Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2008 ൽ പൂജ്യമായിരുന്ന ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വർഷാവസാനം 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗൺ; പ്രതിരോധ മേഖലയുടെ മുന്നേറ്റത്തിനായുള്ള ഇന്ത്യയുടെ ഇടപെടലും വേഗതയും സന്നദ്ധതയും മാതൃകയെന്ന് പുകഴ്‌ത്തി അമേരിക്ക; ഏഷ്യാ-പസഫിക്കിൽ ഈ സൗഹൃദം നിർണ്ണായകമെന്നും വെളിപ്പെടുത്തൽ; ചൈനയുമായി മോദി കൈകൊടുത്തപ്പോൾ കൂടുതൽ അടുക്കാൻ അമേരിക്കയും; അടുത്തയാഴ്ച ഡൽഹിയിൽ നടക്കുക അതിനിർണ്ണായക യോഗം

2008 ൽ പൂജ്യമായിരുന്ന ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വർഷാവസാനം 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗൺ; പ്രതിരോധ മേഖലയുടെ മുന്നേറ്റത്തിനായുള്ള ഇന്ത്യയുടെ ഇടപെടലും വേഗതയും സന്നദ്ധതയും മാതൃകയെന്ന് പുകഴ്‌ത്തി അമേരിക്ക; ഏഷ്യാ-പസഫിക്കിൽ ഈ സൗഹൃദം നിർണ്ണായകമെന്നും വെളിപ്പെടുത്തൽ; ചൈനയുമായി മോദി കൈകൊടുത്തപ്പോൾ കൂടുതൽ അടുക്കാൻ അമേരിക്കയും; അടുത്തയാഴ്ച ഡൽഹിയിൽ നടക്കുക അതിനിർണ്ണായക യോഗം

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ചൈനയുമായി ഇന്ത്യ കൈകോർക്കുമ്പോൾ കൂടുതൽ അടുപ്പം കാട്ടാൻ അമേരിക്കയും എത്തുന്നു. ന്യൂഡൽഹിയിൽ നടക്കുന്ന ഒൻപതാമത് ഇന്ത്യ-യുഎസ് ഡിഫൻസ് ടെക്‌നോളജീസ് ആൻഡ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡിടിടിഐ) ഗ്രൂപ്പ് മീറ്റിങ്ങിലൂടെ ഇന്ത്യയുമായുള്ള ബന്ധത്തിന് പുതു തലം നൽകാനാണ് അമേരിക്കയുടെ നീക്കം. പ്രതിരോധ മേഖലയിൽ ഇന്ത്യയെ പ്രധാന പങ്കാളിയായി കാണാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. കാശ്മീരിൽ ഇന്ത്യാ-പാക് തർക്കം മുറുകമ്പോഴാണ് ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിന് അമേരിക്ക സന്നദ്ധത കാട്ടുന്നത്. ഇത് ഇന്ത്യയ്ക്ക് നയതന്ത്ര തലത്തിൽ വലിയ നേട്ടമാകും.

പ്രതിരോധ മേഖലയിൽ ഇന്ത്യ യുഎസ് വ്യാപാരം ഈ വർഷം 1800 കോടി ഡോളർ (1.28 ലക്ഷം കോടി രൂപ) കവിയുമെന്ന് പെന്റഗൺ വെളിപ്പെടുത്തി. ഇന്ത്യയുമായി ശക്തമായ ബന്ധം തുടർന്നു പോകാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും സൈനിക രംഗത്തുൾപ്പെടെ സഹകരണം വ്യാപിപ്പിക്കുമെന്നും യുഎസ് പ്രതിരോധ അണ്ടർ സെക്രട്ടറി എല്ലെൻ എം. ലോർഡ് പറഞ്ഞു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന 9ാം ഇന്ത്യ യുഎസ് പ്രതിരോധ സമിതി (ഡിറ്റിറ്റിഐ) യോഗത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. യോഗത്തിൽ ലോർഡ് പങ്കെടുക്കും.

പ്രതിരോധ രംഗത്ത് യുഎസിന്റെ പ്രമുഖ പങ്കാളിയാണ് ഇന്ത്യയെന്നു ലോർഡ് പറഞ്ഞു. നാറ്റോ സഖ്യകക്ഷികളായ ജപ്പാൻ, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇന്തോ പസിഫിക് മേഖലയിൽ ഇന്ത്യയും സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കാനാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഒൻപതാമത് ഇന്ത്യ- യുഎസ് ഡിടിടിഐ ഗ്രൂപ്പ് മീറ്റിങ്ങിന്റെ ഉപസെക്രട്ടറിയായ ലോർഡ് അടുത്തയാഴ്ച ന്യൂഡൽഹിയിലെത്തും. ഇന്ത്യൻ പ്രതിരോധ പങ്കാളിയുമായി തുടർന്നും പ്രവർത്തിക്കുന്നതിൽ സന്തുഷ്ടയാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് ഇന്ത്യയ്ക്കു സ്ട്രാറ്റജിക് ട്രേഡ് അഥോറിറ്റി ടയർ 1 പദവി നൽകിയതു കൂടുതൽ സപ്ലൈ ചെയിൻ കാര്യക്ഷമത നൽകി. സാങ്കേതികത്തികവുള്ള ഉൽപന്നങ്ങൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാൻ അമേരിക്കൻ കമ്പനികളെ അനുവദിച്ചു. നാറ്റോ സഖ്യകക്ഷികളായ ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവയുടെ അതേ അംഗീകാരം ഇത് ഇന്ത്യയ്ക്കും നൽകുന്നു. ഇന്തോ-പസഫിക്കിനായി അമേരിക്കയും ഇന്ത്യയും ഉഭയകക്ഷിപരമായും സമാന ചിന്താഗതിക്കാരായ മറ്റു പങ്കാളികളുമായും സഹകരിച്ചു പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് ഈ ഉദാഹരണങ്ങൾ കാണിക്കുന്നു. അടുത്തിടപഴകാനുള്ള സന്നദ്ധതയാണു വ്യക്തിപരമായി ഇന്ത്യയിൽ കണ്ടതെന്നും ലോർഡ് പറഞ്ഞു.

പ്രതിരോധ മേഖലയുടെ മുന്നേറ്റത്തിനായി ഇന്ത്യയുടെ ഇടപെടലും വേഗതയും സന്നദ്ധതയുമാണ് വ്യക്തിപരമായി തന്നെ ആകർഷിച്ചതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ലോർഡ് മറുപടി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം വർഷാവസാനത്തോടെ 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗൺ വ്യക്തമാക്കുന്നു. ഇന്ത്യൻ പ്രതിരോധ സംരക്ഷണ സഹ-സെക്രട്ടറി അപൂർവ ചന്ദ്രയുമായി ലോർഡ് കൂടിക്കാഴ്ച നടത്തും. 2008 ൽ പൂജ്യമായിരുന്ന ഉഭയകക്ഷി പ്രതിരോധ വ്യാപാരം ഈ വർഷാവസാനം 18 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പെന്റഗൺ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

ഇരുപതുവർഷത്തിനിടെ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വലിയ മാറ്റങ്ങളുണ്ടായെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉഭയകക്ഷി വ്യാപാര തർക്കങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വാഷിങ്ടൺ ഡിസിയിലെത്തിയ ജയശങ്കർ വിശദീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്ത ഹൗഡി മോദിക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്ന് സൂചന പുറത്തു വന്നിരുന്നു.

യു.എസ്. ഉത്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കുമെന്നും, യു.എസിൽനിന്ന് ഇന്ത്യയിൽ കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പുവരുത്താൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ വ്യാപാര കരാർ സംബന്ധിച്ച് ധാരണയിലെത്തുമെന്ന് ട്രംപ് ഉറപ്പുനൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു ട്രംപിന്റെ പ്രതികരണം. ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി എത്തിയപ്പോഴായിരുന്നു ട്രംപ്- മോദി കൂടിക്കാഴ്ച. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, കൊമേഴ്‌സ്& വ്യാവസായിക മന്ത്രി പിയൂഷ് ഗോയലും ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും യുഎസ് സംഘത്തിന്റെ ഭാഗമായിരുന്നു. ഹൂസ്റ്റണിൽ ഹൗഡി മോദി പരിപാടിക്കെത്തിയ ട്രംപിനെ അഭിനന്ദിച്ച മോദി യുഎസ് പ്രസിഡന്റിനോട് നന്ദി പറയുകയും ചെയ്തു.

ട്രംപ് തന്റെയും ഇന്ത്യയുടേയും നല്ല സുഹൃത്താണെന്നും മോദി പ്രതികരിച്ചിരുന്നു. ഉന്നത യുഎസ് നിയമനിർമ്മാതാക്കൾക്കൊപ്പം 50000 ഓളം വരുന്ന ഇന്ത്യൻ-അമേരിക്കക്കാരുമാണ് പരിപാടിയിൽ പങ്കെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP