Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടനാടിന്റെ സൗന്ദര്യം നുകരാൻ ഹൗസ് ബോട്ടിൽ വേമ്പനാട് കായലിൽ ചുറ്റി രാജാവും രാജ്ഞിയും; നെൽപ്പാടങ്ങൾ സന്ദർശിച്ചും നാട്ടുകാരോട് കുശലം പറഞ്ഞും ഓറഞ്ച് നിറത്തിലുള്ള ഒറ്റയുടുപ്പിൽ സുന്ദരിയായി ഡച്ച് രാജ്ഞി; എയർപോർട്ട് യാത്രയിൽ സാധാരണക്കാരെ പോലെ സ്വന്തം സാധനങ്ങൾ എടുത്തു നെതർലൻഡ്‌സ് ഭരണാധികാരി

കുട്ടനാടിന്റെ സൗന്ദര്യം നുകരാൻ ഹൗസ് ബോട്ടിൽ വേമ്പനാട് കായലിൽ ചുറ്റി രാജാവും രാജ്ഞിയും; നെൽപ്പാടങ്ങൾ സന്ദർശിച്ചും നാട്ടുകാരോട് കുശലം പറഞ്ഞും ഓറഞ്ച് നിറത്തിലുള്ള ഒറ്റയുടുപ്പിൽ സുന്ദരിയായി ഡച്ച് രാജ്ഞി; എയർപോർട്ട് യാത്രയിൽ സാധാരണക്കാരെ പോലെ സ്വന്തം സാധനങ്ങൾ എടുത്തു നെതർലൻഡ്‌സ് ഭരണാധികാരി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കേരളത്തിന്റെ കായൽപ്പരപ്പിന്റെ സൗന്ദര്യം ആവോളം നുകർന്നാണ് നെതർലൻഡ്‌സ് രാജാവും രാജ്ഞിയും ഇന്നലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. കേരളത്തിന്റെ ടൂറിസം രംഗത്തിന് ഉണർവേകുന്ന വിധത്തിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റാൻ ഇവരുടെ സന്ദർശനം കൊണ്ട് സാധിച്ചിട്ടുണ്ട്. ലോക മാധ്യമങ്ങളിൽ എല്ലാം രാജ്ഞി മാക്‌സിമയുടെ ഉടുപ്പും കുട്ടനാടിന്റെ സൗന്ദര്യവുമെല്ലാം എത്തി. കുട്ടനാടിന്റെ ഓളപ്പരപ്പിൽ യാത്ര ചെയ്തും സാധാരണക്കാരോട് കുശലം പറഞ്ഞുമാണ് നെതർലൻഡ്്‌സ് രാജാവ് വില്യം അലക്‌സാണ്ടറും ഭാര്യ മാക്‌സിമയും താരങ്ങളായത്.

48കാരിയായ മാക്‌സിമ ആയിരുന്നു കൂടുതൽ പ്രസരിപ്പോടെ ഓടി നടന്നത്. കുട്ടനാടിന്റെ സ്വന്തം ഹൗസ് ബോട്ടിൽ വേമ്പനാട് കായലിലാണ് രാജാവും രജ്ഞിയും ചുറ്റിയടിച്ചത്. ഓറഞ്ച് നിറത്തിലുള്ള നീളത്തിലുള്ള ഒറ്റയുടുപ്പും ധരിച്ച് കൂളിങ് ഗ്ലാസും ധരിച്ച രാജ്ഞിയെ നാട്ടുകാരോടും സൗഹൃദത്തോടെയാണ് പെരുമാറിയത്. വഞ്ചിബോട്ടിലെ യാത്രക്ക് ശേഷം കുട്ടനാടിന്റെ സ്വന്തം നെൽപ്പാടങ്ങളും സന്ദർശിച്ചു അവർ. എത്ര കൃഷിഭൂമി സ്വന്തമായുണ്ടോ അതനുസരിച്ചാണു വോട്ടിന്റെ മൂല്യം നെതർലൻഡ്‌സിൽ. വോട്ടവകാശത്തിലെ വേറിട്ട രീതി ചൂണ്ടിക്കാട്ടി കൃഷിയിലെ അധ്വാനത്തിന്റെ വില വിശദീകരിച്ചു രാജാവ് വില്യം അലക്‌സാണ്ടർ.

കായൽ യാത്രയ്ക്കിടയിൽ കുട്ടനാടിനെപ്പറ്റി വിശദീകരിച്ച കലക്ടർ ഡോ. അദീല അബ്ദുല്ലയോടാണ് രാജാവ് ഇക്കാര്യം പറഞ്ഞത്. ഹ്രസ്വ സന്ദർശനത്തിനെത്തിയ രാജാവും രാജ്ഞി മാക്സിമയും കുട്ടനാട്ടിലെ കൃഷി പാരമ്പര്യത്തെപ്പറ്റിയും കൃഷി രീതികളെപ്പറ്റിയും ചോദിച്ചറിഞ്ഞു. കായൽ യാത്രയ്ക്കിടയിൽ അഴീക്കൽ പാടശേഖരത്തിന്റെ കിഴക്കേച്ചിറയിൽ രാജാവും സംഘവും ഇറങ്ങി. കൃഷിരീതികളെപ്പറ്റിയും കുട്ടനാടിന്റെ പ്രത്യേകതകളെ കുറിച്ചും കലക്ടർ ഡോ. അദീല അബ്ദുല്ല വിശദീകരിച്ചു. കഴിഞ്ഞ പ്രളയകാലത്തെ സ്ഥിതിയും ജലനിരപ്പിന്റെ അവസ്ഥയും കലക്ടറോട് അന്വേഷിച്ചു.വഞ്ചിവീട്ടിൽനിന്ന് എസ്എൻ ജെട്ടിയിലിറങ്ങി പാടശേഖരത്തിനു സമീപം 10 മിനിറ്റോളം ചെലവിട്ട ശേഷമാണു രാജാവും രാജ്ഞിയും മടങ്ങിയത്.

ആലപ്പുഴയിലെ കൊച്ചുവിദ്യാർത്ഥികളുടെ 'കുട്ടനാടൻ പുഞ്ചയിലേ കൊച്ചുപെണ്ണേ കുയിലാളേ' എന്ന വഞ്ചിപ്പാട്ട് മാക്സിമ രാജ്ഞിക്ക് നന്നായി ബോധിച്ചു. പാട്ടിനൊപ്പം രാജാവും പലപ്പോഴും ചുവടുവെച്ചു. പാട്ടിനൊപ്പം വള്ളംവലിക്കുന്ന അംഗ്യത്തോടെയായിരുന്നു വിദ്യാർത്ഥികൾ ആവേശമുയർത്തിയത്. കോഴിമുക്ക് എൽ.പി.എസ്., മാതാ, എൻ.ടി.പി.സി. കേന്ദ്രീയ വിദ്യാലയം, അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ എന്നീ സ്‌കൂളുകളിൽ നിന്നായി 20 വിദ്യാർത്ഥികളും അദ്ധ്യാപകരുമായിരുന്നു ഇതിനു പിന്നിൽ. വഞ്ചിപ്പാട്ടിൽ ആവേശഭരിതയായി മാക്സിമ രാജ്ഞി ഉറക്കെ വിളിച്ചുപറഞ്ഞു, 'ഫന്റാസ്റ്റിക്...'

കുട്ടനാട് കോഴിമുക്ക് ഗവ. എൽ.പി. സ്‌കൂളിലെ നാലാം ക്ലാസുകാരൻ ജെഫ്രിൻ ചാക്കോയാണ് രാജാവിനെയും രാജ്ഞിയെയും ബൊക്കെ നൽകി എതിരേറ്റത്. രാജ്ഞി അവന്റെ കവിളിൽ തലോടി സന്തോഷം അറിയിച്ചു. മാത്തൂർ രാജീവ് പണിക്കരുടെ നേതൃത്വത്തിലുള്ള അമ്പലപ്പുഴ സംഘമാണ് വേലകളി അവതരിപ്പിച്ചത്.. എല്ലാ കരുതലോടും കൂടിയാണ് അതിഥികളെ പുരവഞ്ചിയിലേക്ക് സ്വാഗതംചെയ്തത്. പ്രത്യേകം ഡിസൈൻ ചെയ്ത ചില്ലുകുപ്പിയിലെ കുപ്പിവെള്ളത്തിൽ തന്നെ രാജാവ് ആകൃഷ്ടനായി. അതിന്റെ ചിത്രമെടുത്ത് വിശദാംശംങ്ങൾ തിരക്കി. കഴിക്കാൻ ഹാൻഡ് മെയ്ഡ് ചോക്ലേറ്റാണ് ആവശ്യപ്പെട്ടിരുന്നത്. സ്പൈസ് റൂട്ട് പുരവഞ്ചി മാനേജിങ് പാർട്ണർ ജോബിൻ ജെ.അക്കരക്കളത്തിലിന്റെ അമ്മ ജിജിയാണ് ഇത് തയ്യാറാക്കിയത്. ഒപ്പം കശുവണ്ടിപ്പരിപ്പും കഴിച്ചു.

58 പേർക്ക് കയറാവുന്ന പുരവഞ്ചിയിൽ രാജാവും അകമ്പടിക്കാരുമായി 54 പേരുണ്ടായിരുന്നു. മറ്റൊരു മാനേജിങ് പാർട്ണറായ സ്‌കറിയാ ജോസ് ഞാവള്ളിയിലും മാനേജർ സി.അനിൽകുമാറും ഈ അഭിമാന മുഹൂർത്തത്തിനു സാക്ഷികളായി. കൊച്ചിയിൽനിന്നു റോഡ് മാർഗം ഇന്നലെ രാവിലെ 9.20നു പുന്നമട ഫിനിഷിങ് പോയിന്റിലെത്തിയ രാജാവിനെയും സംഘത്തെയും മന്ത്രി സി.രവീന്ദ്രനാഥ്, അഡിഷനൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, കലക്ടർ ഡോ.അദീല അബ്ദുല്ല, നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ സ്വീകരിച്ചു.

 

നെതർലൻഡ്‌സിലെ ഇന്ത്യൻ സ്ഥാനപതി വേണു രാജാമണിയും ഡച്ച് ഉദ്യോഗസ്ഥ, മാധ്യമ സംഘങ്ങളും രാജാവിനെ അനുഗമിച്ചു. ആലപ്പുഴയുമായി നൂറ്റാണ്ടുകൾ നീണ്ട ബന്ധമാണ് ഡച്ചുകാർക്കുള്ളത്. ആലപ്പുഴയിലെ പുരാതന തുറമുഖമായ പുറക്കാട്ട് നൂറ്റാണ്ടുകൾ മുൻപു തന്നെ ഡച്ച് കപ്പലുകൾ അടുത്തിരുന്നു. വിദേശ വ്യാപാര ബന്ധം ശക്തമായിരുന്ന ആ കാലം, പുറക്കാട് തുറമുഖത്തിന്റെ നാശത്തോടെ ഇല്ലാതായെങ്കിലും പിൽക്കാലത്ത് കുട്ടനാടിന്റെ വികസനത്തിനായുള്ള പഠനങ്ങൾക്ക് ഇന്തോഡച്ച് സഹകരണത്തിന്റെ ഭാഗമായി നെതർലൻഡ്‌സ് സംഘങ്ങൾ എത്തിയിരുന്നു.

16ാം നൂറ്റാണ്ടിലാണ് ഡച്ചുകാർ പുറക്കാട് തുറമുഖം വഴി ഇന്നത്തെ ആലപ്പുഴ ഉൾപ്പെടുന്ന പഴയ നാട്ടുരാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിച്ചത്. സ്വതന്ത്ര നാട്ടുരാജ്യങ്ങളായിരുന്ന ചെമ്പകശേരി, കായംകുളം തുടങ്ങിയ പ്രദേശങ്ങൡ ഡച്ചുകാർ വ്യാപാരം നടത്തിയിരുന്നു.ഇപ്പോഴത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തിരുവല്ല താലൂക്കിലെ ചില പ്രദേശങ്ങളും ഉൾക്കൊള്ളുന്ന ചെമ്പകശേരി (അമ്പലപ്പുഴ) രാജ്യത്തിനു പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോർച്ചുഗീസുകാരുമായി വ്യാപാര ബന്ധമുണ്ടായിരുന്നു.പിന്നീട് അമ്പലപ്പുഴ രാജാക്കന്മാർ പോർച്ചുഗീസുകാരുമായി ശത്രുതയിലായി.

യുദ്ധങ്ങൾക്കൊടുവിൽ പോർച്ചുഗീസുകാരുടെ മേൽക്കോയ്മ അംഗീകരിക്കേണ്ടി വന്ന അമ്പലപ്പുഴയെ അവരിൽ നിന്നു മോചിപ്പിച്ചത് ഡച്ചുകാരാണ്. 1658ൽ ഡച്ചുകാർ അമ്പലപ്പുഴ രാജാവുമായി പുതിയ വ്യാപാരക്കരാറുണ്ടാക്കി. ഇതിനു ശേഷം അഭിവൃദ്ധിപ്പെട്ട അമ്പലപ്പുഴയെ മാർത്താണ്ഡവർമയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം കീഴടക്കുകയായിരുന്നു. ആലപ്പുഴയുടെ വടക്കുണ്ടായിരുന്ന കരപ്പുറം രാജ്യവും സമാനമായ അവസ്ഥയിൽ പോർച്ചുഗീസുകാരുമായി ശത്രുതയിലായി. കരപ്പുറവും പിന്നീട് ഡച്ചുകാരുമായി വ്യാപാര ബന്ധമുണ്ടാക്കി. ഈ ചരിത്രങ്ങളെല്ലാം ഓർത്തെടുക്കുന്നതായിരുന്നു നെതർലൻഡ്‌സ് രാജകുടുംബത്തിന്റെ സന്ദർശനത്തിനിലൂടെ.

നെതർലൻഡ്സിലെ ഇന്ത്യൻ സ്ഥാനപതി വേണുരാജാമണിയും ഡച്ച് ഉദ്യോഗസ്ഥരും മാധ്യമസംഘവും രാജാവിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ രാജാവ് താജ് മലബാറിൽ ഡച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. കേരള-ഡച്ച് ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈകിട്ട് 7.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ രാജാവും സംഘവും ആംസ്റ്റർഡാമിലേക്ക് മടങ്ങി. എയർപോർട്ട് യാത്രയിൽ സാധാരണക്കാരെ പോലെ സ്വന്തം സാധനങ്ങൾ എടുത്തുപോയ നെതർലൻഡ്‌സ് ഭരണാധികാരി വേറിട്ട കാഴ്‌ച്ചയുമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP