Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടികയിൽ ഇരട്ടവോട്ട് കടന്നു കൂടിയിട്ടുണ്ട്, എന്നാൽ മോഹൻരാജ് പറയുന്ന അത്രയുമൊന്നുമില്ല; ആകെയുള്ളത് 175 ഇരട്ടിപ്പ് മാത്രം; കോന്നിയിലെ ഇരട്ടവോട്ട് സ്ഥിരീകരിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്; 10238 വോട്ട് ഇരട്ടിപ്പിന്റെ ചിത്രം പുറത്തു വിട്ട് യുഡിഎഫും; കലക്ടറുടെ ശ്രമം എൽഡിഎഫിനെ രക്ഷിക്കാനെന്ന് ആക്ഷേപം

പട്ടികയിൽ ഇരട്ടവോട്ട് കടന്നു കൂടിയിട്ടുണ്ട്, എന്നാൽ മോഹൻരാജ് പറയുന്ന അത്രയുമൊന്നുമില്ല; ആകെയുള്ളത് 175 ഇരട്ടിപ്പ് മാത്രം; കോന്നിയിലെ ഇരട്ടവോട്ട് സ്ഥിരീകരിച്ച് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹ്; 10238 വോട്ട് ഇരട്ടിപ്പിന്റെ ചിത്രം പുറത്തു വിട്ട് യുഡിഎഫും; കലക്ടറുടെ ശ്രമം എൽഡിഎഫിനെ രക്ഷിക്കാനെന്ന് ആക്ഷേപം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോന്നി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വോട്ട് ഇരട്ടിപ്പ് ഉണ്ടെന്ന സ്ഥാനാർത്ഥിയായ പി മോഹൻരാജിന്റെ ആരോപണം സമ്മതിച്ച് കലക്ടർ. വോട്ട് ഇരട്ടിപ്പ് ഉണ്ടെന്നും പക്ഷേ, പരാതിയിൽ പറയുന്ന അത്രയുമില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ പിബി നൂഹ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരട്ടവോട്ട് തടയാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും കള്ളവോട്ടുകാരെ കർശനമായി ശിക്ഷിക്കുമെന്നും കലക്ടർ പറഞ്ഞു. അതേസമയം, ഇരട്ടിപ്പുള്ള വോട്ടുകളുടെ ചിത്രം സഹിതം പുറത്തു വിട്ട് യുഡിഎഫ് തിരിച്ചടിച്ചിരിക്കുകയാണ്. പി മോഹൻരാജിന്റെ പരാതിയിൽ വോട്ട് ഇരട്ടിപ്പ് കണ്ടെത്തിയ രണ്ടു ബൂത്തുകളിലെ ലിസ്റ്റ് സമർപ്പിച്ചിരുന്നുവെന്ന് കലക്ടർ പറഞ്ഞു.

ഇതിൽ ഒരു ലിസ്റ്റിൽ പത്തും മറ്റൊരു ലിസ്റ്റിൽ അഞ്ചും വോട്ട് ഇരട്ടിപ്പ് ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ ആദ്യലിസ്റ്റിൽ അഞ്ചും രണ്ടാമത്തെ ലിസ്റ്റിൽ നാലും വോട്ട് ഇരട്ടിപ്പ് ഉള്ളതായി തന്റെ പരിശോധനയിൽ കണ്ടെത്തിയതായി കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ ഡെമോഗ്രാഫിക്കലി സിമിലർ എൻട്രിസ് സംവിധാനം വഴി പ്രത്യക്ഷത്തിൽ 175 ഇരട്ടിപ്പുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മോഹൻരാജ് ചൂണ്ടിക്കാണിച്ച 15 ഇരട്ടിപ്പുകളിൽ ഒൻപത് എണ്ണംകൂടി ഉൾപ്പെട്ടതാണ് ഈ 175 ഇരട്ടിപ്പുകൾ. ഇതിൽ 120 എണ്ണം ഒരേ ബൂത്തിൽ രണ്ട് ഇരട്ടിപ്പ് വന്നിട്ടുള്ളവരും, 55 എണ്ണം പല ബൂത്തുകളിലായി ഒരേ പേരും മേൽവിലാസവും ഇരട്ടിപ്പ് വന്നവരുമാണ്.

വോട്ടർ പട്ടികയിലുണ്ടായ ഇത്തരം ന്യൂനതകൾ പരിഹരിക്കും. പുതുക്കിയ വോട്ടേഴ്സ് ലിസ്റ്റിൽ 10238 വോട്ട് ഇരട്ടിപ്പ് ഉണ്ടെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപായി പരാതിയിൽ പറയുന്ന 10238 വോട്ട് ഇരട്ടിപ്പും ഒത്തു നോക്കി ഇരട്ടിപ്പ് ഉണ്ടെങ്കിൽ അത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കും. വോട്ടർ പട്ടികയിലുള്ളവരിൽ സ്ഥലത്തില്ലാത്തവരും മരിച്ചവരും ഉൾപ്പെടുന്നവരുടെ ലിസ്റ്റ് ബൂത്ത് ലെവൽ ഓഫീസർമാർക്കും പ്രിസൈഡിങ് ഓഫീസർമാർക്കും കൈമാറും. 10238ൽ വോട്ട് ഇരട്ടിപ്പ് ഉണ്ടോയെന്ന് പരിശോധിച്ച് അതിൽ ഇരട്ടിപ്പ് ഉണ്ടെന്നു കണ്ടെത്തുന്ന ലിസ്റ്റ് പ്രിസൈഡിങ് ഓഫീസർമാർക്ക് കൈമാറുമെന്നും കലക്ടർ പറഞ്ഞു.

ആൾ മാറാട്ടത്തിലൂടെ മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ചുവച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ഐ.പി.സി 171 എഫ് അനുസരിച്ച് ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായി ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും.

വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള വിദേശത്തോ, സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടർമാരുടെ തിരിച്ചറിയൽ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാകും. യഥാർത്ഥ വോട്ടർ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ.

എതെങ്കിലും സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചെയ്യാൻ പണമോ പാരിതോഷികങ്ങളോ നൽകുകയോ ഭീഷണിപ്പെടുത്തകയോ,വോട്ട് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുകയോ, ഭീഷണിപ്പെടുത്തകയോ, വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തിൽ തടസമുണ്ടാക്കുകയോ, പോളിങ്ങ് ബൂത്തിലോ, ബൂത്തിന് സമീപമോ സംഘർഷമുണ്ടാക്കിയാലും കർശന നടപടികൾ നേരിടേണ്ടി വരുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ പറഞ്ഞു. കള്ളവോട്ട് തടയാനുള്ള എല്ലാ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെനും അതിനായി പൊലീസിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP