Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തയ്യൽക്കടയിൽ എത്തിയിരുന്ന എൻഐടി അദ്ധ്യാപികയും തമ്മിൽ ഉണ്ടായിരുന്നത് വെറും സൗഹൃദമെന്ന് മൊഴി പച്ചക്കള്ളമോ? വർഷങ്ങളുടെ പരിചയമുള്ള ആത്മമിത്രത്തിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്; കൊയിലാണ്ടിക്കാരിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; റാണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് കൂട്ടക്കൊലയുടെ കുരുക്കഴിക്കുന്ന വസ്തുതകൾ; അമേരിക്കയിലും കൂടത്തായി! സയനൈയ്ഡ് ജോളിയുടെ ക്രിമിനൽ മനസ്സ് ചർച്ചയാക്കി ദ ന്യൂയോർക്ക് ടൈംസും

തയ്യൽക്കടയിൽ എത്തിയിരുന്ന എൻഐടി അദ്ധ്യാപികയും തമ്മിൽ ഉണ്ടായിരുന്നത് വെറും സൗഹൃദമെന്ന് മൊഴി പച്ചക്കള്ളമോ? വർഷങ്ങളുടെ പരിചയമുള്ള ആത്മമിത്രത്തിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്; കൊയിലാണ്ടിക്കാരിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; റാണിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് കൂട്ടക്കൊലയുടെ കുരുക്കഴിക്കുന്ന വസ്തുതകൾ; അമേരിക്കയിലും കൂടത്തായി! സയനൈയ്ഡ് ജോളിയുടെ ക്രിമിനൽ മനസ്സ് ചർച്ചയാക്കി ദ ന്യൂയോർക്ക് ടൈംസും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫുമായുള്ള സുഹൃത്ത് റാണിയെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. എൻഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന സമയമാണ് ജോളിയെ പരിചയപ്പെട്ടതെന്ന് റാണി പൊലീസിനോട് പറഞ്ഞിരുന്നു. ജോളി എൻഐടി അദ്ധ്യാപികയാണെന്നായിരുന്നു പറഞ്ഞിരുന്നത്. താൻ ജോലി ചെയ്തിരുന്ന തയ്യൽക്കടയിൽ ജോളി നിത്യസന്ദർശകയായിരുന്നെന്നും യുവതി പറഞ്ഞു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

ജോളിയുടെ ഭർത്താവ് റോയി മരിച്ച സമയം ജോളിയുടെ വീട്ടിൽ പോയിരുന്നു. ഇതിനിടെ തയ്യൽക്കട പൂട്ടിപ്പോയെങ്കിലും സൗഹൃദം തുടരുകയായിരുന്നു. ഈ വർഷത്തെ എൻഐടിയിലെ രാഗം ഫെസ്റ്റിന് എത്തിയപ്പോൾ അവിചാരിതമായാണ് ജോളിയെ കണ്ടതെന്നും യുവതി മൊഴികൊടുത്തിരുന്നു. എന്നാൽ ഈ മൊഴി അന്വേഷണസംഘം മുഖവിലയ്‌ക്കെടുത്തിട്ടില്ല. പറയുന്നതിന് അപ്പുറത്തേക്കുള്ള ബന്ധം ഇവർക്കിടയിൽ ഉണ്ടെന്നാണ് സംസയം. ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് റാണിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. പൊലീസ് യുവതി അന്വേഷണം ആരംഭിച്ചതോടെ റാണി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.

പൊലീസ് യുവതിയെ അന്വേഷിക്കാൻ ആരംഭിച്ചതോടെ കൊയിലാണ്ടിക്കാരിയായ യുവതി പൊലീസിന് മുന്നിൽ കീഴടങ്ങികയായിരുന്നു. കൂടത്തായി കൊലപാതക വാർത്തകൾ പുറത്തെത്തിയതോടെ ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം തലശ്ശേരിയിലെ ബന്ധുവീട്ടിലേക്ക് മാറി. എന്നാൽ പൊലീസ് തന്നെ തിരക്കുന്നുണ്ടെന്ന വാർത്ത എത്തിയതോടെ യുവതി ഹാജരാവുകയായിരുന്നു. റാണിയെ കുറിച്ചൊന്നും ജോളി വെളിപ്പെടുത്തുന്നുമില്ല. ഇതാണ് പൊലീസിനെ വലയ്ക്കുന്നത്. സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നൽകിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജൂവലറി ജീവനക്കാരൻ മാത്യു പൊലീസിൽ മൊഴി നൽകിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അമേരിക്കയിലും കൂടത്തായി!

അമേരിക്കയിലും ചർച്ചായാണ് ഇപ്പോൾ കൂടത്തായി കൊലപാതകം. കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകൾ വാർത്തയാക്കി പ്രശസ്ത അമേരിക്കൻ ദിനപ്പത്രം 'ദ ന്യൂയോർക്ക് ടൈംസ്'. കൂടത്തായിയിൽ ആറു കൊലപാതകങ്ങൾ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമർശിച്ചു കൊണ്ടുള്ള വാർത്തയിൽ കേസിലെ നാൾവഴികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങൾ നടത്തിയത് താൻ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു.

ബിഎസ്എൻ എൽ ജീവനക്കാരനായ ജോൺസണുമായുള്ള വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു. ഈ കഥകളെല്ലാം വലിയ പ്രാധാന്യത്തോടെയാണ് അമേരിക്കയിലെ മാധ്യമവും ചർച്ചയാക്കുന്നത്.

ജോളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും ഒട്ടേറെ ദുരൂഹതകളാണ് ചുരുളഴിയാനുള്ളത്. ജോളി ഇതുവരെ നൽകിയ പല മൊഴികളും പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. അതിവിദഗ്ധയായ കുറ്റവാളി എന്നാണ് ജോളിയെക്കുറിച്ച് അന്വേഷണ സംഘം കരുതുന്നത്. അതുകൊണ്ട് തന്നെ ജോളി നൽകിയ മൊഴികളിൽ പലതും അന്വേഷണത്തെ വഴിതെറ്റിക്കാനുദ്ദേശിച്ച് കൊണ്ടുള്ളതാണോ എന്ന സംശയം പൊലീസിനുണ്ട്. ജോളിയുടെ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘം ഇഴകീറി പരിശോധിക്കുകയാണ്. ഒപ്പം ജോളിക്കെതിരെ സാക്ഷിമൊഴികൾ അടക്കമുള്ള കുരുക്ക് മുറുക്കുകയും ചെയ്യുന്നു. ജോളിക്കെതിരെ ഷാജുവിന്റെയും സിലിയുടേയും മകൻ പൊലീസിന് നിർണായക മൊഴി നൽകിയിരിക്കുകയാണ്.

റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി ജോസഫ് രണ്ടാം വിവാഹം കഴിച്ചതാണ് ഷാജുവിനെ. റോയിയുടേയും ഷാജുവിന്റെ ഭാര്യയായ സിലിയുടേയും മരണത്തിന് ശേഷമായിരുന്നു ഇരുവരുടേയും രണ്ടാം വിവാഹം. സിലിയുടേയും ഷാജുവിന്റെയും ഇളയ മകളായ ആൽഫൈനെ അതിന് മുൻപ് തന്നെ ജോളി കൊലപ്പെടുത്തി തന്റെ വഴിയിൽ നിന്നും ഒഴിവാക്കിയിരുന്നു. പെൺകുഞ്ഞായതുകൊണ്ട് തങ്ങൾക്ക് ബാധ്യതയാവും എന്ന് മുൻകൂട്ടി കണ്ടായിരുന്നു ഈ കൊലപാതകം. മൂത്തമകൻ പക്ഷേ ജോളിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടു. പത്താംക്ലാസ്സുകാരനായ ഈ കുട്ടിയിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസമാണ് മൊഴി രേഖപ്പെടുത്തിയത്. ജോളിയുടെ ക്രൂരതകൾ കുട്ടി പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. രണ്ടാനമ്മയായ ജോളി തന്നെ കഠിനമായി ഉപദ്രവിച്ചിരുന്നു എന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.

2016 ജനുവരി 11നാണ് സിലി കൊല്ലപ്പെടുന്നത്. താമശേരിയിലെ ദന്താശുപത്രിയിൽ വച്ചായിരുന്നു മരണം. മരണ സമയത്ത് മകനും സിലിക്കൊപ്പമുണ്ടായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കുന്നതിന് വേണ്ടിയാണ് ഇവർ താമരശേരിയിലെ ആശുപത്രിയിൽ എത്തിയത്. ഷാജു ഡോക്ടറെ കാണാൻ കയറിയ നേരത്താണ് ജോളി കൊല നടത്തിയത്. സിലിയുടെ കൊലപാതകത്തിൽ പൊലീസ് കഴിഞ്ഞ ദിവസം ജോളിയെ അറസ്റ്റ് ചെയ്തു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന മകന്റെ മൊഴി കേസിൽ നിർണായകമാവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP