Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാം ഭർത്താവിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് ലിസിയുടെ ആത്മഹത്യാ കുറിപ്പ്; ജോൺ വിൽസന്റെ മരണത്തിന് പിന്നാലെ വേട്ടയാടുന്നത് ബന്ധുക്കളിൽ ചിലർ; മരണത്തിന് ഉത്തരവാദികൾ വാർത്ത നൽകിയവർ ഉൾപ്പെടെ പന്ത്രണ്ടിലേറെ പേർ; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളാതെ അന്വേഷണ സംഘവും

രണ്ടാം ഭർത്താവിന്റെ മരണത്തിന് ഉത്തരവാദിയല്ലെന്ന് ലിസിയുടെ ആത്മഹത്യാ കുറിപ്പ്; ജോൺ വിൽസന്റെ മരണത്തിന് പിന്നാലെ വേട്ടയാടുന്നത് ബന്ധുക്കളിൽ ചിലർ; മരണത്തിന് ഉത്തരവാദികൾ വാർത്ത നൽകിയവർ ഉൾപ്പെടെ പന്ത്രണ്ടിലേറെ പേർ; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും തള്ളാതെ അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രണ്ടാം ഭർത്താവിന്റെ മരണത്തിന് താനല്ല ഉത്തരവാദിയെന്ന് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ലിസിയുടെ ആത്മഹത്യാക്കുറിപ്പ്. രണ്ടാം ഭർത്താവ് ജോൺ വിൽസന്റെ മരണത്തിന് പിന്നാലെ ബന്ധുക്കളിൽ ചിലർ വേട്ടയാടുകയാണ്. കള്ളക്കേസ് നൽകി. വാർത്ത നൽകിയവരുൾപ്പടെ പന്ത്രണ്ടിലേറെപ്പേർ മരണത്തിന് ഉത്തരവാദികളാണെന്നും കുറിപ്പ് പറയുന്നു. തന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ലിസിയുടെ മുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് ലിസിയുടെ മരണം സംഭവിച്ചതെന്നാണ് പൊലീസ് നിഗമനം. പീതംപുരയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസി. അഞ്ച് കിലോമീറ്റർ അകലെ സരായി റോഹിലയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മകൻ അലൻ സ്റ്റാൻലിയെ കണ്ടെത്തിയത്. ഐഐടി ഡൽഹിയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്തിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. 2 മാസം മുൻപ് ലിസി ഡൽഹിയിലെത്തിയ ശേഷം പീതംപുരയിൽ താമസമാക്കി. അലന്റെ സുഹൃത്തുക്കൾ ഇന്നലെ ഫ്‌ളാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ അലന്റെ മൃതദേഹം കണ്ടെത്തി.

ഫ്‌ളാറ്റിലെ മറ്റൊരു മുറിയിലും ആത്മഹത്യാശ്രമം നടന്നതിന്റെ ലക്ഷണമുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂത്തമകനും അടുത്ത ബന്ധുക്കളും ഡൽഹിയിലെത്തി. പോസ്റ്റുമോർട്ടം നാളെ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. രണ്ടാം ഭർത്താവ് ജോൺവിൽസന്റെ മരണശേഷമാണ് ലിസി മകനൊപ്പം ഡൽഹിയിലെത്തിയത്. ഐഐടിയിലെ ഗവേഷക വിദ്യാർത്ഥിയും കോളജിലെ അദ്ധ്യാപകനുമാണ് രണ്ടാമത്തെ മകൻ അലൻ സ്റ്റാൻലി. ജോൺവിൽസന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ ആഴ്ച ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കൂടത്തായി കേസിന് സമാനമാണ് ജോണിന്റെ മരണമെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെയാണ് ലിസിയുടെ മരണം.

രണ്ടു മരണങ്ങളും ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതുകൊണ്ട് തന്നെ ലിസിയുടെ മരണം കൊലപാതകമായും അലന്റെ മരണം ആത്മഹത്യയായും രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം. അലന് നേരത്തേയും ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അലന്റെ മാനസികാരോഗ്യം സംബന്ധിച്ചും ലിസിയുടെ ആത്മഹത്യാ കുറിപ്പിൽ സൂചനയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് ദിവസം മുമ്പ് അമ്മയോട് ആത്മഹത്യ ചെയ്യാൻ മകൻ പറഞ്ഞതായും എന്നാൽ ലിസി അത് നിഷേധിച്ചതായും സാക്ഷി മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്.

പാമ്പാടി വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗമാണു ലിസി. വെള്ളൂർ അണ്ണാടിവയൽ അശോക് നഗറിലായിരുന്നു താമസം. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് പാമ്പാടി വെള്ളൂർ സ്വദേശി സ്റ്റാൻലി 2014ൽ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ലിസി 2017 ൽ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസനെ വിവാഹം കഴിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യഭാര്യ വൽസമ്മ 11 വർഷം മുൻപു രോഗബാധിതയായി മരിച്ചിരുന്നു. ലിസിയുമായുള്ള പുനർവിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം 2018 ഡിസംബർ 31നു ജോണിനെ (65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതിൽ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് എടുത്തിരുന്നു. കേസ് റദ്ദാക്കാൻ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. ഈ വർഷം ഓഗസ്റ്റ് 8നു സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

565 ദിവസത്തെ ദാമ്പത്യത്തിനിടെ 2 കോടിയിലേറെ രൂപയും സ്വത്തുരേഖകളും ലിസി കൈവശപ്പെടുത്തിയെന്നും ഇതിനുശേഷവും സ്വത്തിനായി സമ്മർദം തുടർന്നതാണു ജോൺ വിൽസന്റെ മരണത്തിനു കാരണമെന്നും മക്കൾ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം രണ്ടാഴ്ച മുൻപ് ആരംഭിച്ചതായി ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി ടി.എ. ആന്റണി പറഞ്ഞു. 6 പേരിൽനിന്നു മൊഴിയെടുത്തു. ലിസിയെ ചോദ്യം ചെയ്യുന്നതിന് നോട്ടിസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നതായും ഡിവൈഎസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP