Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് ദാനം ചട്ടലംഘനം തന്നെ; എംജി സർവ്വകലാശാലാ വൈസ് ചാൻസലറെ ഗവർണ്ണർ ശാസിച്ചേക്കും; മാർക്ക് ദാനം പാടില്ലെന്ന് താക്കീതും ചെയ്യും; വിവാദത്തിൽ വെട്ടിലാകുന്നത് മന്ത്രി കെടി ജലീൽ; ചെന്നിത്തലയെ മകനെ വിർശിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികൾ സംശയകരമെന്ന നിലപാടിലേക്ക് കോടിയേരിയും; പാർട്ടി സെക്രട്ടറിയുടെ വാക്കുകളെ പരിഹസിച്ച മന്ത്രിക്ക് പണി കിട്ടിയേക്കും; കടുത്ത നിലപാടിലേക്ക് സിപിഎമ്മും

ഫലപ്രഖ്യാപനത്തിന് ശേഷമുള്ള മാർക്ക് ദാനം ചട്ടലംഘനം തന്നെ; എംജി സർവ്വകലാശാലാ വൈസ് ചാൻസലറെ ഗവർണ്ണർ ശാസിച്ചേക്കും; മാർക്ക് ദാനം പാടില്ലെന്ന് താക്കീതും ചെയ്യും; വിവാദത്തിൽ വെട്ടിലാകുന്നത് മന്ത്രി കെടി ജലീൽ; ചെന്നിത്തലയെ മകനെ വിർശിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നടപടികൾ സംശയകരമെന്ന നിലപാടിലേക്ക് കോടിയേരിയും; പാർട്ടി സെക്രട്ടറിയുടെ വാക്കുകളെ പരിഹസിച്ച മന്ത്രിക്ക് പണി കിട്ടിയേക്കും; കടുത്ത നിലപാടിലേക്ക് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാർക്ക്ദാന വിവാദത്തിൽ എംജി സർവ്വകലാശാലയെ ചാൻസലർ കൂടിയായ ഗവർണ്ണർ ശാസിച്ചേക്കും. ഇത്തരം നിയമവിരുദ്ധ ഇടപാടുകൾ ഭാവിയിൽ നടത്തരുതെന്ന താക്കീത് സർവ്വകലാശാലയ്ക്ക് നൽകും. വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല റിപ്പോർട്ട് നൽകിയിരുന്നു. മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം. ചട്ടപ്രകാരമാണ് നടപടിയെന്നും, സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ പരീക്ഷാഫലം വന്ന ശേഷമുള്ള മോഡറേഷൻ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഇത് ചട്ടലംഘനമാണെന്നുമാണ് പ്രാഥമികമായി ഗവർണ്ണർ വിലയിരുത്തുന്നത്. എന്നാൽ വിവാദങ്ങൾക്ക് പുതിയ തലം നൽകാതെ താക്കീതിൽ കാര്യങ്ങൾ നിർത്തനാണ് ഗവർണ്ണറുടെ തീരുമാനമെന്നാണ് സൂചന.

സർവകലാശാലയിൽ നടന്ന അദാലത്തിൽ ബിടെക് വിദ്യാർത്ഥിക്കുവേണ്ടി മാർക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീൻ ഇടപെട്ടാണ് സിൻഡിക്കേറ്റിനെ മറികടന്ന് തീരുമാനമെടുത്തത് എന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ചാണ് സർവകലാശാലയുടെ റിപോർട്ട്. വിസി സാബു തോമസ് ഗവർണർക്കും, രജിസ്ട്രാർ സാബുക്കുട്ടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിലാണ് നടപടികളെ ന്യായീകരിച്ചത്. അദാലത്തിനു മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വാഭാവിക നടപടിയാണെന്നും സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്.

വൈസ് ചാൻസലർക്കും സിൻഡിക്കേറ്റിനും ഉള്ള അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്നും റിപ്പോർട്ടിൽ പറയുന്നു. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ വിഷയത്തിൽ നടപടി സ്വീകരിക്കു എന്നായിരുന്നു ഗവർണർ വ്യക്തമാക്കിയിരുന്നത്. ക്രമക്കേടുകളെ കുറിച്ച് വാർത്തകൾ പുറത്തു വന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഗവർണർ നിർദ്ദേശം നൽകാനും ഇടയുണ്ട്. ഏതായാലും സർക്കാരിനെ ഇക്കാര്യത്തിൽ ഗവർണ്ണർ വിർശിക്കില്ല. എല്ലാ ഉത്തരവാദിത്തവും വൈസ് ചാൻസലർ ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. എന്നാൽ സർവ്വകലാശാലാ അദാലത്തിൽ മന്ത്രിയുടെ ഓഫീസിന്റെ സാന്നിധ്യം ശരിയല്ലെന്നാണ് ഗവർണ്ണറുടെ പക്ഷം. ഇതും സർവ്വകലാശാലയെ ഗവർണ്ണർ അറിയിക്കും, അതിനിടെ വിഷയത്തിൽ മന്ത്രി കെടി ജലീൽ മന്ത്രിസഭയിലും ഇടതു മുന്നണിയിലും ഒറ്റപ്പെടുകയാണ്.

ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടമായിട്ടു പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ പിന്തുണയ്ക്കാൻ തയാറായില്ല. അതിനിടെ, ജലീൽ നടത്തിയ അനധികൃത ഇടപെടലുകൾ റദ്ദാക്കണമെന്നും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർ ആരിഫ് മുഹമ്മദ് ഖാനു വീണ്ടും കത്ത് നൽകി. രമേശ് ചെന്നിത്തലയുടെ മകൻ രമിത്തിനു സിവിൽ സർവീസസ് അഭിമുഖത്തിൽ ഉയർന്ന മാർക്ക് ലഭിച്ചതു സ്വാധീനത്തിലൂടെയാണെന്ന മന്ത്രിയുടെ ആരോപണം അനാവശ്യമായിരുന്നു എന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തൽ. അതു യുഡിഎഫ് ശൈലിയാണെന്നു കോടിയേരി പറയുകയും ചെയ്തു. താൻ യുഡിഎഫിൽ നിന്നാണു വന്നതെന്നും അതിന്റെ കറ ചിലപ്പോൾ കാണുമെന്നുമായിരുന്നു ജലീലിന്റെ മറുപടി. രമിത്തിനെതിരായ ആരോപണം ആവർത്തിക്കുകയും ചെയ്തു. ഇത് കോടിയേരിയെ പരിഹിസിക്കുന്ന തരത്തിലായിരുന്നു. ഇതോടെ സിപിഎം ഗൗരവത്തോടെയാണ് മന്ത്രിയുടെ പ്രവർത്തനത്തെ കാണുന്നത്. മന്ത്രിക്കെതിരെ അതിശക്തമായ നടപടി വേണമെന്ന് കോടിയേരി ആവശ്യപ്പെടുമെന്നാണ് സൂചന.

മാർക്ക്ദാന ആരോപണം ഉയർന്നതു മുതൽ ജലീലിന്റെ പ്രതിരോധം ഏതാണ്ട് ഒറ്റയ്ക്കായിരുന്നു. അദാലത്തുകൾ നിയമവിരുദ്ധമാണെന്ന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കളുടെ വിമർശനം കൂടി വന്നതോടെ സിപിഎമ്മിന്റെ സൈബർ പ്രചാരകർ വരെ പിൻവലിഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി സൂചിപ്പിച്ചു. അതിനിടെ യുപിഎസ്‌സി പരീക്ഷയിൽ ഇടപെടാനാണെങ്കിൽ മകൻ രമിത്തിന് ഐഎഎസ് തന്നെ വാങ്ങിക്കൊടുക്കാമായിരുന്നുവല്ലോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറു ചോദ്യവും ഉയർത്തി. ഐആർഎസ് ആണു രമിത്തിനു കിട്ടിയത്. ഐഎഎസ് ലഭിക്കാൻ വേണ്ടി വീണ്ടും പരീക്ഷകളെല്ലാം എഴുതി ഫലം കാത്തിരിക്കുകയാണ്. സിവിൽ സർവീസ് പരീക്ഷകളുടെ സ്വഭാവത്തെക്കുറിച്ചു കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് ബോധ്യമില്ലെന്ന കാര്യം ആവർത്തിക്കേണ്ടിവരുന്നതിൽ പ്രയാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എം.ജി സർവകലാശാലയിലെ മാർക്ക്ദാന വിവാദം പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ മുൻവിധിയില്ല.അധികാര കേന്ദ്രങ്ങൾ സർവകലാശാലചട്ടം പരിശോധിച്ച് നടപടി പുനഃപരിശോധിക്കണം. മോഡറേഷൻ മാർക്ക്ദാനമായി ചിത്രീകരിക്കുകയായിരുന്നു. അതിൽ ചട്ടവിരുദ്ധത ഉണ്ടോയെന്നാണ് പരിശോധി്ക്കുമെന്ന് കോടിയേരി വ്യക്തമാക്കുന്നു. അതിനിടെ മാർക്ക് ദാനത്തിൽ സിൻഡിക്കേറ്റിന് വീഴ്ച പറ്റിയതായി എം.ജി സർവകലാശാല രജിസ്ട്രാർ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഫലപ്രഖ്യാപനശേഷം അധികമാർക്ക് നൽകിയത് തെറ്റാണ്. നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ല. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഫ. കെ. സാബുക്കുട്ടൻ റിപ്പോർട്ടിൽ വ്യക്തമാക്കി.

അധിക മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്ന മന്ത്രിയുടെയും വി സി യുടെയും വാദം തള്ളുന്നതാണ് റിപ്പോർട്ട്. അതേസമയം വിദ്യാർത്ഥികളുടെ ഭാവി മാനിച്ചാണ് മാർക്ക് നൽകിയതെന്ന് വി സി പ്രഫ. സാബു തോമസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP