ പ്രോസിക്യൂഷൻ സാക്ഷിയായി സിബിഐ കോടതിയിൽ വിചാരണക്കിടയിൽ മൊഴി നൽകിയിരുന്നു. ഇൻക്വസ്‌ററ് റിപ്പോർട്ടിൽ കൃത്രിമം നടത്തിയതിന് അഭയ കേസിലെ ആദ്യത്തെ പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായ വി വി അഗസ്റ്റിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കി സിബിഐ കോടതിയിൽ 2009 ൽ കുറ്റപത്രം നൽകിയിരുന്നു.

സിസ്റ്റർ അഭയയുടെ മൃതദേഹത്തിന്റെ യഥാർഥ ഇൻക്വസ്റ്റ് കീറിക്കളഞ്ഞ് പുതിയ ഇൻക്വസ്റ്റ് തയ്യാറാക്കാൻ വി.വി.അഗസ്റ്റിൻ നിർദ്ദേശിച്ചിരുന്നതായി സാക്ഷി മൊഴി കോടതിക്ക് കിട്ടിയിരുന്നു. ഇൻക്വസ്റ്റിൽ തിരിമറി നടത്തിയതിന് സിബിഐ. പ്രതിയാക്കിയ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ.യായിരുന്നു വി.വി.അഗസ്റ്റിൻ. പൊലീസ് സ്റ്റേഷനിൽ വച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് സംഭവദിവസം അഗസ്റ്റിനൊപ്പം സ്ഥലം സന്ദർശിച്ച ഹെഡ് കോൺസ്റ്റബിളായ എം.എം.തോമസ് കോടതിയിൽ മൊഴിനൽകിയിരുന്നു. ആദ്യ ഇൻക്വസ്റ്റിൽ സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ നൈറ്റി മാത്രമേയുള്ളൂ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തിയാണ് അടിവസ്ത്രമുൾപ്പെടെയുള്ളവ ഉണ്ടായിരുന്നതായി പുതിയ ഇൻക്വസ്റ്റ് തയ്യാറാക്കിപ്പിച്ചത്. ഇൻക്വസ്റ്റ് തയ്യാറാക്കിയ സ്‌കറിയ എന്ന പൊലീസുകാരന്റെ കൈപ്പടയും വി.വി.അഗസ്റ്റിന്റെ ഒപ്പും സാക്ഷി തിരിച്ചറിഞ്ഞു.

കുറ്റപത്രത്തിലെ എട്ടാം സാക്ഷിയും പ്രോസിക്യൂഷന്റെ നാലാം സാക്ഷിയുമാണു തോമസ്. യഥാർഥ ഇൻക്വസ്റ്റ് റിപ്പോർട്ട് തിരുത്തി പുതിയ റിപ്പോർട്ടാണു രേഖപ്പെടുത്തിയതെന്നു തോമസ് സിബിഐക്കും മൊഴി നൽകിയിരുന്നു. 2008ൽ വിവി അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസ്ഥലം സന്ദർശിച്ചപ്പോൾ അടുക്കളയിൽ ഒരു കൈക്കോടാലി ഉണ്ടായിരുന്നു. ഫ്രിഡ്ജ് വാതിൽ തുറന്നനിലയിലായിരുന്നു. സിസ്റ്റർ അഭയയുടെ ചെരുപ്പ് രണ്ടിടത്തായി കിടന്നിരുന്നു. സിസ്റ്ററിന്റെ ശിരോവസ്ത്രം കതകിന്റെ കുറ്റിയിൽ ഉടക്കിക്കിടക്കുന്ന നിലയിലായിരുന്നു. വെള്ളംനിറഞ്ഞ കുപ്പി മൂടിയില്ലാതെ വാർന്ന് ഒഴുകിക്കൊണ്ടിരുന്നെന്നും സാക്ഷി മൊഴിനൽകിയിരുന്നു.ആ മൊഴിക്ക് കരുത്ത് പകരുന്നതാണ് ഫോറൻസിക് ലാബിലെ ഡോക്ടറുടെ മൊഴി.

ആദ്യം ലോക്കൽ പൊലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിച്ചു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. 15 വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു.സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെടുത്തു. അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എ.എസ്.‌ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന ആപോരണവും ഉയർന്നിരുന്നു. പല തവണ സിബിഐ അഗസ്റ്റിനെ ചോദ്യം ചെയ്തിരുന്നു. അഗസ്റ്റിന്റെ മൊഴികൾ പലതും വൈരുധ്യം നിറഞ്ഞതായിരുന്നു.

1992 മാർച്ച് 27നാണ് കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ പൊത്തുമ്പതുകാരിയായ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയോ കൊലപാതകമോ? ഈ ചോദ്യത്തിന് പിന്നാലെ അന്വേഷണങ്ങൾ നിരവധി നടന്നു. സഭയുമായി ബന്ധപ്പെട്ട മറ്റ് പല കേസുകളും ചരിത്രമായി മാറിയപ്പോൾ ഇന്നും കോടതിയിലും മാധ്യമ റിപ്പോർട്ടുകളിലും നിറഞ്ഞ് നിൽക്കുകയാണ് അഭയ കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP