Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടിമിന്നലായി ആദ്യ പെനാൽറ്റി; രണ്ടാം ഗോൾ പിറന്നത് തീപാറുന്ന ഹാഫ് വോളിയിലൂടെ; ബർത്തലോമി ഒഗ്ബെച്ചേയെന്ന നായകൻ നെഞ്ചുവിരിച്ചപ്പോൾ കടങ്ങൾ ഒരോന്നു വീട്ടാനാവുമെന്ന പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്‌സ്; ആർത്തിരമ്പിയെത്തിയ കാണികൾ വിരുന്നൊരുക്കിയ മഞ്ഞപ്പടയ്ക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദന പ്രവാഹം; എൽകോ ഷാട്ടോരിയുടെ ടീം കരുത്തുറ്റ സംഘമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ

ഇടിമിന്നലായി ആദ്യ പെനാൽറ്റി; രണ്ടാം ഗോൾ പിറന്നത് തീപാറുന്ന ഹാഫ് വോളിയിലൂടെ; ബർത്തലോമി ഒഗ്ബെച്ചേയെന്ന നായകൻ നെഞ്ചുവിരിച്ചപ്പോൾ കടങ്ങൾ ഒരോന്നു വീട്ടാനാവുമെന്ന പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്‌സ്; ആർത്തിരമ്പിയെത്തിയ കാണികൾ വിരുന്നൊരുക്കിയ മഞ്ഞപ്പടയ്ക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദന പ്രവാഹം; എൽകോ ഷാട്ടോരിയുടെ ടീം കരുത്തുറ്റ സംഘമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആദ്യം ആർത്തലച്ചു പെയ്ത മഴയെ തോൽപിച്ചു. പിന്നെ ആർത്തിരമ്പി വന്ന എ.ടികെ.യെയും. ഐ.എസ്.എൽ ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ വിജയത്തുടക്കത്തിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ ബർത്തലോമി ഒഗ്ബെച്ചേയുടെ മിന്നുന്ന രണ്ട് ഗോളുകളിലൂടെ. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം.ടീമിനെ വിജയതീരത്തെത്തിച്ചത്. ആദ്യത്തേത് പെനാൽറ്റിയിൽ നിന്നും രണ്ടാമത്തേത് തകർപ്പനൊരു ഹാഫ് വോളിയിൽ നിന്നും.എടികെ 6ാം മിനിറ്റിൽ ഗോളടിച്ചശേഷമായിരുന്നു കേരള ടീമിന്റെ തിരിച്ചുവരവ്. 3 ഗോളും ആദ്യപകുതിയിൽ. സ്‌കോർ ഇങ്ങനെ ചുരുക്കാം: എടികെ: കാൾ മക്ഹ്യൂ (6'); ബ്ലാസ്റ്റേഴ്‌സ്: ഓഗ്‌ബെച്ചെ (30' പെനൽറ്റി), (45').

മുൻ സീസണുകളിലെ ബ്ലാസ്റ്റേഴ്‌സിനെയല്ല ഇന്നലെ കണ്ടത്. മധ്യനിര നിറഞ്ഞൊഴുകി. നർസാരി ആദ്യ നിമിഷങ്ങളിൽ മങ്ങിപ്പോയെങ്കിലും മലയാളിതാരം കെ. പ്രശാന്ത് തിമിർത്താടി. 2 പേരും ചേർന്നു വിങ്ങുകളിൽ മിന്നിയപ്പോൾ കളിയുടെ ഭംഗിയൊഴുകി. എടികെ വിഷമിച്ചുപോയി.ക്യാപ്റ്റൻ ഓഗ്‌ബെച്ചെ തന്നെ കളിയിലെ താരം. പരുക്കിലാണ്, പരുങ്ങലിലാണ് എന്നു പറഞ്ഞ് കോച്ച് ഒളിച്ചുപിടിച്ച ബ്രസീലിയൻ താരം ജെയ്‌റോ റോഡ്രിഗസ് പ്രതിരോധത്തിലും ആക്രമണത്തിലും മികവുകാട്ടി കയ്യടി നേടി. മണിപ്പുർ താരം ജീക്‌സൺ സിങ്ങാണ് മികച്ച യുവതാരം.

പ്രശാന്തിന്റെ ക്രോസ് എടികെയുടെ ക്രോസ് ബാറിലിടിച്ചു മടങ്ങിയതുകണ്ടു കാണികൾ തലയിൽ കൈവച്ച് ഇരുന്നതിനു പിന്നാലെ ആതിഥേയരുടെ ആദ്യഗോളെത്തി. ആദ്യമായി ഐഎസ്എൽ കളിക്കുന്ന ജെസൽ കാർണെയ്‌റോ തൊടുത്ത കോർണർ കിക്കിൽ എടികെ ഗോളി അരിന്ദം പരാജയപ്പെട്ടെന്നു തോന്നിയ നിമിഷം. ബ്ലാസ്റ്റേഴ്‌സിന്റെ ബ്രസീലിയൻ താരം ജെയ്‌റോ റോഡ്രിഗസിനെ പ്രണയ് ഹൽദാർ കുപ്പായത്തിൽ പിടിച്ചു പിന്നിൽനിന്നു വലിച്ചു താഴെയിടാൻ ശ്രമിച്ചു. റഫറി ആർ. ശ്രീകൃഷ്ണ പെനൽറ്റി സ്‌പോട്ടിലേക്കു വിരൽ ചൂണ്ടി, വിസിലടിച്ചു.

മരവിച്ചിരുന്ന അരലക്ഷം കാണികൾ ആർത്തുവിളിച്ചു. പെനൽറ്റി സ്‌പോട്ടിലേക്കു കയ്യിൽ പന്തുമായി ഓഗ്‌ബെച്ചെ നടന്നു വരുന്നുണ്ടായിരുന്നു. മുൻ സീസണുകളിൽ കാണാത്തൊരു കാഴ്ച.ഗോൾ എന്നുറപ്പു നൽകുന്ന ബൂട്ടുമായി ഒരാൾ. ഓഗ്‌ബെച്ചെ കിക്കെടുത്തു. അരിന്ദം ശരിയായി കണക്കുകൂട്ടി, ഡൈവ് ചെയ്തു. പക്ഷേ നൈജീരിയൻ താരത്തിന്റെ വലതുകാലിന് മൂർച്ചയും വേഗവും കൂടുതലായിരുന്നു. വല കുലുങ്ങി. മഴയിൽ കുതിർന്ന കലൂർ സ്റ്റേഡിയം കുലുങ്ങി. ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പം (11).

നാൽപത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ വെടിയുണ്ട ഗോൾ. വലതു പാർശ്വത്തിൽ നിന്ന് പ്രശാന്താണ് ബോക്സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്. പ്രണോയ് ഹാൽദാർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലിൽ. ഒരു തീപാറുന്ന ഹാഫ് വോളി പായിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല ഒഗബെച്ചെയ്ക്ക്. ബ്ലാസ്റ്റേഴ്സ് മുന്നിൽ

ആദ്യ മത്സരം, ആദ്യ ജയം... ബ്ലാസ്റ്റേഴ്‌സിന് ഉശിരൻ ഫലമാണ് ആദ്യമത്സരം നൽകിയത്. ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുക കൂടി ചെയ്താൽ എൽകോ ഷാട്ടോരിയുടെ ടീം കരുത്തുറ്റ സംഘമാകും. ഒന്നൊന്നര സ്‌ട്രൈക്കർ എന്നു പറയാവുന്നൊരു 'മുതൽ' ടീമിൽ വന്നതാണ് വലിയ മാറ്റം.ഓഗ്‌ബെച്ചെയെപ്പോലൊരു മികച്ച സ്‌ട്രൈക്കർ ബ്ലാസ്റ്റേഴ്‌സിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ആദ്യ മത്സരമായിട്ടും മോശമല്ലാത്ത ഒത്തിണക്കം കാട്ടാൻ ടീമിനായി.ശൈലിയിലും വന്നു മാറ്റം. തല കൊണ്ടു ഫുട്‌ബോൾ കളിപ്പിക്കാനറിയുന്ന കോച്ച് വന്നതും പ്ലസ് തന്നെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP