Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുങ്ങിയത് തമിഴ്‌നാട്ടിൽ നിന്ന് സ്വർണം എത്തിച്ച ശേഷം ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കുന്ന ശൃംഖലയിൽ ഉൾപ്പെട്ടവർ; ലക്ഷ്യം നികുതി വെട്ടിപ്പും; ഒരു വീട്ടിൽ നിന്ന് മാത്രം പിടികൂടിയത് അമ്പത് കോടി രൂപയോളം വില വരുന്ന മുപ്പത് കിലോഗ്രാം സ്വർണം; റെയ്ഡ് നടത്തിയത് സ്വർണം പല സ്ഥലങ്ങളിൽ നിന്നെത്തിച്ച് വലിയ തോതിൽ ഉരുക്കി ആഭരണങ്ങളാക്കുന്ന കേന്ദ്രങ്ങളിൽ; സ്വർണ്ണ വേട്ട തുടരാൻ കസ്റ്റംസ്; ദിവസവും നടക്കുന്നത് കോടികളുടെ കള്ളക്കച്ചവടം

കുടുങ്ങിയത് തമിഴ്‌നാട്ടിൽ നിന്ന് സ്വർണം എത്തിച്ച ശേഷം ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കുന്ന ശൃംഖലയിൽ ഉൾപ്പെട്ടവർ; ലക്ഷ്യം നികുതി വെട്ടിപ്പും; ഒരു വീട്ടിൽ നിന്ന് മാത്രം പിടികൂടിയത് അമ്പത് കോടി രൂപയോളം വില വരുന്ന മുപ്പത് കിലോഗ്രാം സ്വർണം; റെയ്ഡ് നടത്തിയത് സ്വർണം പല സ്ഥലങ്ങളിൽ നിന്നെത്തിച്ച് വലിയ തോതിൽ ഉരുക്കി ആഭരണങ്ങളാക്കുന്ന കേന്ദ്രങ്ങളിൽ; സ്വർണ്ണ വേട്ട തുടരാൻ കസ്റ്റംസ്; ദിവസവും നടക്കുന്നത് കോടികളുടെ കള്ളക്കച്ചവടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണത്തിലെ കള്ളക്കളികൾ അവസാനിപ്പിച്ച് കച്ചവടം സുതാര്യമാക്കാൻ കസ്റ്റംസ്. തൃശ്ശൂർ ജില്ല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 123 കിലോ കേരളത്തിലെ കസ്റ്റംസ് സ്വർണവേട്ടയിൽ റെക്കോഡാണ്. ഇന്നലെയായിരുന്നു ഈ വേട്ട. ഈ ഓപ്പറേഷൻ ഇനിയും തുടരും. ഇതിനുപുറമേ രണ്ടുകോടി രൂപയും 1900 യു.എസ്. ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇടപാട് നടക്കുന്ന സ്വർണത്തിൽ നാലിലൊന്നുപോലും നികുതിയടച്ച് എത്തിക്കുന്നവയല്ലെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

കേരളത്തിലേക്ക് നിത്യേനയെന്നോണം ഒഴുകുന്നത് ടൺകണക്കിന് സ്വർണമാണ്. അൻപതുകോടി രൂപ വിലവരുന്ന സ്വർണമാണ് ഇപ്പോൾ പിടിച്ചത്. ഇതിൽ 19 കിലോ കടത്തുന്ന സമയത്തും ബാക്കിയുള്ളവ വീടുകളിൽനിന്നും കടകളിൽനിന്നുമാണ് കണ്ടെടുത്തത്. ജൂലായ് മുതൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഒരു സംഘം നടത്തിയ നീക്കമാണ് കടത്ത് പിടിച്ചത്. കേരളത്തിലെ സ്വർണ ഇടപാടുകളുടെ തലസ്ഥാനമായ തൃശ്ശൂരിലേക്ക് പൊതുഗതാഗതം വഴിയുള്ള വരവുപോക്കുകൾ ശ്രദ്ധിച്ചു. വരുന്ന ആളുകൾ, യാത്രചെയ്യുന്ന രീതി, കൈമാറ്റം എന്നിവയെല്ലാം നിരീക്ഷിച്ചു. സംശയാസ്പദമായി കണ്ടെത്തിയ മുപ്പതോളംപേരുടെ നീക്കങ്ങൾ സൂക്ഷ്മമായി പിന്തുടർന്നു.

ചേർപ്പ്, ഊരകം, വല്ലച്ചിറ, ഒല്ലൂർ, മണ്ണുത്തി എന്നിവടങ്ങളിലെ 23 വീടുകളിലായിരുന്നു പരിശോധന. രണ്ടുസംഘം കടത്തുകാർക്കു പിന്നാലെയായിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽനിന്നാണ് 15 കാരിയർമാരെ പിടികൂടിയത്. സ്വർണം ഏറ്റുവാങ്ങാനായി വാഹനവുമായി കാത്തുനിന്ന രണ്ടുപേരും പിടിയിലായി. പരിശോധനനടന്ന വീടുകളിൽനിന്നും കംപ്യൂട്ടറുകൾ, ഹാർഡ് ഡിസ്‌ക്കുകൾ, സി.സി.ടി.വി. ക്യാമറകൾ, രേഖകൾ എന്നിവ പിടിച്ചു. ഇടനിലക്കാരായ 17 പേരിൽനിന്ന് മൊഴിയെടുക്കുകയാണ്. നിരീക്ഷണം തുടങ്ങിയതുമുതൽ തന്നെ മിക്കവാറുമെല്ലാ ദിവസവും ഇടനിലക്കാർ യാത്രചെയ്തിട്ടുണ്ട്.

ഈ യാത്രകളിലെല്ലാം ഇപ്പോൾ പിടിക്കപ്പെട്ടതിന് സമാനമായി കടത്ത് നടന്നിട്ടുണ്ടാകുമെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. അതിനിടെ നിയമപരമല്ലാത്ത ഇടപാട് അനുവദിക്കില്ലെന്ന് കസ്റ്റസ് സ്വർണ്ണ മുതലാളിമാരേയും അറിയിച്ചു. സംസ്ഥാനത്ത് വിൽക്കുന്ന സ്വർണവും നിയമപരമായി എത്തുന്ന സ്വർണവും തമ്മിലുള്ള അന്തരം വ്യാപാരികളടക്കമുള്ളവരെ നേരിട്ട് ബോധ്യപ്പെടുത്തിയതാണ്. കള്ളക്കടത്ത് തടയുന്നതിന് എല്ലാ സഹകരണവും അവർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. നിയമപരമല്ലാത്ത ഇടപാടുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു.

ചേർപ്പിലും വല്ലച്ചിറയിലും വീടുകളും ചെറിയ നിർമ്മാണ ശാലകളും കേന്ദ്രീകരിച്ച് വൻതോതിൽ സ്വർണാഭരണ നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിന്നും സ്വർണം കടത്തുന്നതായി ജൂലൈ അവസാന ആഴ്‌ച്ച മുതൽ ലഭിച്ച വിവരത്തിന്റെ തുടർന്നാണ് റെയ്ഡ് നടത്തിയത്. ജിഎസ്ടി, കേന്ദ്ര എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിലായിരുന്നു പരിശോധന നടത്തിയത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികൾ തടഞ്ഞതിനാൽ പൊലീസ് സഹായത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്.

തമിഴ്‌നാട്ടിൽ നിന്ന് സ്വർണം എത്തിച്ച ശേഷം ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്തേക്ക് എത്തിക്കുന്ന ശൃംഖലയിൽ ഉൾപ്പെട്ടവരാണ് പിടിയിലായത്. ഇത്തരത്തിൽ സ്വർണം എത്തിച്ച് ആഭരണമാക്കി വിൽക്കുന്നവരുടെ ലക്ഷ്യം നികുതി വെട്ടിപ്പാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരു വീട്ടിൽ നിന്ന് അമ്പത് കോടി രൂപയോളം വില വരുന്ന മുപ്പത് കിലോഗ്രാം സ്വർണം കസ്റ്റംസ് റെയ്ഡിൽ പിടിച്ചെടുത്തു.

സ്വർണം പല സ്ഥലങ്ങളിൽ നിന്നെത്തിച്ച് വലിയ തോതിൽ ഉരുക്കി ആഭരണങ്ങളാക്കി സംസ്ഥാനത്തിന് പുറത്ത് വിൽപന നടത്തുന്നുവെന്ന സൂചനയെ തുടർന്നാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP