Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ആളൂരിനെ അഭിഭാഷകനായി തനിക്ക് വേണ്ടെന്ന് ജോളി; തന്റെ സഹോദരൻ ഏർപ്പാടാക്കിയത് ആണെന്നാണ് അഭിഭാഷകൻ പറഞ്ഞത്; ഇക്കാര്യം താൻ വിശ്വസിക്കുന്നില്ലെന്നും കൂടത്തായി കേസ് പ്രതി; സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളിയെ കൊണ്ട് ഒപ്പ് ഇടീച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും; 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയുള്ള തറക്കളിയെന്ന ആരോപണം ഉയരുമ്പോഴും ജോളി തള്ളിപ്പറയുന്നത് അന്വേഷണ സംഘത്തിലെ പ്രമുഖന്റെ സമ്മർദം കാരണമെന്ന് അഡ്വ. ആളൂരും

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച ആളൂരിനെ അഭിഭാഷകനായി തനിക്ക് വേണ്ടെന്ന് ജോളി; തന്റെ സഹോദരൻ ഏർപ്പാടാക്കിയത് ആണെന്നാണ് അഭിഭാഷകൻ പറഞ്ഞത്; ഇക്കാര്യം താൻ വിശ്വസിക്കുന്നില്ലെന്നും കൂടത്തായി കേസ് പ്രതി; സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളിയെ കൊണ്ട് ഒപ്പ് ഇടീച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരും; 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയുള്ള തറക്കളിയെന്ന ആരോപണം ഉയരുമ്പോഴും ജോളി തള്ളിപ്പറയുന്നത് അന്വേഷണ സംഘത്തിലെ പ്രമുഖന്റെ സമ്മർദം കാരണമെന്ന് അഡ്വ. ആളൂരും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും ഒഴിവാക്കിയെടുത്ത അഭിഭാഷകനാണ് അഡ്വ. ആളൂർ. വിവാദമുണ്ടാകുന്ന കേസുകളിൽ പബ്ലിസിറ്റിക്കായി രംഗത്തുവരുന്നത് അദ്ദേഹത്തിന്റെ പതിവു ശൈലിയാണ്. കൂടത്തായി ജോളി കേസ് വിവാദമായതോടെ ആളൂർ അസോസിയേറ്റ്‌സ് ആണ് ജോൡയുടെ വക്കീൽ എന്ന നിലയിൽ രംഗത്തെത്തിയത്. ജോളി വക്കാലത്ത് തന്നെ ഏൽപ്പിച്ചു എന്നായിരുന്നു അഡ്വ. ആളൂരിന്റെ അവകാശവാദം. കോടതിയിൽ ജോളിയെ ഹാജരാക്കിയപ്പോൾ രണ്ട് തവണ കോടതിയിൽ ഹാജരായത് ആളൂർ അസോസിയേറ്റ്‌സിന്റെ വക്കീലന്മാരായിരുന്നു. എന്നാൽ, ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ച അഡ്വ. ആളൂരിനെ തന്റെ അഭിഭാഷകനയി വേണ്ടെന്നാണ് ജോളി വ്യക്തമാക്കിയത്.

കൂടത്തായി കൊലക്കേസിലെ പ്രതിഭാഗം വക്കാലത്ത് അഡ്വ.ബി.എ.ആളൂരിനെ ഏൽപ്പിച്ചിട്ടില്ലെന്നു ജോളി ജോസഫ് വ്യക്തമാക്കി. സൗജന്യ നിയമസഹായമാണെന്നു കരുതിയാണു വക്കാലത്തിൽ ഒപ്പിട്ടുനൽകിയതെന്നും ജോളി താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തന്റെ ബന്ധുക്കൾ ആളൂരിനെ സമീപിച്ചെന്നു വിശ്വസിക്കുന്നില്ലെന്നും ജോളി പറഞ്ഞു. കന്റെ സഹോദരൻ ഏർപ്പാടാക്കിയതാണെന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഇക്കാര്യം താൻ വിശ്വസിക്കുന്നില്ലെന്നും താമരശ്ശേരി ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ച് ജോളി പറഞ്ഞു. അതേസമയം സൗജന്യ നിയമസഹായമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വക്കാലത്തിൽ ജോളിയുടെ ഒപ്പിട്ടതെന്ന് അന്വേഷണസംഘത്തിലെ പ്രമുഖനും സ്ഥിരീകരിക്കുന്നു. കുപ്രസിദ്ധമായ കേസുകളാണ് ആളൂർ എടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസ്സിലായത്. 'ചീപ്പ് പബ്ലിസിറ്റി'ക്ക് വേണ്ടിയാണ് ഇത്തരം നടപടികളുമായി ആളൂരും സംഘവും മുന്നോട്ടുപോകുന്നതെന്നും അന്വേഷണ സംഘം വ്യകതമാക്കുന്നു.

ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗൽഫിൽനിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു 'ആളൂർ അസോസിയേറ്റ്‌സി'ലെ അഭിഭാഷകർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, പ്രതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന ഉറച്ചവിശ്വാസത്തിലാണ് അന്വേഷണസംഘം. എന്നാൽ, അന്വേഷണസംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മർദം കാരണമാണ് ജോളി ഇപ്പോൾ തന്നെ തള്ളിപ്പറയുന്നതെന്ന് അഡ്വ. ആളൂർ പറയുന്നത്. ജോളി എന്തുകൊണ്ട് ഇക്കാര്യം കോടതിയിൽ പറഞ്ഞില്ല വക്കാലത്ത് വേണ്ടെന്ന് ജോളി നമ്മളോട് പറഞ്ഞിട്ടില്ലെന്നും ആളൂർ ചൂമടിക്കാട്ടുന്നു. പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയിൽ വെച്ച് സംസാരിക്കാൻ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പൊലീസ് ന്നിനും അനുവദിക്കുന്നില്ലെന്നും ആളൂർ കുറ്റപ്പെടുത്തുന്നു.

ആളൂർ അസോസിയേറ്റ്‌സിന്റെ അഭിഭാഷകരെ ഹാജരാകാൻ അനുവദിക്കണമെന്ന് ജോളി കോടതിയിൽ അപേക്ഷ നൽകിയതായി ആളൂർ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ പ്രതിയെ പോയി കാണാൻ അഭിഭാഷകനുള്ള അവകാശത്തെക്കുറിച്ച് നിയമഭേദഗതി വരുത്തിയിട്ടുണ്ട്. എവിഡൻസ് ആക്റ്റിലെ സെക്ഷൻ 126 അനുസരിച്ച് പ്രതിക്കും അഭിഭാഷകനും മാത്രം സംസാരിക്കാനുള്ള അനുമതിയും നിഷേധിച്ചു. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസിന്റെ നടപടിക്കെതിരെ കോടതിയിൽ പരാതി നൽകും.

വെള്ളിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ ജോളിയുമായി സംസാരിച്ചിരുന്നു. വനിത പൊലീസ് ഇൻസ്‌പെക്ടർ പി. കമലാക്ഷിയുടെയും മറ്റ് വനിത പൊലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ജോളിയെ കണ്ടത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്ന് അഭിഭാഷകർ പിന്നീട് പറഞ്ഞു. തിങ്കളാഴ്ച ആളൂർ നേരിട്ടെത്തി കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. പൊലീസുകാരുടെ സാന്നിധ്യമില്ലാതെ ജോളിയുമായി സംസാരിക്കാനുള്ള അപേക്ഷ വാക്കാൽ കോടതി അംഗീകരിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ അനുവദിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.

അതേസമയം സുഖമില്ലാത്തതിനാൽ നിൽക്കാനും ഇരിക്കാനും പറ്റുന്നില്ലെന്ന് വ്യാഴാഴ്ച പയ്യോളിയിൽ വെച്ച് പൊലീസിനോട് പരാതിപ്പെട്ട കൂടത്തായ് കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി വെള്ളിയാഴ്ച താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയത് തികച്ചും ശാന്തയായിരുന്നു. അകമ്പടി വന്ന വനിത പൊലീസിനോടും അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം ജോളി തലയുയർത്തി പുഞ്ചിരിയോടെ സംസാരിച്ചു. കഴിഞ്ഞദിവസങ്ങളിൽ ചുരിദാറിന്റെ ഷാളിൽ മൂടിയ മുഖം, മറക്കാതെയാണ് ഇത്തവണ കോടതിയിൽ മജിസ്‌ട്രേറ്റിനെ കാത്തിരുന്നത്. വൈകീട്ട് 3.20നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസിന്റെയും വനിത പൊലീസ് ഇൻസ്‌പെക്ടർ പി. കമലാക്ഷിയുടെയും നേതൃത്വത്തിലുള്ള സംഘം കോടതിയിലെത്തിയത്.

മുമ്പ് രണ്ടുതവണയും ജോളിയെ എത്തിച്ചപ്പോൾ ആയിരത്തോളം പേർ തടിച്ചുകൂടിയിരുന്നുവെങ്കിലും വെള്ളിയാഴ്ച നൂറിൽ താഴെ പേരാണ് റോഡരികിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുതവണയും മാധ്യമങ്ങളെ തുറന്ന കോടതിയിൽനിന്ന് പൊലീസ് വിലക്കിയിരുന്നെങ്കിലും ഇത്തവണ മാധ്യമപ്രവർത്തകർക്കും കോടതിമുറിയിൽ പ്രവേശനം നൽകി. മജിസ്‌ട്രേറ്റ് എത്തിയത് 20 മിനിറ്റിന് ശേഷമായിരുന്നു. അതിനിടെ, കോടതി ജീവനക്കാരും മറ്റും പ്രതിയെ ഒരുനോക്ക് കാണാനെത്തി.

ശനിയാഴ്ച മുൻസിഫ് കോടതിയുടെ ഉദ്ഘാടനം നടക്കുന്നതിനാൽ കോടതിക്ക് പുറത്ത് പെയിന്റിങ് അടക്കമുള്ള മിനുക്കുപണികൾ ചെയ്യുന്നവരും എത്തിനോക്കി. കോടതി പിരിയുന്നതുവരെ ഇരിക്കാൻ ശിക്ഷ കിട്ടിയ യുവാവിനും ജോളിയെ കണ്ടതിന്റെ സന്തോഷം. രാവിലെ കേസിന് വന്നിട്ട് തിരിച്ചുപോകാതെ ജോളിയെ കാണാൻ കാത്തിരുന്ന കക്ഷികളും കോടതി വരാന്തയിലുണ്ടായിരുന്നു. ഇതിനിടയിൽ ആളൂർ അസോസിയേറ്റ്‌സിലെ അഭിഭാഷകർ ജോളിയുമായി ഒരുതവണ സംസാരിച്ചു. എന്നാൽ, വീണ്ടും സംസാരിക്കാൻ വനിത പൊലീസ് ഇൻസ്‌പെക്ടർ അനുവദിച്ചില്ല. 3.40ന് നടപടികൾ തുടങ്ങിയപ്പോൾ പരാതിയൊന്നുമില്ലെന്ന് ജോളിയും പ്രജികുമാറും പറഞ്ഞു. മാനസികപ്രയാസമുള്ളതായി രണ്ടാം പ്രതി എം.എസ്. മാത്യു പറഞ്ഞു.

പ്രജികുമാറിന്റെ ഭാര്യ ശരണ്യ കോടതിയുടെ അനുമതിയോടെ ഭർത്താവുമായി സംസാരിച്ചു. പ്രജികുമാറിന് ജയിലിൽ ഇടാൻ വസ്ത്രങ്ങളും ശരണ്യ എത്തിച്ചിരുന്നു. ധൈര്യത്തോടെ ഇരിക്കാനും നന്നായി ഉറങ്ങാനും പ്രജികുമാറിനെ ഭാര്യ ഉപദേശിച്ചു. മാത്യുവിന്റെയും ജോളിയുടെയും ബന്ധുക്കളാരും വെള്ളിയാഴ്ചയും കാണാനെത്തിയില്ല. 4.15ന് കോടതിയുടെ മുൻവശം വഴി ജോളിയെയും പടിഞ്ഞാറെ ഗേറ്റിലൂടെ മാത്യുവിനെയും ജില്ല ജയിലിലേക്ക് കൊണ്ടുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP