Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത് ഭാര്യയുടെ ചികിൽസാർത്ഥം; കൂടത്തായിയിലെ സയനൈഡ് കൊലപാതാകി എത്തുമെന്ന് അറിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് ഇരച്ചെത്തിയത് ആവേശത്തോടെ; മുഖം മറച്ച വില്ലത്തിയെ കണ്ടപ്പോൾ മുഖത്ത് പടർന്നത് നിരാശ; ജനക്കൂട്ടത്തിനിടയിലൂടെ മുഖം മറച്ച ജോളിയുടെ ഷാൾ എടുത്ത് മാറ്റിയത് വെറുമൊരു രസത്തിന്; പൊലീസ് കസ്റ്റഡിയിൽ എടുത്ത കക്കഞ്ചേരി സ്വദേശിയും സഖാവ്; കേസും പുലിവാലും പിടിച്ചത് സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷാജു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിയത് ഭാര്യയുടെ ചികിൽസാർത്ഥം; കൂടത്തായിയിലെ സയനൈഡ് കൊലപാതാകി എത്തുമെന്ന് അറിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് ഇരച്ചെത്തിയത് ആവേശത്തോടെ; മുഖം മറച്ച വില്ലത്തിയെ കണ്ടപ്പോൾ മുഖത്ത് പടർന്നത് നിരാശ; ജനക്കൂട്ടത്തിനിടയിലൂടെ മുഖം മറച്ച ജോളിയുടെ ഷാൾ എടുത്ത് മാറ്റിയത് വെറുമൊരു രസത്തിന്; പൊലീസ് കസ്റ്റഡിയിൽ എടുത്ത കക്കഞ്ചേരി സ്വദേശിയും സഖാവ്; കേസും പുലിവാലും പിടിച്ചത് സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷാജു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി മുഖം മറച്ചിരുന്ന ഷാൾ നീക്കം ചെയ്യാൻ ശ്രമിച്ചതിന് കസ്റ്റഡിയിൽ എടുത്ത യുവാവും സിപിഎമ്മുകാരൻ. കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ ജോളിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആണ് യുവാവ് ഷാൾ നീക്കം ചെയ്യാൻ ശ്രമിച്ചത്. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഷാജു ഭാര്യയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് ഷാജു.

താലൂക്കാശുപത്രിയിൽ ജോളിയെ കൊണ്ടുവന്നതറിഞ്ഞ് നിരവധി പേർ തടിച്ചുകൂടിയിരുന്നു. ഇവർക്കിടയിലൂടെയെത്തിയ ഷാജു ഷാൾ വലിച്ചുനീക്കുകയായിരുന്നു. ജോളിക്ക് സുരക്ഷയൊരുക്കിയ പൊലീസ് ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വെറുമൊരു രസത്തിനാണ് ഷാജു ഇത് ചെയ്തത്. അതിനിടെ കേസ് അന്വേഷണവുമായി ജോളി സഹകരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന സൂചനകൾ. ഇന്നലെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഓഫിസിൽ കൊണ്ടുവന്നാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതി ഇപ്പോഴില്ല.

മൊഴിയെടുക്കൽ തുടങ്ങിയപ്പോൾത്തന്നെ അസുഖമാണെന്ന് ജോളി പറഞ്ഞതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം തിരിച്ചെത്തിച്ചപ്പോഴും ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാൽ വിവരങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് ഇതു തടസ്സമായെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തേ ചോദ്യം ചെയ്യലിൽ ജോളി വെളിപ്പെടുത്തിയ പലതും കള്ളമാണെന്നും പൊലീസിനു വ്യക്തമാകുന്നുണ്ട്. മാത്യു മഞ്ചാടിയിലിനൊപ്പം മദ്യം കഴിച്ചപ്പോഴാണ് സയനൈഡ് ചേർത്തു നൽകിയതെന്ന മൊഴി കള്ളമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കി.

ജോളി ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. യുവതി നിലവിൽ ചെന്നൈയിൽ എന്നാണ് സൂചന. അതിനിടെ, ഡിഎൻഎ പരിശോധനക്കായി മരിച്ച റോയ് തോമസിന്റെ സഹോദരൻ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കൾ എന്നിവരുടെ സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സയൻസ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്പിളുകൾ നൽകിയതത്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൂടത്തായിയിൽ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ഡിഎൻഎ പരിശോധന.

ജോളി ജോസഫിന്റെ എൻഐടി ബന്ധത്തിന്റെ ചുരുളഴിക്കാൻ വിപുലമായ അന്വേഷണമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നത്. 14 വർഷമാണ് എൻഐടി ജീവനക്കാരിയെന്ന വ്യാജേന ജോളി കൂടത്തായിയിലെ വീട്ടിൽ നിന്ന് പുറത്തേക്ക് പോയിരുന്നത്. നാട്ടുകാരേയും വീട്ടുകാരേയും കബളിപ്പിക്കാൻ എൻഐടിയുടെ വ്യാജ ഐഡന്റിറ്റി കാർഡും ജോളി തയ്യാറാക്കിയിരുന്നു. എൻഐടിക്ക് സമീപം ജോളി സ്ഥിരമായി വരാറുള്ള ചില കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഒരു ബ്യൂട്ടിപാർലർ, തയ്യൽക്കട, എൻഐടി കാന്റീൻ എന്നിവിടങ്ങളിൽ സ്ഥിരമായി പോകാറുണ്ടെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 14 വർഷം എൻഐടി പ്രൊഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പോലും പാസായിട്ടില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

റോയി തോമസുമായുള്ള വിവാഹത്തിന് ശേഷം കട്ടപ്പനയിൽ നിന്നും കൂടത്തായിയിലെത്തിയ ജോളി ജോസഫ് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത് താൻ എംകോം ബിരുധ ധാരിണിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളേജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാനാ വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാക്ഷാ പാലായിലെ പാരലൽ കോളേജിൽ ജോളി ബി. കോമിന് ചേർന്നിരുന്നു. ഹോസ്റ്റലിൽ താമസിച്ചായിരുന്നു ജോളിയുടെ ബി. കോം പഠനം. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബി. കോമിന് ചേർന്നതെന്ന് സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

പാലായിലെ പാരലൽ കോളേജിൽ കുറച്ചുകാലം പോയെങ്കിലും ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല. പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളേജിലാണ് ഡിഗ്രി പഠനമെന്നാണ് ജോളി നാട്ടിൽ പറഞ്ഞിരുന്നത്. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളം കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP