Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അയോധ്യകേസിൽ മധ്യസ്ഥ ചർച്ചകൾ തള്ളി മുസ്ലിം വ്യക്തിനിയമ ബോർഡ്; തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിലപാടിനോട് യോജിപ്പില്ല; കോടതിവിധി എന്തായാലും അംഗീകരിക്കണം; മധ്യസ്ഥസമിതിയുടെ ശിപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണം; ഏക സിവിൽ കോഡിനും മുത്തലാഖ് ബില്ലിനും എതിരെ നിലപാട് എടുത്ത വ്യക്തിനിയമ ബോർഡ് ഇടപെടുന്നതോടെ അയോധ്യയിലെ സമവായ സാധ്യതകളും അസ്തമിക്കുന്നു

അയോധ്യകേസിൽ മധ്യസ്ഥ ചർച്ചകൾ തള്ളി മുസ്ലിം വ്യക്തിനിയമ ബോർഡ്; തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിലപാടിനോട് യോജിപ്പില്ല; കോടതിവിധി എന്തായാലും അംഗീകരിക്കണം; മധ്യസ്ഥസമിതിയുടെ ശിപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണം; ഏക സിവിൽ കോഡിനും മുത്തലാഖ് ബില്ലിനും എതിരെ നിലപാട് എടുത്ത വ്യക്തിനിയമ ബോർഡ് ഇടപെടുന്നതോടെ അയോധ്യയിലെ സമവായ സാധ്യതകളും അസ്തമിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിലപാട് തള്ളി മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്ത്. ബാബറി കേസിൽ ഒത്തുതീർപ്പ് നിർദ്ദേശത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് കാട്ടി വ്യക്തി നിയമ ബോർഡ് അധികൃതർ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നാണ് വ്യക്തിനിയമ ബോർഡിനെ പിന്തുണക്കുന്ന മുസ്ലിം സംഘടനകൾ പറയുന്നത്. മധ്യസ്ഥസമിതിയുടെ ശിപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. മുസ്ലിം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അവസാനവാക്കായ പേഴ്സണൽ ലോ ബോർഡിന്റെ അംഗീകരമില്ലാത്ത ഒരു ചർച്ചയും ഭൂരിഭാഗം മുസ്ലിം സംഘടനകളും അംഗീകരിക്കാൻ ഇടയില്ല. ഏകസിവിൽ കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ പേഴ്സണൽ ലോ ബോർഡിന്റെ നിലാപാടിന് ഒപ്പമായിരുന്നു മുസ്ലിം സമുദായവും. ഇതോടെ ഫലത്തിൽ അയോധ്യയിലെ മധ്യസ്ഥ ചർച്ചകൾ തന്നെ പ്രഹസനമാവുകയാണ്.

അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിർദ്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസിൽ സുപ്രീംകോടതിയിൽ മുസ്ലിം പക്ഷത്തെ കക്ഷികളിലൊന്നാണ് ബോർഡ്. മഥുര, കാശി എന്നിവിടങ്ങളിലെ അവകാശവാദം ഹിന്ദു സംഘടനകൾ ഉപേക്ഷിക്കുന്നതടക്കമുള്ള നിരവധി ഉപാധികളുടെ അടിസ്ഥാനത്തിൽ തർക്കഭൂമി വിട്ട് നല്കാം എന്നായിരുന്നു സുന്നി വഖഫ് ബോർഡിന്റെ നിലപാട്.അയോധ്യ കേസ് ഒത്തുതീർക്കാൻ സമവായം ഉണ്ടായെന്ന് സ്ഥിരീകരിച്ച് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന് സുന്നി വഖഫ് ബോർഡ് അറിയിച്ചിരുന്നു. രാമജന്മഭൂമി ബാബ്‌റി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ മുസ്ലിം പക്ഷത്തെ 7 കക്ഷികളിലൊന്നാണു ബോർഡ്. ഇന്നലെ സുന്നി വഖഫ് ബോർഡ് സ്വീകരിച്ച നിലപാടിന് വലിയ കയ്യടി ലഭിച്ചിരുന്നു.

സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്നലെ കോടതിക്കു നൽകിയ റിപ്പോർട്ടിലാണു ബോർഡിന്റെ നിലപാട് പറഞ്ഞിട്ടുള്ളത്. ഭൂമി സർക്കാർ ഏറ്റെടുത്ത് രാമക്ഷേത്രം നിർമ്മിക്കുക. അയോധ്യയിലെ മസ്ജിദുകൾ സർക്കാർ പുനരുദ്ധരിക്കുക.ബാബ്‌റി മസ്ജിദിനു പകരം യോജ്യമായ സ്ഥലത്തു മസ്ജിദ് നിർമ്മിക്കുക. രാജ്യത്തെ മറ്റൊരു മസ്ജിദ് സംബന്ധിച്ചും എതിർകക്ഷികൾ തർക്കമുന്നയിക്കാതിരിക്കുക. അയോധ്യയിൽ ദേശീയ സൗഹാർദ കേന്ദ്രം സ്ഥാപിക്കണമെന്നും അതിനു പുതുച്ചേരിയിലെ അരബിന്ദോ ആശ്രമവും മറ്റും സ്ഥലം ലഭ്യമാക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്.

2.77 ഏക്കർ ഭൂമിയുടെ മൂന്നിലൊന്നു മുസ്ലിംകൾക്കു നൽകാനാണ് 2010 ൽ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. എന്നാൽ, ഈ ഭൂമി വഖഫ് വസ്തുവാണെന്നും തങ്ങളാണു പ്രതിനിധിസ്വഭാവമുള്ള അവകാശികളെന്നുമാണു ബോർഡിന്റെ നിലപാട്.അയോധ്യ കേസുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചയിൽ രണ്ട് കക്ഷികളുടെ നിലപാടുകൾ പുറത്തുവന്നിരുന്നു. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഢ എന്നിവരുടെ നിലപാടുകളാണ് പുറത്തുവന്നത്. കേസിൽ ഇരുവരും ഒത്തുതീർപ്പിൽ എത്തിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്.ബാബറി കേസിൽ കക്ഷിചേർന്നിരിക്കുന്നത് മുസ്ലിം വഖഫ് ബോർഡ് ആണെങ്കിലും വിവിധ മുസ്ലിം സംഘടനകളുടെ പിന്തുണയുള്ള ഏറ്റവും ശക്തമായ സംഘടന മുസ്ലിം വ്യക്തി നിയമ ബോർഡ് തന്നെയാണ്. ഏക സിവിൽ കോഡിനും മുത്തലാഖിനും എതിരെയൊക്കെ മുസ്ലിം വ്യക്തിനിയമ ബോർഡ് എടുത്ത തീരുമാനങ്ങളാണ് സമുദായത്തിലെ ഭൂരിഭാഗം സംഘടനകളും അംഗീകരിച്ചത്.

മുസ്ലിം വ്യക്തിനിയമസംരക്ഷണത്തിനായി 1973-ൽ സ്ഥാപിതമായ ഒരു സംഘടനയാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് ( ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ്) മതാചാരപ്രകാരം വ്യക്തിജീവിതം നയിക്കാൻ ഭരണഘടന നൽകുന്ന അവകാശം ഏക സിവിൽകോഡ്, വ്യക്തി നിയമപരിഷ്‌കാരങ്ങൾ എന്നിവയുടെ ഭാഗമായി ഹനിക്കാൻ ശ്രമം നടന്നപ്പോഴാണ് സംഘടന രൂപം കൊണ്ടത് എന്നാണ് ഇതിന്റെ സ്ഥാപക നേതാക്കൾ പറയുന്നത്. സുന്നികൾക്ക് ഭൂരിപക്ഷമുള്ള ബോർഡിൽ മറ്റ് വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ട്.

ഇന്ത്യൻ ശരീഅത്ത് നിയമം സംരക്ഷിക്കാനും വ്യക്തിനിയമങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക, നേരിട്ടോ അല്ലാതെയോ സമാന്തരമായോ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണങ്ങളിൽ നിന്ന് മുസ്ലിം വ്യക്തിനിയമത്തെ ഒഴിവാക്കാൻ മുൻകരുതലെടുക്കുക, മുസ്ലിം വ്യക്തിനിയമത്തെയും അതിന്റെ അനുശാസനങ്ങളെയും കുറിച്ച് മുസ്ലിം സമൂഹത്തിൽ അവബോധമുണ്ടാക്കുക, നിയമവിദഗ്ദ്ധരും മതപണ്ഡിതരും ഉൾപ്പെടുന്ന സ്റ്റാന്റിങ് കമ്മറ്റി ഗവണ്മെന്റിന്റെയും മറ്റും നിയമങ്ങളെയും കുറിച്ചും അവയുടെ സ്വാധീനത്തെയും പറ്റി പഠനം നടത്തുക, ഇസ്ലാമിലെ വിവിധ ചിന്താസരണികളെ പൊതുവിഷയങ്ങളിൽ ഏകോപിപ്പിക്കുക, നിലവിലുള്ള മുഹമ്മദൻ നിയമത്തിന് ഖുർആനും പ്രവാചകചര്യയും അനുസരിച്ചുള്ള മാറ്റങ്ങൾ നിർദ്ദേശിക്കുക തുടങ്ങിയവായാണ് സംഘടനയുടെ ലക്ഷ്യമായി പറയുന്നത്.ആ അർഥത്തിൽ നോക്കിയാൽ കേസിൽ ബാബറി കേസിൽ ഇവർ കക്ഷികളല്ല. പക്ഷേ മുസ്ലിം വ്യക്തിനിയമ ബോർഡിന് വലിയ സ്വാധീനമാണ് സമുദായത്തിൽ ഉള്ളത്. അവർ എതിർപ്പ് പറയുന്നതോടെ അയോധ്യക്കേസിലെ സമവായ സാധ്യതകൾ ഫലത്തിൽ അടയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP