Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തറ വൃത്തിയാക്കുന്ന ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിക്കും; മകളെ ഹോസ്റ്റലിന് അകത്തുള്ള നല്ല ബാത്ത് റൂമിൽ കുളിക്കാൻ സമ്മതിക്കാതെ പുറത്തുള്ള വൃത്തികെട്ട ബാത്ത്റൂമിൽ വിടും; ശബ്ദമുയർത്തി എപ്പോഴും വഴക്കിട്ടു ഭയപ്പെടുത്തുന്നതും പതിവ്; സിവിൽ സർവീസിൽ നിന്ന് വളന്ററി റിട്ടയർമെന്റ് എടുത്ത് സുരേഷ് കുമാർ തുടങ്ങിയ വിദ്യാലയത്തിൽ തന്റെ കുട്ടികൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനങ്ങളെന്നു രക്ഷിതാവിന്റെ പരാതി; കെ സുരേഷ്‌കുമാറിനെതിരെ ബാലാവകാശ കമ്മിഷനിലും പൊലീസ് സ്റ്റേഷനിലും പരാതി

തറ വൃത്തിയാക്കുന്ന ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിക്കും; മകളെ ഹോസ്റ്റലിന് അകത്തുള്ള നല്ല ബാത്ത് റൂമിൽ കുളിക്കാൻ സമ്മതിക്കാതെ പുറത്തുള്ള വൃത്തികെട്ട ബാത്ത്റൂമിൽ വിടും; ശബ്ദമുയർത്തി എപ്പോഴും വഴക്കിട്ടു ഭയപ്പെടുത്തുന്നതും പതിവ്; സിവിൽ സർവീസിൽ നിന്ന് വളന്ററി റിട്ടയർമെന്റ് എടുത്ത് സുരേഷ് കുമാർ തുടങ്ങിയ വിദ്യാലയത്തിൽ തന്റെ കുട്ടികൾ അനുഭവിച്ചത് കടുത്ത മാനസിക പീഡനങ്ങളെന്നു രക്ഷിതാവിന്റെ പരാതി; കെ സുരേഷ്‌കുമാറിനെതിരെ ബാലാവകാശ കമ്മിഷനിലും പൊലീസ് സ്റ്റേഷനിലും പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: സിവിൽ സർവീസിൽ നിന്ന് വളന്ററി റിട്ടയർമെന്റ് എടുത്ത് തന്റെ സ്വപ്ന വിദ്യാലയം ആരംഭിച്ച കെ.സുരേഷ്‌കുമാറിനെതിരെ ബാലാവകാശ കമ്മിഷനിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും പരാതി. സുരേഷ്‌കുമാർ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് തന്റെ കുട്ടികൾക്കേറ്റ മാനസിക പീഡനങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാവ് നൽകിയ പരാതിയാണ് സുരേഷ് കുമാറിനെതിരെയുള്ളത്. പരാതിയിൽ ബാലാവകാശ കമ്മിഷൻ നടപടി തുടങ്ങിയപ്പോൾ, കമ്മിഷന്റെ നടപടികൾ അറിഞ്ഞു നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൂജപ്പുര പൊലീസ്. സുരേഷ് കുമാറിന്റെ സ്‌കൂളിൽ മൂന്നാം ക്ലാസിലും ഒന്നാം ക്ലാസിലും പ്രവേശിപ്പിച്ച പെൺകുട്ടിക്കും ആൺകുട്ടിക്കും സ്‌കൂളിൽ നിന്നും ഹോസ്റ്റലിൽ നിന്നും ഏറ്റ കടുത്ത മാനസിക പീഡനങ്ങളെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാവാണ് പരാതിയുമായി രംഗത്ത് വന്നത്.

ഒരു കാലത്ത് വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായ സുരേഷ് കുമാറിനെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് കുട്ടിയുടെ പിതാവ് ബാലാവകാശ കമ്മിഷനിലും പൊലീസിലും നല്കിയ പരാതിയിൽ ഉന്നയിക്കുന്നത്. വിഎസിന്റെ വിശ്വസ്തനായ ഈ പൂച്ച മൂന്നാറിൽ മല മറിച്ചെങ്കിലും വലിയ അഗ്‌നിപരീക്ഷങ്ങളാണ് ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ രണ്ടു വർഷം മുൻപ് തന്നെ വളന്ററി റിട്ടയർമെന്റ് എടുത്ത് പിരിയുകയായിരുന്നു. അതിനുശേഷം തന്റെ സ്വപ്ന വിദ്യാഭ്യാസ പദ്ധതി എന്ന് മുദ്ര കുത്തി ആരംഭിച്ച വിദ്യാലയത്തെക്കുറിച്ചും അത് നടത്തുന്ന സുരേഷ്‌കുമാറിനെക്കുറിച്ചുമാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ ഏറ്റതിലും വലിയ വെല്ലുവിളിയാകുമോ ഈ പരാതി എന്നാണ് സുരേഷ് കുമാറിന് അറിയുന്നവർ ഉറ്റുനോക്കുന്നത്.

സുരേഷ് കുമാറിന്റെ സ്‌കൂളിൽ നിന്നും ഏറ്റത് ക്രൂരമായ മാനസിക പീഡനങ്ങൾ

കടുത്ത മാനസിക പീഡനങ്ങളാണ് സ്‌കൂളിൽ നിന്നും ഹോസ്റ്റലിൽ നിന്നും തന്റെ പിഞ്ചു കുട്ടികൾക്ക് ഏറ്റതെന്നു വിദേശത്ത് ജോലിയുള്ള കുട്ടിയുള്ള കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഒന്നാം ക്ലാസിൽ ചേർത്ത തന്റെ മകനു ഭ്രാന്താണെന്നാണ് സുരേഷ് കുമാർ ആദ്യം ആരോപിച്ചത്. ഒന്നാം ക്ലാസുകാരൻ ക്രിമിനൽ ആണെന്നും ആരോപിച്ചു. ഒന്നാം ക്ലാസുകാരനായ മകനെ ആദ്യം ഭ്രാന്താണ് എന്ന് വരെ പറഞ്ഞു പുറത്താക്കി. അതിനുശേഷം മൂത്ത പെൺകുട്ടിയെ കടുത്ത മാനസിക പീഡനങ്ങൾക്ക് വിധേയമാക്കിയ ശേഷം മകനെ പറഞ്ഞു വിട്ടതിലും ക്രൂരമാം വിധം സ്‌കൂളിനു പുറത്താക്കി. കടുത്ത ആരോപണങ്ങൾ ഉയർത്തി തന്നെ സമ്മർദ്ദത്തിലാക്കിയ ശേഷമാണ് ഒന്നാം ക്ലാസിൽ ചേർത്ത മകനെ ഭീഷണിപ്പെടുത്തി തിരിച്ചേൽപ്പിച്ചത്. കുട്ടിക്ക് കൗൺസിലിങ് നൽകണമെന്ന് സുരേഷ് കുമാർ ആവശ്യപ്പെട്ടപ്രകാരം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി സൈക്കോളജി പ്രൊഫസർമാരെ കാണിച്ചെങ്കിലും കുട്ടിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇളയകുട്ടിയെ തുടർന്ന് വേറെ ഒരു സ്‌കൂളിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

ഇളയ മകനെ സ്‌കൂളിൽ നിന്നും പുറത്താക്കിയ ശേഷം മകന് ഏൽപ്പിച്ചതിലും കൂടുതൽ മാനസിക പീഡനങ്ങൾ മകൾക്ക് നേരെയും പ്രയോഗിച്ചു. മകനെക്കാളും മോശമായി മൂന്നാം ക്ലാസിലുള്ള മകളോടും പെരുമാറി. വളരെ ക്രൂരമായ മാനസിക പീഡനങ്ങളാണ് തന്റെ എട്ടുവയസുള്ള മകൾക്ക് സുരേഷ് കുമാറിൽ നിന്നും ഭാര്യയിൽ നിന്നും ഏറ്റത്. തന്റെ മകൾ കാരണം മറ്റു കുട്ടികൾക്ക് വളരെയധികം പ്രയാസങ്ങൾ നേരിടുന്നുവെന്ന പറഞ്ഞ സുരേഷ് കുമാർ എന്താണ് എന്റെ മകൾ ചെയ്തത് എന്ന് ഒരിക്കലും വ്യക്തമാക്കിയില്ല. കടുത്ത മാനസിക പീഡനങ്ങൾ ഏറ്റത് കാരണം അവൾ ഉറക്കത്തിൽ പോലും ഭയന്ന് നിലവിളിച്ചു. എത്രയും വേഗം തന്നെ കൂട്ടികൊണ്ടുപോകാൻ സുരേഷ് കുമാർ നൽകിയ ഫോണിൽ നിന്ന് തന്നെ തന്നോടു ആവശ്യപ്പെട്ടു. മൂത്ത പെൺകുട്ടിയുടെ മനോനില തന്നെ വഷളാകും വിധം ക്രൂരമായി സുരേഷ്‌കുമാർ പെരുമാറി. നിരന്തര ഭീഷണിയും പീഡനങ്ങളെയും തുടർന്ന് ഒടുവിൽ തന്റെ മകളെയും സുരേഷ് കുമാറിന്റെ സ്‌കൂളിൽ നിന്ന് മാറ്റേണ്ടി വന്നു. 55000 രൂപ സുരേഷ്‌കുമാറിനു ഫീസ് ഇനത്തിൽ നൽകിയെങ്കിലും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും തിരിച്ച് നൽകിയില്ല. നൽകിയ തുകയ്ക്ക് രശീതും നൽകിയില്ല. സ്‌കൂളിന്റെ പേരിലുള്ള ഹോസ്റ്റൽ അനധികൃതമാണ്. സുരേഷ്‌കുമാറിന്റെ വീട്ടിലാണ് ഈ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും തങ്ങുന്ന ഇതേ ഹോസ്റ്റലിൽ തന്നെയാണ് സുരേഷ് കുമാറും ഭാര്യയും തങ്ങുന്നത്. സ്‌കൂളിന്റെ പേരിലുള്ള ഈ അനധികൃത ഹോസ്റ്റലിനെക്കുറിച്ച് അന്വേഷിക്കണം-ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ രക്ഷിതാവ് ചൂണ്ടിക്കാട്ടുന്നു.

ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതിയിൽ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ

2019-ലെ അധ്യയന വർഷവുമായി ബന്ധപ്പെട്ടാണ് സുരേഷ് കുമാറിനെ ബന്ധപ്പെടുന്നത്. എട്ടു വയസായ മകൾക്ക് മൂന്നാം ക്‌ളാസിലേക്കും ആറു വയസായ മകന് ഒന്നാം ക്‌ളാസിലേക്കുമാണ് പ്രവേശനം വേണ്ടിയിരുന്നത്. സ്‌കൂളും ഹോസ്റ്റൽ സൗകര്യവും സുരേഷ് കുമാർ ഉറപ്പ് നൽകിയിരുന്നു. സുരേഷ് കുമാർ താമസിക്കുന്ന വീടാണ് ഹോസ്റ്റൽ എന്ന് അറിയാമായിരുന്നില്ല. സുരേഷ് കുമാറും ആ ഘട്ടത്തിൽ ഹോസ്റ്റൽ എന്ന് പറയുന്ന വീട്ടിലുണ്ടായിരുന്നു. ജൂൺ പത്തിന് പ്രവേശനം നേടിയപ്പോൾ പന്ത്രണ്ടാം തീയതി സുരേഷ് കുമാർ എന്നെ വിളിച്ചു. മകനെക്കുറിച്ച് നീചമായ വാക്കുകളാണ് സുരേഷ് കുമാർ ഉപയോഗിച്ചത്. മകന് ഭ്രാന്ത് ആണെന്ന് സുരേഷ്‌കുമാർ പറഞ്ഞു. അവൻ ക്രിമിനൽ ആണെന്നും പറഞ്ഞു. മകനെ ക്ലാസിനു പുറത്ത് നിർത്തി. സ്‌കൂളിലെ നിർമ്മല എന്നെ വിളിച്ച് കുട്ടിയെ ഉടൻ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. 13 നു രാത്രി തന്നെ സുഹൃത്തിനെയും സഹോദരനെയും കൂട്ടി ഞാൻ ഹോസ്റ്റലിൽ എത്തി. ഇതേ സമയം തന്നെ എന്റെ ഭാര്യ വിളിച്ചപ്പോൾ മകന് ഭ്രാന്താണെന്ന് ഭാര്യയോടും പറഞ്ഞു. അവനു മരുന്നു വാങ്ങി നൽകണം എന്നാണ് ഭാര്യയോട് പറഞ്ഞത്. കുട്ടിയെ കൊണ്ടുവരാൻ പോയപ്പോൾ മകനെ കോട്ടയം മെഡിക്കൽ കോളെജ് സൈക്കോളജി വിഭാഗത്തിൽ കാണിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തു. സുരേഷ് കുമാർ പറഞ്ഞ പ്രകാരം കോട്ടയം മെഡിക്കൽ കൊളെജിലുള്ള സൈക്കോളജി പ്രൊഫസർ സതീഷ് കുമാറിനെ കാണിച്ചു. ഏഴോളം ഡോക്ടർമാരാണ് എന്റെ കുട്ടിയെ പരിശോധിച്ചത്. കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാ എന്നാണ് അവർ സർട്ടിഫൈ ചെയ്തത്. അതിനു ശേഷം മകനെ വേറെ സ്‌കൂളിൽ ചേർക്കുകയും ചെയ്തു.

ഫോൺ എടുത്ത മകൾ പൊട്ടിക്കരഞ്ഞു

അതിനു ശേഷം എന്റെ മകളുടെ വിവരം അറിയാൻ വിളിച്ചപ്പോൾ ഒഴുക്കൻ മറുപടിയാണ് സ്‌കൂളിലെ നിർമ്മലയിൽ നിന്നും വന്നത്. പിന്നെ നിർമ്മലയെ നേരിട്ട് വിളിച്ചപ്പോൾ അവർ ഫോൺ അറ്റൻഡ് ചെയ്തില്ല. ഇതോടെ ഞങ്ങൾക്ക് പരിഭ്രാന്തി ഏറി. തുടർന്ന് സുരേഷ് കുമാറിനെ വിളിച്ചപ്പോൾ ആ സുരേഷ് കുമാറും ഫോൺ എടുത്തില്ല. തുടർന്ന് മകളെ വിളിച്ചപ്പോൾ സുരേഷ് കുമാർ ഫോൺ മകൾക്ക് നൽകിയില്ല. പകരം എന്റെ മകളെക്കുറിച്ച് കുറ്റം പറയാൻ തുടങ്ങി. മറ്റു കുട്ടികൾ മകളെ പേടിക്കുന്നു. അതിനാൽ മകളെ വീട്ടിൽ നിർത്താൻ കഴിയില്ല. വേറെ വല്ലയിടത്തും ആക്കണം. മകൾക്ക് സ്‌കൂളിൽ പ്രവേശനം നൽകിയില്ലെന്നും എന്നോടു പറഞ്ഞു. മോശം രീതിയിലാണ് സംഭാഷണം നടത്തിയത്. 22 നു സുരേഷ് കുമാർ എനിക്ക് മിസ്സ്ഡ് കോൾ തന്നു. തിരികെ വിളിച്ചപ്പോൾ മകളാണ് എടുത്തത്. മകൾ എന്നോടു കരഞ്ഞാണ് സംസാരിച്ചത്. ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഉടനടി കൂട്ടിക്കൊണ്ടു പോകണം എന്നുമാണ് പറഞ്ഞത്. മകളുടെ സംസാരത്തിൽ വളരെയധികം മാനസിക പീഡനങ്ങളാണ് മകൾ അനുഭവിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. സുരേഷ്‌കുമാറും നിർമ്മലയും വളരെ ക്രൂരമായാണ് മകളോട് പെരുമാറുന്നതും എന്നും എനിക്ക് മനസിലാക്കാൻ കഴിഞ്ഞു.

ജൂൺ 24 നു സുരേഷ്‌കുമാർ എനിക്ക് ഒരു സന്ദേശം അയച്ചു. എന്റെ മകളെ ഞാൻ അയാളുടെ വീട്ടിൽ ഉപേക്ഷിച്ചു പോയി എന്നാണ് ആ സന്ദേശത്തിൽ പറഞ്ഞത്. വൈകീട്ട് നാലുമണിക്ക് മുൻപ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയില്ലെങ്കിൽ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും ആ സന്ദേശത്തിൽ പറഞ്ഞു. 55000 രൂപ കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിനു നൽകിയപ്പോൾ അതിനു എനിക്ക് ഒരു രസീതിയും സുരേഷ് കുമാർ നൽകിയില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് താമസിക്കുകയാണ് സുരേഷ് കുമാറിന്റെ വീട്ടിൽ. ഇതേ വീട്ടിൽ തന്നെ സുരേഷ് കുമാറും ഭാര്യയും തങ്ങുകയും ചെയ്യുന്നു. സ്‌കൂൾ ഹോസ്റ്റൽ അനധികൃത ഹോസ്റ്റൽ ആണ്. ഇത്തരം കാര്യങ്ങൾ അന്വേഷിക്കണം. മകനും മകൾക്കും ഏറ്റ പീഡനത്തെക്കുറിച്ച് സത്യസന്ധമായി അന്വേഷിക്കണം. സ്‌കൂൾ പ്രവേശനത്തിനു നൽകിയ ഫീസ് തിരികെ വാങ്ങി നൽകണം. സുരേഷ്‌കുമാർ ഉന്നതനായതിനാൽ എനിക്ക് ആശങ്കയുണ്ട്. എനിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണം-പരാതിയിൽ പറയുന്നു.

ജീവിതത്തിലെ ഇരുണ്ട ദിനങ്ങളെക്കുറിച്ച് രക്ഷിതാവ് മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെ:

എന്റെ മകൾക്ക് എട്ടു വയസും മകന് ആറു വയസുമാണ്. അവർ ഷാർജയിലാണ് പഠിച്ചത്. എനിക്ക് ലാസ്റ്റ് നവംബറിൽ ഷാർജയിലെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെട്ടു. ഭാര്യയും മക്കളും അവിടെ തന്നെ തുടർന്നു. പക്ഷെ ഒറ്റയ്ക്കായപ്പോൾ ഭാര്യയ്ക്ക് കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിഞ്ഞില്ല. ജോലി സമയവും സ്‌കൂൾ സമയവും വ്യത്യസ്തമാണ്. അതിനാൽ കുട്ടികളെ നാട്ടിൽ ആക്കാം എന്ന് തീരുമാനിച്ചു. ബോർഡിങ് സൗകര്യമുള്ള സ്‌കൂളുകൾ നാട്ടിൽ കുറവാണ്. അങ്ങിനെയാണ് സുരേഷ്‌കുമാറുമായി ബന്ധപ്പെടുന്നത്. ഐഎഎസ് ജീവിതം അടക്കമുള്ള കാര്യങ്ങൾ സുരേഷ്‌കുമാർ കൂടിക്കാഴ്ചയിൽ വിശദീകരിക്കുകയും ചെയ്തു. സ്വപ്ന പദ്ധതിയാണ്. കുട്ടികളെ ചെറുപ്പത്തിൽ തന്നെ ഷേപ്പ് ചെയ്യാൻ കഴിയും എന്നൊക്കെയാണ് സുരേഷ് കുമാർ പറഞ്ഞത്. പ്രത്യേക കെയർ കിട്ടുന്ന ഇടമാണ് , വളരെ അടുപ്പമുള്ള ആളുകളുടെ കുട്ടികൾ മാത്രമാണ് സ്‌കൂളിൽ എടുക്കുന്നതും എന്നും പറഞ്ഞു. ഞങ്ങൾ ആശങ്കയിലായിരുന്നു. കുട്ടികൾ ഇതുവരെ തനിച്ച് നിന്നിട്ടില്ല. സുരേഷ്‌കുമാർ ആണെങ്കിൽ നിരന്തരം വിളിക്കുകയും ചെയ്യുമായിരുന്നു. നിങ്ങൾ കൺഫേം ചെയ്യണം. ഞങ്ങൾക്ക് അഡ്‌മിഷൻ ക്ലോസ് ചെയ്യണം എന്നൊക്കെയാണ് സുരേഷ്‌കുമാർ പറഞ്ഞുകൊണ്ടിരുന്നത്. അങ്ങിനെ ആദ്യം 5000 രൂപ ഞാൻ അവർക്ക് അക്കൗണ്ട് വഴി അയച്ചു കൊടുത്തു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ആദ്യം പറയണം എന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു പ്രശ്‌നവും ഇല്ലെന്നാണ് മറുപടി ലഭിച്ചത്. കാരണം കുട്ടികളെ ഷാർജയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്നു. ഇവരുടെ ഉറപ്പ് ലഭിച്ചത് കാരണമാണ് കുട്ടികളെ ഷാർജയിൽ നിന്നും നാട്ടിൽ എത്തിച്ചത്.

ജൂൺ ഒമ്പതിനാണ് കുട്ടികളെ സുരേഷ് കുമാറിനെ സ്‌കൂളിൽ എത്തിച്ചത്. സുരേഷ് കുമാറുണ്ട്, ഭാര്യ നിർമ്മലയുണ്ട്. മറ്റു കുട്ടികളുണ്ട്. ഞാനും സന്തോഷിച്ചു. രണ്ടു കുട്ടികളും ഒരിടത്ത് തന്നെ പഠിക്കുന്നു എന്നും ഓർത്തു. പക്ഷെ രണ്ടാം ദിവസം കഥ മാറി. സുരേഷ് കുമാർ എന്നെ വിളിച്ച് മകനെ എത്രയും വേഗം തിരികെ കൊണ്ട് പോകണം എന്ന് പറഞ്ഞു. മകന് ഭ്രാന്താണ് എന്നാണ് എന്നോടു പറഞ്ഞത്. പെട്ടെന്ന് ഇങ്ങിനെ പറഞ്ഞാൽ കുട്ടിയെ എവിടെ ചേർക്കും എന്നൊക്കെ ഞാൻ സുരേഷ് കുമാറിനോട് ചോദിച്ചു. സുരേഷ് കുമാറിന് മാത്രമല്ല ഭാര്യ നിർമ്മലയുടെ ടോണും മാറിയിരുന്നു. മകനെ കൊണ്ടുപോയില്ലെങ്കിൽ തിരികെ കൊണ്ടുപോയി വിടും എന്നാണ് പറഞ്ഞത്. ഞാൻ സുരേഷ് കുമാറിനെ വിളിച്ചു. കുറ്റി ഭയങ്കര വയലന്റാണ്. അവനെ ട്രീറ്റ്‌മെന്റിന് വിടണം. ഞങ്ങളെ പേടിപ്പിക്കുന്ന രീതിയിലാണ് സുരേഷ് കുമാർ സംസാരിച്ചത്. നിങ്ങൾ കൂടുതൽ സംസാരിക്കേണ്ട. മകനെ എത്രയുംവേഗം ഇവിടുന്ന് കൊണ്ടുപോകണം.

ഹോസ്റ്റലിൽ മകൾക്ക് പ്രശ്‌നമില്ല. മകൾ ഇവിടെ തന്നെ നിൽക്കട്ടെ. ഞാനും സുഹൃത്തും രാത്രി തന്നെ വന്നു മകനെ കൂട്ടി. മകളോട് ചോദിച്ചു. എന്താണ് പ്രശ്‌നമെന്ന്? മകനെ രാവിലെ നാലരയ്‌ക്കോ അഞ്ചു മണിക്കോ ആണ് വിളിച്ചുണർത്തുന്നത്. എണീറ്റ പാടെ അവനോടു പോയി കുളിക്കാൻ ആണ് പറഞ്ഞത്. ഇവരുടെ അമ്മാവൻ ആരോ മകനെ അടിക്കുകയും ചെയ്തു. അവൻ കരഞ്ഞു എന്നൊക്കെ പറഞ്ഞു. അവൻ സൈക്കോ ആണെന്നൊക്കെ സുരേഷ് കുമാർ പറഞ്ഞു. ഞാൻ ചോദിച്ചു ഒരൊറ്റ രാത്രി കൊണ്ടാണ് നിങ്ങൾ ഇങ്ങിനെയൊക്കെ പറയുന്നത്. മകനെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ പറഞ്ഞു. അതിനു കോട്ടയം മെഡിക്കൽ കോളെജ് നിർദ്ദേശിക്കുകയും ചെയ്തു. അവിടെ നിന്നുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തിരിച്ചെടുക്കാം എന്നും പറഞ്ഞു.

ഞാൻ മകനെയും കൂട്ടി കോട്ടയം മെഡിക്കൽ കോളേജിലെ പ്രൊഫസറെ കൊണ്ടുപോയി കാണിച്ചു. ആറു ഡോക്ടർമാർ പരിശോധിച്ചു. അവനു ഒരു കുഴപ്പവും ഇല്ലെന്നു ഡോക്ടർമാർ തീർത്ത് പറഞ്ഞു. അപ്പോഴേക്കും മകളെ അന്വേഷിച്ച് ഭാര്യ വിളിച്ചു. പക്ഷെ കൃത്യമായ മറുപടി നിർമ്മല നൽകിയില്ല. അവൾ ഗൾഫിൽ നിന്നും വീണ്ടും വിളിച്ചു. ഞാൻ സുരേഷ്‌കുമാറിനെയും വിളിച്ചു. അവർ ഫോൺ എടുത്തില്ല. മകന്റെ പ്രശനം ഇങ്ങിനെ കിടക്കുന്നു. അപ്പോഴാണ് മകളുടെ പ്രശ്‌നം കൂടി കയറി വരുന്നത്. എന്തൊക്കെയോ പന്തികേട് മണത്തു. പിറ്റേന്ന് സുരേഷ് കുമാറിനെ വിളിച്ചപ്പോൾ ശബ്ദമുയർത്തി സംസാരിക്കുകയാണ് ചെയ്യുന്നത്. മാന്യതയില്ലാതെ സംസാരിക്കരുത് എന്ന് ഞാൻ സുരേഷ് കുമാറിനോട് പറഞ്ഞു. എന്റെ കുട്ടി സുരക്ഷിതമാണോ എന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കുണ്ടെന്ന് സുരേഷ് കുമാറിനോട് ഞാൻ ചോദിച്ചു. നിങ്ങൾ എത്ര തവണ എന്നെ വിളിച്ചു എന്ന് ഞാൻ സുരേഷ് കുമാറിനോട് ചോദിച്ചു. ഈ ദുർമ്മുഖം നിങ്ങൾ ആദ്യം കാട്ടിയിരുന്നുവെങ്കിൽ കുട്ടിയെ ഈ സ്‌കൂളിൽ പ്രവേശിപ്പിക്കുമായിരുന്നില്ലെന്നു സുരേഷ് കുമാറിനോട് പറഞ്ഞു. നിങ്ങളുടെ കുട്ടി നാല്പത് കുട്ടികളെ അടിച്ചു വെന്ന് സുരേഷ് കുമാർ പറഞ്ഞു. അപ്പോൾ നിങ്ങൾ എന്ത് നടപടി എടുത്തുവെന്നു ചോദിച്ചപ്പോൾ ഒരുത്തരവും നൽകിയില്ല. ഇനി എന്നെ വിളിക്കരുത് എന്നാണ് സുരേഷ് കുമാർ പിന്നീട് പറഞ്ഞത്. എന്റെ മകൾ അവിടെ ഉള്ളതിനാൽ ഞാൻ വിളിക്കും എന്ന് തന്നെ സുരേഷ് കുമാറിനോട് പറഞ്ഞു.

പിന്നീട് സുരേഷ് കുമാർ എന്നെ വിളിച്ച് പെട്ടെന്ന് വരണം എന്ന് പറഞ്ഞു. ഞാൻ എന്താണ് കാര്യം എന്ന് ചോദിച്ചു. ഇവിടെ വന്നിട്ട് പറയാം എന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, മകന്റെ കാര്യത്തിലും നിങ്ങൾ ഇങ്ങിനെ തന്നെയാണ് പറഞ്ഞത്. എന്നിട്ട് ഒരു സ്റ്റോറി ക്രിയേറ്റ് ചെയ്തു. പെട്ടെന്ന് വരാൻ പറയേണ്ട കാര്യമെന്ത്? ബോർഡിംഗിൽ ആക്കിയത് ഇതിനു വേണ്ടിയല്ല എന്നും ഞാൻ പറഞ്ഞു. മകളെ ഡേ കെയറിലോ ഹോസ്റ്റലിലോ ആക്കണം എന്നാണ് എന്നോടു പറഞ്ഞത്. മറ്റുള്ളവരുടെ ജീവിതം ഇങ്ങിനെ തട്ടിക്കളിക്കരുത് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇത് ആദ്യം പറഞ്ഞില്ലാ എന്ന് ഞാൻ ചോദിച്ചപ്പോൾ അതിനും കൃത്യമായ മറുപടി നൽകിയില്ല. എന്റെ വീട്ടിൽ നിർത്താൻ കഴിയില്ലാ എന്നാണ് പറഞ്ഞത്. ഫോൺ വയ്ക്കുകയും ചെയ്തു. ഞാൻ മകളോട് വിളിച്ചു സംസാരിച്ചു. അവൾ പറഞ്ഞു. എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല. എത്രയും വേഗം എന്നെ വന്നു കൂട്ടിക്കൊണ്ടു പോകണം. ഇതാണ് മകൾ ആവശ്യപ്പെട്ടത്. അടുത്ത ദിവസം സുരേഷ്‌കുമാർ എന്റെ സുഹൃത്തിനെ വിളിച്ച് പറഞ്ഞു. മകളെ എത്രയും വേഗം കൂട്ടിക്കൊണ്ടു പോകാൻ പറയണം. അല്ലെങ്കിൽ ഞാൻ വേറെ എവിടെയെങ്കിലും കൊണ്ടുപോയാക്കും. എനിക്ക് ടെൻഷനായി. ഒരു ദിവസം ആശുപത്രിയിലും പോകേണ്ടി വന്നു. മകൾക്ക് എന്തെങ്കിലും പറ്റിയാൽ ഹേബിയസ് ഫയൽ ചെയ്യുമെന്നും ഞാൻ പറഞ്ഞു. തുടർന്ന് ഞാനും സുഹൃത്തും ഹോസ്റ്റലിൽ പോയി. സുഹൃത്ത് മാത്രം അകത്ത് കയറി. മകളുടെ അവസ്ഥ എന്താണ് എന്നറിയാനാണ് സുഹൃത്തിനെ മാത്രം അകത്ത് വിട്ടത്. സുരേഷ് കുമാർ സുഹൃത്തിനോട് ചൂടായി. നാല് ദിവസമായി മകൾ ഡ്രെസ്സും ചുമന്നു പോകാൻ തയ്യാറായി നിൽക്കുകയാണ്. മുഷിഞ്ഞ വസ്ത്രങ്ങൾ ആണ് ബാഗിലുള്ളത്.

മകളുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എനിക്ക് വേറൊരു മുഖമുണ്ട് എന്നാണ് സുരേഷ് കുമാർ സുഹൃത്തിനോട് പറഞ്ഞത്. സുഹൃത്തിനെ കണ്ടപ്പോൾ മകൾ പൊട്ടിക്കരഞ്ഞു. പപ്പ വന്നു കൊണ്ട് പോകും എന്ന് സുഹൃത്ത് മകളോട് പറഞ്ഞു. അതിനു ശേഷം ഞങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ ചെന്നു. അവർ ഞങ്ങളെ ബാലാവകാശ കമ്മിഷനിലേക്ക് വിട്ടു. അവിടെ പരാതി നൽകി. രണ്ടിടത്തും ഞാൻ പരാതി നൽകി. ഈ സമയം തന്നെയാണ് മകളെ ഞാൻ സുരേഷ് കുമാറിന്റെ വീട്ടിൽ ഉപേക്ഷിച്ചു എന്ന് പറഞ്ഞു സുരേഷ്‌കുമാർ എനിക്ക് സന്ദേശം അയക്കുന്നത്. ഉത്തരവാദി നിങ്ങൾ മാത്രമാകും എന്ന് മെസ്സേജിൽ പറഞ്ഞു. ഞാൻ തിരികെ മെസ്സേജ് അയച്ചു. സ്‌കൂളിലാണ് ഞാൻ മകളെ വിട്ടത്. അവിടെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയാണ്. ഈ സന്ദേശത്തിനു പക്ഷെ മറുപടി നൽകിയില്ല. ചൈൽഡ് ലൈൻകാർ ഇതിനിടയിൽ സുരേഷ് കുമാറുമായി സംസാരിക്കുകയും ചെയ്തു. ഞാൻ കളക്ടർ ആയിരുന്നു എന്നാണ് പറഞ്ഞത്. പക്ഷെ ഇപ്പോൾ കളക്ടർ അല്ലല്ലോ എന്ന രീതിയിൽ ചൈൽഡ് ലൈൻ സംസാരിക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ സുരേഷ് കുമാറിന്റെ അടുത്ത് പോയി മകളെ കൂട്ടി.

പക്ഷെ സ്‌കൂളിൽ നൽകിയ കാശ് തിരികെ ലഭിച്ചില്ല. മകളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊറിയർ ചെയ്തു തന്നു. അപ്പോൾ മകൾ മാനസിക പ്രയാസത്തിലായി. അവൾ രാത്രി ഉറക്കത്തിൽ പലപ്പോഴും നിലവിളിച്ചു. പിറ്റേന്ന് ഞാൻ അവളോടു കാര്യങ്ങൾ തിരക്കി. അവിടുത്തെ ജോലികൾ എല്ലാം കുട്ടികളെ കൊണ്ടാണ് ചെയ്യിക്കുന്നത്. അതും പിഞ്ചു കുട്ടികളെക്കൊണ്ട്. തറ വൃത്തിയാക്കുക, അടിച്ചു വാരിക്കുക. തുടങ്ങിയ ജോലികൾ ഒക്കെ കുട്ടികളെ കൊണ്ട് ചെയ്യിക്കും. കുട്ടിയുടെ ഡ്രസ്സുകൾ മുഷിഞ്ഞു നാറിയ നിലയിലായിരുന്നു ബാഗിലുണ്ടായിരുന്നത്. ചൂട് കഞ്ഞി കൊടുക്കുമ്പോൾ മകളെ തറയിൽ ഇരുത്തും. ചൂട് കഞ്ഞിവെള്ളം ദേഹത്ത് വീണപ്പോൾ ഇവർ മൈൻഡ് ചെയ്തില്ല. മകളെ അകത്തുള്ള നല്ല ബാത്ത് റൂമിൽ കുളിക്കാൻ സമ്മതിക്കില്ല. പുറത്തുള്ള വൃത്തികെട്ട ബാത്ത്‌റൂമിലാണ് മകളെ കുളിക്കാൻ വിടുന്നത്. ശബ്ദമുയർത്തി എപ്പോഴും വഴക്കും പറയും. പ്രാഥമിക കൃത്യങ്ങൾക്ക് ഹോസ്റ്റലിൽ നിന്ന് അവസരം നൽകില്ല. സ്‌കൂളിൽ ചെന്നിട്ടു വേണം ഇതൊക്കെ നിർവഹിക്കാൻ-ഇതൊക്കെയാണ് മകൾ പറഞ്ഞത്.

കോട്ടയത്ത് ഞാൻ വീണ്ടും മകളുമായി കൗൺസിലിംഗിന് പോയി. തുടർച്ചയായി കൗൺസിലിങ് നൽകി. അതിനായി തിരുവനന്തപുരം ഊളമ്പാറ ആശുപത്രിയിൽ വരെ കൊണ്ട് ചെന്നു. തുടർച്ചയായി കൗൺസിലിങ് നൽകി. അതിനു ശേഷമാണ് മകളെ വീണ്ടും വേറൊരു സ്‌കൂളിൽ ചേർത്തത്. അതിന്നിടയിൽ ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതി പ്രകാരം അവർ വീട്ടിൽ വന്നു മകളുടെ മൊഴി എടുത്തു. ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ സുരേഷ്‌കുമാറിന്റെ സ്‌കൂളിൽ പോയി അന്വേഷണവും ഇതിന്നിടയിൽ നടത്തിയിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ഇപ്പോൾ ഈ പരാതിയിലെ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സുരേഷ്‌കുമാറിന്റെ സ്‌കൂളിൽ നിന്നും മക്കൾക്കേറ്റ മാനസിക പീഡനം ചൂണ്ടിക്കാട്ടി പൂജപ്പുര സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

ബാലാവകാശ കമ്മിഷൻ നടപടികൾ കാത്തിരിക്കുകയാണ് പൂജപ്പുര പൊലീസ്. പരാതിയിൽ പൊലീസ് മൊഴി എടുത്തിട്ടുണ്ട്. ഈ പരാതിയിൽ വേണ്ട അന്വേഷണം നടത്തുമെന്നാണ് പൂജപ്പുര പൊലീസ് അറിയിച്ചിരിക്കുന്നത്. ചൂട് കഞ്ഞിവെള്ളം ദേഹത്ത് വീണപ്പോൾ ഇവർ മൈൻഡ് ചെയ്തില്ല. മകളെ അകത്തുള്ള നല്ല ബാത്ത് റൂമിൽ കുളിക്കാൻ സമ്മതിക്കില്ല. പുറത്തുള്ള വൃത്തികെട്ട ബാത്ത്റൂമിലാണ് മകളെ കുളിക്കാൻ വിടുന്നത്. അകത്തുള്ള നല്ല ബാത്ത്‌റൂം ഉപയോഗിക്കാൻ അവസരം ഇല്ലാത്തതിനാൽ മകൾ പുറത്തുള്ള മോശം ബാത്ത്‌റൂമിൽ പോകില്ല. പ്രാഥമിക കൃത്യങ്ങൾക്ക് ഹോസ്റ്റലിൽ നിന്ന് അവസരം നൽകാത്ത അവസ്ഥനേരിട്ട്. സ്‌കൂളിൽ ചെന്നിട്ടു വേണം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ. ശബ്ദമുയർത്തി എപ്പോഴും വഴക്കും പറയും.-ഇതൊക്കെയാണ് മകൾ പറഞ്ഞത്- രക്ഷിതാവ് പറയുന്നു

കുട്ടികൾ വയലന്റ് ആയിരുന്നു; സ്‌കൂളിൽ അഡ്‌മിഷനും എടുത്തിരുന്നില്ല: വിശദീകരണവുമായി സുരേഷ്‌കുമാർ

എന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ സ്‌കൂൾ ആണിത്. അത് സാമ്പത്തിക ലാഭം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമല്ല. ധന്യാരാമൻ ആണ് എന്നെ കുട്ടികളുടെ പ്രശ്‌നവുമായി ബന്ധപ്പെട്ടു വിളിക്കുന്നത്. ധന്യാരാമന്റെ നിർബന്ധം കാരണമാണ് കുട്ടികളെ പ്രവേശനത്തിനായി അനുവദിച്ചത്. ധന്യയുടെ വീട്ടിൽ കുട്ടികളെ നിർത്തണം എന്നാണ് ധന്യയോടു പറഞ്ഞത്. പക്ഷെ വീട്ടിൽ കുട്ടികൾ ഉണ്ടല്ലോ അവരുടെ കൂടെ നിർത്തണം എന്നാണ് ധന്യ പറഞ്ഞത്. അത് കാരണമാണ് ഞാൻ അത് സമ്മതിച്ചത്. രക്ഷിതാവും ധന്യയും കൂടിയാണ് എന്റെ അടുക്കൽ വന്നത്. കുട്ടികളെ കൊണ്ടുവരാൻ പറഞ്ഞിട്ട് കൊണ്ടുവന്നില്ല. സ്‌കൂൾ തുടങ്ങി ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളുമായി രക്ഷിതാവ് വന്നത്. എന്റെ വീട്ടിലാണ് വന്നത്. അഡ്‌മിഷൻ എടുത്തിരുന്നില്ല. ആറു വയസുള്ള കുട്ടിയെ ഇവർ ബലം പിടിച്ചാണ് എന്റെ വീട്ടിൽ കൊണ്ട് വന്നത്. അപ്പോഴേ എനിക്ക് പ്രശ്‌നങ്ങൾ തോന്നിയിരുന്നു. രക്ഷിതാവ് പോയ ഉടൻ ആറു വയസുള്ള മകൻ വയലന്റ് ആയി. എന്റെ ഭാര്യയ്ക്ക് തന്നെയാണ് ആദ്യ അടി കിട്ടിയത്.

ചെറിയ കുട്ടിയുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ഞങ്ങൾക്ക് ഉൾക്കൊള്ളാൻ പ്രയാസവുമായിരുന്നു. ഞങ്ങളുടെ ആവശ്യം പ്രകാരം രക്ഷിതാവ് കുട്ടിയെ കൊണ്ടുപോയി. ഞാൻ പറഞ്ഞ പ്രകാരം സൈക്കോളജിസ്റ്റിനെ രക്ഷിതാവ് കാണിക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയും സ്‌കൂളിൽ പ്രശ്‌നമായിരുന്നു. അച്ഛനെ ഫോണിൽ കിട്ടാതായതോടെയാണ് പെൺകുട്ടി പ്രശ്‌നക്കാരിയായത്. ഞങ്ങൾ ആയി സൃഷ്ടിച്ച പ്രശ്‌നമല്ല അത്. രക്ഷിതാവിനു എന്തോ കേസുണ്ട്. അതുമായി അദ്ദേഹം തിരക്കിലായിരുന്നു. ഇത് പെൺകുട്ടിക്ക് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. മേശയുടെ പുറത്ത് കയറി ഈ കുട്ടി പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റു കുട്ടികൾക്കും ഈ പെൺകുട്ടി പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഇതോടെയാണ് പെൺകുട്ടിയെയും തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു ഞങ്ങൾ രക്ഷിതാവിനെ ബന്ധപ്പെട്ടത്.

രക്ഷിതാവിനെ വിളിച്ചപ്പോൾ തുടർച്ചയായി ഫോൺ എടുത്തിട്ടില്ല. നിയമോപദേശം തേടിയപ്പോൾ പെൺകുട്ടിയെ തിരികെ വിടുകയാണ് നല്ലത് എന്ന് ഞങ്ങൾക്ക് നിയമോപദേശം ലഭിച്ചു. അതോടെയാണ് പെൺകുട്ടിയെ തിരികെ കൊണ്ടുപോകാൻ ഞങ്ങൾ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടത്. രക്ഷിതാവ് പറയുന്നത് മാതിരി 50000 രൂപ ഞങ്ങൾക്ക് നൽകിയിട്ടില്ല. പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിനു രേഖ നൽകും. രക്ഷിതാവ് പരാതി നൽകിയ കാര്യം ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ചൈൽഡ് ലൈൻ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. അവർ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കട്ടെ-സുരേഷ് കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP