Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ ഏവരും പ്രവചിക്കുന്നത് ഫട്‌നാവീസ് മാജിക്ക്; ഹരിയാനയിലെ സേഫ് വിക്കറ്റിൽ അമിത് ലക്ഷ്യമിടുന്നത് 90ൽ 75 സീറ്റുകൾ; ജമ്മുകാശ്മീർ ഉയർത്തിയത് നേട്ടമാകുമെന്ന പ്രതീക്ഷയിൽ ബിജെപി; ദേശീയ പ്രശ്‌നമായ സാമ്പത്തിക മാന്ദ്യം പോലും ചർച്ചയാക്കാനാവാതെ പ്രതിപക്ഷവും; നാളത്തെ വോട്ടെടുപ്പ് ബിജെപിക്കും കോൺഗ്രസിനും ഇടതിനും അതിനിർണ്ണായകം

മഹാരാഷ്ട്രയിൽ ഏവരും പ്രവചിക്കുന്നത് ഫട്‌നാവീസ് മാജിക്ക്; ഹരിയാനയിലെ സേഫ് വിക്കറ്റിൽ അമിത് ലക്ഷ്യമിടുന്നത് 90ൽ 75 സീറ്റുകൾ; ജമ്മുകാശ്മീർ ഉയർത്തിയത് നേട്ടമാകുമെന്ന പ്രതീക്ഷയിൽ ബിജെപി; ദേശീയ പ്രശ്‌നമായ സാമ്പത്തിക മാന്ദ്യം പോലും ചർച്ചയാക്കാനാവാതെ പ്രതിപക്ഷവും; നാളത്തെ വോട്ടെടുപ്പ് ബിജെപിക്കും കോൺഗ്രസിനും ഇടതിനും അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കും. രണ്ടിടത്തും ജയമുറപ്പിച്ച മട്ടിലാണു ബിജെപി. കോൺഗ്രസാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും നടുവിലും. പുറത്തുവന്ന സർവേഫലങ്ങൾ രണ്ടിടത്തും ബിജെപി ജയമാണു പ്രവചിക്കുന്നത്. ഈ സർവ്വേ ഫലങ്ങൾ തെറ്റിയാൽ അത് മോദി സർക്കാരിനെതിരായ വിലയിരുത്തലായി ചർച്ചയാകും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതാണു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പു റാലികളിൽ പ്രധാനമായി ഉന്നയിച്ചത്. സാമ്പത്തിക മാന്ദ്യമാണു ദേശീയ പ്രശ്‌നമെങ്കിലും അത് ഭരണവിരുദ്ധ വിഷയമാക്കാൻ പ്രതിപക്ഷ കക്ഷികൾക്കു സാധിച്ചുമില്ല.

കേരളത്തിലുൾപ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലും നാളെ ഉപതിരഞ്ഞെടുപ്പു നടക്കുന്നു. ഇതിൽ 20 എണ്ണം ബിജെപിയുടെയും 12 എണ്ണം കോൺഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ജെഡിയുവിന്റെയും. ഏറ്റവും കൂടുതൽ സീറ്റിൽ (11) ഉപതിരഞ്ഞെടുപ്പുള്ളത് യുപിയിലാണ്. ഇതിൽ 9 എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളും. ദേശീയ പൗര രജിസ്റ്ററിന്റെ (എൻആർസി) അന്തിമ പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു നടുവിൽ നിൽക്കുന്ന അസമിൽ നാലിടത്താണ് ഉപതിരഞ്ഞെടുപ്പ്. സിക്കിമിലെ 3 സീറ്റിലെ ഫലം സംസ്ഥാന നിയമസഭയുടെ ഭാവിയിൽ നിർണായകമാണ്. ആകെ 32 സീറ്റുള്ള നിയമസഭയിൽ എസ്‌കെഎം 17 സീറ്റിലും എസ്ഡിഎഫ് 15 സീറ്റിലുമാണ് വിജയിച്ചത്. ഇപ്പോഴത് 1613 എന്ന സ്ഥിതിയിലാണ്. മൂന്നു സീറ്റിലും എസ്ഡിഎഫ് ജയിച്ചാൽ 1616 എന്ന സ്ഥിതിയാവും. ലോക് ജനശക്തി പാർട്ടി നേതാവ് രാമചന്ദ്ര പാസ്വാൻ അന്തരിച്ചതിനാലുള്ള ഒഴിവിൽ ബിഹാറിലെ സമസ്തിപുർ ലോക്‌സഭാ മണ്ഡലത്തിലും നാളെ ഉപതിരഞ്ഞെടുപ്പുണ്ട്.

ബിജെപിക്കും കോൺഗ്രസിനും ഇടതുപക്ഷത്തിനും നിർണ്ണായകമാണ് ഈ വോട്ടെടുപ്പ്. മഹാരാഷ്ട്രയിലും ഹരിയാനയിലും യുപിയിലും ബിജെപിക്ക് ജയിച്ചേ മതിയാകൂ. ഇല്ലെങ്കിൽ അത് പ്രതിപക്ഷത്തിന്റെ അതിശക്തമായ തിരിച്ചുവരവിലേക്ക് കാര്യങ്ങളെത്തിക്കും. സാധാരണ ഉപതെരഞ്ഞെടുപ്പുകളിൽ തോൽക്കുകായാണ് ബിജെപി പതിവ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും ജയിച്ചാൽ അത് പറഞ്ഞ് ഉപതെരഞ്ഞെടുപ്പ് തോൽവികളെ ന്യായീകരിക്കാം. എന്നാൽ കോൺഗ്രസിന് എല്ലായിടവും നിർണ്ണായകമാണ്. തിരിച്ചുവരാനുള്ള കരുത്തുണ്ടെന്ന് തെളിയിക്കാനുള്ള അവസരമാണ് ഇത്. കേരളത്തിൽ ജയിച്ചാൽ ഇടതുപക്ഷവും ചർച്ചയാകും. എന്നാൽ അഞ്ചിടത്തും തോറ്റാൽ അത് ഇടത് പാർട്ടികളുടെ ശക്തിക്ഷയമാകും വിലയിരുത്തും.

മഹാരാഷ്ട്ര പടിക്കാൻ മറാത്ത രാഷ്ട്രീയം

മഹാരാഷ്ട്രയിൽ ബിജെപി തരംഗമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്.. ഈ തിരഞ്ഞെടുപ്പോടെ നാല്പത്തിയെട്ടുകാരനായ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ശക്തനായ നേതാവും ബിജെപിയുടെ ദേശീയ മുഖവുമായി മാറുമെന്നാണ് വിലയിരുത്തൽ. ബിജെപി-ശിവസേന സഖ്യത്തിൽ ബിജെപി. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമോ എന്നുമാത്രമാണ് അറിയാനുള്ളത്. ഇത്തവണത്തെ മത്സരത്തിൽ പന്ത് ബിജെപിയുടെ കാലിൽമാത്രമാണ്. പണം, അധികാരം, രാജ്യസ്നേഹം ഉൾപ്പെടെയുള്ള വികാരങ്ങൾ ബിജെപി. നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബിജെപിക്ക് നൽകുന്ന വോട്ട് പാക്കിസ്ഥാനെതിരേയുള്ള വോട്ടെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണം. മുന്മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കളാണു ചുരുങ്ങിയ നാളുകൾക്കിടെ പ്രതിപക്ഷത്തുനിന്നു ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയത്.

2014 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും ശിവസേനയ്ക്കുംകൂടി 47.2 ശതമാനം വോട്ട് കിട്ടിയപ്പോൾ, 2019 ലോകസഭാ തിരഞ്ഞെടുപ്പിൽ അത് 51 ശതമാനമായി ഉയർന്നിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും നേരിടുന്ന ഏറ്റവുംവലിയ ഭീഷണി കോൺഗ്രസ്-എൻ.സി.പി. സ്ഥാനാർത്ഥികളുടേതല്ല. വിമതന്മാരുടേതാണ്. അവർക്കെതിരേ നടപടികൾ സ്വീകരിച്ച് പുറത്താക്കിയിട്ടുണ്ടെങ്കിലും വിമതശല്യം തന്നെയാണ് ഭരണകക്ഷി പാർട്ടികളുടെ മുന്നിലെ പ്രശ്നം. പാർട്ടികളെക്കാൾ പ്രാദേശിക നേതാക്കൾക്ക് ആധിപത്യമുള്ള മഹാരാഷ്ട്രയിൽ നിയമസഭയിൽ സീറ്റ് ലഭിക്കാത്ത നേതാക്കൾ വിമതരായി മത്സരരംഗത്തുണ്ട്. മിക്ക മണ്ഡലങ്ങളിലും പതിനായിരത്തിന് താഴെ വോട്ടുകൾക്ക് ജയപരാജയങ്ങൾ നിർണയിക്കുന്ന മഹാരാഷ്ട്രയിൽ വിമതരുടെ സാന്നിധ്യം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടയിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തിന് തലവേദനയായി നിൽക്കുന്ന പ്രകാശ് അംബേദ്കറുടെ പാർട്ടി സാന്നിധ്യം ബിജെപി. സഖ്യത്തിന് ഗുണകരമാവും.

ആദ്യമായി താക്കറെ കുടുംബത്തിൽനിന്ന് ഒരാൾ ഇത്തവണ മത്സരരംഗത്തെത്തി. ശിവസേനമുഖ്യൻ ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യ മുംബൈയിലെ വർളിയിലാണ് മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി പദമാണ് ലക്ഷ്യം. 288 നിയമസഭയിൽ 144 സീറ്റ് തങ്ങൾക്ക് വേണമെന്ന് വാശിപിടിച്ച ശിവസേന പിന്നീട് 124 സീറ്റിൽ കീഴടങ്ങുന്നതാണ് കണ്ടത്. ശിവസേനയ്ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽപ്പോലും അവർക്ക് സീറ്റ് നൽകാതെ ശിവസേനയെ ഫഡ്നവിസ് തളച്ചിട്ടു. ഈ തിരഞ്ഞെടുപ്പോടെ ബിജെപി. ശിവസേനയെ പൂർണമായും വിഴുങ്ങാനുള്ള തയ്യാറെടുപ്പിലാണ്. വിനായക ദാമോദർ സവർക്കർക്കും കവിയും സാമൂഹിക പരിഷ്‌കർത്താവുമായ ജ്യോതിറാവു ഫുലേക്കും ഭാര്യ സാവിത്രിഭായി ഫുലേക്കും ഭാരതരത്‌നം നൽകുമെന്ന് ബിജെപി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങളാണ്. ബിജെപി. ദേശസ്നേഹത്തോടൊപ്പം മറാഠ വികാരവും ആളിക്കത്തിച്ച് കൂടുതൽ സീറ്റുകൾ നേടി ശിവസേനയെ മറികടക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ഹരിയാനയിൽ ബിജെപി സേഫോ?

ഗുസ്തി ഒരു ആവേശമായി സിരകളിൽ കൊണ്ടുനടക്കുന്നവരാണ് ഹരിയാനക്കാർ. തുടർഭരണം തേടുന്ന ബിജെപി ഇത്തവണ 'സേഫ് വിക്കറ്റി'ലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എതിർപാളയങ്ങളിലെ ഭിന്നതകൾ മുതലെടുത്തു കളം നിറഞ്ഞ പ്രചാരണ തന്ത്രങ്ങൾ ബിജെപിക്കു നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. പ്രാദേശിക പാർട്ടികളുടെ കീഴിൽ അണിനിരക്കുന്ന പതിവുമാറ്റി 2014ൽ ഒറ്റയ്ക്കു മത്സരിച്ച ബിജെപി ആദ്യ പരീക്ഷണത്തിൽ തന്നെ 47 സീറ്റുകൾ നേടി സംസ്ഥാന ഭരണം കയ്യടക്കിയിരുന്നു, കുടുംബവാഴ്ചയും ജാതിസമവാക്യങ്ങളും എന്ന പതിവു സ്വാധീനഘടകങ്ങളെ കാറ്റിൽ പറത്തി ബിജെപി നടത്തിയ പരീക്ഷണത്തിന്റെ കൂടി വിജയമായിരുന്നു അത്. ജാട്ട് ഇതര വോട്ടുകളുടെ കേന്ദ്രീകരണം ഉറപ്പിക്കിയായിരുന്നു വിജയം.

പ്രതീക്ഷിച്ചതു പോലെ ചണ്ഡിഗഡ്, പഞ്ചഗുള, കുരുക്ഷേത്ര, കർനാൾ, പാനിപത് തുടങ്ങി ജാട്ടിതര മേഖലകളിൽ ശക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്കായി. ഐഎൻഎൽഡിക്കും കോൺഗ്രസിനുമിടിയിൽ ജാട്ട് വോട്ടുകൾ ഭിന്നിക്കപ്പെട്ടതിനോടൊപ്പം ഗുർമീത് റാം റഹിം നൽകിയ പിന്തുണയും ബിജെപിക്ക് തുണയായി. ജാട്ട് ഇതര നേതാവായ മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ പരീക്ഷണത്തിനു പുതിയൊരു മാനം നൽകാനും ബിജെപിക്കു കഴിഞ്ഞു. അഞ്ചു വർഷങ്ങൾക്കിപ്പുറം എല്ലാ സമുദായക്കാർക്കും വേണ്ടി ഒരുപോലെ പ്രവർത്തിച്ച മുഖ്യമന്ത്രിയെന്ന നിലയിൽ ഖട്ടറിനെ ഉയർത്തിക്കാട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭൂപീന്ദർ ഹൂഡയിലൂടെ ജാട്ട് വോട്ടുകൾ ഭദ്രമാക്കാമെന്നു കണക്കുകൂട്ടുമ്പോഴും മുൻകാലങ്ങളിലെപ്പോലെ ജാട്ട് സമുദായത്തിൽപ്പെട്ട സ്ഥാനാർത്ഥികളെ അണിനിരത്താൻ കോൺഗ്രസ് തയാറായില്ല. നരേന്ദ്ര മോദി എന്ന താരപ്രചാരകനെ മുൻനിർത്തി തന്നെയാണ് ബിജെപി ഇത്തവണയും കളം നിറഞ്ഞത്. അമിത് ഷാ അമരക്കാരനും. അമിത് ഷാ തന്റെ ചാണക്യ തന്ത്രങ്ങളിലൂടെ ഉന്നംവയ്ക്കുന്നത് ആകെയുള്ള 90ൽ 75ൽ അധികം സീറ്റുകളാണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഇതു സഫലമാകുമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ

ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയം ദേശീയതലത്തിൽ സമ്മാനിച്ച ആഘാതത്തിൽ നിന്ന് ഇനിയും മുക്തമാകാത്ത കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പടലപിണക്കങ്ങൾ സൃഷ്ടിച്ച തലവേദന ചില്ലറയല്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും ഇത് പ്രകടമാണ്. 2014ലെ വിജയം ആവർത്തിക്കാൻ ബിജെപിക്കായാൽ സംസ്ഥാന ചരിത്രത്തെ സംബന്ധിച്ചിടത്തോളം അതൊരു വേറിട്ട വിധിയെഴുത്താകും. 2009ൽ ചെറിയ ഭൂരിപക്ഷത്തോടെ കോൺഗ്രസ് തിരിച്ചുവന്നതൊഴിച്ചാൽ ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ മറ്റാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP