Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുരേന്ദ്രനെതിരെ യുഡിഎഫ് ഉയർത്തുന്നത് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാട്ടുണ്ടാക്കി വോട്ട് തേടിയെന്ന പരാതി; ഒരുക്കുന്നത് തെരഞ്ഞെടുപ്പ് അയോഗ്യതയ്ക്കുള്ള സാഹചര്യമൊരുക്കൽ; എതിരാളികൾ നിർമ്മിച്ചതെന്ന് പറഞ്ഞ് ബിജെപി പരാതി കൊടുത്തത് ആരോപണത്തിന്റെ ഗൗരവ സ്വഭാവം തിരിച്ചറിഞ്ഞും; കോന്നി ചർച്ചയാക്കുന്നത് പിസി തോമസും കെഎം ഷാജിയും നേരിട്ട പഴയ കേസുകൾ

സുരേന്ദ്രനെതിരെ യുഡിഎഫ് ഉയർത്തുന്നത് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാട്ടുണ്ടാക്കി വോട്ട് തേടിയെന്ന പരാതി; ഒരുക്കുന്നത് തെരഞ്ഞെടുപ്പ് അയോഗ്യതയ്ക്കുള്ള സാഹചര്യമൊരുക്കൽ; എതിരാളികൾ നിർമ്മിച്ചതെന്ന് പറഞ്ഞ് ബിജെപി പരാതി കൊടുത്തത് ആരോപണത്തിന്റെ ഗൗരവ സ്വഭാവം തിരിച്ചറിഞ്ഞും; കോന്നി ചർച്ചയാക്കുന്നത് പിസി തോമസും കെഎം ഷാജിയും നേരിട്ട പഴയ കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനു വേണ്ടി കോന്നിയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കലക്ടർ ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകുമ്പോൾ അത് പുതിയ മാനങ്ങൾ നൽകും. പരാതി ശരിയാണെന്ന് തെളിഞ്ഞാൽ ജയിച്ചാലും സുരേന്ദ്രന് എംഎൽഎ സ്ഥാനം നഷ്ടമാകും. അതുകൊണ്ട് കൂടിയാണ് വീഡിയോ പ്രചരിപ്പിക്കുന്നത് തങ്ങളല്ലെന്ന വിശദീകരണം ബിജെപി നടത്തുന്നത്. നേരത്തെ ശബരിമല യാത്രയ്ക്കിടെ സുരേന്ദ്രൻ ഹാൻസ് ഉപയോഗിച്ചുവെന്ന പ്രചരണവും നടന്നിരുന്നു. ഇടതു പക്ഷമാണ് ഇതിന് പിന്നിലെന്ന് സുരേന്ദ്രൻ ആരോപിക്കുകയും ചെയ്തു. ഇതിന് തൊട്ടു പിന്നാലെയാണ് മതചിഹ്നങ്ങളുടെ വീഡിയോയും വിവാദമാകുന്നത്.

കെ.സുരേന്ദ്രൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും, ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവ സഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചുവെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാർത്ഥി മനഃപൂർവ്വം ഇപ്രകാരം പ്രവർത്തിച്ചുവെന്നും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും, അഴിമതി പ്രവർത്തി നടത്തിയതിനും കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു യു.ഡി.എഫിന്റെ പരാതി. ഈ പരാതി പരിശോധിച്ച കമ്മീഷൻ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നതാകും ഇനി നിർണ്ണായകം. വർഷങ്ങൾക്ക് മുമ്പ് ലോക്‌സഭാ തരെഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്ന് ജയിച്ച പിസി തോമസിന്റെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയത് സമാനമായ ആരോപണത്തിലാണ്.

ഏതായാലും പരാതിയിലുള്ള പ്രാഥമിക പരിശോധനയിൽ മത ചിഹ്നങ്ങളുടെ ദുരുപയോഗമുണ്ടായി എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ നടപടി എടുക്കുന്നത്. സുരേന്ദ്രൻ നിശബ്ദപ്രചാരണ ദിനമായ ഞായറാഴ്ച ആരാധനാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥിച്ചുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു. പരാതിക്ക് അടിസ്ഥാനമായ വിഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും വിഡിയോ നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തണമെന്നും ജില്ലാ കലക്ടർ ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം പരാജയം മുന്നിൽ കണ്ട ഇടതു-വലതു മുന്നണികൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്ന് കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ പ്രതികരിച്ചു. മതചിഹ്നങ്ങൾ ഉപയോഗിച്ചു വോട്ടുതേടിയെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്നും, ഇതിനെതിരെ പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബിജെപിയുടെ വിജയം ഉറപ്പായതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം പ്രചരിപ്പിച്ചുകൊണ്ട് പരിഭ്രാന്തരായിട്ടുള്ള മുന്നണികൾ ബിജെപിയെ തോൽപ്പിക്കാനുള്ള പല അടവുകളും പ്രയോഗിക്കുകയാണ്. ജനവികാരം എന്താണെന്നതു വളരെ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പി.സി. തോമസിന്റെ 2004 ലെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവാക്കിയത് ഏറെ ചർച്ചയായിരുന്നു. പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സിപിഎം സ്ഥാനാർത്ഥി പി.എം ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പി.സി. തോമസ് സുപ്രീം കോടതിയിൽ നൽകിയ അപ്പീലും തള്ളിക്കളഞ്ഞു. ലോക്‌സഭയിലേക്കു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 529 വോട്ടിനാണ് പി.സി. തോമസ് 2004 ൽ മൂവാറ്റുപുഴയിൽ വിജയിച്ചത്. തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നില്ലായിരുന്നെങ്കിൽ 265 വോട്ടു കൂടി നേടി ഇസ്മായിലിനു വിജയിക്കാൻ സാധ്യമായിരുന്നുവെന്നു ഹൈക്കോടതി അന്നത്തെ വിധിയിൽ വ്യക്തമാക്കിയിരുന്നു.

മതവികാരമുണർത്തി വോട്ടു പിടിച്ചെന്ന് ആരോപിച്ച് എൽഡിഎഫ്. സ്ഥാനാർത്ഥി പി.എം. ഇസ്മായിൽ സമർപ്പിച്ച ഹർജി അനുവദിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ ഉത്തരവ്. മണ്ഡലത്തിലെ ക്രൈസ്തവരുടെ മതവികാരം ചൂഷണം ചെയ്യുന്ന വിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ യാത്രാ സൗകര്യം ഏർപ്പെടുത്തിയെന്നും വിലയിരുത്തിയ കോടതി ജനപ്രാതിനിധ്യ നിയമത്തിലെ 123(3), 123(5) വകുപ്പുകളുടെ ലംഘനം സ്ഥിരീകരിച്ചിരുന്നു. പി.സി. തോമസ് നൽകിയ അപ്പീലിനെ തുടർന്ന് സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരുന്നു. 2004 മെയ്‌ 10നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഈ സമയത്തുണ്ടായ ആരോപണത്തിന് സമാനമാണ് പത്തനംതിട്ടയിലും ഉയരുന്നത്.

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ ഹൈക്കോടതിയുടെ വിധിയും തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശം നടത്തിയെന്ന ഹർജിയിലായിരുന്നു. എതിർസ്ഥാനാർത്ഥിയായിരുന്ന എം വിനികേഷ് കുമാറാണ് ഹർജി നൽകിയത്. അടുത്ത ആറ് വർഷത്തേയ്ക്ക് കെ.എം.ഷാജിക്ക് മത്സരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മതചിഹ്നങ്ങളുപയോഗിച്ചായിരുന്നു ഇവിടേയും വോട്ട് അഭ്യർത്ഥനയെന്നായിരുന്നു വാദം. എന്നാൽ പ്രചരിച്ച ലഘുലേഖയിൽ തനിക്ക് ബന്ധമില്ലെന്ന് ഷാജി വാദിക്കുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലേക്ക് പോകുന്നത്.

തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതിനൊപ്പം ആറു കൊല്ലത്തേക്ക് അയോഗ്യതയും ഇത്തരം കേസുകളിൽ കുറ്റക്കാരനെന്ന് കണ്ടാൽ സ്ഥാനാർത്ഥികൾക്കുണ്ടാകും. പിസി തോമസിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ പിറകോട്ട് അടിച്ചത് ഈ ആറു കൊല്ലത്തെ അയോഗ്യതാ കാലമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP