Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റിങ്കു ഇനി തനിച്ചല്ല; തെറ്റായി പാർക്ക് ചെയ്ത സ്‌കൂട്ടർ എടുത്തുമാറ്റിയതിന് യുവതി മർദിച്ച റിങ്കുവിന് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരുടെ സഹായവും ആദരവും; സാമൂഹിക പ്രവർത്തകനും പ്രാസംഗികനും ഇവിടുത്തെ അദ്ധ്യാപകനുമായ ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ പിരിച്ച് നൽകിയത് അരലക്ഷം രൂപ; രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്

റിങ്കു ഇനി തനിച്ചല്ല; തെറ്റായി പാർക്ക് ചെയ്ത സ്‌കൂട്ടർ എടുത്തുമാറ്റിയതിന് യുവതി മർദിച്ച റിങ്കുവിന് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരുടെ സഹായവും ആദരവും; സാമൂഹിക പ്രവർത്തകനും പ്രാസംഗികനും ഇവിടുത്തെ അദ്ധ്യാപകനുമായ ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ പിരിച്ച് നൽകിയത് അരലക്ഷം രൂപ; രോഗിയായ അമ്മയെ ശുശ്രൂഷിക്കാൻ എൻജിനീയറിങ് പഠനം പൂർത്തിയാക്കാനാവാതെ സെക്യൂരിറ്റി ജോലിക്ക് ഇറങ്ങിയ റിങ്കുവിന് സഹായം ലഭിക്കുന്നത് മറുനാടൻ വാർത്തയെ തുടർന്ന്

സുവർണ്ണ പി എസ്

കാലടി: റിങ്കു എന്ന ചെറുപ്പക്കാരന്റെ ക്ഷമക്ക് മുന്നിൽ സ്‌നേഹം കൊണ്ട് മറുപടി നൽകുകയാണ് ഈ കോളജും അദ്ധ്യാപകരും വിദ്യാർത്ഥികളും. അനധികൃതമായി പാർക്ക് ചെയ്തിരുന്ന സ്‌ക്കൂട്ടർ എടുത്ത് മാറ്റിയതിൽ യുവതിയുടെ മർദനമേറ്റ റിങ്കു എന്ന ചെറുപ്പക്കാരൻ സഹനത്തിന്റെ കൂടി പ്രതീകമാവുകയാണ്. ഇപ്പോഴിതാ റിങ്കുവിനെ സഹായിക്കാൻ എത്തിയിരിക്കുകയാണ് കാലടി ശ്രീ ശങ്കര കോളേജ് അധികൃതരും വിദ്യാർത്ഥികളും. ഇവിടുത്തെ ബോട്ടണി അദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ രജിത്കുമാറിന്റെയും നേതൃത്വത്തിൽ, ഇന്നലെ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു റിങ്കുവിനെ ആദരിച്ചത്. ഡോ രജിത്കുമാറിന്റെ നേതൃത്വത്തിൽ, ഇവർ സമാഹരിച്ച അമ്പതിനായിരം രൂപയും റിങ്കുവിന് സമ്മാനിച്ചു. യുവാവ് കാണിച്ച ക്ഷമയെ കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവർ സംസാരിച്ചു. എൻജിനീയറിങ്ങ് വിദ്യാർത്ഥിനിയായിരുന്ന റിങ്കു ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാലാണ് പഠനം നിർത്തി സെക്യൂരിറ്റി പണിക്ക് പോയത്. എന്നാൽ അവിടെയും വിധി തന്നെ വേട്ടയാടുകയായിരുന്നു എന്നാണ് റിങ്കു പരിപാടിക്കിടെ പറഞ്ഞത്. കോളേജിലെ വിദ്യാർത്ഥികൾ ഒന്നടങ്കം കരഘോഷം മുഴക്കിയാണ് ഇദ്ദേഹത്തെ വരവേറ്റത്. 

'മറുനാടൻ മലയാളിയിലൂടെയാണ് റിങ്കുവിനെ കുറിച്ച് അറിഞ്ഞത്. അയാളുടെ ജീവിത സാഹചര്യങ്ങൾ മനസിലായപ്പോൾ സഹായിക്കണമെന്ന് തോന്നി. കോളേജ് അധികൃതരുമായി സംസാരിച്ചപ്പോൾ പൂർണ്ണ പിന്തുണയാണ് ലഭിച്ചത്. മാത്രമല്ല ഇങ്ങനെയൊരു സഹായം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്'- ഡോ. രജിത് കുമാർ പ്രതികരിച്ചു. തന്റെ ഇപ്പോഴത്തെ അവസ്ഥയിൽ തന്നെ സഹായിക്കാൻ കാണിച്ച മനസിന് റിങ്കു നന്ദിയും അറിയിച്ചു.

ഒരു കാരണവുമില്ലാതെ യുവതി തന്നെ മർദിച്ചതെന്ന് റിങ്കു പറയുന്നു. അടി കൊണ്ടതാകട്ടെ ചെവിയിലും. ഇന്നും ആ വേദന മാറിയിട്ടില്ല. ജീവിതത്തിൽ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയാണ് താൻ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നിട്ടും ഒരു സെക്യൂരിറ്റി ജീവനക്കാരനായി മാറിയത്. എൻജിനീയറിങ് കോളജുകാർ തടഞ്ഞുവച്ച സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കണം, അമ്മയ്ക്കു ഹൃദയ ശസ്ത്രക്രിയ നടത്തണം. ഇതൊക്കെയാടിരുന്നു സെക്യൂരിറ്റി പണിക്ക് ഇറങ്ങിയപ്പോൾ റിങ്കുവിന്റെ മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ചെറുപ്പക്കരാനെയാണ് ആര്യ എന്ന യുവതി പരസ്യമായി മുഖത്തടിച്ചത്. കേസിൽ നിന്നും രക്ഷപെടാൻ റിങ്കുവിനെ പ്രതിയാക്കുമെന്ന് ഭീഷണിയും മുഴക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിലാണ് ആലുവ ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിൽ റിങ്കു ജോലിയിൽ പ്രവേശിച്ചത്. ആ ഹോസ്പിറ്റലിലെ കാർ പാർക്കിങ് ഏരിയയിൽ, ആര്യ വച്ച സ്‌കൂട്ടർ ആശുപത്രി അധികൃതരുടെ നിർദ്ദേശപ്രകാരം നീക്കിവച്ചതിൽ അരിശംപൂണ്ടാണ് യുവതി ജനങ്ങൾ നോക്കിനിൽക്കേ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. കൊച്ചി സർവകലാശാല വനിതാ ഹോസ്റ്റലിൽ താൽക്കാലിക മേട്രനായ കൊയിലാണ്ടി കാവിൽദേശം സ്വദേശിയാണ് ആര്യ. സംഭവത്തിന് ശേഷം 10 ദിവസം കഴിഞ്ഞാണ് പൊലീസ് ആര്യയെ അറസ്റ്റ് ചെയ്തത്. കേസും അറസ്റ്റും നീണ്ടപ്പോൾ ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യവും പൊലീസിനെതിരായ പരിഹാസ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരം നേടിയിരുന്നു. അതോടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു. യുവതിയുടെ മർദനമേറ്റിട്ടും പ്രകോപിതനാകാതെ റിങ്കു ജോലി തുടർന്നു. നാട്ടുകാർ യുവതിയെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയെങ്കിലും വിട്ടയച്ചതു പ്രതിഷേധത്തിന് ഇടയാക്കി

മാവേലിക്കരയ്ക്കു സമീപം തഴക്കര പഞ്ചായത്ത് അറുനൂറ്റിമംഗലം കുമ്പംപുഴ വീട്ടിൽ റോസമ്മയുടെ ഏക മകനാണ് റിങ്കു എന്ന 26 കാരൻ. ബിഷപ് ഹോജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നു പ്ലസ് ടു പാസ്സായ ശേഷം ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ എൻജിനീയറിങ്ങിനു ചേർന്നു. 11ാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എൻജിനീയറിങ്ങിന് 4 വർഷത്തേക്ക് 5 ലക്ഷം രൂപയായിരുന്നു ഫീസ്. ഒരു ദേശസാൽകൃത ബാങ്ക് 4 ലക്ഷം രൂപ വായ്പ അനുവദിച്ചു. ആദ്യ വർഷം 1,75,000 രൂപയും രണ്ടാമത്തെ വർഷം 75,000 രൂപയും ബാങ്കിൽ നിന്നു കോളജിലേക്കു നൽകി. 2ാം കൊല്ലം 50,000 രൂപ കൂടി ഫീസ് അടയ്ക്കണമെന്നു കോളജുകാർ ആവശ്യപ്പെട്ടെങ്കിലും അടയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അവർ റിങ്കുവിനെ നാലാമത്തെ സെമസ്റ്റർ പരീക്ഷ എഴുതിച്ചില്ല. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ പിടിച്ചുവച്ച ശേഷം പുറത്താക്കി. പണം അടച്ചാൽ മാത്രമേ റിങ്കുവിന് ആ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുകയുള്ളു.

2012ൽ ബെംഗളൂരുവിൽ നിന്നു നാട്ടിൽ തിരിച്ചെത്തിയ റിങ്കു ഇലക്ട്രീഷ്യന്റെ സഹായിയായി കൂടി. അതിൽ നിന്നു വരുമാനമൊന്നും ലഭിച്ചില്ല. നാട്ടിലെ ഐഇഎൽടിഎസ് സ്ഥാപനത്തിൽ വനിതാ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്താണ് അമ്മ റോസമ്മ കുടുംബം പുലർത്തിയിരുന്നത്. നേരത്തേ മുതൽ ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് റോസമ്മ. 2017ൽ ഡെങ്കിപ്പനി പിടിപെട്ടതോടെ രോഗം മൂർഛിച്ചു. ശസ്ത്രകിയയ്ക്കു 2 ലക്ഷം ചെലവാകുമെന്നു ഡോക്ടർമാർ പറഞ്ഞു.ഇതിനും സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാനുള്ള 50,000 രൂപയും സ്വരൂപിക്കാനാണ് റിങ്കു സെക്യൂരിറ്റി ജോലിക്കു ചേർന്നത്. എന്നാൽ അവിടെയും വിധി റിങ്കുവിനെ വേട്ടയാടി. എങ്കിലും ഇപ്പോൾ സഹായിക്കാൻ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേരാണ് റിങ്കുവിനെ തേടി എത്തുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP