Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെളിവുകൾ ഒന്നും ലഭ്യമില്ലാത്തതിനാൽ ജയിലിൽ തുടരുന്നതിനും കസ്റ്റഡിയിൽ ചോദിക്കുന്നതിനും നിയമ തടസ്സം; മറികടക്കാൻ ആദ്യ കേസിന്റെ കാലാവധി കഴിഞ്ഞപ്പോൾ രണ്ടാമത്തെ കേസ്; ജയിലിൽ തുടരാൻ ബാക്കി നാല് കേസുകളിലും ഘട്ടം ഘട്ടമായി പ്രതി ചേർക്കും; ജോളിയെ അറസ്റ്റു ചെയ്തു രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും കേസ് എങ്ങനെ മുൻപോട്ടു കൊണ്ടുപോകുമെന്ന് നിശ്ചയമില്ലാത്ത പൊലീസ് ഇപ്പോൾ എടുക്കുന്നത് ആറു തവണയായി പ്രതിചേർത്ത് സമയം കണ്ടെത്താൻ

തെളിവുകൾ ഒന്നും ലഭ്യമില്ലാത്തതിനാൽ ജയിലിൽ തുടരുന്നതിനും കസ്റ്റഡിയിൽ ചോദിക്കുന്നതിനും നിയമ തടസ്സം; മറികടക്കാൻ ആദ്യ കേസിന്റെ കാലാവധി കഴിഞ്ഞപ്പോൾ രണ്ടാമത്തെ കേസ്; ജയിലിൽ തുടരാൻ ബാക്കി നാല് കേസുകളിലും ഘട്ടം ഘട്ടമായി പ്രതി ചേർക്കും; ജോളിയെ അറസ്റ്റു ചെയ്തു രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും കേസ് എങ്ങനെ മുൻപോട്ടു കൊണ്ടുപോകുമെന്ന് നിശ്ചയമില്ലാത്ത പൊലീസ് ഇപ്പോൾ എടുക്കുന്നത് ആറു തവണയായി പ്രതിചേർത്ത് സമയം കണ്ടെത്താൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ ജോളിക്കെതിരായ കൊലപാതകങ്ങൾക്ക് തെളിവുകൾ ഒന്നുമില്ലാത്ത അവസ്ഥ. ഇതോടെ അന്വേഷണം എങ്ങനെ മുന്നോട്ടു കൊണ്ടു പോകും എന്ന ബോധ്യമില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. തെളിവുകൾ ഒന്നും ലഭ്യമില്ലാത്തതിനാൽ ജയിലിൽ തുടരുന്നതിനും കസ്റ്റഡിയിൽ ചോദിക്കുന്നതിനും നിയമ തടസ്സം ഉള്ളതിനാൽ അത് മറികടക്കാൻ വേണ്ടി ആദ്യ കേസിന്റെ കാലാവധി കഴിഞ്ഞപ്പോൾ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കയാണ് പൊലീസ്. മറ്റു കേസുകളും ഘട്ടം ഘട്ടമായി തുടരാനാണ് തീരുമാനം.

ജോളിയുടെ ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകി കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെ പൊലീസ് ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ച് ഇന്നലെ കോഴിക്കോട് ജില്ലാ ജയിലിൽ തിരിച്ചെത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷൻ ഇൻസ്‌പെക്ടർ ബി.കെ.സിജു എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന ജോളിയെ മറ്റൊരു കേസിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ വിവരം പൊലീസ് ഇന്നു കോടതിയെ അറിയിക്കും. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയും സമർപ്പിക്കും. തിങ്കളാഴ്ച മുതലാണു കസ്റ്റഡിയിൽ ആവശ്യപ്പെടുക.

6 കേസുകളുമായി ബന്ധപ്പെട്ടു ജോളിയിൽനിന്ന് ഇനിയും വിവരം ശേഖരിക്കാനുണ്ട്. റോയ് വധക്കേസിലെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ ഈ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടാൻ സാങ്കേതിക തടസ്സമുണ്ട്. ഇതു മറികടക്കാനാണു പുതിയ കേസിലെ അറസ്റ്റ്. സിലി വധക്കേസിൽ എം.എസ്.മാത്യുവിനെയും പ്രതി ചേർത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

റോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത ശേഷമാണു ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിൽ ഏറ്റവും ഒടുവിൽ നടന്ന മരണം സിലിയുടേതാണ്. റോയ് വധക്കേസിലെ പൊലീസ് കസ്റ്റഡി അവസാനിച്ചതിനാൽ പ്രതികളായ ജോളി ജോസഫ്, എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരെ ഇന്നലെ താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി മൂന്നുപേരെയും ജയിലിലേക്ക് അയച്ചു. റിമാൻഡ് കാലാവധി അവസാനിക്കുന്നതിനാൽ ഇന്നു പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. റിമാൻഡ് കാലാവധി നീട്ടണമെന്നു പൊലീസ് ആവശ്യപ്പെടും.

അതേസമയം കൂടത്തായി കൂട്ടക്കൊലപാതകങ്ങളിൽ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത റോയ് തോമസ് വധക്കേസിന്റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഉൾപ്പെടെയുള്ള രേഖകൾ ഇതുവരെ കേസ് പരിഗണിക്കുന്ന താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിൽ എത്തിയില്ല. കോഴിക്കോട് സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കോടതിയിലുള്ള എഫ്‌ഐആറും മറ്റു രേഖകളും താമരശ്ശേരി കോടതിയിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുൻപു പൊലീസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ കേസിൽ അറസ്റ്റ് നടക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടും എഫ്‌ഐആർ കോടതിയിൽ എത്തിയിട്ടില്ല. ഇത് പൊലീസിന് കോടതിയുടെപഴി കേൾക്കാൻ സാധ്യത വർധിപ്പിക്കുന്നു.

2011 സെപ്റ്റംബർ 30നാണു കൂടത്തായി കൊലക്കേസ് പ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസ് മരിച്ചത്. കോടഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തെങ്കിലും അകത്തുനിന്നു പൂട്ടിയ ശുചിമുറിയിലാണു മൃതദേഹമെന്നതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിച്ചു. കൂടത്തായിയിലെ 6 കൊലപാതകങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്ത ഏക കേസും ഇതാണ്. കൂടത്തായിയിലെ 6 ദുരൂഹമരണങ്ങളും പുനരന്വേഷണം നടത്താൻ ഈ കേസ് ഫയൽ വീണ്ടും തുറക്കാനായിരുന്നു പൊലീസിന്റെ തീരുമാനം. അസ്വാഭാവിക മരണങ്ങൾ പരിഗണിക്കുന്ന കോഴിക്കോട് സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് കോടതിയിലാണ് ഈ കേസുണ്ടായിരുന്നത്.

കേസിൽ പുനരന്വേഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഓഗസ്റ്റ് 14ന് പൊലീസ് അപേക്ഷ നൽകി. കോടതി ഇത് അനുവദിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ റോയിയുടേത് അസ്വാഭാവിക മരണമല്ല, കൊലപാതകമാണെന്നു തെളിഞ്ഞതോടെ കേസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയിലേക്കു മാറ്റാൻ പൊലീസ് തീരുമാനിച്ചു. ഇതിനായി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും താമരശ്ശേരി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ആർ.ഹരിദാസൻ സെപ്റ്റംബർ രണ്ടിനു കോഴിക്കോട് സബ് ഡിവിഷൻ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.

കേസ് താമരശ്ശേരിയിലേക്കു മാറ്റിയെങ്കിലും അപേക്ഷ നൽകി ഒന്നരമാസമായിട്ടും എഫ്‌ഐആർ താമരശ്ശേരി കോടതിയിൽ എത്തിയിട്ടില്ല. ഓരോ തവണ കേസ് കോടതിയിൽ എത്തുമ്പോഴും കേസുമായി ബന്ധപ്പെട്ട രേഖകൾ എത്താത്തതു മജിസ്‌ട്രേട്ട് സൂചിപ്പിച്ചിരുന്നു. പൊലീസ് കസ്റ്റഡി അവസാനിപ്പിച്ചു ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോഴും എഫ്‌ഐആർ എത്താത്തതു മജിസ്‌ട്രേട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. രേഖകൾ ഹാജരാക്കാൻ നടപടി ആവശ്യപ്പെട്ടു ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ കലക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണു പൊലീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP