Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിവിൽ സർവീസ് പരീക്ഷയുടെ പേരിൽ കെ ടി ജലീൽ ചെന്നിത്തലയുടെ മകനെ വിമർശിച്ചതോടെ യുഡിഎഫുകാർ മറുപടി നൽകിയത് ബിനോയി കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി; നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലിയെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി; താൻ പറഞ്ഞത് വസ്തുതയെന്നും അടിച്ചാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ലെന്നും ജലീൽ; യുഡിഎഫിൽ നിന്നും വന്നതു കൊണ്ട് അതിന്റെ കറ തനിക്കുമുണ്ടെന്നും മന്ത്രി

സിവിൽ സർവീസ് പരീക്ഷയുടെ പേരിൽ കെ ടി ജലീൽ ചെന്നിത്തലയുടെ മകനെ വിമർശിച്ചതോടെ യുഡിഎഫുകാർ മറുപടി നൽകിയത് ബിനോയി കോടിയേരിയുടെ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി; നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലിയെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി; താൻ പറഞ്ഞത് വസ്തുതയെന്നും അടിച്ചാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ലെന്നും ജലീൽ; യുഡിഎഫിൽ നിന്നും വന്നതു കൊണ്ട് അതിന്റെ കറ തനിക്കുമുണ്ടെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് കിട്ടിയതിൽ സ്വാധീനം ഉണ്ടെന്ന മന്ത്രി കെ ടി ജലീലിന്റെ ആരോപണം ഏറ്റുപിടിക്കാതെ സിപിഎം. ഈ വിഷയത്തിൽ ജലീലിനെ കൈവിട്ട നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈക്കൊണ്ടത്. ചെന്നിത്തലയുടെ മകനെതിരെ ഉണ്ടയില്ലാ വെടി പൊട്ടിച്ച ജലീലിനെ ആരും പിന്തുണക്കുന്നില്ല. ഈ ആരോപണത്തോടെ യുഡിഎഫ് അണികൾ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനാ വിഷയം വീണ്ടും ചർച്ചയാക്കി. ഇത് പ്രത്യക്ഷത്തിൽ സിപിഎമ്മിന് തന്നെ തിരിച്ചടിയായ ഘട്ടത്തിലെത്തി. ഇതോടെ ഈ വിഷയത്തിൽ കെ ടി ജലീൽ ഒറ്റപ്പെട്ട നിലയിലാണ്.

ഈ വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെ പിന്തുണയ്ക്കാതെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരായ മന്ത്രി ജലീലിന്റെ ആരോപണത്തിലാണ് കോടിയേരി പരോക്ഷ അതൃപ്തി പ്രകടിപ്പിച്ചത്. നേതാക്കളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് യുഡിഎഫ് ശൈലിയാണ്. നേതാക്കളുടെ കുടുംബാംഗങ്ങളെ ആരോപണത്തിലേക്ക് വലിച്ചിഴക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. മാർക്കുദാന വിവാദം പാർട്ടി പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ മുൻവിധിയില്ല. മാർക്കുദാന തീരുമാനം എംജി സർവകലാശാല വൈസ് ചാൻസലറുടേതാണ്. വിസിയുടെ തീരുമാനം അദാലത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. മോഡറേഷൻ നൽകാൻ വിസിക്ക് അദികാരമുണ്ട്. മോഡറേഷനാണ് മാർക്ക് ദാനമായി ചിത്രീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കളുടെ അഭിപ്രായവും കോടിയേരി തള്ളിക്കളഞ്ഞു. അദാലത്താണ് മാർക്ക് നൽകാൻ തീരുമാനിച്ചതെന്ന രാജൻ ഗുരുക്കളുടെ അഭിപ്രായം ശരിയല്ല. വിസിയാണ് തീരുമാനമെടുത്തത്. ഈ തീരുമാനം അദാലത്ത് അംഗീകരിക്കുകയായിരുന്നെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ലെന്ന് മന്ത്രി കെ.ടി ജലീൽ. സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താൻ പറഞ്ഞത്. വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല അദാലത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല, തെറ്റാണെങ്കിൽ ഉമ്മൻ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ടെന്നും മന്ത്രി. താൻ യു.ഡി.എഫിൽ നിന്നാണ് വന്നത്. അതിന്റെ ദൂഷ്യങ്ങൾ ചിലപ്പോൾ കാണുമെന്നും ജലീൽ പറഞ്ഞു.

അദാലത്തിലെടുത്ത തീരുമാനത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ജലീൽ പറഞ്ഞു. ചെന്നിത്തലയുടെ മകന്റെ മാർക്കിൽ അസ്വാഭാവികതയുണ്ടെന്ന മുൻ നിലപാട് ജലീൽ ആവർത്തിച്ചു. അദാലത്തിൽ പങ്കെടുത്തത് തെറ്റാണെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കുറ്റക്കാരനാണ്. ഉമ്മൻ ചാണ്ടിയും സർവകലാശാല അദാലത്തിൽ പങ്കെടുത്തിരുന്നു. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മന്ത്രിമാർ ഇടപ്പെടാറില്ലെന്നാണ് രാജൻ ഗുരുക്കൾ പറഞ്ഞത്. താൻ ഇത്തരത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു. അടിച്ചാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ലെന്നും ജലീൽ പറഞ്ഞു.

അതേസമയം മാർക്ക് ദാന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വൻ അഴിമിതിയാണ് നടന്നത്. ഇനി മന്ത്രിയായി തുടരാനാവില്ല. മാറിനിന്ന് ജുഡീഷ്യൽ അന്വേഷണം നേരിടണം. ജലീലിനെതിരായ ആരോപണം ശരിയെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യാക്ഷൻ രാജൻ ഗുരുക്കൾ പോലും പറയുന്നു. മാർക്ക് ദാനത്തിൽ നടപടി ആവശ്യപ്പെട്ടു ഗവർണർക്ക് വീണ്ടും കത്ത് നൽകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ആരോപണങ്ങൾക്ക് മറുപടി പറയാൻ പിണറായി സർക്കാരിന് കഴിയുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP