Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപോസ്തലന് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്നത് അഞ്ചലിലെ സ്റ്റേഷനറിക്കട മാത്രം; യേശുവിന്റെ ശിഷ്യനെന്ന് സ്വയം പ്രഖ്യാപിച്ച കൾട്ട് ഗ്രൂപ്പ് സുവിശേഷകന് ഇന്ന് ദുബായിലും ഷാർജയിലും അബുദാബിയിലും അലൈനിലും വരെ നീളുന്ന ചർച്ച് സാമ്രാജ്യം; രോഗ ശാന്തി സുവിശേഷകനെ ബംഗ്ലാവ് കേസിൽ തൊട്ട അസിസ്റ്റന്റ് കമ്മീഷർക്ക് പണി കിട്ടിയത് അതിവേഗം; ഹവാല ഫയൽ മുക്കി താരുവിനെ രക്ഷിച്ചത് വിശ്വാസിയായ പൊലീസ് ഉന്നതൻ; ജോൺ താരുവിന്റെ 'ഹവാലാ സുവിശേഷം' സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

അപോസ്തലന് ഒന്നര പതിറ്റാണ്ട് മുമ്പുണ്ടായിരുന്നത് അഞ്ചലിലെ സ്റ്റേഷനറിക്കട മാത്രം; യേശുവിന്റെ ശിഷ്യനെന്ന് സ്വയം പ്രഖ്യാപിച്ച കൾട്ട് ഗ്രൂപ്പ് സുവിശേഷകന് ഇന്ന് ദുബായിലും ഷാർജയിലും അബുദാബിയിലും അലൈനിലും വരെ നീളുന്ന ചർച്ച് സാമ്രാജ്യം; രോഗ ശാന്തി സുവിശേഷകനെ ബംഗ്ലാവ് കേസിൽ തൊട്ട അസിസ്റ്റന്റ് കമ്മീഷർക്ക് പണി കിട്ടിയത് അതിവേഗം; ഹവാല ഫയൽ മുക്കി താരുവിനെ രക്ഷിച്ചത് വിശ്വാസിയായ പൊലീസ് ഉന്നതൻ; ജോൺ താരുവിന്റെ 'ഹവാലാ സുവിശേഷം' സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വയം പ്രഖ്യാപിത അപ്പോസ്തലനാണ് ജോൺ താരു എന്നാണ് പ്രഖ്യാപനം. സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരെയാണ് അപ്പോസ്തലന്മാർ അഥവാ ശ്ലീഹന്മാർ എന്നറിയപ്പെടുന്നു. ഇവർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്‌സാക്ഷികളുമായിരുന്നു. ഈ അപ്പോസ്തല പദം ഉപയോഗിച്ചാണ് ജോൺ താരു വളർന്ന് പന്തലിച്ചത്. രോഗ ശാന്തി സുവിശേഷത്തിലൂടെ പടർന്ന് പന്തലിച്ച ജോൺ താരു ഇന്ന് വിവാദത്തിലാണ്. നാരദാ സംഘത്തിന്റെ ഒളിക്യാമറയിൽ കുടുങ്ങിയ ജോൺ താരു പലപ്പോഴും അന്വേഷണങ്ങൾക്ക് വിധേയനായിട്ടുണ്ട്. എന്നാൽ രക്ഷപ്പെട്ടത് ഉന്നത ബന്ധങ്ങൾ കാരണമാണ്. മേനകുളത്തെ ആഡംബര ബംഗ്ലാവിലെ തട്ടിപ്പ് കേസ് അട്ടിമറിച്ചതും ഇതിന് തെളിവാണ്.

ഏകദേശം ഒന്നര പതിറ്റാണ്ടിന്റെ മാത്രം പ്രായം ഉള്ള താരുവിന്റെ പ്രസ്ഥാനം രോഗശാന്തിയുടെ നിഴലിൽ ജനങ്ങളിൽ നിന്നും പണം അടിച്ചു മാറ്റുന്ന ബിസിനസ് ആയി മാറിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങൾ. ഇതിന് പിറകെ ജോൺ താരുവിനെതിരായ പ്രതിഷേധവും കാമ്പൈയ്‌നും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. സ്‌റ്റേഷനറി കട ഉടമയായ ജോൺ താരു എങ്ങനെ സ്വയം പ്രഖ്യാപിത അപോസ്തലനായി എന്ന് ആർക്കും പിടിയില്ല. ഹവാലാ ഡീലർമാരെന്ന വ്യാജേന ജോൺ താരുവിനെ സമീപിച്ച നാരദാ സംഘത്തിന് വഴികാട്ടിയത്. മുൻ നിയമസഭാ സ്പീക്കറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എൻ ശക്തനാണ്. രാഷ്ട്രീയ നേതാക്കൾക്ക് പുറമെ പൊലീസ്, റവന്യു വകുപ്പുകളിലെ പല പ്രമുഖരും ജോൺ താരുവിന്റെ വിവിഐപി ഭക്തരാണ്. ഇവരുടെ വീടുകളിൽ സാധാരണയായി ഞായർ, തിങ്കൾ ദിവസങ്ങളിലാണ് താരു സന്ദർശനം നടത്താറ്. ഇതെല്ലാം മനസ്സിലാക്കി നടത്തിയ നീക്കത്തിലാണ് ഹവാല ഇടപാടുകളുടെ ഡീലറാണ് താനെന്ന് ജോൺ താരു തന്നെ തുറന്നു സമ്മതിക്കുന്ന വീഡിയോ ചിത്രീകരിക്കാനായത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ വിവാദമാണ് കത്തി പടരുന്നത്.

അഞ്ചലിൽ ആരംഭിച്ച് പിന്നീട് കൊല്ലം, തിരുവനന്തപുരം, ദുബായ്, ഷാർജ, അബുദാബി, അലൈൻ എന്നിവിടങ്ങളിൽ വ്യാപിച്ചിരിക്കുന്ന താരുവിന്റെ ചർച്ച ഒരു ബൈബിൾ അടിസ്ഥാനമാക്കുന്ന ചർച്ച് അല്ല. പ്രത്യുദാ ഒരു കൾട്ട് ഗ്രൂപ്പ് ആണ്. ഒരു വ്യക്തിയെ അല്ലെങ്കിൽ ആ വ്യക്തി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കുന്ന കൂട്ടത്തെ കൾട്ട് ഗ്രൂപ്പ് എന്ന് വിളിക്കുന്നു. നേതൃത്വത്തെ ചോദ്യം ചെയ്യാൻ പാടില്ല, ആരോടും ആലോചിക്കാതെ തീരുമാനം എടുക്കുന്നു, ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്നു.... ഇങ്ങനെ കൾട്ടിൽ ൽ വേണ്ട എല്ലാ ലക്ഷണങ്ങളും താരുവിന്റെ ചർച്ചിൽ കാണാൻ കഴിയും.-ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ജോൺ താരുവിനെ കുറിച്ചുയരുന്ന പൊതു നിലപാട്. രോഗശാന്തിയുടെ പേരിൽ നടത്തുന്ന തട്ടിപ്പുകളും ചർച്ചയായി കഴിഞ്ഞു. ഇതിനിടെ താരുവിനെ രക്ഷിക്കാൻ പൊലീസിലെ ഉന്നതർ പോലും ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടുകളെത്തുന്നു.

''താരു നേതൃത്വം കൊടുക്കുന്ന ഗ്രൂപ്പുകളിലെ ആളുകൾ പറയും താരുവിന്റെ ചർച്ചിൽ ൽ പോകുന്നു എന്ന്. താരു ഒരു ആൾ ദൈവം ആയി മാറിയിരിക്കുന്നു. കൊല്ലം ചർച്ചിൽ കഴിഞ്ഞ വർഷം ഒരു മനുഷ്യനും തന്റെ ഇളയ മകനുമായി പൊയി. മകൻ അച്ഛനോട് ഒരു ജ്യൂസ് വാങ്ങി തരാൻ പറഞ്ഞപ്പോൾ ആ സാധു അച്ഛൻ പറഞ്ഞ വാക്കുകൾ എന്റെ ഹൃദയത്തിൽ സ്പർശിച്ചു. മോനെ അച്ഛന്റെ കയ്യിൽ 20രൂപയെ ഉള്ളു അത് പാസ്റ്റർ പറഞ്ഞ പോലെ കാണിക്ക ഇടണം, നാളെ അച്ഛൻ ജോലിക്ക് പൊയി കൂലി കിട്ടുമ്പോൾ ജ്യൂസ് വാങ്ങി തരാം. നോക്ക് ഇങ്ങനെയൊക്കെ ആണ് താരു ജനങ്ങളെ കബളിപ്പിച്ചു കാശ് അടിച്ചു മാറ്റുന്നത്. ഇപ്രകാരം ജങ്ങളെ ഒരുതരം അടിമകൾ ആക്കി അവരെ പിഴിഞ്ഞ് അവരുടെ കണ്ണ് നീരിന്റെയും അധ്വാനിച്ചു വിയർത്തു നേടുന്നതിന്റെയും മുഴുവൻ കാശും ഈ ദുഷ്ടൻ രോഗശാന്തിയുടെ പേരും പറഞ്ഞു തട്ടി എടുക്കുന്നു. ആഴ്ചയിൽ 12 തൊട്ട് 15ലക്ഷം രൂപ ആണ് ഇങ്ങനെ സഭകളിലൂടെ ലഭിക്കുന്നത്. ടെലിവിഷൻ പ്രോഗ്രാം വഴി കിട്ടുന്ന ലക്ഷങ്ങൾ വേറെയും''.-ജോൺ താരുവിന്റെ ഇടപാടുകളെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന കുറിപ്പിലെ പ്രസക്ത ഭാഗമാണ് ഇത്.

ഇങ്ങനെ ജനങ്ങളുടെ വിശ്വാസം ആർജിക്കുവാൻ താരു വേറെ പൊടിക്കൈകൾ കൂടി പ്രയോഗിക്കുന്നു. അടുത്ത ഇടെ തിരുവനന്തപുരം ചർച്ചിൽ ൽ താരു നടത്തിയ പ്രസ്താവന മനുഷ്യരെ മുഴുവൻ മാത്തുണ്ണി ആക്കുന്ന ഒന്നായിരുന്നു. താരു പറഞ്ഞു 'ചിലർ ഒക്കെ എന്റെ ശരീരത്തിൽ ഒന്ന് തൊടാൻ ആഗ്രഹിക്കുന്നു. ഒന്ന് തൊട്ടാൽ അവർക്കു സൗഖ്യം കിട്ടും ' താൻ അത്രക്കും സിദ്ധൻ ആണെന്നും തന്റെ ശരീരത്തിൽ തൊട്ടാൽ സൗഖ്യം വരും എന്ന് താരു തന്റെ പ്രസിദ്ദിഖു വേണ്ടി പ്രസ്താവിച്ചു. ജനങ്ങൾ താരുവനെ തൊടാൻ , താരു തങ്ങളെ തൊടാൻ, ചുംബിക്കാൻ ക്യു നിൽക്കുന്നത് ഹൃദയ ഭേദകമായ കാഴ്ച ആണ്. ഇങ്ങനെ രോഗശാന്തിയും ഫിനാൻഷ്യൽ ബ്ലെസ്സിങ്‌സ് പ്രസംഗിച്ചു കോടികൾ സമ്പാദിക്കുന്നു. ഒരു കാര്യം നിങ്ങൾ ഓർക്കണം താരുവും കുടുംബവും ട്രിവാൻഡ്രം കിംസ് ഹോസ്പിറ്റലിൽ ട്രീറ്റ്‌മെന്റ് എടുക്കുന്നവർ ആണ്. ജനങ്ങൾക്ക് രോഗശാന്തി കൊടുത്തിട്ടു തന്റെയും കുടുംബത്തിന്റെയും രോഗസൗഖ്യത്തിനായി ഹോസ്പിറ്റലിൽ പോകുന്ന താരു. ജനങ്ങൾ വഞ്ചിക്കപ്പെടുന്നു-ഇങ്ങനെയെല്ലാം സോഷ്യൽ മീഡിയ ആരോപണങ്ങൾ ഉന്നയിക്കുന്നു.

രോഗശാന്തിയുടെ കപടത പുറത്തു കൊണ്ടു വരുന്ന വീഡിയോകളും സോഷ്യൽ മീഡിയിയിൽ സജീവമാണ്. ഈ വീഡിയോ കണ്ടു നോക്കൂ. ബ്രദർ ജോൺ താരു എന്ന ഫ്രോഡ് നടത്തുന്ന തട്ടിപ്പ് പരിപാടി കാണാം. ഒരേ ആൾ തന്നെ പല സ്ഥലങ്ങളിൽ വന്നിട്ട് തനിക്ക് രോഗസൗഖ്യം ലഭിച്ചു എന്ന പച്ച കള്ളം പറഞ്ഞു നടക്കുന്നു. ആ സ്ത്രീക്ക് ഒവറിയിൽ കുരുകൾ ആയിരുന്നത്രെ, കൂടാതെ അലർജിയും. കർത്താവ് അത് ഒപറേഷൻ ചെയ്തു കളഞ്ഞത്രേ! കർത്താവിന്റെ സർജറിക്ക് ശേഷം സ്‌കാൻ ചെയ്തപ്പോൾ ഒരു കുഴപ്പവും കാണിച്ചില്ലത്രേ! ഇതേ സ്ത്രീ തന്നെ മറ്റൊരു സ്ഥലത്ത് ഇതേ ജോൺ താരു ഫ്രോഡിന്റെ പരിപാടിയിൽ പറയുന്നത്, ഒരു ദിവസം അവർക്ക് തലവേദനയും പനിയും ആയിരുന്നത്രെ. ഗുളിക കഴിക്കാൻ പോയപ്പോൾ 'ഓ, വേണ്ട്രീ.. ഇതൊക്കെ കർത്താവിനു സിമ്പിൾ ആണ്' എന്നാരോ ഉള്ളിലിരുന്നു പറഞ്ഞെന്നു! ഗുളിക കഴിക്കാതെ ഉടനെ TV വച്ച്. ഈ ഗജ ഫ്രോഡിന്റെ പരിപാടി ആയിരുന്നു. അങ്ങേരു ടിവയിൽ ഇരുന്നുകൊണ്ട് തന്നെ-ഇങ്ങനെയാണ് ഈ കുറിപ്പിലെ പ്രധാന ഭാഗം. വീഡിയോയും തെളിവായി നൽകുന്നു. അങ്ങനെ നാരദയുടെ അന്വേഷണ വീഡിയോ പുറത്തു വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ പഴയ പോസ്റ്റുകൾ പോലും ചർച്ചയായി മാറുകയാണ്.

ബംഗ്ലാവ് കേസ് അട്ടിമറിച്ചതും 'രോഗ ശാന്തി' വിശ്വാസിയായ പൊലീസു വഴി

ഇതിനിടെയാണ് ജോൺ താരു കഴക്കൂട്ടം മേനംകുളത്തെ അശ്വതി ഗാർഡൻസിൽ സ്വന്തമാക്കിയ കൂറ്റൻ ബംഗ്‌ളാവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അട്ടിമറിച്ചത് പൊലീസിലെ ഉന്നതൻ ആണെന്ന വാർത്തയും സജീവമാകുന്നത്. തന്റെ ഒരു വിശ്വാസി സമ്മാനിച്ചതാണെന്ന് നാരദാ രഹസ്യ ക്യാമറയ്ക്ക് മുന്നിൽ സമ്മതിച്ച ഈ ബംഗ്‌ളാവുമായി ബന്ധപ്പെട്ട് ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നുകാട്ടി ചിലർ നൽകിയ പരാതിയിലെ തുടർ അന്വേഷണമാണ് മുടക്കിയത്. ക്നാനായ ക്രിസ്ത്യൻ വിഭാഗക്കാരിയായ ഉദ്യോഗസ്ഥന്റെ ഭാര്യ ജോൺ താരുവിന്റെ ഒരു ഭക്തകൂടിയാണ്. ജോൺ താരുവിന്റെ രോഗശാന്തി പ്രാർത്ഥനാ പരിപാടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്.

കഴക്കൂട്ടം എസിപി ആയിരുന്ന വിദ്യാധരന്റെ മുന്നിലേക്കാണ് ഈ വർഷമാദ്യം ജോൺ താരുവിന്റെ ബംഗ്‌ളാവുമായി ബന്ധപ്പെട്ട പരാതി എത്തുന്നത്. പരാതിയിന്മേൽ വിശദമായ അന്വേഷണമാണ് വിദ്യാധരൻ നടത്തിയത്. മൊഴിയെടുക്കാനായി പലതവണ നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ജോൺ താരുവിനെ നിർബന്ധപൂർവം വിദ്യാധരൻ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ബംഗ്‌ളാവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള രേഖകൾ എസിപി വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശേഖരിക്കുകയും ചെയ്തു. ദുരൂഹമായ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നത് വിദേശത്താണെന്നും അതുകൊണ്ടു തന്നെ കേന്ദ്ര ഏജൻസി തന്നെ ഈ കേസ് അന്വേഷിക്കണമെന്നും കാട്ടി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പൂഴ്‌ത്തുകയാണ് ഉന്നതൻ ചെയ്തത്.

എന്നാൽ ഈ പരാതിയും വിശദമായ അന്വേഷണ റിപ്പോർട്ട് അടങ്ങിയ ഫയലും തുടർന്നടപടികളൊന്നുമില്ലാതെ പൂഴത്തുകയായിരുന്നു. തുടർന്ന് വിദ്യാധരനെ കഴക്കൂട്ടത്ത് നിന്ന് കൊല്ലം ജില്ലയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ അന്വേഷണസംഘത്തിലെ ചില ഉദ്യോഗസ്ഥർക്ക് കൂടി സ്ഥലം മാറ്റം ആയി. അങ്ങനെ കേസ് ആവിയാക്കി മാറ്റി. വീടുമായി ബന്ധപ്പെട്ട് ഒരു വലിയ സാമ്പത്തിക ഇടപാട് വിദേശത്ത് വച്ച് നടന്നതായി എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ജോൺ താരുവിന് ബംഗ്‌ളാവ് വിറ്റ അമേരിക്കൻ എൻആർഐ ബിസിനസുകാരൻ പത്തനംതിട്ട ജില്ലയിൽ ഒരു വലിയ നിർമ്മാണ പ്രവർത്തനം നടത്തുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം ജോൺ താരു നടത്തുന്നുവെന്ന കൃത്യമായ നിഗമനത്തിലാണ് അന്വേഷണസംഘം അന്ന് എത്തിച്ചേർന്നത്. എഫ്സിആർഎ പോലുമില്ലാത്ത ചർച്ചിന്റെ അക്കൗണ്ടിലൂടെയും ജോൺ താരുവിന്റെ എൻആർഐ അക്കൗണ്ടിലൂടെയും വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന്റെ കൃത്യമായ സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിൽ വരുന്നതും കേരളാ പൊലീസിന് ഏറെയൊന്നും ചെയ്യാനില്ലാത്തതുമായ ഗൗരവതരമായ കേസാണ് ഇതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയത്. തുടർന്നാണ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറണമെന്ന നിർദ്ദേശത്തോടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കഴക്കൂട്ടം എസിപി വിദ്യാധരൻ ഫയൽ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഈ ഘട്ടത്തിലാണ് ഐപിഎസ് ഉന്നതന്റെ ഇടപെടൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP