Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് ഫ്‌ളാറ്റുകൾ ഒഴിപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങൾക്ക്; പൂട്ടിയിട്ടിരുന്നത് പിന്നേയും ഏറെ; എന്നിട്ടും നഷ്ടപരിഹാരം ചോദിച്ചു വന്നത് വെറും 63 പേർ; അതിൽ നാലു ലക്ഷം കിട്ടിയത് നാലു പേർക്കും; നിർമ്മാതാക്കൾ നൽകിയ രസീതും ബാങ്ക് ട്രാൻസ്ഫർ രേഖകളും ഹാജരാക്കിയാൽ തെളിയുക കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്; നഷ്ടപരിഹാരം പോലും വേണ്ടെന്ന് വച്ച് സ്ഥലം കാലിയാക്കാൻ ഫ്ളാറ്റ് ഉടമകൾ; മരടിൽ തെളിയുന്നത് അസാധാരണ കാഴ്ചകൾ

നാല് ഫ്‌ളാറ്റുകൾ ഒഴിപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങൾക്ക്; പൂട്ടിയിട്ടിരുന്നത് പിന്നേയും ഏറെ; എന്നിട്ടും നഷ്ടപരിഹാരം ചോദിച്ചു വന്നത് വെറും 63 പേർ; അതിൽ നാലു ലക്ഷം കിട്ടിയത് നാലു പേർക്കും; നിർമ്മാതാക്കൾ നൽകിയ രസീതും ബാങ്ക് ട്രാൻസ്ഫർ രേഖകളും ഹാജരാക്കിയാൽ തെളിയുക കള്ളപ്പണത്തിന്റെ കുത്തൊഴുക്ക്; നഷ്ടപരിഹാരം പോലും വേണ്ടെന്ന് വച്ച് സ്ഥലം കാലിയാക്കാൻ ഫ്ളാറ്റ് ഉടമകൾ; മരടിൽ തെളിയുന്നത് അസാധാരണ കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മരടിലെ നാല് ഫ്ളാറ്റുകൾ ഒഴുപ്പിച്ചതോടെ താമസ സ്ഥലം നഷ്ടമായത് 294 കുടുംബങ്ങൾക്കാണ്. അഞ്ചാമത്തെ ഫ്ളാറ്റിന് നിർമ്മാണ അനുമതി മാത്രമേ കിട്ടയിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഇവിടെ താമസക്കാരുമില്ല. ഇതിൽ ഏറ്റവും കൂടുതൽ താമസക്കാരുണ്ടായിരുന്നത്് ഹോളി ഫെയ്ത്തിലാണ്. ഇവിടെ 98 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ജെയിൻ ബിൽഡേഴ്സിൽ 73ഉം. ആൽഫാ വെഞ്ചേഴ്സിൽ 82 കുടുംബവും ഗോൾഡൺ കായലോരത്ത് 41 കുടുംബവുമുണ്ടായിരുന്നു. എന്നാൽ ഇവരിൽ ബഹുഭൂരിഭാഗവും നഷ്ടപരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നതാണ് വസ്തുത. നഷ്ടപരിഹാരം നിർണ്ണയിക്കാനുള്ള സമിതിക്ക് മുമ്പിൽ എത്തിയത് വെറും 63 പരാതികളാണ്. കള്ളപ്പണത്തിലൂടെ ഫ്‌ളാറ്റുകൾ വാങ്ങുന്നവരിലേക്കാണ് ഈ കണക്ക് വിരൽ ചൂണ്ടുന്നത്.

മരടിൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ നിയോഗിച്ച ബാലകൃഷ്ണൻ നായർ കമ്മിറ്റി മുൻപാകെ ലഭിച്ച 63 അവകാശവാദങ്ങളിൽ 45 എണ്ണം പരിഗണിച്ചു. ബാക്കിയുള്ള 18 എണ്ണം ഇന്നു പരിഗണിക്കുമെന്നു കമ്മിറ്റി അറിയിച്ചു. 45 അപേക്ഷകളിൽ 4 എണ്ണത്തിന് സുപ്രീം കോടതി അംഗീകരിച്ച ആദ്യഘട്ട നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ ലഭിക്കാൻ അർഹതയുള്ളതായി കണ്ടെത്തി. ഇതോടെയാണ് ഫ്‌ളാറ്റ് ഉടമകളിൽ ബഹുഭൂരിഭാഗത്തിനും നഷ്ടപരിഹാരത്തിന് താൽപ്പര്യമില്ലെന്ന് വ്യക്തമാകുന്നത്. രേഖകൾ പുറത്തെടുത്താൽ കുടുങ്ങുമെന്നതാണ് ഇതിന് കാരണം.

73 ഫ്ളാറ്റുള്ള ജെയിൻ ബിൽഡേഴ്സിൽ 45 താമസക്കാർ മാത്രമാണുണ്ടായിരുന്നത്. ഹോളിഫെയ്ത്തിലെ 98 ഫ്ളാറ്റുകളിൽ 65 ഇടത്ത് ആൾ താമസമുണ്ടായിരുന്നു. അതായത് മൊത്തം ഫ്‌ളാറ്റുകളുടെ എണ്ണം താമസക്കാരെക്കാൾ അധികമാണ്. അതുകൊണ്ട് തന്നെ നാമമാത്രമായ നഷ്ടപരിഹാര പരാതികളേ കിട്ടിയിട്ടുള്ളൂ. തുച്ഛമായ തുക ആധാരത്തിൽ കാട്ടി ഫ്‌ളാറ്റ് വാങ്ങിയവർ ആരും അവകാശം ചോദിച്ച് എത്തുന്നില്ല. രാഷ്ട്രീയക്കാരും പ്രവാസികളും മാധ്യമ പ്രവർത്തകരുമെല്ലാം പണത്തിന്റെ വഴി പുറത്തു പറയേണ്ടി വരുമെന്ന് ഭയന്ന് നഷ്ടപരിഹാരത്തിന് എത്തുന്നില്ല.

ബാലകൃഷ്ണൻ നായർ കമ്മിറ്റി മുൻപാകെ ലഭിച്ച 63 അവകാശവാദങ്ങളിൽ 45 എണ്ണം പരിഗണിച്ചതിൽ നാലു പേർ മാത്രമാണ് എല്ലാം കിറുകൃത്യമായി ചെയ്തിട്ടുള്ളത്. ഇവർ ഇടക്കാല നഷ്ടപരിഹാരം 25ലക്ഷം കിട്ടുമ്പോൾ ഭാവിയിൽ ഒരു കോടിയും കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്. മറ്റുള്ളവർക്കു പൂർണ നഷ്ടപരിഹാരത്തുക ലഭിക്കാൻ അർഹതയില്ല എന്നല്ല ഇതിന്റെ അർഥമെന്നും ഹാജരാക്കിയ രേഖകൾ പൂർണമല്ലാത്തതിനാലാണു മുഴുവൻ തുക അനുവദിക്കാനാകാത്തത് എന്നും കമ്മിറ്റി അറിയിച്ചു. പൂർണമായ രേഖകൾ ഹാജരാക്കുന്ന മുറയ്ക്കു നഷ്ടപരിഹാരം ഉയർത്താനാകും.

25 ലക്ഷത്തിനു തൽക്കാലം അർഹതയില്ല എന്നു കമ്മിറ്റി കണ്ടെത്തിയിട്ടുള്ളവർ നിർമ്മാതാക്കൾ നൽകിയ രസീത്, ബാങ്ക് ട്രാൻസ്ഫർ രേഖകൾ മുതലയായവ ഹാജരാക്കുന്ന പക്ഷം താമസം കൂടാതെ അവർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കും. ഇതെല്ലാമാണ് പലരേയും നഷ്ടപരിഹാരം വേണ്ടെന്ന തീരുമാനത്തിൽ എത്തിക്കുന്നത്. 14 അപേക്ഷകളോടൊപ്പം ലഭിച്ച രേഖകൾ പൂർണമല്ലാത്തതിനാൽ നിലവിൽ നഷ്ടപരിഹാരം നൽകാനാവില്ല. ഇവരോടും ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. 35 അപേക്ഷകർക്കായി 6,31,11,493 രൂപയാണു നഷ്ടപരിഹാരമായി നിലവിൽ നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഇവരുടെ പട്ടികയും കമ്മിറ്റി പുറത്തിറക്കി. പട്ടിക പ്രകാരം 13 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വിവിധ ഫ്‌ളാറ്റ് ഉടമകൾക്കു ലഭിക്കും.

അതിനിടെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ടെൻഡർ നടപടികൾക്കു ഭരണാനുമതി നൽകാൻ നഗരസഭയിൽ ചർച്ച തുടങ്ങും മുൻപു തന്നെ ഫ്‌ളാറ്റ് പൊളിക്കൽ തുടങ്ങിയതായി കൗൺസിലർമാർ രംഗത്ത് വന്നു. ആൽഫാ സെറിൻ ഫ്‌ളാറ്റ് സമുച്ചയത്തിൽ വിജയ് സ്റ്റീൽസ് കമ്പനി പ്രതിനിധികൾക്കൊപ്പം ഇന്നലെ രാവിലെ തൊഴിലാളികൾ പണി ആരംഭിച്ചതായി അഭ്യൂഹം പരന്നു. എങ്ങനേയും ഫ്‌ളാറ്റ് പൊളിക്കാതിരിക്കാനുള്ള ഗൂഢാലോചന തുടരുന്നതിന്റെ സൂചനയാണ് ഇത്. ഇരുപതിലേറെ പേരാണു രാവിലെ 11ന് ഫ്‌ളാറ്റിൽ എത്തിയത്. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികൾ അവരുടെ ആചാരമനുസരിച്ചു പണി ആയുധങ്ങൾ വച്ചു പഴം, തേങ്ങ, ചന്ദനത്തിരി, പുഷ്പം മുതലായവ നിരത്തി പ്രാർത്ഥിച്ചു.

പൊളിക്കൽ നടപടി ആരംഭിച്ചില്ലെന്നും ഫ്‌ളാറ്റുകൾ പൊളിക്കൽ കമ്പനികൾക്കു കൈമാറിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ വ്യക്തമാക്കിയതോടെയാണു ബഹളം അടങ്ങിയതും ചർച്ച പുരോഗമിച്ചതും. ജെയിൻ ഫ്ളാറ്റിന് തീരപരിപാലന മേഖലയുമായി 1.5 മീറ്റർ അകലം മാത്രമാണുള്ളത്. അതായത് വളന്തക്കാട്, നെട്ടൂർ കായലിന് തൊട്ടടുത്താണ് ഈ കെട്ടിടങ്ങൾ. ആൽഫയ്ക്ക് 11.50 മീറ്റർ അകലമേ പാലിക്കാനായിട്ടുള്ളൂ. കുണ്ടന്നൂർ, ചിലയന്നൂർ പുഴകളുടെ തീരത്താണ് ഇത്. ഹോളി ഫെയ്ത്തിന് സമീപമുള്ളതും ഇതേ പുഴകളാണ്. 9.60 മീറ്റർ മാത്രമാണ് അകലം. ഗോൾഡൺ കായലോരം ചമ്പക്കര കനാലിന് സമീപത്താണ്. 10.50 മീറ്റർ മാത്രമാണ് അകലം പാലിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പൊളിക്കാൻ നിർദ്ദേശിച്ചത്. ഈ കോടതി വിധി പാലിക്കപ്പെട്ടാൽ മരട് നഗരസഭയിലെ മിക്കവാറും എല്ലാ ഫ്ളാറ്റുകളും പൊളിക്കേണ്ടി വരും. ദൂരപരിധി മിക്കവരും പാലിച്ചിട്ടല്ലെന്നാണ് മരട് നഗരസഭ പ്രാഥമികമായി മനസ്സിലാക്കുന്നത്.

തീര മേഖലാ പരിപാലന ചട്ടം ലംഘിച്ചതിനു മരടിലെ 4 ബഹുനില കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കിയാലും അതേ സ്ഥലത്തു കായലിനോടു ചേർന്നു ബഹുനില കെട്ടിടം പണിയാമെന്നും വിലയിരുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP