Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആംആദ്മി രണ്ട് വഴിക്ക്; പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗൺസിലിൽ നിന്ന് കെജ്രിവാൾ പുറത്താക്കി; കെജ്രിവാൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ്; പ്രതിഷേധിച്ച് രാജിവച്ച് മേധാ പട്ക്കറും

ആംആദ്മി രണ്ട് വഴിക്ക്; പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗൺസിലിൽ നിന്ന് കെജ്രിവാൾ പുറത്താക്കി; കെജ്രിവാൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ്; പ്രതിഷേധിച്ച് രാജിവച്ച് മേധാ പട്ക്കറും

ന്യൂഡൽഹി: അച്ചടക്കലംഘനം നടത്തിയതിന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ആംആദ്മി പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ ഇന്ന് ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൻേറതാണു തീരുമാനം. അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗൺസിലിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതോടെ ആംആദ്മി പാർട്ടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമ്പൂർണ്ണ ആധിപത്യമായി. യോഗത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾ മുദ്രവാക്യവും വിളിച്ചു.

ഗോപാൽ റായ് അധ്യക്ഷനായ യോഗമാണ് തീരുമാനമെടുത്തത്. അച്ചടക്ക ലംഘനം നടത്തിയ വിമത നേതാക്കളെ പുറത്താക്കുന്നതിനായി പ്രമേയം കൊണ്ടു വരികയായിരുന്നു. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും അനുകൂലിച്ച് 23 പേർ വോട്ടു രേഖപ്പെടുത്തിയെങ്കിലും 200 പേർ എതിർത്ത് വോട്ട് ചെയ്തു.

പുറത്താക്കിയ നടപടിയിൽ വിഷമമുണ്ടെന്നും ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമാണിതെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗം ചേർന്ന ഹാളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. അത് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കാം എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ എന്തു പറഞ്ഞോ അതു തന്നെ സംഭവിച്ചുവെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. കെജ്രിവാൾ അനുകൂലികളായ എംഎ‍ൽഎമാർ ഗുണ്ടകളെ പ്പോലെയാണ് പെരുമാറിയത്. സംസാരിക്കാൻ പോലും തങ്ങൾക്ക് അവസരം നൽകിയില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുന്നത്. മുമ്പ് ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.

നേരത്തേ യോഗത്തിൽ പങ്കെടുക്കാനത്തെിയ യോഗേന്ദ്ര യാദവിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കെജ്രിവാൾ അനുകൂലികളായ പ്രവർത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ തടയാനും ശ്രമിച്ചത്. മറ്റാരും പറഞ്ഞിട്ടല്ല തങ്ങളിവിടെ വന്നതെന്നും തങ്ങളുടെ മാത്രം താൽപര്യത്തിലാണ് വന്നതെന്നും കെജ്രിവാൾ അനുകൂലികളായ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും പുതിയ പാർട്ടിയുണ്ടാക്കുമെന്നാണ് സൂചന. പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനുമെതിരെ കെജ്രിവാൾ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു്. 67 എംഎൽഎമാരുമായി താൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കെജ്രിവാൾ പറയുന്നതായും ശബ്ദരേഖയിലുണ്ട്.

വാരാണസി നേതാവ് ഉമേഷ് സിംഗുമായി കെജ്‌രിവാൾ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, പുറത്തായ ഫോൺ സംഭാഷണത്തിലെ ശബ്ദം കെജ്‌രിവാളിന്റേതാണെന്ന ആരോപണങ്ങൾ ആംആദ്മി നിഷേധിച്ചു. കെജ്‌രിവാൾ ഒരുക്കലും ഇത്തരം രൂക്ഷമായ പദപ്രയോഗങ്ങൾ ഉപയോഗിക്കാറില്ലെന്നും ഫോൺ സംഭാഷണം താൻ കേൾക്കാത്തിടത്തോളം കൂടുതൽ പ്രതികരിക്കാനില്ലെന്നും എ.എ.പി നേതാവ് സത്യേന്ദ്ര കുമാർ ജയിൻ പറഞ്ഞു

യാദവും സംഘവും ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപിക്കാൻ ശ്രമിച്ചെന്നും ഇവർ തുടർന്നാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും ശബ്ദരേഖയിൽ പറയുന്നു. അതിനിടെ ഡൽഹി എംഎൽഎമാരെ ഉൾപ്പെടുത്തി കേജ്‌രിവാൾ പ്രാദേശിക പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചു. മാപ്പ് എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മർദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകളും മാദ്ധ്യമ പ്രവർത്തകർക്കു മുന്നിൽ ഇരുപക്ഷവും ഹാജരാക്കി.

അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, പ്രഫ. അനന്ത് കുമാർ എന്നിവരെ നിർവാഹക സമിതിയിൽ നിന്നു പുറത്താക്കാൻ കേജ്‌രിവാൾ പക്ഷം കൗൺസിലിൽ പ്രമേയം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഇതാണ് ഇന്നത്തെ യോഗത്തിൽ സംഭവിച്ചത്. എന്നാൽ, പാർട്ടി ഭരണഘടനപ്രകാരം അച്ചടക്ക ലംഘനത്തിനു നടപടി സ്വീകരിക്കാനുള്ള അധികാരം പാർട്ടി ലോക്പാലിനാണ്. അതിനാൽ പുറത്താക്കൽ നടപടി എളുപ്പമാകില്ല. പക്ഷേ ആംആദ്മിയുമായുള്ള ബന്ധം സ്വയം വിച്ഛേദിക്കാനാണ് പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്ര യാദവിന്റേയും നീക്കം.

അസത്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, കേജ്‌രിവാൾ ഏകാധിപതിയെപ്പോലെ പെരുമാറുന്നു, ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നു ഭരണഘടന നീക്കി, കളങ്കിതർക്കു ടിക്കറ്റ് നൽകി, നിരന്തരം അഭ്യർത്ഥിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു സമയമനുവദിച്ചില്ല തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിരയാണ് വിമതപക്ഷം ഉന്നയിക്കുന്നത്. നിർവാഹക സമിതിയിലേക്കു സ്വന്തക്കാരെ നിർദ്ദേശിച്ചു, ചർച്ചയിൽ അംഗീകരിക്കുന്ന കാര്യങ്ങൾ പുറത്തു തള്ളിപ്പറയുന്നു തുടങ്ങിയ പ്രത്യാരോപണങ്ങളുമായി അശുതോഷ്, സഞ്ജയ് സിങ്, ആശിഷ് ഖേതൻ തുടങ്ങി കേജ്‌രിവാൾ പക്ഷക്കാരും രംഗത്തെത്തി.

കേജ്‌രിവാളിനെ കത്തിലൂടെ അറിയിച്ച അഞ്ച് ആവശ്യങ്ങൾ ദേശീയ കൗൺസിലിൽ പ്രമേയമായി അവതരിപ്പിക്കുമെന്നും നടപടിക്രമങ്ങൾ വിഡിയോയിൽ പകർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യാദവ് പക്ഷം അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചാൽ നിർവാഹക സമിതിയിൽ നിന്നു രാജിവയ്ക്കാമെന്നും ആവർത്തിച്ചു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.

സംസ്ഥാനജില്ലാ കൺവീനർമാർ, ദേശീയ നിർവാഹക സമിതിയംഗങ്ങൾ, വിവിധ മേഖലകളിൽ തിരഞ്ഞെടുക്കപ്പെട്ട 50 പേർ എന്നിവരടങ്ങുന്നതാണു കൗൺസിൽ. എന്നാൽ, തങ്ങളെ അനുകൂലിക്കുന്നവരെ മാത്രമാണു കേജ്‌രിവാൾ പക്ഷം ക്ഷണിച്ചതെന്ന് ആരോപണമുണ്ട്. കേരളത്തിൽ നിന്ന് ആർക്കും ക്ഷണമില്ലായിരുന്നു.

പ്രതിഷേധിച്ച് മേധാ പട്കർ രാജിവച്ചു

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ പടലപ്പിണക്കം രൂക്ഷമായിരിക്കെ സാമൂഹ്യ പ്രവർത്തക മേധാ പട്കർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ദേശീയ എക്‌സിക്യൂട്ടീവ് സമിതിയിൽ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് മേധയുടെ രാജി.ആം ആ്ദമി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായ സംഭവ വികാസങ്ങളിൽ ദുഃഖവും നിരാശയുമുണ്ടെന്ന് മേധ പറഞ്ഞു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഒരിക്കലും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അവർക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചതിനെ അപലപിക്കുകയാണെന്നും മോധ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP