Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോന്നിയിലെ പോളിങ് ദിവസം അടൂർ പ്രകാശ് എംപി ഡൽഹിയിൽ; പാർലമെന്റിന്റെ ഉപസമിതി യോഗത്തിൽ പങ്കെടുക്കാൻ പോയതെന്ന് വിശദീകരണം; പുറത്തുള്ളയാളായതിനാൽ മണ്ഡലത്തിൽ പ്രവേശിക്കാനും കഴിയില്ലെന്ന് അനുകൂലികൾ പറയുമ്പോൾ സന്തോഷം ഇടതു ക്യാമ്പിൽ; ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക നിലപാടിൽ ബിജെപിയും സ്വപ്നം കാണുന്നു; കോന്നിയിലേത് 'ത്രികോണ' പ്രതീക്ഷകൾ

കോന്നിയിലെ പോളിങ് ദിവസം അടൂർ പ്രകാശ് എംപി ഡൽഹിയിൽ; പാർലമെന്റിന്റെ ഉപസമിതി യോഗത്തിൽ പങ്കെടുക്കാൻ പോയതെന്ന് വിശദീകരണം; പുറത്തുള്ളയാളായതിനാൽ മണ്ഡലത്തിൽ പ്രവേശിക്കാനും കഴിയില്ലെന്ന് അനുകൂലികൾ പറയുമ്പോൾ സന്തോഷം ഇടതു ക്യാമ്പിൽ; ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക നിലപാടിൽ ബിജെപിയും സ്വപ്നം കാണുന്നു; കോന്നിയിലേത് 'ത്രികോണ' പ്രതീക്ഷകൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയിൽ കനത്തമഴയെ അവഗണിച്ചും പോളിങ് തുടരുന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴ വകവയ്ക്കാതെ വോട്ടർമാർ കൂടുതലായി മണ്ഡലത്തിലേക്ക് എത്തുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജനീഷിന്റെ ജന്മനാടായ സീതത്തോട്ടിലും അടുത്ത പ്രദേശങ്ങളിലും അതിരാവിലെ മുതൽ തന്നെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേ സമയം, അടൂർ പ്രകാശ് എംപി പോളിങിന് തലേന്ന് ഡൽഹിക്ക് പോയത് യുഡിഎഫിൽ പുതിയ വിവാദത്തിന് വഴി വച്ചു. പോളിങ് ദിവസം അടൂർ പ്രകാശ് വിട്ടുനിൽക്കുന്നതിന്റെ പേരിൽ പുതിയ വ്യാഖ്യാനങ്ങളാണ് വരുന്നത്. കഴിഞ്ഞ ദിവസം കൊട്ടിക്കലാശത്തിൽ ആറ്റിങ്ങൽ എംപി പങ്കെടുക്കാതിരുന്നത് ചാനലുകൾ ഫ്ളാഷ് നൽകിയിരുന്നു. എന്നാൽ, കോന്നിയിൽ മൽസരിക്കുമ്പോൾ പോലും താൻ കൊട്ടിക്കലാശത്തിൽ പങ്കെടുക്കുന്നയാളല്ലെന്ന് പ്രകാശ് വിശദീകരിച്ചതോടെ ആ വിവാദം ഒതുങ്ങി. അതിന് പിന്നാലെയാണ് ഇപ്പോൾ ഡൽഹി യാത്ര വിവാദമായിരിക്കുന്നത്.

എന്നാൽ, പാർലമെന്റിലെ ഹെൽത്ത് ആൻഡ് വെൽഫയർ സ്റ്റാൻഡിങ് കമ്മറ്റി അംഗമായ പ്രകാശ് അതിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് പോയതെന്ന് അടുത്ത അനുയായികൾ പറയുന്നു. മാത്രവുമല്ല, മണ്ഡലത്തിന് വെളിയിൽ നിന്നുള്ളവർ ഇവിടെ നിൽക്കാൻ പാടില്ലെന്ന് കഴിഞ്ഞ ദിവസം ജില്ലാതെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകിയിരുന്നു. അടൂർ പ്രകാശ് മണ്ഡലത്തിന് വെളിയിലുള്ള ആളാണ്. കഴിഞ്ഞ 23 വർഷം കോന്നിയിൽ എംഎൽഎ ആയിരുന്നെങ്കിലും അടൂർ പ്രകാശിന്റെ വോട്ട് അടൂർ ടൗൺ ഗവ. യുപിഎസിലാണ്.

ഈ മണ്ഡലത്തിൽപ്പെട്ടയാളല്ലാത്തതു കൊണ്ട് പ്രകാശിന് ഇവിടെ ചുറ്റിക്കറങ്ങാനോ വോട്ട് തേടാനോ കഴിയില്ല. സത്യം ഇതായിരിക്കേ മറിച്ചുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പറയുന്നു. ഇന്നലെ ഉണ്ടായ ചില സംഭവ വികാസങ്ങൾ ബിജെപിക്കും പ്രതീക്ഷ നൽകിയിരിക്കുകയാണ്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മൽസരം എന്നാണ് ഇന്നലെ വരെയുണ്ടായിരുന്ന ട്രെൻഡ്. എന്നാൽ ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക നിലപാട് ഇന്നലെ പ്രഖ്യാപിച്ചതോടെ ബിജെപിക്ക് പ്രതീക്ഷയേറിയിരിക്കുകയാണ്.

പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്‌കോൺറോസ് മെത്രാപ്പൊലീത്ത പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത് സഭയെ ദ്രോഹിച്ച മുന്നണികളേയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് വോട്ടു ചെയ്യണമെന്നാണ്. സഭാ വിശ്വാസകളുടെ രാഷ്ട്രീയ നിലപാടുകൾക്ക് ഉപരിയായി വോട്ടു ചെയ്യാനാണ് ആഹ്വാനം. നിലവിൽ ഓർത്തഡോക്സ് സഭയിലെ പുരോഹിതർ അടക്കം കോന്നിയിൽ സുരേന്ദ്രന് വേണ്ടി വോട്ടു തേടി രംഗത്തുണ്ടായിരുന്നു. എങ്കിലും സഭാ നേതൃത്വം പരസ്യ ആഹ്വാനത്തിന് മുതിർന്നിരുന്നില്ല.

ഇന്നലെ വന്ന തിരുമേനിയുടെ പ്രസ്താവന കൂടി കൂട്ടി വായിക്കുമ്പോൾ സഭ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് കരുതേണ്ടിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആറന്മുളയിലും പിന്നാലെ വന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് ഗുണകരമായത് ഓർത്തഡോക്സ് സഭയുടെ നിലപാടുകളായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വീണയെ രണ്ടാം സ്ഥാനത്ത് എത്തിച്ചതിനും ഓർത്തഡോക്സ് സഭയുടെ വോട്ടുകൾ ഗണ്യമായ പങ്കു വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP