Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ

19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൂടത്തായി വധക്കേസിന്റെ ചുരുളഴിച്ച് വടകര റൂറൽ എസ്‌പി കെ.ജി.സൈമൺ ആദ്യം വാർത്താസമ്മേളനം നടത്തിയപ്പോൾ കണ്ടുനിന്നവർ പറഞ്ഞു.. ഹോ ..പറഞ്ഞ് ഫലിപ്പിക്കുന്നതിന് എന്തൊരു ക്ലാരിറ്റി. അതെ, കൂടത്തായി കേസ് മാത്രമല്ല, അന്വേഷിച്ച മിക്ക കേസുകളിലും ഈ മിടുക്ക് കാട്ടിയതുകൊണ്ടാണ് മുൻ ഡിജിപി ജേക്കബ് പുന്നൂസ് കഴിഞ്ഞ ദിവസം സൈമൺ മിടുമിടുക്കനാണെന്ന്. ഒരുതുമ്പുമില്ലാത്ത ഏഴെട്ട് കേസുകൾ താൻ സർവീസിലുണ്ടായിരുന്ന സമയത്ത് തന്നെ സൈമൺ തെളിയിച്ചത് ഓർക്കുന്നു മുൻ ഡിജിപി. ചെറിയ തെളിവുകളിലൂടെ കൂടുതൽ സമയമെടുത്ത് അന്വേഷണം. അതാണ് സൈമണന്റെ സവിശേഷത. കൂടത്തായി കേസ് നോക്കുക. ചിലന്തി വല നെയ്യുന്ന പോലെ ജോളി കുരുക്കുകൾ ഒരുക്കിയത് എത്ര വിദഗ്ധമായാണ് അഴിച്ചെടുത്തത്. സൂക്ഷ്മമായ ആസൂത്രണം. അതൊന്നുമാത്രമാണ് കൂടത്തായി കേസിലെ പ്രതികളെ അകത്താക്കാനും, കൂടുതൽ കൊലകൾ എന്ന വലിയ അപകടം ഒഴിവാക്കാനും കളമൊരുക്കിയത്.

മഹാദേവന്റെ കൊലപാതക കേസന്വേഷണം പോലെ എല്ലാം സീക്രട്ട്

19 വർഷം പിന്നാലെ ഓടി നടന്നിട്ടും തെളിയിക്കാനാവാതെ തോറ്റുപിന്മാറാൻ കേരള പൊലീസ് ഒരുങ്ങുന്ന സമയം. കേസ് എഴുതി തള്ളാൻ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ. ആ സമയത്താണ് കൂടത്തായി കേസ് തെളിയിച്ച കെ.ജി.സൈമൺ ഒരുകൈ നോക്കുന്നത്. ചങ്ങനാശേരി മതുമൂല സ്വദേശിയായ മഹാദേവനെന്ന പന്ത്രണ്ടുകാരനെ കാണായ സംഭവമാണ് കേസായത്. 1995 ലാണ് ഇയാളെ കാണാതായത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരുതുമ്പും കിട്ടിയില്ല. മുക്കൂട്ടുതറയിൽ കാണാതായ ജസ്നയെ പോലെ, മഹാദേവനെയും അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന മട്ടിലുള്ള സന്ദേശങ്ങൾ. എന്നാൽ, മഹാദേവനെ കണ്ടതായി അറിയിച്ച് ഫോൺകോളുകളും, വിട്ടയയക്കാൻ പണവും ആവശ്യപ്പെട്ടുള്ള കത്തുകളും കിട്ടിക്കൊണ്ടിരുന്നു.

മഹാദേവന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ കേസിൽ വീണ്ടും അന്വേഷണമായി. 2015 ൽ അന്വേഷണം ആരംഭിച്ചു. പഴയ കേസ് ഡയറി വിശദമായി പഠിച്ചു. ചങ്ങനാശേരിയിലെ സൈക്കിൾ കടക്കാരൻ ഉണ്ണി എന്ന ഹരികുമാർ ഇതിനിടെയാണ് പൊലീസിന്റെ നിരീക്ഷണത്തിൽപെടുന്നത്. സംഭവത്തിൽ ദുരൂഹത തോന്നി. ക്രൈംബ്രാഞ്ച് ഉണ്ണിയെ വിശദമായി ചോദ്യം ചെയ്തു.എന്നാൽ, മഹാദേവന്റെ അച്ഛനോട് പറഞ്ഞ അതേ കാര്യങ്ങൾ ഉണ്ണി ആവർത്തിച്ചു. ഇതോടെ പൊലീസ് തന്ത്രം ഒന്നു മാറ്റിപ്പിടിച്ചു. മഫ്തിയിലായി അന്വേഷണം.

ഉണ്ണി അത്യാവശ്യം നന്നായി മദ്യപിക്കുന്ന ആളെന്ന് മനസ്സിലായി. കച്ചവടക്കാരാണെന്ന് പരിചയപ്പെടുത്തി ബാറിൽ വച്ച് ഉണ്ണിയുടെയും കൂട്ടുകാരുടെയും ഒപ്പം കൂടി. പതിയെ ചങ്ങാതിമാരായി. ആഴ്ചകളോളം പാട്ടും മേളവുമായി അവരോടൊപ്പം മദ്യപാന സദസുകളിൽ പങ്കെടുത്തു. ഇതിന് വേണ്ടി കാശും ഒഴുക്കി. ഒരുദിവസം മദ്യലഹരി തലയ്ക്ക് പിടിച്ചപ്പോൾ ഉണ്ണിയുടെ സുഹൃത്തുക്കളിൽ ഒരാൾ അറിയാതെ പറഞ്ഞുപോയി: ' ഉണ്ണി ഒരാളെ തട്ടിയതായി പറഞ്ഞിട്ടുണ്ട്. അവനതിൽ ഭയങ്കര വിഷമവുമുണ്ട്.' പിന്നെ വൈകിയില്ല. പൊലീസ് ഉണ്ണിയെ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തു. മഹാദേവനെ കൂടാതെ മറ്റൊരാളെക്കൂടി ഉണ്ണി വകവരുത്തിയതായും പൊലീസ് കണ്ടെത്തി.

കൂടത്തായിയിൽ തുമ്പുണ്ടായത് ഇങ്ങനെ:

വെറുതെ കേസ് അന്വേഷിച്ചാൽ പോരാ. ആ വിവരങ്ങൾ ചോരാതിരിക്കുകയും വേണം. അതിനായി ഒരു ഈച്ച പോലും അറിയാതെ രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ള പൊലീസുകാരെ സംഘത്തിലാക്കി. മൂന്ന് ഡിവൈഎസ്‌പിമാർ അന്വേഷണത്തിന്റെ തലതോട്ടപ്പന്മാരായി. വനികളടക്കം മൂപ്പതിനടുത്ത് പൊലീസുകാരും. പൊന്നമറ്റം വീടായിരുന്നു ഫോക്കസ്. വീടിനെ ചുറ്റി പറ്റി ഒരുഗ്രൂപ്പ്. ജോളി എപ്പോൾ വീട്ടിൽ നിന്നിറങ്ങുന്നു, എങ്ങോട്ടുപോകുന്നു, എപ്പോൾ തിരിച്ചുവരുന്നു എന്നൊക്കം അന്വേഷിക്കാൻ വനിതാ പൊലീസുകാരടങ്ങിയ സംഘം. ഷാജുവിനെയും സക്കറിയെയും നിരീക്ഷിക്കാൻ മറ്റൊരുകൂട്ടർ. ഫോൺ കോളുകൾ പരിശോധിക്കാൻ പ്രത്യേക ഗ്രൂപ്പ്. ജോളി പോകുന്നിടത്തെല്ലാം പൊലീസ് സാന്നിധ്യമുണ്ടായി. വീട്ടിൽ നിന്ന് എൻഐടിയിലേക്കെന്ന് പറഞ്ഞ് തിരിക്കുന്ന ജോളി ബ്യൂട്ടി പാർലറിൽ പോകുന്നതും, ക്യാന്റീനിൽ പോകുന്നതും, സുഹൃത്തിനൊപ്പം സെൽഫിയെടുക്കുന്നതും എല്ലാം പൊലീസ് നോക്കി കണ്ടി. ഭർത്താവ് ഷാജുവിനെ പോലും പറ്റിച്ച് എൻഐടിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന ജോളി അസാനമാന്യ വിരുതുള്ള തട്ടിപ്പുകാരിയെന്ന് വൈകാതെ ബോധ്യമായി. ഇതോടെ ജോളിയായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധാകേന്ദ്രം.

വേഷം മാറിയായിരുന്നു അന്വേഷണം എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കച്ചവടക്കാരും ഇൻഷുറൻസ് ഏജന്റും ആക്രി കച്ചവടക്കാരുമൊക്കെയായി പൊലീസുകാർ വേഷം മാറി. പൊന്നാമറ്റം വീടിനെ കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായവും മറ്റും രഹസ്യമായി ചോദിച്ചറിഞ്ഞു. ജോളി എൻഐടിയിലെ ജീവനക്കാരിയല്ല എന്ന സാക്ഷ്യപത്രം വാങ്ങി. റവന്യുസംഘമെന്ന് ധരിപ്പിച്ചാണ് വ്യാജ ഒസ്യത്ത് അന്വേഷിച്ചത്. ഒപ്പ് ഒറിജിനലാണോയെന്ന് അറിയാൻ സാക്ഷികളായി ഒപ്പിട്ടവരെ കണ്ട് സൂത്രത്തിൽ ചോദിച്ചറിഞ്ഞു. മാസങ്ങൾക്ക് മുമ്പേ റോജോ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന തിരിച്ചറിഞ്ഞ നിമിഷം മുതൽ സത്യം തെളിയിക്കാനുള്ള തീവ്രയത്‌നത്തിലായിരുന്നു കെ.ജി.സൈമണും സംഘവും.

കെ.ജി.സൈമൺ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:'വഞ്ചന കാണിക്കുന്ന ഒരു സ്ത്രീ, ഇത് നമ്മൾ പോലും പ്രതീക്ഷിക്കുന്നതല്ല ഇത്തരത്തിലൊരു പെരുമാറ്റം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന്. കൃത്യമായി അവർ എല്ലാം പ്ലാൻ ചെയ്തു. ശവക്കല്ലറ പൊളിക്കുന്ന ദിവസം രാത്രി അവർ രണ്ട് പേരെക്കൂട്ടി ഒരു പ്രമുഖ അഭിഭാഷകനെ കാണാൻ പോയി. എങ്ങനെയാണ് ഇതിൽ നിന്ന് രക്ഷപ്പെടുക എന്ന് ചോദിക്കാനാണ് പോയത്. അപ്പോൾ ഞങ്ങൾ അറസ്റ്റ് ചെയ്യാൻ പോയിട്ടില്ല. ഞങ്ങളുടെ മുന്നിലൂടെയാണ് പോയത്. പോട്ടെന്ന് വച്ചു. അവർ പോയി മടങ്ങി വന്നു. അവരുടെ പുറകേ മാസങ്ങൾക്ക് മുമ്പേ ഞങ്ങളുണ്ട്. ജോളിയുടെ മിടുക്കിന് ഉപരി, ഒരു ഇരട്ട വ്യക്തിത്വം അവർക്കുണ്ടായിരുന്നു. അങ്ങനെയാണ് അവർ വിവരം മറച്ചു വച്ചത്, എസ്‌പി പറഞ്ഞുനിർത്തി.

പ്രതികളുടെ ജൂഡീഷ്യൽ കസ്റ്റഡി നീട്ടി

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളിയുടേയും കൂട്ടുപ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയാണ് കേസിലെ പ്രതികളായ ജോളി, എം.എസ് മാത്യു, പ്രജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടിയത്. അതിനിടെ ജോളിയുടെ കേസിന്റെ വക്കാലത്ത് സംബന്ധിച്ച് കോടതിയിൽ വാദങ്ങളുണ്ടായി.സൗജന്യ നിയമസഹായം നൽകേണ്ടത് കോടതിയാണെന്ന് ബാർ അസോസിയേഷൻ ഭാരവഹികൾ കോടതിയിൽ വാദിച്ചു. ബാർ അസോസിയേഷനിൽ അംഗമല്ലാത്ത പുറത്തുനിന്നുള്ള അഭിഭാഷകർക്ക് സൗജന്യ വക്കാലത്ത് നൽകിയത് നിയമവിരുദ്ധമാണെന്നും അവർ വാദിച്ചു. എന്നാൽ ജോളി വിദ്യാഭ്യാസമുള്ളയാളാണെന്നും അവരതിൽ സ്വമേധയാ ഒപ്പിട്ടതല്ലേയെന്നും കോടതി ചോദിച്ചു.

ജോളിയുടെ കേസിന്റെ വക്കാലത്ത് തങ്ങൾക്കാണെന്ന് ആളൂർ അസോസിയേറ്റ്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇല്ലെങ്കിൽ അവർ അത് നിഷേധിക്കട്ടെയെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തിൽ ജോളി ഒന്നും പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP